രൂപം മാറിയ നൂറോളം ടയറുകളിൽ വിളയുന്നത് ഒട്ടേറെ പച്ചക്കറികൾ
Mail This Article
ലോക്ക് ഡൗൺ കാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ ടെറസിൽ പച്ചക്കറിക്കൃഷി നടപ്പാക്കുകയാണ് മേഴ്സി കോളജ് പ്രിൻസിപ്പൽ സി.ടി. വിനോദും ഹൈസ്കൂൾ അധ്യാപികയായ ഭാര്യ റോഷ്നിയും. ടയർകൊണ്ടുള്ള നൂറോളം ചെടിച്ചട്ടികളിലാണ് പച്ചക്കറിത്തോട്ടം ഒരുങ്ങുന്നത്.
ടയറുകളുടെ മുകൾഭാഗം വെട്ടിയെടുത്താൽ ചെടിച്ചട്ടിയായി. നിറം കൊടുത്ത് പെയിന്റ് ചെയ്താൽ ഭംഗിയുമേറും. അടിയിൽ കമ്പിയോ പ്ലാസ്റ്റിക് കയറോ കോർത്തുകെട്ടി മുകളിൽ ഫ്ലെക്സോ പ്ലാസ്റ്റിക് കവറോ ഉപയോഗിച്ച് അടച്ച് മണ്ണു നിറയ്ക്കും. തക്കാളി, വഴുതന, വെണ്ട, പച്ചമുളക്, ചീര, കക്കിരി, കുമ്പളം, പയർ എന്നുതുടങ്ങി എന്തും കൃഷി ചെയ്യാം. ഇഞ്ചിക്കും മഞ്ഞളിനും മണ്ണിൽ നടുന്നതിനേക്കാൾ വിളവും ലഭിക്കും. ദീർഘകാലം ഈ ചട്ടി കേടാകാതിരിക്കുമെന്ന പ്രത്യേകതയുമുണ്ട്.
അതേസമയം, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ക്യാനും ഇവിടെ ചെടിച്ചട്ടിയാകുന്നു. മുകൾഭാഗം വെട്ടിമാറ്റിയ കുപ്പിയിൽ ടയറിൽനിന്നു വെട്ടിമാറ്റിയ ഭാഗം ചേർത്ത് ഒട്ടിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ വാട്ടർ ക്യാൻ കൈകാര്യം ചെയ്യാനും സൗകര്യമുണ്ട്.