ADVERTISEMENT

പത്തു വർഷം മുൻപ് 10 പശുക്കളുമായാണ് ഇടുക്കി കമ്പംമെട്ട് വാണിയപ്പുരയ്ക്കൽ ജിൻസ് കുര്യൻ ഡെയറി ഫാം തുടങ്ങിയത്. ഇന്നു പശുക്കളുടെ എണ്ണം 60. ദിവസം ശരാശരി 700 ലീറ്റർ പാൽ. വാർഷിക വരുമാനമാവട്ടെ ഒരു കോടി രൂപയ്ക്കു മുകളിൽ. കൂടുതൽ പശുക്കളുള്ളതും പരമാവധി തീറ്റച്ചെലവ് കുറച്ചതുമാണ് ഈ ക്ഷീരസംരംഭത്തിന്റെ വിജയം. ഏതൊരു ക്ഷീരകർഷകനെയും പോലെ ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും അവയെ തനതുരീതിയില്‍ പരിഹരിച്ചാണ് ജിൻസ് മുന്നോട്ടുപോകു‌ന്നത്. 

മകൻ റാഫേലിനൊപ്പം ജിൻസ്. (ചിത്രം∙ കർഷകശ്രീ)
മകൻ റാഫേലിനൊപ്പം ജിൻസ്. (ചിത്രം∙ കർഷകശ്രീ)

പത്തിൽനിന്ന് മുപ്പതിലേക്ക്

കുടുംബത്തില്‍ മൂന്നു പതിറ്റാണ്ടായി ചെറിയ രീതിയിൽ പശുവളർത്തലുണ്ടായിരുന്നു. എന്നാല്‍, പുതിയ വീടു നിർമിച്ച് താമസം മാറിയപ്പോള്‍ ജിന്‍സ്, പഴയ വീടിനോടു ചേർന്ന് ഒരു ഷെഡ് നിർമിച്ചു. ക്ഷീരവിക സനവകുപ്പിന്റെ മിൽക്ക് ഷെഡ് പദ്ധതി പ്രകാരം 10 പശുക്കളെയും വാങ്ങി. ക്രമേണ പശുക്കളുടെ എണ്ണം വർധിപ്പിച്ച് മുപ്പതിലെത്തിച്ചു.  

കുത്തിവച്ചിട്ടും കുളമ്പുരോഗം 

ഫാമാകുമ്പോൾ പശുക്കൾക്ക് രോഗം പിടിപെടാതിരിക്കാന്‍ മുൻകരുതൽ എടുത്തേ പറ്റൂ. ചുറ്റുവട്ടത്തുള്ള ചെറുകിട ക്ഷീരകർഷകർ വാക്സീനോട് താൽപര്യം കാണിച്ചിരുന്നില്ലെങ്കിലും തന്റെ പശുക്കൾക്ക് യഥാസമയം കുളമ്പുരോഗത്തിനെതിരെയുള്ള വാക്സീൻ എടുക്കാന്‍ ജിന്‍സ് മറന്നില്ല. എന്നാല്‍, വാക്സീൻ എടുത്ത് 4 മാസം കഴിഞ്ഞപ്പോൾ ചില പശുക്കള്‍ തീറ്റമടുപ്പ് കാണിച്ചു. ഡോക്ടറെ കൊണ്ടുവന്ന് ‌മരുന്നു നൽകി. പിറ്റേന്നായപ്പോൾ പനിയും കണ്ടു. മരുന്നു നൽകാൻ വായ തുറന്നപ്പോള്‍ ഞെട്ടിപ്പോയി. വായിലെ തൊലി ഇളകിവരുന്നു. അതോടെ കുളമ്പുരോഗമെന്ന് ഉറപ്പിച്ചു. ചികിത്സിച്ചെങ്കിലും കുറച്ചു പശുക്കളെ നഷ്ടപ്പെട്ടു. കുളമ്പുരോഗത്തെ അതിജീവിച്ച പശുക്കൾ ആരോഗ്യം വീണ്ടെടുത്തെങ്കിലും ഉൽപാദനം പൂർണമായും ഇല്ലാതായി. ഫാം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. തരക്കേടില്ലാത്ത പശുക്കളെ നിർത്തി പാലുൽപാദനം കുറഞ്ഞവയെ ഇറച്ചിവിലയ്ക്ക് ഒഴിവാക്കി കൂടുതൽ നഷ്ടം ഒഴിവാക്കി. 2018ലെ പ്രളയത്തിനുശേഷമായിരുന്നു  ഈ അത്യാഹിതം. അതിനുശേഷം കുളമ്പുരോഗത്തിനും ചർമമുഴ രോഗത്തിനും എതിരേയുള്ള വാക്സീന്‍ സ്വന്തമായി വാങ്ങി കുത്തിവയ്ക്കുകയാണ്. 6 മാസം കൂടുമ്പോൾ കുളമ്പുരോഗത്തിനും ഒരു വർഷം കൂടുമ്പോൾ ചർമമുഴയ്ക്കും എതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നു. 

dairy-farm-jins-4
കാലിത്തീറ്റയ്‌ക്കൊപ്പം ബിയർ വെയ്സ്റ്റ്

രണ്ടാം വരവ്

ശേഷിച്ച പശുക്കളിൽനിന്ന് ദിവസം 50 ലീറ്റർ പാലുമായി ഫാം ഏറെ നാൾ മുൻപോട്ടു കൊണ്ടുപോയി. അപ്പോഴാണ് കോവിഡിന്റെ വരവ്. കോവിഡിന്റെ തുടക്കത്തിൽ തീറ്റക്കാര്യത്തില്‍ ബുദ്ധിമുട്ടിയ ചെറുകിട കർഷകരുടെ പശുക്കളെ വാങ്ങി ഫാം വിപുലീകരിച്ചു. കോവിഡ് കാലത്ത് പുതിയ ഫാമുകൾ പലതും വന്നു. എന്നാൽ, കോവിഡ് അവസാനിച്ചതോടെ ഈ ഫാമുകളിൽ പലതും പൂട്ടി. അവിടങ്ങളില്‍നിന്ന് മികച്ച പാലുൽപാദനമുള്ള കുറെ പശുക്കളെക്കൂടി വാങ്ങി. അങ്ങനെ പശുക്കളുടെ എണ്ണം 60ൽ എത്തി. തമിഴ്നാടിനോടു ചേർന്നുള്ള അതിർത്തി ഗ്രാമമാണെങ്കിലും തമിഴ്നാട്ടിൽനിന്നു വാങ്ങിയ ഒരു പശു പോലും തന്റെ ഫാമിൽ ഇല്ലെന്ന് ജിൻസ്. അതേ, ജിൻസ് പശുക്കളെയെല്ലാം വാങ്ങിയത് കേരളത്തിലെ ഫാമുകളിൽനിന്നാണ്. എന്നാൽ, ആ ഫാമുകളിലേക്കു പശുക്കളെത്തിയത് തമിഴ്നാട്ടിൽനിന്നായിരുന്നു. കോവിഡിനുശേഷം പശുക്കളെ മാത്രമല്ല, കറവയന്ത്രങ്ങളും ഇത്തരത്തിൽ വാങ്ങാൻ കഴിഞ്ഞെന്ന് ജിൻസ്. ഇപ്പോള്‍ 3 മൂന്നു കറവയന്ത്രങ്ങള്‍  ഫാമിലുണ്ട്. 

dairy-farm-jins-5

ഗുണമേന്മയുള്ള ബീജം

22 ലീറ്ററിനു മുകളിൽ ഉല്‍പാദനശേഷിയുള്ള 60 പശുക്കളാണുള്ളത്. ദിവസം 700 ലീറ്ററോളം പാൽ ലഭിക്കുന്നു. ക്ഷീരസംഘത്തിലാണ് പ്രധാനമായും നൽകുന്നത്. ലീറ്ററിന് ശരാശരി 45 രൂപ ലഭിക്കുന്നു. തൊഴിലാളികളുടെ കൂലി, തീറ്റച്ചെലവ് തുടങ്ങിയ വകയിൽ 20,000 രൂപ ഒരു ദിവസം വേണം. കൈതപ്പോളയ്ക്കു പുറമേ കാലിത്തീറ്റ, ബീയർ വെയ്സ്റ്റ്, ധാതുലവണമിശ്രിതം എന്നിവയും നൽകുന്നു. തീറ്റച്ചെലവ് പരമാവധി കുറച്ച് മികച്ച ഉൽപാദനമാണ് ജിൻസിന്റെ ലക്ഷ്യം. ഉൽപാദനം കൂടുതൽ ഉള്ളതുകൊണ്ടുതന്നെയാണ് ലാഭകരമായി മുൻപോട്ടു സംരംഭം കൊണ്ടുപോകാൻ കഴിയുന്നതെന്ന് ജിൻസ്. ഇനിയുള്ള കാലത്ത് ചെറുകിട ക്ഷീരസംരംഭമായി മുൻപോട്ടു പോവുക പ്രയാസമാണ്.

ഫാമിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട് ഫാമിൽ ജനിക്കുന്ന കുട്ടികളാണെന്നു ജിൻസ്. അതുകൊണ്ടുതന്നെ ഓരോ പശുവിനും അതിന്റെ പാലുൽപാദനം അനുസരിച്ച് മികച്ച കാളകളുടെ ബീജമാണ് ആധാനം ചെയ്യുക. ഇതിനായി എൻഡിഡിബി(നാഷനല്‍ ഡെയറി ഡവലപ്മെന്റ് ബോര്‍ഡ്)യുടെ സെമൻ ആണ് ഉപയോഗിക്കുന്നത്. അറ്റ്‌ലസിന്റെയും തോറിന്റെയും കുട്ടികൾ ഇവിടെ വളർന്നുവരുന്നുണ്ട്. സമീപകാലത്ത് ജന ശ്രദ്ധ നേടിയ മിഡ്നൈറ്റ് എന്ന കാളയുടെ ബീജവും ഉപയോഗിക്കാറുണ്ട്. ഫാമിൽ ജനിച്ചു വളർന്ന കിടാരികൾ മികച്ച പാലുൽപാദനമുള്ള പശുക്കളായി മാറിയപ്പോൾ ആദ്യ കാലത്ത് വാങ്ങിയ പശുക്കളെ ഒഴിവാക്കി.

dairy-farm-jins-2

പ്രസവശേഷം 45–50 ദിവസത്തിനുള്ളിൽ പശുക്കൾ മദി കാണിക്കാറുണ്ട്. ആദ്യ മദിയിൽത്തന്നെ ബീജാധാനം നടത്താൻ താൻ ശ്രദ്ധിക്കുമെന്നു ജിൻസ്. ഇത് വർഷത്തിൽ ഒരു പ്രസവം സാധ്യമാക്കുന്നു. മാത്രമല്ല, പാലുൽപാദനത്തിൽ വലിയ കുറവുണ്ടാവുകയുമില്ല. 3 മാസത്തിനുശേഷം ബീജാധാനം നടത്തിയാൽ വറ്റുകറവയിലേക്ക് എത്തുമ്പോൾ പാലുൽപാദനത്തിൽ ഗണ്യമായ കുറവുവരുന്നുണ്ട്. ഇത് ഫാമിലെ ആകെ പാലുൽപാദനത്തെ ബാധിക്കുന്നതായി ശ്രദ്ധയിൽപെട്ടതുകൊണ്ടാണ് ഈ രീതി സ്വീകരിച്ചത്. 

ഫോൺ: 9495506221

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com