ADVERTISEMENT

പശുവിന്റെ  രണ്ടാം പ്രസവം പ്രതീക്ഷയോടെ കാത്തിരിപ്പായിരുന്നു കഴിഞ്ഞ ഒൻപത് മാസമായി കണ്ണൂർ മട്ടന്നൂർ കാര പേരാവൂരിലെ ക്ഷീരകർഷക ഷീജ അജയനും കുടുംബവും. ഹോൾസ്റ്റീൻ ഫ്രീഷ്യൻ സങ്കര ഇനത്തിൽ പെട്ട ലക്ഷണമൊത്തൊരു പശുവായതിനാൽ നല്ലാരു കിടാവും അതിനൊപ്പം നറുംപാലും കിട്ടുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. പലപ്പോഴും പ്രതീക്ഷകൾ പ്രയാസങ്ങൾക്ക് വഴിമാറാമല്ലോ. രാവിലെ മുതൽ പശു പ്രസവം അടുത്തതിന്റെ ലക്ഷണങ്ങൾ പരവേശമായും വെപ്രാളമായുമെല്ലാം കാണിച്ചുതുടങ്ങിയെങ്കിലും ഗർഭപാത്രത്തിൽ നിന്ന് കിടാവ് മാത്രം പുറത്തുവന്നില്ല.

കിടാവ് മാത്രമല്ല, പ്രസവത്തിന് മുന്നോടിയായി ഗർഭപാത്രത്തിൽ നിന്നും പുറത്തുവരുന്ന തണ്ണീർക്കുടം പോലും പൊട്ടി പുറത്തുവരാത്ത സാഹചര്യമായിരുന്നു. മണിക്കുറുകൾ കാത്തിരുന്നിട്ടും കിടാവ് പുറത്തുവരാതിരിക്കുകയും പശുവിൻ്റെ പ്രയാസങ്ങൾ കൂടുകയും ചെയ്തതോടെയാണ് കാത്തിരിപ്പ് മതിയാക്കി തൊട്ടടുത്ത മട്ടന്നൂർ മൃഗാശുപത്രിയിലെ ഡോക്ടറെ വിളിക്കാൻ അവർ തീരുമാനിച്ചത്.

livestock-care-veterinarian-intervention-kannur-03

പശുവിന് രാവിലെ മുതൽ പ്രസവവേദന ആരംഭിച്ചിട്ടും ഇതുവരെ പ്രസവം നടന്നില്ലെന്ന് കേട്ടതോടെ കാര്യത്തിന്റെ ഗൗരവം ഡോക്ടർക്ക് ബോധ്യമായി. പ്രസവലക്ഷണങ്ങൾ തുടങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും കിടാവ് പുറത്തുവന്നില്ലങ്കിൽ കാരണങ്ങൾ പലതാവാം. വിഷമപ്രസവവും പ്രസവതടസ്സവും മുതൽ ഗർഭപാത്രത്തിന്റെ തിരിയൽ വരെ പശുക്കളിൽ പ്രസവം വൈകുന്നതിനിടയാക്കാം. പ്രസവതടസ്സം സങ്കീർണ്ണമായാൽ പശുവിൻ്റെ ജീവൻ തന്നെ അപകടത്തിലാവും. അടിയന്തിരസാഹചര്യം മനസിലാക്കിയ ഡോക്ടർ ഉടൻ എത്താമെന്ന് അവർക്ക് ഉറപ്പുനൽകി. കിടാവിനെ പുറന്തള്ളാൻ കഴിയാതെ പ്രസവവെപ്രാളവും പരവേശവും കാണിക്കുന്ന പശുവിനെ വിശദമായി പരിശോധിച്ചതോടെ പ്രസവതടസ്സത്തിന്റെ കാരണം ഡോക്ടർക്ക് ബോധ്യമായി.

ഗർഭപാത്രം നിശ്ചിതസ്ഥാനത്ത് നിന്നും വലത്തോട്ട് തിരിഞ്ഞുപോയിരിക്കുന്നു. കന്നുകാലികളിൽ ടോർഷൻ എന്നറിയപ്പെടുന്ന പ്രസവതടസ്സമാണിത്.

കുഞ്ഞിനെ വഹിക്കുന്ന ഗർഭപാത്രത്തിന് നിശ്ചിതസ്ഥാനത്ത് നിന്ന് ഇടത്തോട്ടോ വലത്തോട്ടോ തിരിവ് സംഭവിച്ചാൽ ഒരു ബലൂൺ വീർപ്പിച്ച് മുറുക്കി കെട്ടിയ പോലെ ഗർഭനാളി മുറുകുകയും ഗർഭാശയമുഖം അടയുകയും കുഞ്ഞിന് പുറത്തുവരാൻ കഴിയാതെയുമാവും. പ്രസവവേളയിൽ ടോർഷൻ എന്ന സാഹചര്യം ആടുകളിലും എരുമകളിലും വളരെ സാധാരണയാണ്.

livestock-care-veterinarian-intervention-kannur-thumb

വിരളമായി പശുക്കളിലും സംഭവിക്കാറുണ്ട്. ഗർഭപാത്രത്തെ ഉള്ളിൽ പിടിച്ചുനിർത്തിയ ലിഗമെന്റുകൾക്ക് സംഭവിക്കുന്ന തെന്നലാണ് ഗർഭപാത്രതിരിച്ചിലിന്റെ കാരണം. തിരിച്ചിൽ 90 ഡിഗ്രി മുതൽ 360 ഡിഗ്രി വരെയാവാം.

ഗർഭപാത്രത്തെ താങ്ങി നിർത്തിയിരിക്കുന്ന ലിഗമെന്റുകൾക്ക് സ്ഥാനഭ്രംശം സംഭവിക്കുന്നതിന്റെ കാരണം കൃത്യമായി പറയൽ പ്രയാസമാണ്. പശുക്കളും ആടുകളുമെല്ലാം പ്രസവസമയത്ത് കുഞ്ഞിനെ പുറന്തള്ളാൻ പലതവണ പരിശ്രമം നടത്തിയിട്ടും പ്രസവത്തിന്റെ ആരംഭലക്ഷണമായ വാട്ടർ ബാഗ് എന്ന് വിളിക്കുന്ന തണ്ണീർക്കുടം പോലും പുറത്തുവരാതിരിക്കൽ ടോർഷൻ സംഭവിച്ചതിന്റെ പ്രധാനസൂചനയാണ്. ടോർഷൻ സംഭവിച്ച കന്നുകാലികൾ വേദന കാരണം അസ്വസ്ഥതകൾ കാണിക്കുകയും നിരന്തരമായി കരയുകയും തുടരെ തുടരെ കിടക്കുകയും എഴുന്നേൽക്കുകയുമെല്ലാം ചെയ്യും. സമയം ഏറെ വൈകിയതിനാൽ കിടാവിനെ പുറത്തെടുത്ത് പശുവിൻ്റെ ജീവൻ രക്ഷിക്കാൻ ഇനിയുള്ള ഒരേ ഒരുവഴി പ്രസവശസ്ത്രക്രിയ മാത്രം. സിസേറിയൻ ചെയ്യാൻ തന്നെ ഡോക്ടർ തീരുമാനിച്ചു, കർഷകയ്ക്കും സമ്മതം. ശസ്ത്രക്രിയ വേണ്ടി വരുന്ന ഇത്തരം സന്ദർഭങ്ങളിൽ ഉടമയായ കർഷകരുടെ സമ്മതം വളരെ പ്രധാനമാണ്.

livestock-care-veterinarian-intervention-kannur-01

പിന്നീടുള്ള കാര്യങ്ങൾ വളരെ പെട്ടന്നായിരുന്നു. തൊഴുത്തിൻ്റെ സമീപം തന്നെ പ്രസവ ശസ്ത്രക്രിയക്കുള്ള സംവിധാനങ്ങൾ ഒരുക്കി, വൈക്കോൽ കട്ടിയിൽ തറയിൽ വിരിച്ച് ഓപറേഷൻ ടേബിളൊരുക്കി. അടിവയറിന് കീഴെ ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം അണുവിമുക്തമാക്കുകയും അനസ്തീഷ്യ നൽകുകയും ചെയ്തതോടെ ശസ്ത്രക്രിയയ്ക്ക് തുടക്കമായി.

കണ്ണൂർ മയ്യിൽ വെറ്റിനറി ആശുപത്രിയിലെ സർജനും വെറ്ററിനറി ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. ആസിഫ് എം. അഷ്റഫിൻ്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മട്ടന്നൂർ വെറ്റിനറി ഹോസ്പിറ്റലിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. സൈദ് അബൂബക്കർ സിദ്ധിഖ്, വെറ്ററിനറി സർജൻ എസ്. മഗേഷ്, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ സി. ആർ. രജനീഷ് എന്നിവരും ശസ്ത്രക്രിയാ സ്ക്വാഡിൽ സഹായികളായി ഉണ്ടായിരുന്നു.

വിജയകരമായി പൂർത്തിയാക്കിയ സിസേറിയൻ ശസ്ത്രക്രിയക്കൊടുവിൽ ഗർഭപാത്രത്തിൽ നിന്നും കിടാവിനെ പുറത്തെടുത്തപ്പോൾ തള്ളപ്പശുവിന് ആശ്വാസം, മണിക്കുറുകൾ പശുവിൻ്റെ പ്രസവവേദന കണ്ടുനിന്ന ക്ഷീരകർഷകയ്ക്കും അതിലേറെ ആശ്വാസം. പ്രസവലക്ഷണങ്ങൾ തുടങ്ങിയിട്ട് സമയം ഏറെ വൈകിയതിനാൽ കിടാവ് മരണത്തിന് കീഴടങ്ങിയെങ്കിലും പശുവിൻ്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാരുടെ വിദഗ്ധ ഇടപെടലിനായി. വിഷമപ്രസവത്തിന്റെയും ശസ്ത്രക്രിയയുടെയും വേദനയെല്ലാം മറന്ന് പശു ഇപ്പോൾ സുഖമായിരിക്കുന്നു. ഇനി തുടർന്ന് മൂന്ന് ദിവസവും ഡോക്ടറുടെ മേൽനോട്ടത്തിൽ ശസ്ത്രക്രിയാനന്തരചികിത്സയും പരിചരണവുമുണ്ട്.

English Summary:

Complicated Birth at Kannur Dairy Farm: Uterine Torsion Leads to Cow Surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com