ADVERTISEMENT

ഹെയ്വാർഡ് ഗ്യാലറി, ദുർജോയ് ബംഗ്ലാദേശ് ഫൗണ്ടേഷൻ, കൊച്ചി ബിനാലെ ഫൗണ്ടേഷൻ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന അമോൽ കെ പാട്ടീലിന്റെ  'ദി പൊളിറ്റിക്സ് ഓഫ് സ്കിൻ ആൻഡ് മൂവ്‌മെന്റ്' ഇൻസ്റ്റലേഷന്റെ പ്രദർശനം യുകെയിലെ പ്രശസ്തമായ ഹെയ്വാർഡ് ഗ്യാലറിയിൽ നവംബർ 19 വരെ നടക്കുന്നു. ഒക്ടോബർ 11നാണ് പ്രദർശനം ആരംഭിച്ചത്. ദുർജോയ് ബംഗ്ലാദേശ് ഫൗണ്ടേഷൻ/ കൊച്ചി മുസിരിസ് ബിനാലെ അവാർഡിന്റെ (ഡിബിഎഫ് - കെഎംബി അവാർഡ്) ആദ്യ ജേതാവ് എന്ന നിലയിൽ അമോൽ കെ. പാട്ടീലിനുള്ള ആദരവായിയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഉയർന്നുവരുന്ന ദക്ഷിണേഷ്യൻ കലാകാരന്മാർക്ക് കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരവും പ്രഭാഷണ പരിപാടികളും ഉൾപ്പെടുത്തിക്കൊണ്ടാണ് ഡിബിഎഫ് - കെഎംബി അവാർഡ് ഒരുക്കിയിരിക്കുന്നത്

AmolKPatil-PhotobyBeaBorgers-
അമോൽ കെ പാട്ടീല്‍, Photo by Bea Borgers

മുംബൈ, ആംസ്റ്റർഡാം എന്നിവിടങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിഷ്വൽ ആർട്ടിസ്റ്റായ അമോൽ കെ പാട്ടീൽ  2015 മുതൽ ഗ്രൂപ്പ് എക്സിബിഷനുകളിലൂടെ കലാ ലോകത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. കൊച്ചി മുസിരിസ് ബിനാലയുടെ അഞ്ചാം പതിപ്പിലായിരുന്നു 'ദി പൊളിറ്റിക്സ് ഓഫ് സ്കിൻ ആൻഡ് മൂവ്‌മെന്റ്' ഇൻസ്റ്റലേഷൻ പ്രദർശിപ്പിക്കപ്പെട്ടത്. ഇൻസ്റ്റലേഷനിലെ ആശയത്തിന്റെ പ്രബലതയാണ് അവാർഡിനായി അത് തിരഞ്ഞെടുക്കാൻ കാരണവും. യുകെയിലെ തന്റെ ആദ്യ സോളോ പ്രദർശനത്തിൽ ചിന്തോദ്ദീപകമായ അതേ കലാസൃഷ്ടിയുടെ മറ്റൊരു ആവിഷ്ക്കാരമാണ് അമോൽ നടത്തിയിരിക്കുന്നത്. 

InstallationviewofAmolKPatil--ThePoliticsofSkinandMovement--2022-PhotobyKochiBiennaleFoundation-_JosephRa
‘ദി പൊളിറ്റിക്സ് ഓഫ് സ്കിൻ ആൻഡ് മൂവ്‌മെന്റ്’ ഇൻസ്റ്റലേഷൻ പ്രദർശനം, Installation view of Amol K Patil, 'The Politics of Skin and Movement', 2022. Photo by Kochi Biennale Foundation / Joseph Rahul.

ചിത്രങ്ങൾ, ശിൽപങ്ങൾ, ചലനാത്മകമായ വസ്തുക്കൾ, ഇമേജുകൾ എന്നിവയിലൂടെ തൊഴിൽ, ജാതീയത, ഉടൽ എന്നിവയുടെ അവസ്ഥകളെ ചോദ്യം ചെയ്യുകയാണ് 'ദി പൊളിറ്റിക്സ് ഓഫ് സ്കിൻ ആൻഡ് മൂവ്‌മെന്റ്'. ചരിത്ര വഴികളിൽ പാട്ടീൽ സമൂഹത്തിന്റെ വളർച്ചയും പുരോഗതിയുമായി ബന്ധപ്പെട്ട് നിന്നിരുന്ന യഥാർത്ഥവും സാങ്കൽപ്പികവുമായ അതിർത്തികളെക്കുറിച്ചുള്ള ഉൾക്കാഴ്ചയും ഇൻസ്റ്റലേഷൻ നൽകുന്നുണ്ട്. കവിയായിരുന്ന മുത്തച്ഛന്റെയും നാടകകൃത്തായിരുന്ന അച്ഛന്റെയും പാരമ്പര്യത്തിലേയ്ക്കും അമോൽ കെ പാട്ടീൽ വെളിച്ചം വീശുന്നു.

2007 മുതൽ രാജ്യാന്തരതലത്തിലുള്ള കലാകാരന്മാർക്ക് സൗജന്യമായി പ്രദർശനം നടത്താൻ അവസരം ഒരുക്കുന്ന ഹെയ്വാർഡ് ഗ്യാലറിയുടെ എച്ച്ഇഎൻഐ പ്രോജക്ട് സ്പേസിന്‍റെ പുനരാരംഭം കൂടിയാണ് അമോലിന്റെ ഇൻസ്റ്റലേഷൻ പ്രദർശനം. ഹിഷാം ബെറാദ, കെയ്റ്റ് കൂപ്പർ, ഡിനിയോ സെഷി ബൊപ്പാപ്പെ, വിക്ടർ മാൻ എന്നിവരടക്കം പ്രദർശനം നടത്തിയിട്ടുള്ള വേദിയാണിത്. അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടതിൽ താൻ അങ്ങേയറ്റം സന്തോഷവാനാണെന്ന് അമോൽ കെ പാട്ടീൽ പറയുന്നു. പരസ്പരം ബന്ധിപ്പിക്കാത്ത നിശ്ചല ചിത്രങ്ങളായി ഇൻസ്റ്റലേഷൻ തോന്നുമെങ്കിലും ആഴത്തിലുള്ള കാഴ്ചയിൽ സൂക്ഷ്മ ചലനങ്ങൾ കാണാനാവും. സ്പർശനം, ശബ്ദം, ശ്വസനം തുടങ്ങിയ ഇന്ദ്രിയങ്ങളെ കേന്ദ്രീകരിച്ചുള്ള ധ്യാനം പോലെയാണ് ഇതെന്നും അമോൽ വ്യക്തമാക്കി. 

InstallationviewofAmolKPatil--ThePoliticsofSkinandMovement--2022-PhotobyKochiBiennaleFoundation_JosephRa
‘ദി പൊളിറ്റിക്സ് ഓഫ് സ്കിൻ ആൻഡ് മൂവ്‌മെന്റ്’ ഇൻസ്റ്റലേഷൻ പ്രദർശനം, Installation view of Amol K Patil, 'The Politics of Skin and Movement', 2022. Photo by Kochi Biennale Foundation / Joseph Rahul.

പോരാട്ടങ്ങളും പ്രതീക്ഷകളും ഉൾക്കൊള്ളുന്ന മനുഷ്യന്റെ അവസ്ഥകളെക്കുറിച്ചുള്ള ശക്തമായ വർണ്ണന എന്നാണ് ഇൻസ്റ്റലേഷനെ ഹെയ്വാർഡ് ഗ്യാലറിയുടെ സീനിയർ ക്യുറേറ്ററായ യുങ് മാ വിശേഷിപ്പിക്കുന്നത്. അമോലിന്റെ ഉൾക്കാഴ്ചകളെ ലണ്ടനിലെ കാഴ്ചക്കാർക്ക് മുന്നിൽ എത്തിക്കാൻ സാധിക്കുന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവയ്ക്കുന്നു. ഹെയ്വാർഡ് ഗ്യാലറിയിലെ പ്രദർശനത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും വൈവിധ്യങ്ങളെ ഉൾക്കൊള്ളുകയും പാശ്ചാത്യലോകവും പൗരസ്ത്യ ലോകവും തമ്മിലുള്ള അന്തരം കുറയ്ക്കുകയും ചെയ്യുന്ന വിധത്തിൽ ഒരു ബഹുമുഖമായ സാംസ്കാരിക സഹകരണം ഉടലെടുക്കുമെന്ന് ദുർജോയ് ബംഗ്ലാദേശ് ഫൗണ്ടേഷന്റെ സ്ഥാപകനായ ദുർജോയ് റഹ്മാൻ പറയുന്നു. അമോൽ കെ. പാട്ടീലിന്റെ കലാമികവിനെ പ്രോത്സാഹിപ്പിക്കാനായി ഫൗണ്ടേഷൻ എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

InstallationviewofAmolKPatil_ThePoliticsofSkinandMovementattheHaywardGallery-Photo_MarkBlower-Courtesyth
‘ദി പൊളിറ്റിക്സ് ഓഫ് സ്കിൻ ആൻഡ് മൂവ്‌മെന്റ്’ ഇൻസ്റ്റലേഷൻ പ്രദർശനം , Installation view of Amol K Patil: The Politics of Skin and Movement at the Hayward Gallery. Photo: Mark Blower. Courtesy the artist and the Hayward Gallery.

ദുർജോയ് ബംഗ്ലാദേശ് ഫൗണ്ടേഷനുമായി ചേർന്ന് ഹെയ്വാർഡ് ഗ്യാലറിയിൽ അമോൽ കെ പാട്ടീലിന്റെ  ആദ്യ സോളോ പ്രദർശനം അവതരിപ്പിക്കാൻ അവസരം ലഭിച്ചത് ആദരമായി കാണുന്നുവെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പ്രതികരിച്ചു. രാജ്യാന്തര സഹകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും കലാകാരന്മാർക്ക് കഴിവുകൾ പ്രദർശിപ്പിക്കാനുള്ള പ്ലാറ്റ്ഫോം ഒരുക്കുന്നതിലും ബിനാലെ ഫൗണ്ടേഷൻ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സൗത്ത് ഏഷ്യൻ മേഖലയിൽ ഉടനീളമുള്ള കലാകാരന്മാർക്ക് അവസരങ്ങൾ ഒരുക്കാനും അറിവുകൾ പങ്കുവയ്ക്കാനും ഈ പുതിയ ചുവടുവയ്പ്പ് വഴിയൊരുക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.

InstallationviewofAmolKPatil_ThePoliticsofSkinandMovementattheHaywardGallery-Photo_MarkBlower--Courtesyth
‘ദി പൊളിറ്റിക്സ് ഓഫ് സ്കിൻ ആൻഡ് മൂവ്‌മെന്റ്’ ഇൻസ്റ്റലേഷൻ പ്രദർശനം, Installation view of Amol K Patil: The Politics of Skin and Movement at the Hayward Gallery. Photo: Mark Blower. Courtesy the artist and the Hayward Gallery.

ലണ്ടനിലെ സൗത്ത് ബാങ്ക് സെന്ററിലെ ഹെയ്വാർഡ് ഗ്യാലറിയിൽ ബുധൻ, വ്യാഴം, വെള്ളി, ഞായർ എന്നീ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയും ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ വൈകിട്ട് 8 വരെയും പ്രദർശനം കാണാനുള്ള അവസരമുണ്ട്.

English Summary:

Amol K Patil's installation 'The Politics of Skin and Movement' on display till November 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com