ADVERTISEMENT

നോക്കൂ സഖീ, നിനക്കോർമ്മയുണ്ടോ; പണ്ടു

പാർക്കിലീ ബഞ്ചിലിരുന്നു നാം തങ്ങളിൽ

തെല്ലും പരിസരമേതുമറിയാതെ

കണ്ണുകൾ വായിച്ചിരുന്ന സായന്തനം?

എത്രനേരം നമ്മളങ്ങനെ ജീവിത -

ചിത്രങ്ങൾ കണ്ടു മറന്നിരുന്നൂ സ്വയം!

പിന്നെ നാം സ്വന്തമായ് കൂടൊന്നു തീർത്തതും

കൺമണികൾക്കതിൽ തൊട്ടിൽ ചമച്ചതും

അക്കൊച്ചു പാദങ്ങൾതൻ പിച്ചവെയ്ക്കലും

ഒക്കെയുമിന്നലെയെന്നപോലോർപ്പു ഞാൻ?

ആ ബഞ്ചിലിന്നിതാ പുത്തൻതലമുറ -

ക്കാമുകീകാമുകർ; രണ്ടു പൂമ്പാറ്റകൾ !

കയ്യിലോരോ മൊബൈൽ ഫോണുണ്ടതിലവ-

രെന്തോ തിരഞ്ഞിരിക്കുന്നു നിസ്സംഗരായ് !

ദൂരെയായ് കാണുമാ നാട്ടുമാവിൻ നിഴൽ -

ച്ചാരെയിരിക്കാം; നടക്കുക മെല്ലെ നീ.

                             2

കപ്പലണ്ടിപ്പൊതി നീട്ടിനില്ക്കുന്നൊരു

വില്പനക്കാരൻ! വിളിച്ചതാ? രിപ്പൊഴും

നിന്നിലുണ്ടന്നത്തെ കൗശലക്കാരിതൻ

കുന്നായ്മകൾ; അവയ്ക്കില്ലയോ വാർദ്ധകം!

എന്നുമീയുദ്യാനലക്ഷ്മി നവോഢയാ -

ണെങ്കിലും വാടിക്കൊഴിഞ്ഞൊരീ പൂക്കൾ പോൽ

നമ്മളും വിസ്മൃതരാകുമൊരിക്ക; ല-

ന്നിമ്മണ്ണിൽ ശേഷിക്കുമീയനുഭൂതികൾ!

                              3

പാർക്കിലെ റേഡിയോയിൽ നിന്നുമെത്തുന്നു

വാർത്തയ്ക്കുശേഷം ചലച്ചിത്രഗാനങ്ങൾ.

പോകാം നമുക്കിനി, നേരമിതേറെയായ്;

വൈകിയാൽ കിട്ടാതെയായിടാം വണ്ടികൾ .

മെല്ലെ നടക്കുക വീഴാതെ, മുന്നിലെ

കല്ലുകൾ നോക്കി, യെൻ കയ്യിതിൽ താങ്ങിയും .

തമ്മിലുരിയാടിടാ,തൊന്നു നോക്കാതെ

തൻ പ്രിയഫോണിലോരോന്നു കണ്ടിപ്പൊഴും

ആ രണ്ടുപേരുമിരിപ്പുണ്ട് ; ഹാ! നിർവ്വി-

കാരങ്ങളാം കൽപ്രതിമകൾ മാതിരി !

സന്ധ്യ തുടുക്കുന്നു; വാനിലാകർഷകം

രണ്ടിണപ്പക്ഷികൾ പാടിമറയുന്നു ...

ahammad-khan
അഹമ്മദ് ഖാൻ

 

Content Summary: Prenaya Dhooram, Malayalam poem written by Ahmed Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com