വില 1160 കോടി രൂപ; വിറ്റു പോയത് മിനിറ്റുകൾക്കുള്ളിൽ, വീണ്ടും ചരിത്രം കുറിച്ച് പിക്കാസോ പെയിന്റിങ്
Mail This Article
വിശ്വപ്രസിദ്ധ കലാകാരൻ പാബ്ലോ പിക്കാസോയുടെ മാസ്റ്റർപീസുകളിലൊന്നായ ‘വുമൺ വിത്ത് എ വാച്ച്’ എന്ന പെയിന്റിങ് വിറ്റുപോയത് 139.3 ദശലക്ഷം ഡോളർ (1160 കോടി രൂപ) എന്ന റെക്കോർഡ് വിലയ്ക്ക്. ലേലത്തിലൂടെ ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ട ഈ വർഷത്തെ ഏറ്റവും മൂല്യവത്തായ കലാസൃഷ്ടിയാണിത്. മാത്രമല്ല, ഒരു പിക്കാസോ പെയിന്റിങ്ങിന് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണിത്. 2015-ൽ 179 ദശലക്ഷം ഡോളറിന് വിറ്റഴിക്കപ്പെട്ട 'ലെസ് ഫെമ്മെസ് ഡി അൽഗർ' എന്ന പെയിന്റിങ്ങാണ് ഏറ്റവുമധികം വില ലഭിച്ച പിക്കാസോ ചിത്രം.
ബുധനാഴ്ച രാത്രി ന്യൂയോർക്കിൽ സോതബീസ് നടത്തിയ ലേലത്തിലാണ് ‘ഫെമ്മെ എ ലാ മോൺട്രെ’ (വുമൺ വിത്ത് എ വാച്ച്) എന്ന് പേരിട്ട പെയിന്റിങ് വിറ്റത്. ഈ വർഷം അന്തരിച്ച കലാ രക്ഷാധികാരി എമിലി ഫിഷർ ലാൻഡൗവിന്റെ കലാശേഖരത്തിന്റെ പ്രത്യേക വിൽപനയുടെ ഭാഗമായിട്ടായിരുന്നു ലേലം. 1932 ൽ വരച്ച പെയിന്റിങ് വിൽക്കാൻ ലേലത്തിൽ ഏതാനും മിനിറ്റുകൾ മാത്രമേ വേണ്ടിവന്നുള്ളൂ. ചിത്രത്തിന് 120 ദശലക്ഷം ഡോളറായിരുന്നു പ്രതീക്ഷിക്കപ്പെട്ടതെങ്കിലും അതിലും ഉയർന്ന വിലയ്ക്ക് ചിത്രം വിറ്റുപോയി.
സ്പാനിഷ് ചിത്രകാരനും ശിൽപിയുമായിരുന്ന പിക്കാസോ, 1927 ൽ പാരിസിൽ വച്ച് കണ്ടുമുട്ടിയ മേരി-തെരേസ് വാൾട്ടറിനെയാണ് ഈ പെയിന്റിങ്ങിൽ ചിത്രീകരിക്കുന്നത്. അന്ന് 17 കാരിയായിരുന്ന ആ ഫ്രഞ്ച് ചിത്രകാരി പ്രസിദ്ധമായ മറ്റു ചില ചിത്രങ്ങൾക്കും മോഡലായിട്ടുണ്ട്. പിക്കാസോയുടെ ഭാഗ്യചിഹ്നമായിട്ടാണ് വാൾട്ടർ കരുതപ്പെട്ടിരുന്നത്.