ADVERTISEMENT

നാട്യശാസ്ത്രത്തിൽ കറുപ്പിന്റെ സ്ഥാനത്തെ ചൊല്ലിയാണ് മനുഷ്യർക്കിടയിലെ തർക്കം. എന്നാൽ, മൃഗങ്ങളിൽ കറുപ്പിനാണ് സ്ഥാനം. ഇവിടെ കറുപ്പിന് ഏഴഴകാണ്. മെലാനിന്‍ എന്ന പിഗ്‌മെന്റാണ് തൊലിക്കും കണ്ണിനും മുടിക്കും കറുപ്പു നിറം നൽകുന്നത്. നിറത്തിനപ്പുറം വെളുപ്പിനായാലും കറുപ്പിനായാലും ബുദ്ധിപരമായോ, കലാപരമായോ മറ്റു ശാരീരിക മേന്മയോ ചർമത്തിന്റെ നിറത്തിന് അവകാശപ്പെടാനില്ല എന്നതാണ് വാസ്തവം. കറുപ്പിനോടുള്ള ഇഷ്ടം കൂടി ‘കരിങ്കുരങ്ങ് രസായനം’ പോലുള്ള അശാസ്ത്രീയതയും അന്ധവിശ്വാസങ്ങളും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. 

അപസർപ്പക നോവലുകളിലും, മന്ത്രവാദ സിനിമകളിലും ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണ് ‘കരിമ്പൂച്ച’കൾക്കുള്ളത്. കറുത്ത രോമങ്ങളുള്ള പൂച്ചയാണ് കരിമ്പൂച്ച എന്നറിയപ്പെടുന്നത്. കറുത്ത നിറത്തിലുള്ള പൂച്ചകളിൽ ആൺ പൂച്ചയും പെൺ പൂച്ചയുമുണ്ട്. ചില നാടുകളിൽ കരിമ്പൂച്ച ഭാഗ്യത്തിന്റെ ലക്ഷണമെങ്കിൽ മറ്റു ചില സ്ഥലങ്ങളിൽ നിർഭാഗ്യത്തിന്റെ പ്രതീക്ഷയാണ്. കരിമ്പൂച്ചകൾക്ക് ഔഷധഗുണമുണ്ടെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. കരിമ്പൂച്ചകളെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അന്ധവിശ്വാസത്തിന്റെയും ഇല്ലാത്ത ഔഷധഗുണത്തിന്റെയും പേരിൽ കരിമ്പൂച്ചകളെ അപായപ്പെടുത്തുന്നത് തടയുന്നതിനുമായി പല രാജ്യങ്ങളിലും ദേശീയ കരിമ്പൂച്ച ബോധവൽക്കരണ ദിനം വരെയുണ്ട്. 

മേളപ്പെരുക്കത്തിന്റെ അകമ്പടിയോടെ നെറ്റിപ്പട്ടം ചാർത്തി തിടമ്പേറ്റി വരുന്ന ‘കരിവീരൻ’മാരില്ലാത്ത ഉത്സവകാലം മലയാളിക്ക് ചിന്തിക്കാനേ കഴിയില്ല. കലർപ്പില്ലാത്ത എണ്ണക്കറുപ്പിനാണ് അനകൾക്കിടയിൽ പ്രിയം. ഈ നിറഭേദങ്ങളിലെ, പ്രിയവും അപ്രിയവും മനുഷ്യർക്കിടയിൽ എങ്ങനാണ് കടന്നുകൂടിയത്?

അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ പ്രചാരത്തിലുള്ളതാണ് ‘അട്ടപ്പാടി ബ്ലാക്ക്’ എന്നറിയപ്പെടുന്ന കറുത്ത ഇനം ആട്. അട്ടപ്പാടി കരിയാടുകൾ എന്നും ഇവ അറിയപ്പെടുന്നു. ചെമ്പൻ കണ്ണും കറുത്ത ശരീരവും ഇടത്തരം ചെവിയുമുള്ള ഇത്തരം ആടുകൾക്ക് കമ്പോളത്തിൽ പ്രിയമേറെ. ഏകദേശം 10,000ൽ താഴെ മാത്രം ആടുകളേ ഇപ്പോൾ ഈ മേഖലയിലുള്ളൂ. ഇതിനെ കേരളത്തിന്റെ തനത് ജനുസ്സായി അംഗീകരിച്ചിട്ടുമുണ്ട്. തനത് അട്ടപ്പാടി ഇനത്തിനെ സംരക്ഷിക്കുന്നതിനായി മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റി ഫാമിലും, അട്ടപ്പാടിയിലുള്ള സർക്കാർ ഫാമിലും ഇവയെ വളർത്തുന്നുണ്ട്. രോഗപ്രതിരോധശേഷി കൂടുതലുള്ള ഇവയ്ക്ക് കറുത്ത മൃഗങ്ങളോടുള്ള ആരാധനകൊണ്ട് ഔഷധഗുണം കൂടുതലുണ്ടെന്ന് തദ്ദേശീയർ വിശ്വസിക്കുന്നു. പ്രായപൂർത്തിയായ ആണാടുകൾക്ക് 35 കിലോയും പെണ്ണിന് 31 കിലോയും ശരാശരി തൂക്കം ഉണ്ടാകും. മാംസത്തിന് വേണ്ടിയാണ് ഇവയെ വളർത്തുന്നത്. 

karimkozhi
കരിങ്കോഴിക്കുഞ്ഞുങ്ങൾ

അന്ധവിശ്വാസത്തിന്റെ പേരിലും ഔഷധ ഗുണത്തിന്റെ പേരിലും അറിയപ്പെടുന്നതാണ് ‘കരിങ്കോഴികൾ’. നാട്ടിൻപുറങ്ങളിൽ കറുത്ത രൂപത്തോടു കൂടിയ എന്നാൽ ചുവന്ന ആടയും പൂവും വെള്ളയും മഞ്ഞയും നിറത്തിലുള്ള കാലുകളുള്ളതുമായ കോഴികളെ കാണാം. ഇത് കറുപ്പ് നിറമുണ്ടെങ്കിലും കരിങ്കോഴികളല്ല. ശരിയായ കരിങ്കോഴികൾ മധ്യപ്രദേശിലെ ഗോത്രവർഗക്കാർ വളർത്തിയിരുന്ന കടക്‌നാഥ് എന്ന ഇനമാണ്. ഇതിന്റെ മാംസമുൾപ്പെടെ ശരീരം പൂർണമായും കറുപ്പു നിറത്തിലാണ്. മാംസത്തിന്റെ പ്രോട്ടീന്റെ അളവു കൂടുതലും, കൊഴുപ്പ് കുറവുമാണ്. വൈറ്റമിൻ ബികോംപ്ലക്സ്, നിയാസിൻ, ഡി, ഇ , ഇരുമ്പിന്റെ അംശം എന്നിവ കൂടുതലാണ്. ശരീരം കറുപ്പാണെങ്കിലും രക്തം ചുവപ്പാണ്. മുട്ട കറുത്തതല്ല. ഇളം തവിട്ടു നിറത്തിലാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും കറുത്ത പശുവിന് വലിയ ഡിമാൻഡ് ഇല്ല. എന്നാൽ കറുപ്പും വെളുപ്പും നിറത്തിലുള്ള പശുക്കൾക്ക് പ്രിയമുണ്ടുതാനും. 

ഇത്തരം നിറഭേദങ്ങളുടെ തരംതിരിപ്പ് എങ്ങനെ രൂപപ്പെട്ടാലും ഒന്നോർത്ത് ആശ്വസിക്കാം ‘പുറം വെളുത്താലും കറുത്താലും, അകം ചുവപ്പാണെന്ന്’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com