ADVERTISEMENT

മാലിന്യ സംസ്കരണമാണ് ഇന്ന് ഭരണകൂടം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. പച്ചക്കറി അവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും ഫലപ്രദമായി സംസ്കരിക്കാൻ പലേടത്തും കഴിയാറുമില്ല. എന്നാൽ, മാലിന്യത്തെ മൃഗങ്ങളെയും പക്ഷികളെയും ഉപയോഗിച്ച് സംസ്കരിക്കുന്ന സി. ശ്രീനിവാസൻ  എന്ന വ്യക്തിയുടെ കഥ ഏതാനും വർഷങ്ങൾക്കു മുമ്പ് ആമിർ ഖാൻ അവതാരകനായ ഒരു പരിപാടിയിൽ പങ്കുവച്ചിരുന്നു. മാർക്കറ്റിലെ പച്ചക്കറി അവശിഷ്ടങ്ങൾ പശുക്കൾക്ക് നൽകി, അവ കഴിച്ച് പശുക്കൾ വിസർജിക്കുന്ന ചാണകം ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിച്ച് മീഥെയ്ൻ നീക്കിയെടുക്കുന്ന സ്ലറി മണ്ണിരയെ ഉപയോഗിച്ച് കമ്പോസ്റ്റ് ആക്കുകയാണ് ശ്രീനിവാസൻ ചെയ്യുക. അതായത് 72  മണിക്കൂറിനുള്ളിൽ മാലിന്യം ഗുണമേന്മയുള്ള മണ്ണിര കമ്പോസ്റ്റ് ആയി മാറുന്നു. ഒപ്പം പാചക വാതകവും. സമാന പ്രവൃത്തിതന്നെയാണ് കോഴികളും താറാവുകളുമൊക്കെ ശ്രീനിവാസന്റെ മാലിന്യസംസ്കരണ യൂണിറ്റിൽ ചെയ്യുന്നത്.

ശ്രീനിവാസന്റെ അത്ര വലിയ സംവിധാനമൊന്നുമില്ലെങ്കിലും അതിന്റെ ഒരു മിനി പതിപ്പ് നമ്മുടെ നാട്ടിലുമുണ്ട്, ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ. തൊടുപുഴ മുനിസിപ്പാലിറ്റിയുടെ പച്ചക്കറി മാർക്കറ്റിലെ ജൈവമാലിന്യ സംസ്കരണകേന്ദ്രമായ ബയോഗ്യാസ് പ്ലാന്റിൽ അധികമാരുമറിയാത്ത ചില താമസക്കാരുണ്ട്; ലക്ഷ്മി എന്ന പശുക്കിടാവും 10 താറാവുകളും. ഇവരും നഗരസഭയുടെ മാലിന്യ സംസ്കരണത്തിലെ സജീവ പങ്കാളികളാണ്. അതിൽത്തന്നെ ലക്ഷ്മി എന്ന പശുക്കിടാവിന്റെ റോൾ വളരെ വലുതാണ്. പച്ചക്കറി മാർക്കറ്റിന്റെ ബയോഗ്യാസ് പ്ലാന്റിന്റെ നടത്തിപ്പിലാണ് ഈ ഒന്നര വയസുകാരിക്ക് ‘ഡ്യൂട്ടി’. 

പ്ലാന്റിൽ നിക്ഷേപിക്കുന്ന പഴം, പച്ചക്കറികൾ തുടങ്ങിയവയെ വളമാക്കി മാറ്റാനുള്ള ‘ഇനോക്കുലം’ ലക്ഷ്മിയുടെ ചാണകമാണ്. പ്ലാന്റിലേക്കാവശ്യമായ ചാണകപ്പൊടി കിട്ടാനുള്ള ബുദ്ധിമുട്ടും മറ്റുമാണ് സ്വന്തമായി പശുവിനെ വളർത്തുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്ലാന്റിന്റെ കോൺട്രാക്ടർ എൻ.പി. ബൈജുവിനെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് രണ്ടുമാസം പ്രായമുള്ളപ്പോൾ തട്ടക്കുഴയിൽ നിന്നു ലക്ഷ്മിയെ വാങ്ങി ഇവിടെയെത്തിച്ചത്. പ്ലാന്റിൽ ഇവൾക്കായി തൊഴുത്തുണ്ട്. ഭക്ഷണത്തിനായി ഒരു സെന്റിൽ തീറ്റപ്പുൽക്കൃഷിയും. 

മാർക്കറ്റിൽ നിന്നു പ്ലാന്റിലെത്തിക്കുന്ന പച്ചക്കറികളും പഴങ്ങളും കഴിക്കുന്ന ശീലവും ലക്ഷ്മിക്കുണ്ട്. പ്ലാന്റിൽ വെള്ളത്തിന്റെ ആവശ്യത്തിനായി ചെറിയൊരു പടുതാക്കുളം നിർമിക്കുകയായിരുന്നു പിന്നീട് ബൈജു ചെയ്തത്. അതിൽ ലക്ഷ്മിക്ക് കൂട്ടുകാരായി 10 താറാവുകളെത്തി. 2018ലാണ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി ബൈജു കരാറെടുക്കുന്നത്. നഗരസഭാ അധികൃതരുമായി ചേർന്ന് ഈ പ്ലാന്റിനെ മാതൃകാ സ്ഥാപനമാക്കാനാണ് ആഗ്രഹമെന്ന് ബൈജു പറഞ്ഞു. 

24 മണിക്കൂറും പാചകവാതകം

പച്ചക്കറികളും പഴങ്ങളുമുൾപ്പെടെ ആയിരം കിലോ നിക്ഷേപിക്കാവുന്നതാണ് മുനിസിപ്പാലിറ്റിയുടെ ബയോഗ്യാസ് പ്ലാന്റ്. പഴങ്ങളും പച്ചക്കറികളും അരച്ചെടുക്കുന്നതിനായി മെഷീനും (പൾവറൈസർ) ടാങ്കുമാണ് പ്ലാന്റിനുള്ളത്. മെഷീനിൽ നിന്ന് ഊറിവരുന്ന ചാറാണ് ബയോഗ്യാസിന്റെ പ്രധാന ഊർജ ഉറവിടം. പ്ലാന്റിൽ നിന്ന് 24 മണിക്കൂറും ഉപയോഗിക്കാനാവശ്യമായ പാചകവാതകം ലഭിക്കുന്നുണ്ട്.

ഇത് ഫലപ്രദമായി വിനിയോഗിക്കുന്നതിനു സംവിധാനമൊരുക്കണമെന്ന് ചൂണ്ടിക്കാട്ടി ബൈജു ഹരിതകേരളം മുഖേന നഗരസഭാധ്യക്ഷ സിസിലി ജോസിനു കത്ത് നൽകിയിട്ടുണ്ട്. പ്ലാന്റിന്റെ കെട്ടിടത്തിൽ ബയോഗ്യാസ് ഉപയോഗിച്ചു ഡ്രയറോ മറ്റോ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് സിസിലി ജോസ് പറഞ്ഞു.

English summary: Effective Waste Management Systems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com