ADVERTISEMENT

മാംസത്തിനും മാംസോൽപന്നങ്ങൾക്കും വിപണിയിൽ ഡിമാൻഡ് ഏറിവരികയാണ്. പോഷകങ്ങളുടെ അപര്യാപ്തത ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചപ്പോഴാണ് കുറഞ്ഞ വിലയ്ക്ക് മാംസം ഓരോരുത്തരുടെയും തീൻമേശയിലെത്തിയത്, ബ്രോയിലർ ചിക്കന്റെ രൂപത്തിൽ. 

35–40 ദിവസംകൊണ്ട് മികച്ച വളർച്ച കൈവരിക്കുന്ന ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളുടെ വളർച്ച അവയ്ക്കു നൽകുന്ന തീറ്റയെ അടിസ്ഥാനമാക്കിയാണ്. ചെറുപ്രായത്തിൽ പ്രോട്ടീൻ കൂടുതലും ഊർജം കുറവുമുള്ള തീറ്റ നൽകുന്നതിലൂടെ പ്രാരംഭ വളർച്ച കൈവരിക്കാൻ കുഞ്ഞുങ്ങൾക്കു കഴിയുന്നു. വളർച്ച അനുസരിച്ചാണ് തീറ്റയിൽ ഊർജം ഉയർത്തുക. പ്രോട്ടീൻ അഥവാ മാംസ്യത്തിന് സോയയാണ് എല്ലാ ജീവികളുടെയും തീറ്റയിൽ ഉൾപ്പെടുത്തിപ്പോരുന്നത്. ഊർജത്തിനാവട്ടെ ചോളവും.

സമീപകാലത്ത് സോയയുടെ വിലയിൽ ക്രമാതീതമായ വർധനയാണ് അനുഭവപ്പെടുന്നത്. പലേടത്തും ലഭ്യതക്കുറവുമുണ്ട്. അതുകൊണ്ടുതന്നെ വളർത്തുജീവികൾക്കുള്ള തീറ്റവില കുത്തനെ കയറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കോഴിത്തീറ്റയിലെ സസ്യജന്യ മാംസ്യമായ സോയയ്ക്കു പകരം ജന്തുജന്യ മാംസ്യം ചേർക്കുന്നതിനെക്കുറിച്ച് ബംഗളൂരുവിലെ നന്ദൂസ് ഫുഡ്സ് ആലോചിക്കുന്നത്.  ബംഗളൂരുവിലെ പ്രമുഖ ഭക്ഷ്യോൽപന്ന വിതരണക്കാരാണ് നന്ദൂസ് ഫുഡ്സ്. തങ്ങളുടെ ഔട്ട്‌ലെറ്റുകളിലേക്കുള്ള കോഴികളെ സ്വന്തമായി വളർത്തിയെടുക്കുകയാണ് നന്ദൂസ് ഫുഡ്സ് ചെയ്യുന്നത്.

bsf-fly
ബ്ലാക്ക് സോൾജ്യർ ഫ്ലൈ

നഗരത്തിൽ ഭക്ഷണമാലിന്യം ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും കാർഷികമേഖലയിലെ നല്ലൊരു പങ്കും എടുക്കുന്ന മൃഗത്തീറ്റ മേഖലയും പ്രശ്നമാണെന്ന് തോന്നിയതാണ് മാലിന്യത്തിൽനിന്ന് കോഴികൾക്ക് ആവശ്യമായ തീറ്റയുണ്ടാക്കുന്നതിലേക്ക് തിരിച്ചതെന്ന് നന്ദൂസ് ഫുഡ്സ് സ്ഥാപകനും സിഇഒയുമായ നരേന്ദ്ര പശുപതി പറയുന്നു. അങ്ങനെ ആംസ്റ്റർഡാം യൂണിവേഴ്സിറ്റിയിലെ ന്യൂറോബയോളജി റിസർച്ചറായ മിതാലി പൂവയ്യയ്ക്കൊപ്പം ഇൻസെക്റ്റിഫൈ എന്ന സ്റ്റാർട്ടപ് ജന്മമെടുത്തു. ഭക്ഷണാവശിഷ്ടങ്ങൾ ബ്ലാക്ക് സോൾജ്യർ ഫ്ലൈ ലാർവകളിലൂടെ കോഴിത്തീറ്റയ്ക്കാവശ്യമായ പ്രോട്ടീൻ ആക്കി മാറ്റുന്നു.  

പ്രോട്ടീൻ (മാംസ്യം) കാർബോഹൈഡ്രേറ്റ് (അന്നജം) എന്നിവയാണ് കോഴിത്തീറ്റയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്. പ്രോട്ടീന് സോയ ഉപയോഗിക്കുന്നതിനു പകരം ബിഎസ്എഫ് ലാർവകളെ ഉപയോഗിച്ചുതുടങ്ങി. 

ശരീരഭാരത്തിന്റെ ഇരട്ടി ജൈവമാലിന്യങ്ങൾ ബിഎസ്എഫ് ലാർവകൾ ആഹാരമാക്കും. മനുഷ്യന് യാതൊരുവിധത്തിലുള്ള ദോഷമുണ്ടാക്കുന്നവയുമല്ലിവ. വളരെ ചെറിയ ജീവിതചക്രമുള്ള ഇവ ലാർവ ഘട്ടത്തിൽ പൂർണസമയവും ആഹാരം കഴിക്കുക മാത്രേ ചെയ്യൂ. ഈച്ചയായി മാറിയാൽ വെള്ളം മാത്രേ കുടിക്കൂ–മിതാലി പറയുന്നു.

മുട്ട വിരിഞ്ഞ് 15–17 ദിവസമാണ് ലാർവഘട്ടം. അതിനുശേഷം അവ പ്യൂപ്പയായി മാറും. അതുകൊണ്ടുതന്നെ 15–17 ദിവസത്തിലാണ് ഇവയെ ശേഖരിക്കേണ്ടത്. 

ബിഎസ്എഫ് ലാർവയിൽ 40 ശതമാനം മാംസ്യവും 25 ശതമാനം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ശേഖരിച്ച ലാർവകളെ ഉണക്കിസൂക്ഷിക്കുകയും കോഴികൾക്കു നൽകുകയും ചെയ്യാം. കംപോസ്റ്റും എണ്ണയുമാണ് മറ്റ് ഉപോൽപന്നങ്ങൾ.

ലാർവകളെ മത്സ്യങ്ങൾക്കും തീറ്റയായി നൽകാം. എണ്ണ സോപ് നിർമിക്കാൻ ഉപയോഗിക്കാം. ഫ്ലാറ്റുകളിൽനിന്നും ചെറു ഹോട്ടലുകളിൽനിന്നും നന്ദൂസിന്റെ ചിക്കൻ സെന്ററുകളിൽനിന്നും മിച്ചഭക്ഷണം ശേഖരിക്കുന്നു. 

English summary: INSECTIFii is one of Asia's first commercial-scale, insect farming businesses.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com