ADVERTISEMENT

നല്ല വളർച്ച നിരക്കുള്ള പോത്തിൻ കിടാക്കളാണ് പോത്ത് വളർത്തൽ സംരംഭങ്ങളുടെ മുതൽക്കൂട്ട്. വേഗത്തിലുള്ള വളർച്ചയും നല്ല വിപണിയും ലക്ഷ്യമാക്കി വളർത്തുന്ന പോത്തിൻ കിടാക്കളിൽ വളർച്ചയുടെ തോത് കുറയുകയും വിളർച്ച ഉൾപ്പെടെ പല രോഗങ്ങൾ പിടിപെടുകയും ചെയ്താൽ സംരംഭം നഷ്ടത്തിലേക്ക് വീഴുമെന്നുറപ്പ്. 

പോത്തിൻകിടാക്കളെയും എരുമകിടാക്കളെയും വളർത്തുന്നവർ ഇക്കാലത്ത് കരുതലെടുക്കേണ്ട പ്രധാന രോഗങ്ങളാണ് തൈലേറിയ, അനാപ്ലാസ്മ എന്നീ രണ്ട് രക്താണുബാധകൾ. പോത്തിൻകുട്ടന്മാരുടെ ശരീരത്തിനുള്ളിൽ കയറിക്കൂടി നിശബ്ദം അവയുടെ വളർച്ച മുരടിപ്പിക്കാനും ശരീരം ക്ഷീണിപ്പിക്കാനും ശേഷിയുള്ളവയാണ് ഈ രണ്ട് അണുബാധകളും. രോഗബാധ മൂർച്ഛിക്കുന്നതോടെ പോത്തുകൾ തളർന്നു വീണ് കിടപ്പിലാവുകയും കുറച്ചു ദിവസങ്ങൾക്കകം മരണം സംഭവിക്കുകയും ചെയ്യും.

പട്ടുണ്ണി/ വട്ടൻ, കടിയീച്ചകൾ തുടങ്ങിയ ബാഹ്യപരാദങ്ങളാണ് പ്രധാനമായും അണുക്കളെ പോത്തുകളിലേക്ക് പകർത്തുന്നത്. മതിയായ ആരോഗ്യപരിശോധനകളില്ലാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പോത്തിൻകുട്ടികളുടെ ഇറക്കുമതി, രോഗവാഹകരായ പോത്തുകളുടെയും രോഗം പരത്തുന്ന പട്ടുണ്ണികളുടെയും വര്‍ധന, മതിയായ പോഷകാഹാരങ്ങളുടെ കുറവ് തുടങ്ങിയ വിവിധ കാരണങ്ങളാണ് രോഗനിരക്ക് ഉയരാന്‍ ഇടയാക്കിയത്. ശരീരസമ്മര്‍ദ്ദം കാരണം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി കുറയാനിടയുള്ളതിനാൽ കടുത്തവേനലിൽ പോത്തുകളിൽ രക്താണുരോഗങ്ങൾക്ക് സാധ്യതയേറെയാണ്. പോത്തുകളുടെ ശരീരത്തിൽ നിഷ്ക്രിയരായി കഴിയുന്ന രോഗാണുക്കൾ അനുകൂല സാഹചര്യം ലഭിക്കുമ്പോൾ പെരുകുന്നതാണ് രോഗം തീവ്രമാവുന്നതിനു കാരണം. മാത്രമല്ല, വരണ്ട മാസങ്ങളിൽ രോഗവാഹകരായ പട്ടുണ്ണികൾ പെരുകുന്നതും രോഗം ബാധിക്കാനുള്ള സാധ്യത കൂട്ടും. ഉത്തരം രക്താണുബാധ രോഗങ്ങൾ സംശയിക്കുന്ന ഒട്ടേറെ കേസുകളാണ് സംസ്ഥാനത്തെ മൃഗാശുപത്രികളിൽ ഇപ്പോഴെത്തുന്നത്.

Read also: 5 എരുമകൾ, ദിവസം 40 ലീറ്റർ പാൽ, ലീറ്ററിന് 100 രൂപ; റഷീദിന് വരുമാനമായി എരുമകൾ; എരുമ വളർത്തൽ നേട്ടമാകുന്നത്

Indian Buffalo. Image credit: Mr. Mahato/ShutterStock
Indian Buffalo. Image credit: Mr. Mahato/ShutterStock

പോത്തിൻകുട്ടികളിൽ ഇടക്കിടെയുള്ള പനി, വിളർച്ച, വായില്‍നിന്ന് ഉമിനീര്‍ പുറത്തേക്ക് പതഞ്ഞൊലിക്കല്‍, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ് (വെള്ളം പോലെയോ പഴുപ്പ് കലർന്നിട്ടോ),ശ്വാസ തടസ്സം / ശ്വാസം മുട്ട് /കിതപ്പ്,  ഇടക്കിടെയുള്ള ചുമ, ക്രമേണയുള്ള മെലിച്ചിൽ, ശരീരക്ഷീണം, തീറ്റയോടുള്ള മടുപ്പ്, കഴലകളുടെ വീക്കം, വരണ്ട ത്വക്ക്, വയറിളക്കം, രക്തവും കഫവും കലര്‍ന്ന ചാണകം, കട്ടന്‍കാപ്പി നിറത്തിലുള്ള മൂത്രം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ രക്താണുബാധകൾ സംശയിക്കാവുന്നതാണ്. മൂന്നാമത്തെ കൺപോള പുറത്ത് കാണൽ, കണ്ണിൽ ഇടക്കിടെ പീള കെട്ടൽ, ശരീരത്തിൽ പ്രത്യേകിച്ച് കഴുത്തിൽ താരൻ, ശരീരത്തിൽ ചെറിയ നെല്ലിക്ക വലുപ്പത്തിലുള്ള ചെറിയ മുഴകൾ, കഴുത്തിലെ കരണ ഞരമ്പ് കൂടുതൽ തുടിക്കുന്നതായി തോന്നൽ, കണ്ണിനു മുകളിലോ താടിക്കടിയിലോ മുഴനെഞ്ചിലോ നീർക്കെട്ട്, ചെവിക്കുടയുടെ ഉള്ളിലെ മഞ്ഞനിറം / തവിട്ടു നിറം, കുളിപ്പിക്കുമ്പോൾ കഴുത്തുഭാഗം കഴുകുന്ന വെള്ളത്തിനു ചുവപ്പ്‌നിറം, ഇടയ്ക്കിടെയുള്ള വയറുപെരിപ്പം, മൂത്രത്തിന് വല്ലപ്പോഴുമോ സ്ഥിരമായോ ഉള്ള കാപ്പി നിറവ്യത്യാസം, ഏതെങ്കിലും കാലിനു മുടന്ത്, നടക്കുമ്പോൾ പിൻകാലുകൾക്ക് ബലക്ഷയം, എഴുന്നേൽക്കുന്നതിനോ കിടക്കുന്നതിനോ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും പോത്തുകളിൽ തൈലേറിയ, അനാപ്ലാസ്മ അടക്കമുള്ള അണുബാധകൾ സംശയിക്കാവുന്നതാണ്. 

Read also: കുളം കുഴിച്ച് കുഴപ്പത്തിലാകരുത്; പോത്തുകൃഷിയിൽ ശ്രദ്ധിക്കാൻ പത്തു കാര്യങ്ങൾ

രോഗാണുക്കളുടെ സാന്നിധ്യം കൃത്യമായി തിരിച്ചറിയുന്നതിനും രോഗാണു തീവ്രത  വിലയിരുത്തുന്നതിനും, ചികിത്സാക്രമം നിശ്ചയിക്കുന്നതിനും രക്തപരിശോധന പ്രധാനമാണ്. രോഗലക്ഷണങ്ങൾ  പ്രകടിപ്പിക്കാതെ ചില പോത്തുകൾ രക്താണുരോഗങ്ങളുടെ വാഹകരാവാൻ ഇടയുണ്ട്. പ്രതികൂല കാലാവസ്ഥ, ദീർഘയാത്ര തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിൽ ഇവയിലും രോഗാണുക്കൾ സജീവമായി രോഗം ഉണ്ടാക്കിയേക്കാം. അണുവിന്റെ നിശബ്ദവാഹകരായ ഇത്തരം പോത്തുകളെ കണ്ടെത്തുന്നതിനായി ഫാമുകളില്‍ രക്തപരിശോധന നടത്തുന്നത് ഉചിതമായ രോഗനിയന്ത്രണമാര്‍ഗ്ഗമാണ്. 

buffalo

രോഗം തടയാനുള്ള ഏറ്റവും ഉത്തമമാര്‍ഗ്ഗം രോഗം പടര്‍ത്തുന്ന പട്ടുണ്ണികളുടെ നിയന്ത്രണം തന്നെയാണ്. ഇതിനായി പട്ടുണ്ണിനാശിനികള്‍ നിര്‍ദേശിക്കപ്പെട്ട അളവില്‍, കൃത്യമായ ഇടവേളകളില്‍ പോത്തുകളുടെ ശരീരത്തിലും തൊഴുത്തിലും പരിസരത്തും പ്രയോഗിക്കണം. പോത്തുകൾക്ക് സമ്മർദ്ദ സാഹചര്യങ്ങളെ അതിജീവിക്കാൻ ആവശ്യമായ ആരോഗ്യ ശേഷിയും പ്രതിരോധശക്തിയും ഉറപ്പാക്കുന്നതിനായി തീറ്റയ്ക്കു പുറമെ സിങ്ക്, കോപ്പർ, ജീവകം ഇ., സെലീനിയം, അയേൺ തുടങ്ങിയ ധാതുജീവകങ്ങൾ അടങ്ങിയ പ്രോമിൽക് മിക്ചർ പോലുള്ള ഉൽപന്നങ്ങൾ മതിയായ അളവിൽ അടങ്ങിയ മിശ്രിതങ്ങളും, കരൾ ഉത്തേജന മരുന്നുകളും (ഉദാ: പ്രോലിവ് ടോട്ടൽ) തീറ്റയിൽ ഉൾപ്പെടുത്തണം.

Read also: 5000 പോത്തിന്‍കുട്ടികള്‍ 5000 കുടുംബങ്ങള്‍ക്ക്; സാറേ... പോത്താണ് ഇപ്പോള്‍ താരം

പുറമെ നിന്നുള്ള പോത്തുകളിൽ രക്താണു രോഗബാധ ഉയർന്നതായതിനാൽ ഫാമുകളിലേക്ക് പുതുതായി പോത്തുകളെ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് 3 ആഴ്ചക്കാലം പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്റൈന്‍) നിരീക്ഷിക്കാനും, രക്തം പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം മറ്റുള്ളവയ്ക്കൊപ്പം ചേര്‍ക്കാനും ശ്രദ്ധിക്കണം. രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നപക്ഷം ഉടന്‍ ചികിത്സ ഉറപ്പാക്കാന്‍ മറക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com