ADVERTISEMENT

നമുക്കത്ര പരിചിതമല്ലെങ്കിലും ലോകത്തു പലയിടത്തും കീടങ്ങളെയും പുഴുക്കളെയും ഒന്നാന്തരം പ്രോട്ടീൻ സ്രോതസ്സായി മനുഷ്യര്‍ ആഹാരക്രമത്തില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. അവയിലൊന്നാണ് മീൽവേം. പല രാജ്യങ്ങളിലും,  ഇന്ത്യയിലെതന്നെ ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആളുകൾ ആഹാരമാക്കുന്ന മീൽവേമിന് ആ രീതിയിൽ നമ്മുടെ നാട്ടിൽ സ്വീകാര്യത ലഭിക്കില്ലെങ്കിലും ‘പെറ്റ് ഫുഡ്’ എന്ന നിലയ്ക്കുനല്ല സാധ്യതയുണ്ട്. അരുമപ്പക്ഷികൾക്കും മത്സ്യങ്ങൾക്കും ആരോഗ്യരക്ഷയ്ക്കുതകുന്ന ഒന്നാന്തരം പ്രോട്ടീൻ ഭക്ഷണമാണ് മീൽവേം ലാർവ. എറണാകുളം ജില്ലയിൽ പിറവത്തിനടുത്തു പാഴൂരിലുള്ള  രാജീവൻ നിരപ്പേലിന്റേത് അത്തരമൊരു സംരംഭം.   

മകൻ അമലാണ് ഈ രംഗത്ത് ആദ്യം വന്നതെന്നു രാജീവൻ. കൊന്യൂറും കോക്കറ്റീലും ഫിഞ്ചസും ജാവാക്കുരുവികളും ആഫ്രിക്കൻ ലവ് ബേർഡ്സും ഉൾപ്പെടെ അരുമപ്പക്ഷി ശേഖരമുള്ള അമൽ അവയുടെ പ്രജനന താൽപര്യവും മുട്ടയിടലും വർധിക്കാൻ ഫലപ്രദമെന്നു കേട്ടാണ് തീറ്റപ്പുഴുക്കളിലേക്കു തിരിയുന്നത്. മീൽവേം വണ്ടിന്റെ പുഴുക്കളും അവയെ പരിപാലിക്കാനുള്ള ട്രേകളുമെല്ലാം ഓൺലൈനിൽ വാങ്ങി. ലാർവ ഉൽപാദനം തുടങ്ങുന്ന ഘട്ടത്തിൽ ജോലി കിട്ടി കുവൈറ്റിനു പോയതോടെ ചുമതല രാജീവൻ ഏറ്റെടുത്തു. പുഴുക്കളെ ഉൽപാദിപ്പിച്ച് പക്ഷികൾക്കു കൊടുത്തു തുടങ്ങിയതോടെ അവയുടെ ആരോഗ്യം മെച്ചപ്പെട്ടെന്നു രാജീവൻ. പ്രജനനത്തോത് വർധിച്ചു. മുട്ടയിടൽ കൂടി. പക്ഷികൾക്കു നിരന്തരമുണ്ടായിരുന്ന രോഗങ്ങൾ തീർത്തും ഒഴിവായി. ഇതു കണ്ട് ലാർവ ആവശ്യപ്പെട്ട് പെറ്റ് പരിപാലകർ പലരും സമീപിച്ചതോടെ ലാർവ ഉൽപാദനം ഒരു സംരംഭമാക്കി രാജീവൻ.

meal-worm-3
മീൽവേം പുഴുക്കളും ഈച്ചകളും

കരുതലോടെ പരിപാലനം

മുട്ട, ലാർവ, പ്യൂപ്പ, വണ്ട് എന്നിങ്ങനെ 4 ജീവിത ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന മീൽവേം വണ്ടിനെ ലാർവ ഘട്ടത്തിലാണ് പോഷകത്തീറ്റയാക്കുന്നത്. നുറുക്കു ഗോതമ്പു നിറച്ച പ്ലാസ്റ്റിക് ട്രേയിൽ വണ്ടുകളെ നിക്ഷേപിക്കുന്നതാണ് ആദ്യ ഘട്ടം. താമസിയാതെ ഇണചേരലും മുട്ടയുൽപാദനവും നടക്കുന്നു. തുടർന്ന് വണ്ടുകളെ അരിച്ചെടുത്ത് പുതിയ ട്രേയിലേക്കു മാറ്റും. ഇതിനിടെ, ട്രേയിലെ മുട്ടകൾ വിരിഞ്ഞു തുടങ്ങിയിരിക്കും. പുഴുക്കൾ 50–52 ദിവസമെത്തുമ്പോഴേക്കും ഒന്നേകാൽ ഇഞ്ച് വളർച്ച നേടും. 52 ദിവസം പിന്നിടുന്നതോടെ ലാർവ, പ്യൂപ്പ ദശയിലേക്കു കടക്കും. ഏതാനും ദിവസങ്ങൾ‍ക്കുള്ളിൽ അവ വണ്ടായി മാറും. പ്യൂപ്പ ഘടത്തിലേക്കു കടക്കും മുൻപ് ഇവയെ പക്ഷികൾക്കു തീറ്റയാക്കാമെന്നു രാജീവൻ. അധികം ജലാംശമില്ലാത്ത ആപ്പിൾ, കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ് എന്നിവയാണ് ലാർവകൾക്കു തീറ്റ. ഭക്ഷ്യവസ്തുക്കളിൽ ജലാംശം കൂടിയാൽ ഫംഗസ് വളരും. അതേസമയം ചെറിയ ജലാംശം ലാർവയുടെ വളർച്ചയ്ക്ക് ആവശ്യവുമാണ്. അതുകൊണ്ടാണ് ആപ്പിളും ഉരുളക്കിഴങ്ങുമൊക്കെ തീറ്റയായി നൽകുന്നത്. പെറ്റ്  വിപണിക്കു സമാന്തരമായി മീൽ വേം സംരംഭത്തിനും വളരാനാകുമെന്ന പ്രതീക്ഷയിലാണ് രാജീവൻ.

ഫോൺ: 9495382038 (രാജീവൻ)

പ്രോട്ടീൻ പുഴുക്കൾ

ഓമനപ്പക്ഷികൾക്കും മത്സ്യങ്ങൾക്കും എക്സോട്ടിക് പെറ്റ്സുകൾക്കും നൽകാവുന്ന മികച്ച ജൈവത്തീറ്റയാണ് മീൽവേം (Mealworm). Tenebrio Molitor എന്നു പേരുള്ള വണ്ടിന്റെ ലാർവയാണ് മീൽ വേം. പ്രോട്ടീൻ സമ്പുഷ്ടമായ ഈ ലാർവ ഇന്നു നമ്മുടെ നാട്ടിൽ പലരും പക്ഷികൾക്ക് ആഹാരമായി നൽകുന്നുണ്ട്. ബ്രീഡിങ് സീസണിൽ ഇതു നൽകുന്നത് പക്ഷികളുടെ ഉൽപാദനശേഷി വർധിപ്പിക്കുന്നതായി കാണാം. പ്രോട്ടീനു പുറമെ കൊഴുപ്പും നാരുകളും വൈറ്റമിനുകളുമെല്ലാം അടങ്ങിയ ഈ ലാർവത്തീറ്റ അരുമപ്പക്ഷികളുടെയും മത്സ്യങ്ങളുടെയും ആരോഗ്യം പുഷ്ടിപ്പെടുത്തും. ജീവനോടെയോ ഉണക്കിയോ പൗഡർ രൂപത്തിലോ ഇവ നൽകാം. ശ്രദ്ധയോടെ ഉൽപാദിപ്പിച്ച് വിപണനം ചെയ്യാൻ കഴിഞ്ഞാൽ നല്ലൊരു സംരംഭം കൂടിയാണ് മീൽവേം വളർത്തൽ. പരിമിത സ്ഥല സൗകര്യമുള്ളവർക്കും, മുതൽമുടക്കു കുറഞ്ഞ സംരംഭങ്ങൾ തേടുന്നവർക്കും, കുറഞ്ഞ സമയം മാത്രം നീക്കിവയ്ക്കാനുള്ളവർക്കും ഈ സംരംഭം പ്രയോജനപ്പെടും. മീൽവേമിനു തീറ്റയായി ഉപ യോഗിക്കുന്ന ഗോതമ്പ്, ഓട്സ്, ഉരുളക്കിഴങ്ങ്, ആപ്പിൾ എന്നിവ എളുപ്പത്തിൽ വിപണിയിൽ ലഭിക്കുന്നവയുമാണ്. ജീവനോടെയോ ഉണക്കി പായ്ക്കറ്റുകളിലാക്കിയോ വിപണനം ചെയ്യുക. പെറ്റ് വിപണി വളരുന്ന സാഹചര്യത്തിൽ അനുബന്ധ സംരംഭമായി മീൽവേം ഉൽപാദനവും വളർത്തിയെടുക്കാം. 
ഫോൺ: 9645912269

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com