ADVERTISEMENT

പത്ത് അയൽവീടുകളിൽ 10 വർഷം പാചകത്തിനു വേണ്ട ബയോഗ്യാസ് സൗജന്യമായി നൽകിയാൽ അവർക്ക് നിങ്ങളോട് എന്തു സ്നേഹമായിരിക്കും എന്ന് ഓർത്തുനോക്കൂ. ആ സ്നേഹമാണ് കണ്ണൂർ പടിയൂരിലെ സജിതയുടെ പന്നിവളർത്തലിനെ വേറിട്ട വിജയമാക്കിയത്. നേരിയ ദുർഗന്ധവും കടുത്ത അസൂയയും ചേർന്ന് ഒട്ടേറെ പന്നിവളർത്തൽ സംരംഭങ്ങൾ അടച്ചുപൂട്ടിയ നാടാണു നമ്മുടേത്. എന്നാൽ, സജിത ഫാം അടച്ചുപൂട്ടരുതേയെന്നാവും അയൽക്കാരുടെ പ്രാർഥന. അയൽ ബന്ധങ്ങൾ വഷളാക്കാനല്ല മെച്ചപ്പെടുത്താനും നാടിന്റെ സമ്പത്ത് വർധിപ്പിക്കാനും പന്നിവളർത്തലിലൂടെ സാധിക്കുമെന്നു തെളിയിക്കുകയാണ് ഈ വീട്ടമ്മ.

സജിത
സജിത

വീടിനോടു ചേർന്ന് പെറ്റ് ആയി പന്നിയെ വളർത്തിത്തുടങ്ങിയതാണ് സജിത, 22 വർഷം മുന്‍പ്. അന്നു രണ്ടര വയസ്സുണ്ടായിരുന്ന മകൾ ഗ്രീഷ്മയ്ക്കു കണ്ടു രസിക്കാൻ അയൽവീട്ടിൽനിന്നു പന്നിക്കുഞ്ഞിനെ വാങ്ങി കെട്ടിയിട്ടു വളർത്തുകയായിരുന്നു. 250 രൂപ കൊടുത്തു വാങ്ങിയ പന്നിക്കുഞ്ഞ് വീട്ടിലെ ഭക്ഷണാ വശിഷ്ടങ്ങൾ കഴിച്ച് ഒരു വർഷത്തിനകം 4,500 വിലയുള്ള മുതലായി വളർന്നപ്പോൾ സജിതയുടെയും ഭർത്താവ് ഗിരീഷിന്റെയും കണ്ണു തുറന്നു-പണം പല മടങ്ങാക്കുന്ന ജീവിയാണ് പന്നിയെന്ന് അവർ തിരിച്ച റിഞ്ഞു. വൈകാതെ ആൺപന്നിക്കു കൂട്ടായി പെൺപന്നിയുമെത്തി. ഒരു പന്നിയിൽനിന്ന് 2, 16, 70 എന്നി ങ്ങനെ പന്നികൾ പെരുകി. ഒപ്പം വരുമാനവും. വിട് പണിതു, ഫാമിലേക്കു വാഹനസൗകര്യമെത്തിക്കാൻ സ്ഥലം വാങ്ങി. അന്നത്തെ രണ്ടര വയസുകാരി ഗ്രീഷ്മയ്ക്ക് ഇപ്പോൾ വിദേശ പഠനത്തിനു വേണ്ട പണം സ്പോൺസർ ചെയ്യുന്നതും സജിതയുടെ പന്നികൾ തന്നെ.  

തിരിച്ചടികൾ

മാലിന്യവും മണവുമൊക്കെ മാനേജ് ചെയ്തെങ്കിലും രോഗങ്ങൾ നൽകിയ തിരിച്ചടി സജിതയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. കഴിഞ്ഞ വർഷം പന്നിപ്പനി കാരണം ഫാം അടച്ചു പൂട്ടേണ്ടി വന്നു. അറുനൂറോളം പന്നികളെ ഏതാനും ദിവസങ്ങൾക്കുള്ളിൽ കുഴിച്ചുമൂടിയപ്പോൾ നഷ്ടം ലക്ഷങ്ങൾ കവിഞ്ഞു.  ഫാം വികസനത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാനാവാതെ ഒന്നരക്കോടി രൂപയോളം കടബാധ്യതയായി. ഇതൊക്കെയാണെങ്കിലും സജിതയുടെ പുഞ്ചിരി മായുന്നില്ല. പ്രവർത്തനം പുനരാരംഭിച്ച ഫാമിലെ മുന്നൂറോളം പന്നികളാണ് ഈ ആത്മവിശ്വാസത്തിനു പിന്നിൽ. അവ പെരുകുന്നതോടെ കോടികളുടെ കടമൊക്കെ വീട്ടാനാകുമെന്ന് സജിതയ്ക്ക് ഉറപ്പുണ്ട്. കൂട്ടിൽ പന്നിയുണ്ടെങ്കിൽ ഇതൊക്കെ ഞാൻ അടച്ചുതീർക്കും– സജിതയുടെ ആത്മവിശ്വാസം. അതുതന്നെയാണ് മറ്റു സംരംഭങ്ങളിൽനിന്നു പന്നിവളർത്തലിനെ വ്യത്യസ്തമാക്കുന്നത്. കുറഞ്ഞ ചെലവിൽ അതിവേഗം വലിയ വരുമാനം നൽകാൻ അതിനു കഴിയും. ഒപ്പം, നാട്ടിലെ മാലിന്യമാകെ നാട്ടുകാർക്കു വേണ്ട പ്രോട്ടീനാക്കാനും. 

‘‘2010ൽ ആണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഫാമായി വിപുലപ്പെടുത്തിയത്. കുടുംബശ്രീയിലൂടെ ലഭിച്ച മൂന്നു ലക്ഷം രൂപയായിരുന്നു മൂലധനം’’– സജിത പറഞ്ഞു. പന്നിക്കൂട്ടിലെ കാര്യങ്ങൾ സജിത നോക്കിയപ്പോൾ വാഹനത്തിൽ ഹോട്ടൽ അവശിഷ്ടങ്ങളെത്തിക്കലും മാംസവിപണനവും ഗിരീഷ് നോക്കിനടത്തി. ഇരുവരും നന്നായി അധ്വാനിച്ചു. അതനുസരിച്ച് ഫാമും വളർന്നു. ആയിരം പന്നികളെ ഒരേസമയം വളർത്തുന്ന നിലയിലേക്ക് എത്തി. സമീപപ്രദേശങ്ങളിലെ 60 ഹോട്ടലുകളിൽനിന്നാണ് ഭക്ഷണാവശിഷ്ടങ്ങൾ സംഭരിക്കുന്നത്. രാവിലെയും വൈകുന്നേരവുമായി രണ്ടു റൂട്ടുകളിൽ സ്വന്തം വാഹനമയച്ചാണ് അവ സംഭരിക്കുക. മാലിന്യം സംഭരിക്കുന്നതിന് ഹോട്ടലുകൾ മുന്‍പു പ്രതിഫലം നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ അവർ ഒന്നും നൽകാറില്ല.

പന്നിവളർത്തലിലെ പ്രധാന തലവേദനകളിലൊന്നായ മണവും മാലിന്യവും തങ്ങൾക്ക് ഒരിക്കലും തലവേദനയായിട്ടില്ലെന്നു സജിത. റബർതോട്ടത്തിനു നടുവിൽ വീടുകളിൽനിന്ന് അകന്നാണ് ഫാം. ബയോ ഗ്യാസ് യൂണിറ്റ് ഉൾപ്പെടെ മാലിന്യ സംസ്കരണ സംവിധാനങ്ങളുണ്ട്. ആവശ്യം കഴിഞ്ഞുള്ള ബയോഗ്യാസ് 10 അയൽവീടുകളുമായി പങ്കുവയ്ക്കുന്നു. വൈകാതെ ജൈവവള നിർമാണ യൂണിറ്റും തുടങ്ങണമെന്നാണ് ആഗ്രഹം. പന്നിപ്പനി പ്രതിസന്ധി സൃഷ്ടിച്ചില്ലായിരുന്നെങ്കിൽ ഇതിനകം ഞങ്ങൾ അതു തുടങ്ങുമായിരുന്നു– സജിത പറഞ്ഞു. 

pig-farm-savitha-2

വിപണനം

ലൈസൻസോടു കൂടിയ കശാപ്പുശാലയുള്ള ഫാമാണിത്. പന്നികളെ കൊല്ലാൻ മണ്ണുത്തി വെറ്ററിനറി കോളജിൽനിന്നു സജിത പരീശീലനവും നേടി. ‘‘സ്റ്റണ്ണര്‍ ഉപയോഗിച്ചു കൊല്ലാനൊക്കെ എനിക്കറിയാം, എങ്കിലും ഞാന്‍ കൊല്ലാറില്ല’’– സജിത പറഞ്ഞു. ഫാമിൽത്തന്നെ കൊന്ന് വലിയ കുറകുകളാക്കി ഇറച്ചിക്കടകളിൽ എത്തിച്ചുകൊടുക്കുന്നു. 12 കടകളിൽ സ്ഥിരമായി നല്‍കുന്നുണ്ട്. കേറ്ററിങ് യൂണിറ്റുകൾക്കും നൽകും. രോഗബാധയുണ്ടാകുന്നതിനു മുൻപ് മാസം 1‌‌‌60 പന്നികളെവരെ കശാപ്പ് ചെയ്തിരുന്നു. ഇപ്പോഴും മറ്റു ഫാമുകളിൽനിന്നു പന്നികളെ വാങ്ങി മാംസമാക്കി നൽകാറുണ്ട്– സജിത പറഞ്ഞു.

ഫോൺ: 9072056990

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com