ADVERTISEMENT

കണ്ണിനു മുന്നിൽ കാണുന്നതെല്ലാം കടിച്ചും രുചിച്ചും മണത്തും നോക്കുകയെന്നത് അരുമനായ്ക്കളുടെ ശീലമാണ്. എന്നാൽ കൗതുകവും കുറുമ്പും അൽപം കൂടിയ ചില നായ്ക്കളാവട്ടെ, തരംകിട്ടിയാൽ ഉടമയുടെ കണ്ണുവെട്ടിച്ച് അതെല്ലാം അകത്താക്കുകയും ചെയ്യും. കഴിക്കാൻ പാടില്ലാത്ത സാധനങ്ങൾ അരുമനായ്ക്കൾ അകത്താക്കിയാൽ അത് ഉടമകൾക്കുണ്ടാക്കുന്ന പ്രയാസം ചെറുതല്ല. 

പ്ലാസ്റ്റിക്, ലോഹകഷണങ്ങൾ പോലുള്ളവ വിഴുങ്ങി നായ്ക്കളുടെ അകത്തെത്തിയാൽ ചിലപ്പോൾ വയറിന്റെ പ്രവർത്തനം തന്നെ അവതാളത്തിലാവും. കോവിഡ് കാലത്ത് മാസ്കുകൾ വിഴുങ്ങി അപകടം ഉണ്ടാക്കിയ അരുമനായ്ക്കൾ ഏറെയുണ്ട്. ഇരുമ്പാണി പോലെ മൂർച്ചയുള്ള കൂർത്ത വസ്തുക്കളാണ് അകത്താക്കുന്നതെങ്കിൽ അത് കുടലിൽ പോയി തറച്ച് പ്രശ്നം ഗുരുതരമാക്കും.

കാസർഗോഡ് കാഞ്ഞങ്ങാടിനടുത്ത് വെള്ളിക്കോത്തെ കൃഷ്ണന്റെ ഒമ്പതു മാസം പ്രായമായ വളർത്തുനായ അപ്പു വെള്ളിയാഴ്ച രാത്രി ചെന്നുചാടിയത് ഇങ്ങനെ ഒരു അപകടത്തിലായിരുന്നു.

പതിവുപോലെ രാത്രി വീട്ടിനകത്തുള്ള കളികളിലായിരുന്നു അപ്പു. കളികൾക്കിടെ തറയിൽ നിന്നും ഒരു സാധനം അപ്പു വിഴുങ്ങിയതോടെ കളിയൽപ്പം കാര്യമായി. പ്ലാസ്റ്റിക്കോ മാസ്കോ ആണിയോ ഒന്നുമായിരുന്നില്ല, അപ്പു അകത്താക്കിയത്, ഇരുതല മൂർച്ചയുള്ള ഒരു പുതുപുത്തൻ ഷേവിങ് ബ്ലേഡ് ആയിരുന്നു. അകത്തെത്തിയ ബ്ലേഡ് തൊണ്ടയിൽ കുരുങ്ങിയതോടെ അപ്പു വേദനകൊണ്ട് പുളഞ്ഞു. അപ്പുവിന്റെ വേദനയും വെപ്രാളവും കണ്ടതോടെയാണ് പ്രശ്നം ഉടമയുടെ ശ്രദ്ധയിൽപ്പെടുന്നത്. വേദനയിൽ പിടഞ്ഞ തന്റെ അരുമയ്ക്ക് അടിയന്തര ചികിത്സ തേടി കൃഷ്ണൻ എത്തിയത് കാഞ്ഞങ്ങാട് ഗവൺമെന്റ് വെറ്ററിനറി ഹോസ്പിറ്റലിലായിരുന്നു. 

Read also: വാരിയെല്ലുകൾ തകർന്ന നായയുമായി രാത്രി ഒന്നിന് ക്ലിനിക്കിലെത്തിയ അമ്മ: രക്ഷപ്പെടാൻ 10% സാധ്യതപോലുമില്ലായിരുന്നു

24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലയിലെ  മൃഗാശുപത്രികളിൽ ഒന്നായ കാഞ്ഞങ്ങാട് മൃഗാശുപത്രിയിൽ മുഴുവൻ സമയവും ഡോക്ടർമാരുടെ സേവനമുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ വിളക്കണയാത്ത ആശുപത്രി എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാഞ്ഞങ്ങാട് വെറ്ററിനറി ഹോസ്പിറ്റലിനെ മുഴുവൻ സമയവും പ്രവർത്തിക്കുന്ന സ്ഥാപനമാക്കി മാറ്റിയത്. അരുമകൾക്ക് ഈ രീതിയിൽ അടിയന്തര ചികിത്സയും തീവ്രപരിചരണവും ആവശ്യമാവുന്ന ഘട്ടങ്ങളിലാണ് ഇത്തരം പദ്ധതികളുടെ ഗുണം പൊതുസമൂഹം തിരിച്ചറിയുന്നത്.

pet-dog-3
തൊണ്ടയിൽ കുരുങ്ങിയ ബ്ലേഡ് (എക്സ് റേ ദൃശ്യം)

ഡോക്ടർ എത്തി പരിശോധിച്ചതോടെ പ്രശ്നം തൊണ്ടയിലെ തടസ്സം തന്നെയെന്ന് ഉറപ്പിച്ചു. എങ്കിലും എന്താണ് അകത്തുള്ളത് എന്ന കാര്യത്തിൽ ഉടമയ്ക്കും വ്യക്തതയില്ലായിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം നടത്തിയ എക്സ്‌റേ പരിശോധനയിലാണ് തൊണ്ടയിൽ കുരുങ്ങിയത് ഷേവിങ് ബ്ലേഡ് ആണെന്ന് ഉറപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയയല്ലാതെ അപ്പുവിന്റെ ജീവൻ രക്ഷിക്കാൻ മറ്റൊരു വഴിയില്ല. ഉടമയുടെ സമ്മതത്തോടെ അടിയന്തര ശസ്ത്രക്രിയ നടത്താൻ തന്നെ തീരുമാനിച്ചു. നായയെ പൂർണമായും മയക്കി അന്നനാളി തുറന്നായിരുന്നു സർജറി. അന്നനാളിയിൽ സുഷിരമുണ്ടാക്കി തുറന്നതോടെ അപകടമുണ്ടാക്കിയ ഷേവിങ് ബ്ലേഡ് തെളിഞ്ഞു. ബ്ലേഡ് ശ്രദ്ധാപൂർവം അന്നനാളിയിൽ നിന്നും നീക്കം ചെയ്ത് സ്തരങ്ങൾ ഓരോന്നും തുന്നി പൂർവസ്ഥിതിയിലാക്കിയതോടെ ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.  

pet-dog-2
ബ്ലേഡ് പുറത്തെടുക്കുന്നു

കാഞ്ഞങ്ങാട് വെറ്ററിനറി ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ. ജിഷ്ണു, ഡോ. നീധീഷ് ഗണേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഡോ. സവാദ്, ഡോ. സിഫാന എന്നിവരും ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു.

വേദനയെല്ലാം മാറി സുഖം പ്രാപിച്ച് വരുന്ന അപ്പുവിന് ഇനി മൂന്നു ദിവസം നിരീക്ഷണകാലമാണ്, ഓരോ ദിവസവും മരുന്നും ചികിത്സയുമെല്ലാമുണ്ട്.

Read also: രാജാവിന്റെ ഭാവവും യോദ്ധാവിന്റെ സ്വഭാവവും: ഇതു താൻ ടാ രാജപാളയം

അരുമ ഉടമകളുടെ ശ്രദ്ധയ്ക്ക്

മൂർച്ചയുള്ള ഉപകരണങ്ങളും വൈദ്യുതി ഉപകരണങ്ങളും മരുന്നുമെല്ലാം വാങ്ങുമ്പോൾ അതിനു പുറത്ത് കുട്ടികളുടെ കയ്യിൽപ്പെടാതെ സൂക്ഷിക്കണമെന്ന് നിർദ്ദേശമുണ്ടാകാറുണ്ട്. ഈയൊരു ജാഗ്രത നിർദ്ദേശം അരുമകളുടെ കാര്യത്തിലും പ്രസക്തമാണ്. മിക്കവരുടെ അരുമകൾക്ക് വീട്ടിനകത്ത് പൂർണ സ്വാതന്ത്ര്യമാണ്.  കുട്ടികളെ പോലെ തന്നെ അരുമകൾക്ക് എത്തുന്ന വിധത്തിൽ സാധനസാമഗ്രികൾ ഇരുന്നാൽ അതെല്ലാം കടിച്ചും രുചിച്ചും തക്കം കിട്ടിയാൽ അകത്താക്കാനുമുള്ള പ്രവണത നായ്ക്കൾക്കും പൂച്ചകൾക്കുമുണ്ടാവും. 

തലയും കഴുത്തും നീട്ടി പിടിച്ച് വായിൽ നിന്നും നുരയും പതയും വരൽ, ക്രമാതീതമായ ശ്വാസോച്ഛ്വാസം, ചർദ്ദി ഉൾപ്പെടെ അസ്വസ്ഥതകൾ തുടങ്ങിയവയെല്ലാം അന്നനാള തടസ്സത്തിന്റെ ലക്ഷണങ്ങളാണ്. അരുതാത്തത് അകത്താക്കുന്ന സാഹചര്യത്തിൽ അടിയന്തര ചികിത്സ കിട്ടിയില്ലങ്കിൽ ജീവഹാനി ഉൾപ്പെടെ സംഭവിക്കാം. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ, അരുമ ഉടമകളുടെ ഭാഗത്തു നിന്നും വേണ്ടതുണ്ട്.

കാർഷിക വിശേഷങ്ങൾ നേരത്തെ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ചാനൽ ഫോളോ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com