ADVERTISEMENT

 (2021 ഭാഷാപോഷിണി വാർഷികപതിപ്പിൽ സ്വപ്നങ്ങളെകുറിച്ച് ജോൺപോൾ എഴുതിയ ലേഖനം)

 

 

‘ഉറങ്ങുമ്പഴല്ലേ സ്വപ്നം കാണുന്നത്?’

‘അതെ.’

‘ഉറങ്ങുമ്പം ശരിയ്ക്കും ഉറങ്ങ്വാല്ലേ?’

‘ആണല്ലോ.’

‘അപ്പോൾ പിന്നെങ്ങനാ സ്വപ്നം കാണുന്നേ?’

‘ങ്ഹേ?’

‘ഉണർന്നിരുന്നാലല്ലേ കാണാൻ പറ്റൂ... ഞാനുറങ്ങ്വല്ലേ.... അങ്ങനുറങ്ങുമ്പം ആരാ എന്റുള്ളിലിരുന്നു സ്വപ്നം കാണുന്നേ?’

... ബാല്യം കൗമാരത്തിനു വഴിമാറുന്ന നാളുകളിൽ ഉത്തരം കിട്ടാതെപോയ ചോദ്യങ്ങളിലൊന്നാണിത്. പിന്നീടറിഞ്ഞു, മുതിർന്നവരിൽ പലരും ഇതേ ചോദ്യമുന്നയിച്ചിട്ടുണ്ട്, ഇപ്പോഴും ഉന്നയിക്കുന്നുണ്ട്.

ഞാനുറങ്ങുന്നു; ശരിക്കുമുറങ്ങുന്നു. ആ ഉറങ്ങുന്ന എന്നിൽ ആരാണുണർന്നിരുന്നു സ്വപ്നം കാണുന്നത്?

അങ്ങനൊരാൾ... ഒരു പ്രതിഭാസം, ഞാനുറങ്ങിക്കിടക്കുമ്പോഴും എന്നിലുണർന്നിരിക്കുവാൻ കഴിയുന്ന ഒന്ന് – ഉണ്ടെങ്കിൽ, അതിനർഥം ഞാൻ ഒറ്റയ്ക്കല്ല, എന്റെയുള്ളിൽ മറ്റാരോ..., ഉണരുവാൻ കെൽപുള്ള എന്തോ കൂടി, ഉണ്ടെന്നാണ്.

 

അതാരാണ്? എന്താണ്?

വിഭജിത വ്യക്തിത്വത്തിലേക്കാണോ ഇതു വിരൽചൂണ്ടുന്നത്? വിഭജിതബോധത്തെയാണോ ഇതു ദ്യോതിപ്പിക്കുന്നത്?

ഇതൊരു മനഃശാസ്ത്രപ്രശ്നമല്ല, താത്വിക പ്രശ്നമാണെന്നു സമർഥിച്ചത് ബ്ലാച്ചോ (Blachok) എന്ന ഫ്രഞ്ച് എഴുത്തുകാരനാണെന്നത് ഡോ. പോൾ തേലക്കാട്ട് പറഞ്ഞുതന്നുള്ള അറിവ്.

ഞാനുറങ്ങുമ്പോൾ ഞാൻ മയങ്ങിക്കിടക്കുകയാണ്... ആരാണ് എന്നെ മയക്കിക്കിടത്തിയത്? മയങ്ങുക എന്നു പറയുമ്പോൾ അത് എന്റെ ബോധത്തെ മറികടക്കലാണ്. എന്റെ മേൽ അവ്വിധം മേൽക്കൈ സ്ഥാപിക്കുവാൻ എന്റെ ആദിക്കല്ലാതെ ആർക്കാണ് കഴിയുക! എന്നിലെ എന്റെ ആദി എന്നെ മയക്കിക്കിടത്തി അതിൽ ഉണരുകയാണ്. ആ ഉണർവിലെ കാഴ്ചകളാണോ സ്വപ്നങ്ങളാകുന്നത്?

സ്വപ്നങ്ങളെ വെളിപാടുകളായാണ് ബൈബിളും മറ്റു പല ക്ലാസിക്കുകളും കാണുന്നത്. വെളിപ്പെടുത്തുകയാണ് വെളിപാടുകൾ...

kafka
കാഫ്ക

എന്ത്? എവിടെ നിന്ന്? എവിടേക്ക്?

 

അഹം വെടിഞ്ഞുള്ള ഒരു കാത്തിരിപ്പിൽനിന്നാണു സ്വപ്നം ഉണരുന്നത്; വെളിപ്പെടുന്നത്. ഉറക്കമെന്നത് ആ കാത്തിരിപ്പാണോ? എങ്കിൽ സ്വപ്നം ഉണരുന്നത് ഉള്ളകത്തിൽ നിന്നുമാണോ? 

കാഫ്ക പറഞ്ഞതോർക്കുന്നു:

‘Anything worthwhile is a gift from interiority.’ അന്തർധാരയിൽനിന്നുള്ള സമ്മാനമാണ്; ദാനമാണ്, വിലപ്പെട്ടതായി ഭവിക്കുന്നതെല്ലാം. 

അങ്ങനെയായതുകൊണ്ടാവണമല്ലോ അഹത്തിനതീതമായി അതിനുണരുവാനും ആ ഉണർവിന് എന്നെ സ്വാധീനിക്കുവാനും കഴിയുന്നതും!

 

...വർഷങ്ങൾക്കു മുൻപ്, തൃശൂർ രാമനിലയത്തിലെ മുറിയിൽ നടൻ ഭരത്ഗോപിയും ഞാനുമുള്ളപ്പോൾ സംവിധായകൻ പവിത്രനും പ്രിയ സുഹൃത്ത് ഡോ. എസ്.പി. രമേശും കടന്നുവന്നു. പ്രഗല്ഭനായ മനഃശാസ്ത്രജ്ഞനും സംഗീത–സാഹിത്യ വിചാരകനുമാണ് ഡോ. രമേശ്. ഏറെക്കാലം കൂടിയുള്ള ഒത്തുചേരലായിരുന്നു ഞങ്ങളുടേത്.

 

സംസാരമധ്യേ ഗോപി താൻ സ്വപ്നം കാണുന്നതായി ഒരിക്കൽ സ്വപ്നം കണ്ട കഥ പറഞ്ഞു. അതു കേട്ടതും ഡോ. രമേശിലെ അന്വേഷകൻ ഉണർന്നു.

‘ആദ്യസ്വപ്നത്തിൽ ഗോപി എവിടെയായിരുന്നു?’

‘ഒരാൾക്കൂട്ടത്തിന്റെ ഇടയിൽ.... ഉത്സവപ്പറമ്പോ, കാർണിവൽ മൈതാനമോ... അങ്ങനെ എന്തോ ആണ് ബാക്ക് ഗ്രൗണ്ടിൽ. ഒരു giant wheel ഇങ്ങനെ കറങ്ങുന്നു. ഓക്സിജൻ നിറച്ച ബലൂണുകൾ പറക്കാൻ വെമ്പുന്നു. അതിന്റെയൊക്കെയിടയിലായിരുന്നു...’

bharath-gopi-pavithran-sp-ramesh
ഭരത് ഗോപി, പവിത്രൻ, ഡോ. എസ്.പി. രമേശ്

‘എന്നിട്ട്?’

‘ആ തിരക്കിനിടയിൽ ഞാൻ മാത്രം (എന്നല്ലേ എനിക്കു പറയുവാനാകൂ?) ഒറ്റയ്ക്കു സ്വപ്നം കാണുന്നു!’

‘അന്തർ സ്വപ്നം?’

‘ങ്ഹാ... അതെ... അങ്ങനെ പറയാം.’

‘എന്താണു കണ്ടത്...? ഓർക്കുവാൻ കഴിയുമോ?’

‘ഏതാണ്ട്.’

‘എന്തായിരുന്നു?’

‘നോക്കെത്താ ദൂരത്തോളം പരന്ന് ഒരു മണൽത്തിട്ട. അതിൽ ഞാൻ ഒറ്റയ്ക്ക്... കണ്ണേറെത്തും പാട്, അങ്ങറ്റത്ത് ഒരു പൊട്ടുപോലെ പച്ചയുടെ ഒരു നാമ്പ്... ഞാനവിടേക്കു നടക്കുകയാണ്. എത്ര കുതിച്ചിട്ടുമെത്തുന്നില്ല. വെയിൽ മൂത്തു. നടന്നു നടന്നു തളർന്നു. ഉച്ചവെയിൽച്ചൂടിൽ ഞാൻ കുഴഞ്ഞുവീണു. പിന്നെ, പിന്നെ ആ മണൽതടത്തിൽ, ഒരു മണൽത്തരിയായി ഞാൻ ലയിച്ചു.’

‘ഏതു സ്വപ്നത്തിൽനിന്നുമാണാദ്യം ഉണർന്നത്?’

‘രണ്ടിൽനിന്നുമൊരുമിച്ചാവണം. ഓർമയില്ല.’

ഞാനും പവി (പവിത്രൻ)യും ഇരുവരെയും നോക്കി. അവർ സ്വപ്നവിചാരണയിൽ ലയിച്ചു തുടരുകയാണ്.

‘ഗോപീ, നിങ്ങളുടെ ആദ്യസ്വപ്നം സ്വാഭാവികമാണ്... അതിൽ ഓർത്തെടുക്കുമ്പോൾ വിട്ടുപോയിരിക്കാവുന്ന ഇടങ്ങളെ നിങ്ങൾ സ്വാഭാവികമായി ചേർത്തെടുക്കുന്നുമുണ്ട്.’

‘ചേർത്തെടുക്കുകയോ...?’

‘അതെ ഒരുതരം gap filling.. സ്വപ്നങ്ങൾ ഓർത്തെടുത്തു പറയുമ്പോൾ എല്ലാവരും സ്വാഭാവികമായും അവലംബിക്കുന്ന ക്രിയയാണിത്. ബോധ മനസ്സിന്റെ പിൻബലത്തോടെ അത് സ്വപ്നത്തിലെ ഗ്യാപ്പുകളെ നികത്തുന്നു വളരെ natural ആയിത്തന്നെ occur ചെയ്യുന്ന ഒരു process ആണത്. അങ്ങനെയേ fill ചെയ്യാൻ പറ്റൂ. അല്ലാതെ സ്വപ്നം അതിന്റെ എല്ലാ വിശദാംശങ്ങളോടും കൂടി ഓർമയിൽ തെളിയില്ല....’

‘Why not?’

‘അപ്രകാരം പൂർണമായി തെളിയുന്നുവെങ്കിൽ അതു സ്വപ്നമായിരുന്നിരിക്കില്ല; ചിന്തയായിരുന്നിരിക്കും... ഒരു thought നെ മാത്രമേ കൃത്യതയോടെ പൂർണമായി ഓർത്തു പറയുവാനാകൂ. സ്വപ്നമാണോ... ഓർത്തു പറയുമ്പോൾ അതിൽ gaps വരും; വന്നിരിക്കും. ബോധമനസ്സിൽനിന്നു side kick പോലെ ചീളിവരുന്ന പൊട്ടുംപൊടിയും ചേർത്ത് അതു fill ചെയ്തിട്ടാണ് പ്രകാശനം. ഫ്രോയിഡ് അതിനെ secondary revision എന്നാണു വിളിച്ചിരുന്നത്.’

‘ഫ്രോയിഡിന്റേത് ഒരു deterministic സമീപനമല്ലേ.... ?’

പവി ശബ്ദം താഴ്ത്തി ചെവിയിൽ പറഞ്ഞു. 

‘ഗോപിമൂപ്പർക്ക് ഫ്രോയിഡിനോട് അത്ര പന്തിയല്ല!’

‘ആ ഒരു margin നിലനിറുത്തിക്കൊണ്ടേ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെ സമീപിക്കാറുമുള്ളൂ. ഇനി, സ്വപ്നത്തിനുള്ളിലെ സ്വപ്നത്തിലേക്കു വരാം.’

‘അന്തർ സ്വപ്നം’

‘ഒരു പ്രതീകാത്മക കഥാശകലത്തിന്റെ പ്രകൃതമാണതിന്...’

‘സ്വപ്നത്തിൽ അതങ്ങനെയായിരുന്നു...’

‘I don't dispute... ഒരു ചെറിയ ഭേദഗതിമാത്രം.’

‘?’

‘ഗോപിയുടെ അബോധമനസ്സിലേക്കു ബോധമനസ്സ് വിക്ഷേപിച്ച ഒരു ബൗദ്ധിക ക്യാപ്സൂൾ ആണ് ആ ചിത്രം...!

‘ഞാനതറിഞ്ഞുകൊണ്ടങ്ങനെ സങ്കൽപിച്ചതാണെന്നാണോ രമേശ് പറയുന്നത്?’

‘Not at all. ബോധമനസ്സ് ഒരിക്കലും അങ്ങനെ പൂർണതയോടെ വെളിപ്പെട്ടു തരില്ല. അതിനു തനതായൊരു ആന്തരികതയുണ്ട്; ആന്തരികതയ്ക്കു തനതായൊരു ബാഹ്യതലമുള്ളതുപോലെ. ആ outer layer ൽ നിന്നു ബോ ധമനസ്സിന്റെ inner layer ലേക്ക് അതു തെളിഞ്ഞെത്തുന്നതിനെ ബോധമനസ്സ് refine ചെയ്തെടുത്തു കൃത്യതയോടെ നിവേശിപ്പിക്കുകയാണ്.’

... പവി പൂരപ്പറമ്പിലെ ഇലഞ്ഞിത്തറമേളത്തിന്റെ പെരുക്കം വീറുകയറിയിട്ടെന്നതുപോലെ ഇടഞ്ഞു. ഇടച്ചിൽ മൊഴിമട്ടത്തിലല്ലായിരുന്നു; ഇരുവിരൽ ചുണ്ടിനകത്തേക്കു തിരുകി ശ്വാസമെടുത്ത് ഒരു നീണ്ട ചൂളം!

ഗോപി അതു സത്യസന്ധമായി പരി ഭാഷപ്പെടുത്തി:

‘സ്വപ്നം അയവിറക്കുവാനും അതിന്റെ ecstacy യോടെ പങ്കിടുവാനുമുള്ളതാണ്. Dissect ചെയ്യുവാനുള്ളതല്ല!’

രമേശ് പൊട്ടിച്ചിരിച്ചു...

സ്വപ്നവും ഭാവനയും തമ്മിൽ അ നുപാതപ്പെടുത്താതെ വയ്യ.

മനുഷ്യനു ലഭിച്ച ഏറ്റവും അത്ഭുതകരമായ സിദ്ധി സങ്കൽപിക്കുവാൻ, വിഭാവനം ചെയ്യുവാനുള്ള കഴിവാണ്; the power of imagination. അതില്ലായി

രുന്നുവെങ്കിൽ പിന്നെ കലകളെവിടെ! സങ്കൽപത്തിന്റെ ലോകം എന്നത് അബോധത്തിന്റെ ലോകവുമായി ഇടചേർന്നുവരുന്നു. അബോധമാണു സങ്കൽപത്തിനു വഴിയൊരുക്കുന്നത്. അതിൽ ബോധപൂർവം നാളെയെക്കുറിച്ചുള്ള ചിന്ത ഉൾലീനമാക്കുമ്പോൾ അതു കലയുടെ പ്രകൃതം വരിക്കുന്നു.

‘I am confused between what I see and what I wish to see’ എന്നു പറഞ്ഞ ബോധലീന എത്ര കൃത്യമായാണ് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും നിരാശയുടെയും ഇടർച്ചയുടെയും അതിരുകൾ അടയാളപ്പെടുത്തിയത്!

കലയുടെ, സങ്കൽപത്തിന്റെ, പ്രതീക്ഷയുടെ, വിശ്വാസത്തിന്റെ സമീപനങ്ങൾക്ക് അനുകൂലവും പ്രതികൂലവുമായ കാറ്റുകളെ നേരിടേണ്ടിവരുന്നു അതാണു ദുരന്തം. അനിവാര്യവും അപ്രതിരോധ്യവുമായ ദുരന്തം; അതുതന്നെയാണ് കുതിപ്പിനു പ്രേരകമാകുന്ന പ്രതീക്ഷയും ഇച്ഛയും. സൃഷ്ടിക്കപ്പെടുന്നതു വിഭ്രമമാണ്, illusion... അതില്ലാതെ ചലിക്കുവാനാകില്ല അത് ഏതു വിധമാണെന്നു കണക്കുകൂട്ടാം; പ്രതീക്ഷിക്കാം. സംഭവിക്കുന്നത് ആ വിധമാകണമെന്നില്ല; കടകവിരുദ്ധമായുമാകാം. മതവും സാഹിത്യവും ഈ illusion നെ കാതലാക്കിയാണു ക്രിയകൾ ചര്യപ്പെടുത്തുന്നത്.

ഇന്ന് എന്നതുമാത്രമാണ് യഥാർഥം. ഇന്നലെ ഭൂതകാലമാണ്. നാളെ എന്നത് ഇന്നില്ല. ഇന്നിന് അയഥാർഥമാണത്. ഇല്ലാത്ത നാളെയെക്കുറിച്ച് ഇന്നു സംസാരിക്കുന്നതുകൊണ്ടാണു പ്ലേറ്റോ കവിയെ നുണയൻ എന്നു വിളിച്ചതും അവനെ നാടു കടത്തണമെന്നു പറഞ്ഞതും. ഇന്ന് ഇല്ലാത്ത നാളെയെക്കുറിച്ച് ഉത്കണ്ഠപ്പെടാതിരിക്കാനാവില്ല കവിക്ക്; മോഹിക്കുവാതിരിക്കാനാവില്ല കലാകാരന്; മതത്തിനുമതെ. ബൗദ്ധികമായ കഴിവു പിറകോട്ടു നോക്കുവാൻ മാത്രമല്ല; മുന്നോട്ടു നോക്കി വിചാരപ്പെടുവാൻകൂടിയാണ് നിയോഗിക്കുന്നത്.

ശൂന്യതയിൽനിന്നാണു സ്വപ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത്; അവ ഉയിർന്നുവരുന്നത്. മൂല്യങ്ങളൊന്നും യഥാർഥമല്ലാതിരിക്കെയും പ്രവാചകന് ആകാശജീവികളെ യഥാർഥത്തിലേക്കടുപ്പിക്കാതെയും അതിൽ രോഷപ്പെടാതെയും വയ്യ. അക്രമം, ദുഃഖം, അനീതി... രോഷത്തിനു കാരണങ്ങൾ ഒട്ടേറെയാണ്. യുക്തിയുടെ അളവുമാത്രകൾക്കതീതമാണ് ഈ പ്രതിഭാസം. ഇന്നലെയിൽനിന്നു നാളെയിലേക്ക് ഇന്നിന്റെ നെഞ്ചകം തുളച്ചുകോർക്കുന്ന മുള്ളുകമ്പി പ്രവാചകൻ സ്വയംവരിക്കുന്നതാണ്; സമാനമാണ് കലാകാരന്റെയും യഥാർഥ ആത്മീയപുരുഷന്റെയും വ്യഥകൾ.

സ്വപ്നത്തിന്, അതെ, സ്വപ്നത്തിന് ഈ ഭാരമില്ല; അഥവാ ഉള്ളറകളിൽ ഉണ്ടെങ്കിൽത്തന്നെ അതത്രയും കനം പൊഴിച്ചുള്ള കണകമായി ഉൾലീനമായ അസന്നിഹിത മട്ടത്തിൽ മാത്രമാണ്. അപ്പൂപ്പൻതാടിയാണ് താരതമ്യത്തിൽ പെട്ടെന്നു തോന്നുന്ന സാമ്യം. 

പൊഴിച്ചതും കൊഴിഞ്ഞതുമായ ജീവിതവർഷങ്ങളുടെ തൂവലുകളെക്കുറിച്ചു പാതയോരത്തു തോർത്തുവിരിച്ചിട്ടിരുന്നു പറയാതെ പറഞ്ഞ കഥകളിലൂടെയാണ് കഥാകാരൻ പ്രവാചകസമനായത്. പറഞ്ഞതോ ഏറെയും ബന്ധു നിഗ്രഹങ്ങളുടെ സമസ്യകളും. മരങ്ങളുടെ രാജാവായി മുള്ളിനെയാണ് തിരഞ്ഞെടുത്തതെന്നോർക്കുക. കുറ്റംപറച്ചിലായിരുന്നില്ല ചര്യാവഴിയും 

എത്ര വിചിത്രമെന്നോർക്കുക.

ഈ വൈചിത്ര്യമൊന്നും സ്വപ്നത്തിൽ ഭാരമാകുന്നില്ല. പുനർവായനയിൽ, വിചാരണയിൽ, വ്യാഖ്യാനത്തിൽ, ഇതിലേറെ ആരോപിക്കപ്പെടുകയോ, വെളിപ്പെട്ടുവരികയോ ചെയ്യാം. അക്ഷരമാലയ്ക്കും ശബ്ദാർഥങ്ങൾക്കും അതീതമാണു സ്വപ്നങ്ങൾ. സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾക്കു വംശവും വർഗവും ഭാഷയുമൊക്കെയുണ്ടാകാം. പക്ഷേ, അതെല്ലാം illusions മാത്രമാവണം. യഥാർഥത്തിൽ ഇതൊന്നുമില്ലാതെ സംവദിക്കുവാനുള്ള പ്രാപ്തി സ്വപ്നത്തിലെ പ്രത്യക്ഷങ്ങൾക്കുണ്ട്.

നവജാതശിശു കിടക്കുന്നിടത്തു കിടന്നു കൈകാലിട്ടടിച്ച് അനങ്ങാത്തുഴ തുഴയുന്നതിനിടയിൽ മുകളിലേക്കു നോക്കി പുഞ്ചിരിക്കുന്നതു കണ്ടിട്ടില്ലേ? Divine Smile! എന്തു കണ്ടിട്ടാവാം, ഏതു കാഴ്ചയിൽ അഭിരമിച്ചിട്ടാവാം, ആ ചിരി? മേൽത്തട്ടിന്റെ വിതാനഭംഗി കണ്ടാസ്വദിച്ചിട്ടാവില്ല. അങ്ങനെ കണ്ടു രസിക്കുവാനും ആ രസം പുഞ്ചിരിയായി പ്രകാശിപ്പിക്കുവാനും മാത്രം, കുഞ്ഞിന്റെ ഇന്ദ്രിയാന്ദ്രിയ സമ്പർക്ക സർക്യൂട്ടുകൾക്കോ, അവയുടെ ഏ കോപന കേബിളുകളുടെ റിലേ പ്രാപ്തിക്കോ ആ പ്രായത്തിൽ വളർച്ചയെത്തിയിട്ടുണ്ടാവില്ല. കുഞ്ഞിന്റെ മനസ്സിൽ എന്തെല്ലാമോ അനുഭൂതികൾ ഉണരുന്നു. സ്വയംഭൂവായി ഉണരുന്നു (?) അതിന്റെ അനുരണനമാണ് ആ ചിരി (കാഴ്ച സംഭവിക്കുന്നത് കൺതടങ്ങളിൽ മാത്രമല്ലെന്ന പാഠം ഇവിടംതൊട്ടുരുവിടണം!). കുഞ്ഞു കാണുന്ന ഈ കാണാക്കാഴ്ച ഉണർത്തുന്ന സ്വപ്നാനുഭൂതിയാവണം ഏറ്റവും അർഥശ്രുതിയാർന്ന സ്വപ്നസാക്ഷാത്കാരം!

ഇതേ പുഞ്ചിരി, അതിന്റെ അഭൗമമായ തിളക്കം, അതു പ്രായമായവരിൽ ചിലരിലും അപൂർവമായി കണ്ടിട്ടുണ്ട്. അവർ എവിടേക്കെന്നില്ലാതെ നോക്കി, ഏതെല്ലാമോ ഉൾക്കാഴ്ചകളിൽ (പുനരോർമകളിൽ), രമിച്ച് അവരെത്തന്നെ അകക്കണ്ണുകൊണ്ട് അർഥപൂർണമായി അലിവോടെ നോക്കി പുഞ്ചിരിക്കുന്നു, ഊറിയൂറി ചിരിക്കുന്നു!

പ്രായമല്ല, illusions അബോധത്തിൽ ചുവടുവച്ചാടുന്ന തുടിതാളമാണ് പ്രതിസ്പന്ദങ്ങളുണർത്തുന്നത്. കലിഡോസ്കോപ്പിനുള്ളിൽ ചില്ലു പ്രതലത്തിൽ ബഹുവർണ വളപ്പൊട്ടുകൾ ചേർന്നു തീർക്കുന്ന രണ്ടാമതു വരയ്ക്കുവാനാവാത്ത ചിത്രങ്ങൾപോലെ എന്നേ വിശേഷിപ്പിക്കുവാൻ കഴിയൂ...

basheer-plato
ബഷീർ, പ്ലേറ്റോ

സ്വപ്നം കാണുന്നവന്റെ മൊഴികളിൽ, പങ്കിട്ടുതരുന്ന കൊളാഴുകളിൽ, കോറിയിടുന്ന ചോര കിനിയുന്ന അക്ഷരമാത്രകളിൽ ആഴത്തിൽ നോക്കിയാൽ ഈ അലിവാർന്ന ചിരിയുടെ അഗ്നിമിനുക്കം കാണാം. കൂടുതൽ സൂക്ഷ്മാംശങ്ങളിലേക്ക് ഉറ്റുചെന്നാൽ അവസ്ഥാന്തരങ്ങളുടെ ദൈന്യകണകങ്ങൾ ആ ചിരിയിൽ രശ്മികളായി മിന്നുന്നതും കാണാം.

വൈക്കം മുഹമ്മദ് ബഷീർ അവ്വിധം ചിരിച്ച കഥാകാരനാണ്. അതുകൊണ്ടാണ് സ്വപ്നങ്ങളുടെ അപരിമേയസാധ്യതകളെ ആശ്ലേഷിച്ചുകൊണ്ടു സൂഫി പറഞ്ഞിട്ടത്... ഒരു പകുതി സ ത്യം; ഒരു പകുതി സ്വപ്നമെന്ന്! ഏ തേതിൽ അധീശത്വം എന്നാരായുവാനാകില്ല. സ്വപ്നങ്ങളുടെ ദിവ്യപ്രപഞ്ചത്തിൽ അത്തരം മാത്സര്യങ്ങളില്ല.

ചില കഥകൾ ആ പുഞ്ചിരിയുടെ ഓരത്തുകൊണ്ടുപോയി ഇറക്കും. വിട്ടുപോന്നാലും അതിലെ ഒരു പാതിസ്വപ്നം കൂടെപ്പോരും. ഉണർവിലും സ്വപ്നത്തിന്റെ മത്തു ബാക്കിയാകും....

‘ഭാർഗവീനിലയം’ കണ്ടിറങ്ങിയ നാളുകളിൽ ബഷീറും ഭാർഗവിക്കുട്ടിയും തമ്മിലുള്ള ഹൃദയൈക്യം മത്ത് പോ ലെ കൂടെ പോന്നിരുന്നു. അന്നു താമസിച്ചിരുന്ന വീടിന്റെ കിഴക്കുവശം യ ഹൂദസമൂഹത്തിന്റെ ശ്മശാനമായിരുന്നു. ടെറസ്സിൽ നിന്നു നോക്കിയാൽ ഏതാനും കല്ലറകൾ കാണാം. മുൻവശത്തെ തോട്ടത്തിൽനിന്നു ദിവസവും നാലഞ്ചു രക്തചന്ദനനിറമുള്ള റോസാപ്പൂവുകൾ ഇറുത്ത് രാത്രികളിൽ ഓരോന്നോരോന്നായി ഓരോ യഹൂദ സുന്ദരിമാരെ സങ്കൽപിച്ച് അവർക്കു യഹൂദ നാമങ്ങൾ നൽകി നിവേദിക്കുമായിരുന്നു ഞാൻ!

ഷീബ, റാഹേൽ, എസ്ര, സാറ, റാഹാബ്...

 

ആ റോസാപ്പൂക്കളുടെയും ആ illusion ന്റെയും സൗരഭം ഇപ്പോഴും ഞാൻ അയവിറക്കുന്നു!

ആകാശം കണ്ടു മലർന്നു കിടക്കുന്നതു പണ്ടുതൊട്ടേ ഇഷ്ടമായിരുന്നു. മേഘക്കീറുകളുടെ ചിത്രപ്പടങ്ങളിൽ എത്രയെത്ര മനുഷ്യരൂപങ്ങളെയാണ് ആരോപിച്ചെടുക്കുമായിരുന്നത്! ആകാശത്തെയും മേഘക്കീറുകളെയും വിട്ട് കണ്ണുകൾ അന്തരീക്ഷത്തിൽ (Space നെ എന്നാണോ പറയേണ്ടത്?) മൈക്രോസ്കോപ്പിന്റെ സൂക്ഷ്മദർശിനിയിലൂടെയെന്നോണം പരതുമ്പോൾ, പിന്നീട് പഠിക്കുവാനിരുന്ന ഭൗതികശാസ്ത്രപാഠത്തിലെ അണുരൂപസമാനങ്ങളായ നേർത്ത കോശങ്ങൾ ചുവടുവച്ചാടുന്നതു കാണാമായിരുന്നു. ആ തുടിപെരുക്കത്തിൽ മേലാകെ പൂത്തുകയറുമായിരുന്നു; ശരീരത്തിന്റെ ഭാരമത്രയും ഊർന്ന് ഞാ നും ആ കോശങ്ങൾക്കിടയിലൊരു ചിത്രമാകുമായിരുന്നു. ഉണർന്നിരിക്കുമ്പോൾ അനുഭവിക്കുമായിരുന്ന ഈ ചിത്രലാസ്യങ്ങൾ പിന്നെപ്പിന്നെ നിദ്രാവേളകളിൽ സ്വപ്നങ്ങളിലും മിന്നിച്ചേർന്ന് അനുഭവവേദ്യമായി!

 

സ്വപ്നത്തിന്റെ ഉറവിടങ്ങളെക്കുറിച്ചുള്ള ചിന്ത ചുറ്റിച്ചുറ്റി സ്വപ്നത്തിൽനിന്നുള്ള ഉറവിടങ്ങളുടെയും അവയുടെ permutation combinations നെയും കുറിച്ചുള്ള വിചാരണയുമായി കൂടിക്കുഴയുന്നു, ഫലത്തിൽ എപ്പോഴും. സ്വപ്നങ്ങൾക്കു മുൻപെയും പിൻപെയും കാര്യകാരണങ്ങളുടെ കിടങ്ങുകൾ തോണ്ടുന്നതു നിരർഥകമാണ്. ചോദ്യവും അതിൽ തൊടുത്ത ഉത്തരവും അതിനുള്ള പാഠഭേദവും അതിൽ നിബന്ധിച്ച തുടർ ചോദ്യവും സ്വപ്നേതര ബൗദ്ധിക വ്യായാമങ്ങളായി പരിമിതപ്പെടുന്നു; (വ്യാപിക്കുന്നു എന്നും പറയാം!). നാഡി കീറിയുള്ള ഈ പരിശോധനയിൽ സ്വപ്നം വഴുതി മാറി സ്വപ്നമായി തുടരുന്നു. Dissection ടേബിളിൽ ശേഷിക്കുന്നത് സ്വപ്നത്തിലെ സ്വപ്നമല്ലാത്തതെന്തെല്ലാമോ ആണ്.

സ്വപ്നത്തെ സ്വപ്നമാക്കുന്നത് അതിലെ സ്വപ്നാത്മകതയാണ്; താരതമ്യങ്ങളില്ലാത്ത സ്വപ്നാവസ്ഥയാണ്. അതു കാവ്യാത്മകമാകാം, കാവ്യവിരുദ്ധവുമാകാം. യഥാർഥമാവണമെന്നില്ല. യുക്തിപൂർണമാവണമെന്നില്ല. അതിശയോക്തിയും അവ്യക്തതയും ചേർന്ന് അരികുകളിൽ തുടിയിടർച്ചകൾ തീർത്തിരിക്കാം. എല്ലാ സ്വപ്നവും അപൂർണമായിരിക്കെത്തന്നെ അതതിൽ പൂർണവുമാണ്. യഥാർഥവും അതേസമയം അയഥാർഥവുമാകാം അത്. ഹരിതഗുണിതങ്ങൾക്ക് ശിഷ്ടം തേടുവാൻ ഇടംനൽകാത്ത ഈ പ്രതിഭാസം നിർവചനങ്ങൾക്കും കൃത്യതകൾക്കുമതീതമാണ്.

ആദിയിലും പഴക്കമുണ്ടാവണം സ്വപ്നങ്ങൾക്ക്; അനന്തത്തിനപ്പുറത്തും അവയ്ക്കു വ്യാപ്തി പ്രാപ്തിയുമുണ്ടാകണം. അതിനിടയിലെ സമയമാത്രകളുടെ ശകലങ്ങളിൽ ഏങ്ങിനിന്നുകൊണ്ട് അവയെ അളക്കുവാൻ ശ്രമിക്കുന്നതു മൗഢ്യമാണ്.

 

സത്യത്തിന്റെ ഒരു പാതിയിലൂന്നി നിന്നുകൊണ്ട്, അനുഭവങ്ങളുടെ അഗ്നിനാവുകൾക്കിടയിൽ നിന്നുകൊണ്ട്, നേർപാതി സ്വപ്നത്തെ ആശ്ലേഷി ക്കുക. ചുട്ടുപഴുത്ത ഇരുമ്പുദണ്ഡിൽ പൊടുന്നനെ ചീളിവീണ ശൈത്യബിന്ദുക്കൾ ശീൽക്കാരശ്രുതിയായാണു പുളച്ചുമദിക്കുക. 

സ്വപ്നത്തെ സ്വപ്നമായനുഭവിക്കുക, അതിൽ ലയിക്കുക. ആ അനുഭൂതി, അതിന്റെ ലഹരി അതു മതി ജീവിതത്തിന്! 

 

Content Summary: John Paul writes on dreams while asleep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com