ജൈവമാലിന്യം മികച്ച ജൈവവളമാക്കാം, അതും ഉറവിടത്തില്‍ തന്നെ
Mail This Article
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന ആരോഗ്യ - പരിസ്ഥിതി പ്രശ്‌നങ്ങളെപ്പറ്റി പറയുമ്പോള്‍, നാം ചിലപ്പോഴെങ്കിലും ജൈവമാലിന്യങ്ങളെ മറക്കുന്നു. ഒരുപക്ഷേ ജൈവമാലിന്യങ്ങള്‍ കാരണം നമുക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല എന്ന തെറ്റിദ്ധാരണ മൂലമാകാമിത്. ജൈവ മാലിന്യങ്ങളുടെ അശാസ്ത്രീയ സംസ്‌കരണത്തിലൂടെ പകര്‍ച്ചവ്യാധികള്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും വഴി തെളിക്കാം.
ഒരു കേരളീയന്‍ പ്രതിദിനം ശരാശരി 400 ഗ്രാം ജൈവമാലിന്യം ഉല്‍പാദിപ്പിക്കുന്നു എന്നാണ് കണക്കാക്കപെടുന്നത്. നമ്മുടെ വീടുകളില്‍നിന്ന് ഉപയോഗശേഷം വരുന്ന പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ആഹാരാവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം ജൈവ മാലിന്യത്തില്‍ ഉള്‍പ്പെടുന്നു.
ജൈവമാലിന്യവും പകര്‍ച്ചവ്യാധികളും
നമ്മുടെ വീടുകളില്‍ ഉണ്ടാകുന്ന ജൈവമാലിന്യത്തെ നാം എന്താണ് ചെയ്യുന്നത്? ചിലരൊക്കെ വീടുകള്‍ തന്നെ ഇവ കംപോസ്റ്റാക്കി മാറ്റുന്നുണ്ടായിരിക്കാം. എന്നാല്‍, മറ്റു ചിലര്‍ ഇവ വലിച്ചെറിയുകയോ മറ്റ് മാലിന്യങ്ങളുടെ കൂട്ടത്തില്‍ കത്തിച്ചു കളയുകയോ ഒക്കെ ചെയ്യുന്നു. അജൈവ മാലിന്യങ്ങള്‍ പോലെതന്നെ ജൈവമാലിന്യങ്ങളും വലിച്ചെറിയാനോ കത്തിക്കാനോ പാടില്ല.
ജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിലൂടെ കൊതുക്, ഈച്ച, എലി മുതലായവ പെരുകാനുള്ള ഇടയുണ്ടാകുന്നു. ഒപ്പം ഇവയൊക്കെ ജലാശയങ്ങളിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയും വളരെ വലുതാണ്. ഇവ പിന്നീട് പകര്‍ച്ചവ്യാധികളും മറ്റും വരാന്‍ കാരണമായേക്കാം. ആയതിനാല്‍ ജൈവമാലിന്യവും നാം ശാസ്ത്രീയമായി തന്നെ സംസ്‌കരിക്കണം.
വീടുകളിലെ ജൈവമാലിന്യ സംസ്‌കരണം
ജൈവമാലിന്യം നല്ലൊരു ഊര്‍ജസ്രോതസും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ വളവുമാണ്. ജൈവ മാലിന്യത്തെ കഴിവതും ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണം എന്നാണ് ഖരമാലിന്യ സംസ്‌കരണ നിയമത്തില്‍ പറയുന്നത്. ഇതിനായി ഇന്ന് ധാരാളം ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ലഭ്യമാണ്.
പണ്ടുകാലം മുതലേ പല വീടുകളിലും കംപോസ്റ്റ് കുഴികള്‍ ഉണ്ട്. ദിനംപ്രതി വരുന്ന ഭക്ഷ്യ അവശിഷ്ടങ്ങളെ കമ്പോസ്റ്റ് കുഴിയില്‍ നിക്ഷേപിക്കുന്നു. അതുപിന്നെ മാസങ്ങള്‍ കഴിഞ്ഞ് ജൈവവളമായി മാറുന്നു. എന്നാല്‍ ഇന്നിപ്പോള്‍ കുറച്ചുകൂടെ സൗകര്യപ്രദമായ രീതിയില്‍ കിച്ചന്‍ ബിന്‍, കംപോസ്റ്റ് പോട്ട്, പൈപ്പ് കംപോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് മുതലായവ ലഭ്യമാണ്. ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കാന്‍ സ്ഥലപരിമിതി ഉള്ളവര്‍ക്കായി പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുകളും ലഭ്യമാണ്.
കിച്ചന്‍ ബിന്നും കംപോസ്റ്റ് പോട്ടുമൊക്കെ ഉപയോഗിച്ച് ജൈവമാലിന്യം വളമാക്കി മാറ്റുമ്പോള്‍ ബയോഗ്യാസ് പ്ലാന്റിലൂടെ ബയോഗ്യാസ് ഉണ്ടാക്കുന്നു. ഇത് പിന്നീട് ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കാം. ആഹാരവശിഷ്ടങ്ങള്‍, പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍, മത്സ്യം മാംസം എന്നിവയുടെ അവശിഷ്ടങ്ങള്‍ എന്നിവയൊക്കെയേ കംപോസ്റ്റ് ബിന്നുകളില്‍ നിക്ഷേപിക്കാന്‍ പാടുള്ളു. ബയോഗ്യാസ് പ്ലാന്റില്‍ മുട്ടത്തോട്, ചിരട്ട, വാഴയില, ഓറഞ്ച്, നാരങ്ങ, അച്ചാര്‍, കീടനാശിനികള്‍, സോപ്പ് വെള്ളം, പ്ലാസ്റ്റിക്, ലോഹങ്ങള്‍, തടികക്ഷണം, മണ്ണ് മുതലായവ നിക്ഷേപിക്കാന്‍ പാടുള്ളതല്ല.
പൊതു കംപോസ്റ്റ് സംവിധാനങ്ങള്‍
വീടുകളില്‍ ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ലഭ്യമല്ലെങ്കില്‍ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പൊതു കംപോസ്റ്റിംഗ് സംവിധാനങ്ങളിലേക്ക് കൊണ്ടുപോകാം. എയറോബിക് ബിന്‍, തുമ്പൂര്‍മുഴി യൂണിറ്റുകള്‍, പൊതു ബയോഗ്യാസ് പ്ലാന്റുകള്‍ എന്നിവയാണ് പൊതു കംപോസ്റ്റ് സംവിധാനങ്ങളില്‍ ചിലത്. മാര്‍ക്കറ്റിനുള്ളിലും ഇത്തരത്തില്‍ ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉറപ്പാക്കണം.
ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ സബ്‌സിഡിയോടുകൂടി
ഗാര്‍ഹിക തലത്തില്‍ കിച്ചന്‍ ബിന്‍, കമ്പോസ്റ്റ് പോട്ട് മുതലായ കമ്പോസ്റ്റിംഗ് ഉപാധികള്‍ വാങ്ങാനായി പരമാവധി 90% സബ്‌സിഡി ലഭ്യമാണ്. ഇതില്‍ 75% സര്‍ക്കാരും 15% തദ്ദേശ സ്വയംഭരണ സ്ഥാപനവും വഹിക്കും. ഉപഭോക്താവിനെ കൈയില്‍നിന്ന് വെറും 10% തുക ചെലവഴിച്ചാല്‍ മതി. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലുമൊക്കെ പ്രോജക്ട് വെച്ച് ഈ സംവിധാനങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കാനാകും.
ജൈവമാലിന്യവും ജൈവകൃഷിയും
നമുക്കറിയാവുന്നതുപോലെ തന്നെ ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം കീടനാശിനികള്‍ ചേര്‍ന്നവയാണ്. ഇവയൊക്കെ ഭക്ഷിക്കുന്നതിലൂടെ മാരകമായ രോഗങ്ങളും പിടിപെടാം. എന്നാല്‍ നമ്മുടെ വീട്ടില്‍ തന്നെ ഉറവിട ജൈവമാലിന്യ സംസ്‌കരണ ഉപാധികള്‍ വഴി ഉല്‍പാദിപ്പിക്കുന്ന ജൈവവളമാകട്ടെ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ സഹായകമാണ്.
കമ്മ്യൂണിറ്റി തലത്തില്‍ ഉല്‍പാദിപ്പിക്കുന്ന ജൈവവളം വിപണിയില്‍ എത്തിക്കാനാകുമാകും. കേരളത്തില്‍ തന്നെ ഇന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം സംരംഭങ്ങളുണ്ട്. കുടുംബശ്രീ മുഖേനയും ഇത് പ്രോത്സാഹിപ്പിക്കാനാകും.
ജൈവമാലിന്യം വെറും മാലിന്യമല്ലെന്നും അത് ഒരു ഊര്‍ജസ്രോതസും വളവുമെന്ന വസ്തുത മനസ്സിലാക്കി നമുക്ക് പ്രവര്‍ത്തിക്കാം.
English summary: Why organic waste collection is important