ADVERTISEMENT

 

അണിഞ്ഞൊരുങ്ങിയ വസന്തം പ്രപഞ്ചത്തെ എന്നപോലെ തളിരിടുന്ന താരുണ്യം തഴുകിക്കൊണ്ടു യുവത്വം എന്നിലാവേശിച്ചു. വികാരങ്ങളുടെ പരിമളം വീശുന്ന പ്രലോഭനവസ്തുക്കൾ തേടിക്കൊണ്ട് യൗവനത്തിന്റെ സാനുപ്രദേശങ്ങളിൽ വിഹരിക്കുമ്പോൾ ആ സാഹിത്യപ്പൊൻമാൻ എന്റെ കൺവെട്ടത്തിൽ മിന്നിക്കണ്ടു. ആ ദൃശ്യം എന്നെ ആവേശം കൊള്ളിച്ചു. സാഹിതി എന്ന മായാമൃഗത്തെ മെരുക്കിയെടുക്കാനുള്ള അഭിനിവേശം തന്നിൽ അങ്കുരിച്ചതെങ്ങനെ എന്നാണ് വി.ടി. ഭട്ടതിരിപ്പാട് ആത്മകഥാപരമായ ഈ ലേഖനത്തിൽ എഴുതുന്നത്. 

 

Kodungalloor-Kunjikuttan-Thampuran
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

ശൃംഗാരഗാനങ്ങൾ പാടിയും പ്രേമലേഖനങ്ങൾ എഴുതിയും ആ മായാമൃഗത്തിന്റെ പിന്നാലെ ഞാൻ പരതിനടന്നു. അരികിലണയുന്തോറും അത് അകന്നുമറയുകയാണുണ്ടായത്. 

 

സാഹിതി എന്ന പൊന്മാൻ വിഹരിച്ചിരുന്ന ഒരു ശാദ്വല സ്ഥലമായിരുന്നു എന്റെ മാതുലഗൃഹം. അങ്കമാലിക്കടുത്തുള്ള കിടങ്ങൂർ കൈപ്പിള്ളി എന്നറിയപ്പെട്ടിരുന്ന ആ ഇല്ലത്ത് സൗഹൃദപൂർവം വന്നുചേരാറുള്ള കവികളുടെയും കലാകാരന്മാരുടെയും മടിയിൽ ആ ഓമനമൃഗം സ്വച്ഛന്ദം വിഹരിച്ചിരുന്ന കാഴ്ച അന്നു കിടാങ്ങളായിരുന്ന ഞങ്ങളെ പലപ്പോഴും പുളകം കൊള്ളിച്ചിട്ടുണ്ട്. 

 

മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാൻ യാദൃച്ഛികമായി അവിടെ വന്നുചേർന്ന ഒരു സവിശേഷാവസരം ഇന്നെന്റെ മനസ്സിൽ പൊന്തിവരുന്നു. ഒരുനാൾ അസ്തമയസൂര്യന്റെ പോക്കുവെയിൽ വാർന്നുവീണ അമ്പലമുറ്റത്തു ഞങ്ങൾ തിമിർത്താഹ്ലാദിച്ചു കളിക്കുകയായിരുന്നു. അപരിചിതനായ ഒരാൾ നാലഞ്ചുപേരുടെ അകമ്പടിയോടെ ആ വഴിക്കു കടന്നുപോയി. ‘കുഞ്ഞിക്കുട്ടൻ തമ്പുരാൻ വന്നിട്ടുണ്ട്’ ഒരിളംകാറ്റിലൂടെ ഈ വാർത്ത അവിടെ മാറ്റൊലിക്കൊണ്ടു. ഉടനെ മുതിർന്ന കിടാങ്ങൾ കളി നിർത്തി സ്ഥലം വിട്ടു. ഞാനും എന്തിനെന്നാലോചിച്ചിട്ടില്ലാത്ത അവരെ പിന്തുടർന്നോടി. 

മാതൃഗൃഹത്തിന്റെ പൂമുഖപ്പടിമേൽ ഒരസാധാരണ മനുഷ്യനതാ ചമ്രംപടിഞ്ഞിരിക്കുന്നു. ആദരാഹ്ലാദത്താൽ മിഴിച്ചു നിൽക്കുന്ന ആതിഥേയവലയത്തിലൂടെ ആ വിശിഷ്ടാതിഥിയെ ഞാനും ഒന്നു നോക്കിക്കണ്ടു. ബലിഷ്ഠമായ ശരീരം, മടിയിലേക്കു കിനിഞ്ഞിറങ്ങിയ കുടവയർ, ആ കുമ്പവയറിന്മേൽ വെളുത്തു വണ്ണം കൂടിയ പൂണുനൂൽ ചാഞ്ഞു വിശ്രമം കൊള്ളുന്നു. പിൻകഴുത്തിലൂടെ ഊർന്നുവീണ കെട്ടഴിഞ്ഞുവീണ തലമുടിച്ചാർത്തിൽനിന്നു ചിന്നിയ മുടിത്തുമ്പുകൾ കവിൾത്തടത്തിൽ പാറിക്കളിക്കുന്നു. 

 

Vallathol
വള്ളത്തോൾ

അന്ന് അത്താഴം കഴിഞ്ഞ് അതേ പൂമുഖത്തു വച്ചു നടന്ന വെടിവട്ടത്തിന്റെ പ്രതിധ്വനി ഇന്നും എന്റെ ചെവിയിൽ ചൂളംവിളിക്കുന്നുണ്ട്. ശ്ലോകം ചൊല്ലൽ, ഫലിതം പറയൽ, കൂട്ടത്തോടെയുള്ള പൊട്ടിച്ചിരി–എന്തെന്ത് ഉത്സാഹജനകമായ നേരമ്പോക്കുകൾ!

പിറ്റന്നാളത്തെ പ്രഭാതം മുതൽ അവിടുത്തെ സംസാരവിഷയം തമ്പുരാനെ

പ്പറ്റിത്തന്നെയായിരുന്നു. അദ്ദേഹം രചിച്ച നിമിഷകവിതകൾ ആ അന്തരീക്ഷത്തിൽ പാറിക്കളിച്ചു. അക്ഷരജ്ഞാനംപോലും നേടിക്കഴിയാത്ത ഇളം കണ്ഠങ്ങളിൽനിന്നു മുറിഞ്ഞുവീണ മണിപ്രവാളപദ്യങ്ങളുടെ നറുമണം ആ വായുമണ്ഡലത്തിൽ തളംകെട്ടിനിന്നു. കളിപ്പാട്ടം എന്ന മട്ടിൽ ‘സാഹിതി’എന്ന മായാമൃഗത്തെ മെരുക്കിയെടുക്കാനുള്ള അഭിനിവേശം എന്റെയും കുരുന്നുഹൃദയത്തിൽ ആദ്യമായി അങ്കുരിച്ചത് അങ്ങനെയാണ്. 

വെമ്പിളിയസ്സ് ലക്ഷ്മണൻ നമ്പൂതിരിപ്പാട്, വെണ്മണി കുട്ടൻ നമ്പൂതിരിപ്പാട്, പാടിവട്ടം തുടങ്ങിയ സതീർഥ്യരായിരുന്നു അന്നത്തെ എന്റെ ആരാധനാപാത്രങ്ങൾ. അനായാസേന അവർ ചെയ്യുന്ന സമസ്യാപൂരണവും നിമിഷനിർമാണകവനകലയും എന്നെ അദ്ഭുതപ്പെടുത്തി. ആ ബാല്യകാലം ഇന്നും എന്നെ മാടിവിളിക്കുന്നതുപോലെ തോന്നുന്നു. 

 

ഭാഗ്യഹീനതയെന്നു പറയട്ടെ, അന്നെന്നിൽ കിളിർത്തുവന്നിരുന്ന സാഹിത്യാഭിരുചി വൈദികവൃത്തിയിലേക്കു വലിച്ചിഴയ്ക്കപ്പെടുകയാൽ പൗരോഹിത്യത്തിന്റെ  പൊരിവെയിലിൽ വാടിക്കരിഞ്ഞുപോയി. അങ്ങനെ സംവത്സരങ്ങൾ ചിലതു കടന്നുപോയി. സമാവർത്തനവും സംഹിതയും കഴിഞ്ഞ് ഗുരുഗൃഹത്തിൽനിന്നു സ്വതന്ത്രജീവിതത്തിലേക്കു കാൽകുത്തിയ ശേഷമാണ് എന്റെ മനോരാജ്യങ്ങൾക്കു മാറ്റം വന്നത്. അണിഞ്ഞൊരുങ്ങിയ വസന്തം പ്രപഞ്ചത്തെ എന്നപോലെ തളിരിടുന്ന താരുണ്യം തഴുകിക്കൊണ്ടു യുവത്വം എന്നിലാവേശിച്ചു. വികാരങ്ങളുടെ പരിമളം വീശുന്ന പ്രലോഭനവസ്തുക്കൾ തേടിക്കൊണ്ട് യൗവനത്തിന്റെ സാനുപ്രദേശങ്ങളിൽ വിഹരിക്കുമ്പോൾ ആ സാഹിത്യപ്പൊൻമാൻ എന്റെ കൺവെട്ടത്തിൽ മിന്നിക്കണ്ടു. ആ ദൃശ്യം എന്നെ ആവേശം കൊള്ളിച്ചു. വിലോഭനീയമായ വിഷയാസക്തിയെ പ്രീണിപ്പിക്കാൻവേണ്ടി ശൃംഗാരഗാനങ്ങൾ പാടിയും പ്രേമലേഖനങ്ങൾ എഴുതിയും ആ മായാമൃഗത്തിന്റെ പിന്നാലെ ഞാൻ പരതിനടന്നു. എന്റെ അപശബ്ദത്താലുണ്ടായ സംഭ്രമംകൊണ്ടാവാം അരികിലണയുന്തോറും അത് അകന്നുമറയുകയാണുണ്ടായത്. 

 

വള്ളത്തോൾ

അപ്രശസ്തമായ എന്റെ കുടുംബനിലയും എന്നിലുള്ള കാടത്തങ്ങളും കാരണം സജ്ജനസമക്ഷം കയറിച്ചെല്ലാൻ നാണിച്ചിരുന്ന കാലത്ത് ഒരാതിഥേയ ഗൃഹത്തിലെ വിശ്രമവേളയിൽ വച്ചാണ് മഹാകവി വള്ളത്തോളിന്റെ കവനകിരണം എന്നിൽ വാർന്നുവീണത്. അവിടെ ഉണ്ണിനമ്പൂതിരിമാർ വട്ടമിട്ടിരുന്നു പദ്യപാരായണം നടത്തുകയായിരുന്നു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അറുമുഷിപ്പനായിരുന്ന ആ പദ്യപാരായണം എനിക്കും സഹിക്കേണ്ടിവന്നു. 

‘ചട്ടറ്റ കർക്കടകമാസി കറുത്തവാവാ–

ണൊട്ടല്ല രാത്രിയുടെ തീവ്രഭയങ്കരത്വം

വെട്ടംപ്രദേശമിതു തന്നുടെ പേരു പാഴാം–

മട്ടങ്ങു കൂരിരുളിലാണ്ടു കിടന്നിരുന്നു’ 

എന്നാരംഭിക്കുന്ന ആ കാവ്യാന്തരീക്ഷം അന്നത്തെ പകൽവെളിച്ചത്തെ നിബിഡാന്ധകാരത്തിലേക്കു കാെണക്കാണെ ആഴ്ത്തിക്കളഞ്ഞതുപോലെ തോന്നിപ്പോയി. കാമാവേശത്താൽ തരംകെട്ടുപോയ ഒരു തരുണി കയ്യിലേന്തിയ കടക്കൊള്ളി വീശിക്കൊണ്ട് ആ കൂരിരുട്ടിലൂടെ നടന്നുപോകുന്ന ചിത്രം എന്നെ കിടിലംകൊള്ളിച്ചു. വെൺമണി, ശീവൊള്ളി തുടങ്ങിയ മണിപ്രവാളകവികളുടെ കാവ്യാധ്വാവിൽനിന്നു വ്യത്യസ്തമായ വികാരതീവ്രതയ്ക്ക് ഞാൻ ആദ്യമായധീനനായത് അന്നാണെന്നു തോന്നുന്നു. 

‘ചുറ്റിട്ട കാതിണ തുടുംകവിളിൽ പതിഞ്ഞും

നെറ്റിക്കു ചന്ദനവരക്കുറി ചെറ്റു മാഞ്ഞും

തെറ്റിത്തെറിച്ച മിഴി ചിന്നിയും’ 

ഏതോ ചെറ്റപ്പുരയുടെ വാതിൽപ്പഴുതിലൂടെ ആദ്യത്തെ വെയിൽനാളംപോലെ വാർന്നുവീണ വെളിച്ചത്തിൽ പ്രത്യക്ഷപ്പെട്ട ആ അരുണാധരി ഒരന്തർജനമാണെന്ന് അറിഞ്ഞപ്പോൾ ഞാനാകെ ജൃംഭിച്ചുപോയി. 

പിന്നീടൊരിക്കൽ വള്ളത്തോളിന്റെ ഭാര്യാഗൃഹമായ ‘ചിറ്റഴി’ ത്തറവാട്ടിൽ ചെന്ന് ആ മഹാകവിയുടെ മുൻപിൽ എന്റെ അഭിവാദ്യം അർപ്പിക്കുവാൻ പ്രേരിപ്പിച്ച സംഭവം ‘പട്ടിൽപ്പൊതിഞ്ഞ തീക്കൊള്ളി’ എന്ന കവിതയായിരുന്നുവെന്നു തോന്നുന്നു. 

‘കാലടിയെന്ന തടോദ്ദേശത്തിലിളം ചെന്തൃ–

kvm
കെവിഎം

ക്കാലടിയണച്ചങ്ങു ചാഞ്ചാടിയോടിപ്പാടി

കൈപ്പിള്ളി മനയ്ക്കലെക്കണ്മണിയായോരുണ്ണി–

punnasseri-nambi
പുന്നശ്ശേരി

യപ്പപ്പോൾ കളിച്ചതു കണ്ടുകൊണ്ടാഹ്ലാദത്താൽ

എത്രമേലോളം തുളുമ്പീലഹോ നിൻ നെഞ്ചിൽപ്പ–

ണ്ടിത്ര സൗഭാഗ്യം സാക്ഷാൽ ഗംഗയ്ക്കുമുണ്ടോ പാർത്താൽ?’

Kumaranasan
കുമാരനാശാൻ

ഇങ്ങനെ ആദിശങ്കരാചാര്യർ മുതൽ കുറൂർ ഉണ്ണിനമ്പൂതിരിപ്പാടു വരെ നീണ്ടുപോകുന്ന വിശിഷ്ട വ്യക്തികളിൽ വെളിച്ചം വീശിയും ‘തള്ളവാലാട്ടുമിടമുലകം പൂച്ചക്കുട്ടി–യ്ക്കില്ലത്തെപ്പടിഞ്ഞാറ്റി നമ്പൂരിമടവാർക്കും’ എന്ന മട്ടിൽ ആധുനിക സമുദായാന്ധതയുടെ ആഴം ചൂണ്ടിക്കാട്ടിയും എഴുതിയ വള്ളത്തോൾക്കവിതകൾ ആസ്വദിച്ചപ്പോൾ എന്റെ മലിനതയാർന്ന മനസ്സിൽ ഒരു ശുദ്ധീകരണപ്രക്രിയ സ്വയം നടന്ന സ്വച്ഛത തോന്നി. അങ്ങനെ വായിലിട്ടു മധുരിക്കാനുള്ള കൽക്കണ്ടം മാത്രമല്ല കവിതയെന്നും സാമൂഹികജീവിതത്തിലെ വൈരൂപ്യം ചുരണ്ടിക്കളയാനുള്ള ആയുധംകൂടിയാണെന്നും പഠിപ്പിച്ചതു വള്ളത്തോൾക്കവിതകളാണ്. പിന്നീടുണ്ടായ എന്റെ സാമുദായിക പ്രവർത്തനങ്ങൾക്കു ചൂടും ചൈതന്യവും കൈവന്നത് ആ കവിതാപാരായണത്തിൽനിന്നാണെന്ന് ഞാൻ വിചാരിക്കുന്നു. 

 

കെവിഎം

ഒരു എളിയ ജോലിയുമായി ഞാൻ മംഗളോദയം പ്രസിൽ കയറിക്കൂടുവാനിടയായത് അക്കാലത്താണ്. കവികളും കലാകാരന്മാരും നിത്യോപാസന നടത്തിയിരുന്ന പ്രസ്തുത സ്ഥാപനത്തിൽ ഭരണിപ്പാട്ടു മുതൽ ഭഗവദ്ഗീതവരെ അപ്രശസ്തങ്ങളും പ്രശസ്തങ്ങളുമായ നാനാതരം പുസ്തകങ്ങളുടെ നടുവിൽ ചെന്നകപ്പെട്ടപ്പോൾ വീണ്ടും സാഹിതീസപര്യാസമുത്സുകത എന്നിൽ നാമ്പെടുത്തു. പ്രസിദ്ധ പണ്ഡിതനും പ്രബന്ധകർത്താവുമായ സാക്ഷാൽ കെവിഎം അന്നു മംഗളോദയത്തിലുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ സന്തതസാഹചര്യമാണ് സാഹിതീസേവനത്തിൽ എനിക്കു പ്രചോദനം നൽകിയതെന്നു ഞാൻ വിചാരിക്കുന്നു.

 

നിളാനദീതീരത്തിലെ കരിമ്പനക്കാട്ടിൽ ദീർഘകാലം തപസ്സിരുന്നു. അർജുനൻ പാശുപതത്തെയെന്നപോലെ പുന്നശ്ശേരി ശ്രീനീലകണ്ഠ ഗുരുഭൂതനിൽനിന്നു കൈക്കൊണ്ട ദിവ്യായുധമേന്തി ‘ശങ്കാഹീനം ശശാങ്കാമൃതകവി യശസാ കേരളോൽപന്ന ഭാഷാ വൻകാട്ടിൽ’ അദ്ദേഹം വിഹരിക്കുന്ന കാലമായിരുന്നു അത്. ആ സവ്യസാചിയുടെ ആവനാഴിയിൽനിന്നു ഗദ്യപദ്യരൂപങ്ങളിൽ നിർഗളിച്ചിരുന്ന ഖണ്ഡനമണ്ഡനങ്ങളുടെ ഉജ്വലപ്രഭകൊണ്ടു സാഹിതീനഭോമണ്ഡലം അന്ന് ഊഷ്മളമായിരുന്നു. ആര്യ ഭാഷയായ ഗീർവാണിയിലും മാതൃഭാഷയായ മലയാണ്മയിലും മാത്രമല്ല ദ്രാവിഡഭാഷാ കുടുംബത്തിലെ അമ്മറാണിയായ തമിഴിലും അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനത അനിതരസാധാരണം തന്നെയായിരുന്നു. ഈ ‘ത്രിവേദി’ എഴുതിയ ഗ്രന്ഥങ്ങളുടെ തുകയും തുച്ഛമായിരുന്നില്ല. തോളിലൊരു തോർത്തും പാറിപ്പരത്തിയ മുടിയുമായി വിശ്രമവേളയിൽ അദ്ദേഹം എന്നെ സമീപിക്കും. ഒരു ചൂടുചായ മോന്തി ഒന്നു മുറുക്കിക്കഴിഞ്ഞാൽ‌ അദ്ദേഹം ആരംഭിക്കുകയായി. ‘പണ്ട് ഉത്തരഭാരതത്തിൽ കന്യാകുബ്ജാഖ്യ എന്നു വിശ്രുതമായ ഒരു പട്ടണമുണ്ടായിരുന്നു’ എന്ന്. 

അതെഴുതിക്കഴിഞ്ഞശേഷം ഞാനൊന്നു മൂളിയാൽ അദ്ദേഹം തുടർന്നു പറയും ‘അവിടെ അജാമിളൻ എന്നു പേരായി ധന്യാത്മാവായ ഒരു ബ്രാഹ്മണനുണ്ടായിരുന്നു.’ ഇങ്ങനെ ആഖ്യാനവും പ്രത്യാഖ്യാനവുമായി ഒരരമുക്കാൽ മണിക്കൂറോളം നീണ്ടുകഴിയുമ്പോഴേക്ക് അദ്ദേഹം ക്ഷീണിക്കും. ‘ഇന്നിതു മതി. ഇനി നാളെയാവാം’ അദ്ദേഹം എഴുന്നേൽക്കും. എഴുതിക്കൂട്ടിയ കോപ്പികൾ വാരിക്കൂട്ടി ബദ്ധപ്പെട്ട് പ്രസിൽനിന്നു പോകും. ക്ഷണത്തിൽ വെറുംകയ്യോടെ മടങ്ങിവരികയും ചെയ്യും. ഫോറത്തിന് ഒന്നോ രണ്ടോ രൂപ പ്രതിഫലത്തിൽ കെവിഎം അക്കാലത്ത് ഒട്ടേറെ പ്രബന്ധങ്ങളും പുസ്തകങ്ങളും എഴുതിവിറ്റിട്ടുണ്ട്. അത്രയെങ്കിലും സാധിച്ചതിൽ അദ്ദേഹം ഒരുപക്ഷേ, സംതൃപ്തി പൂണ്ടിട്ടുമുണ്ടാവാം. 

 

അവസാനം പ്രസ് വിട്ടുപോകുന്ന പോക്കിൽ താനിരുന്ന കസാലയിൽ ഈ കനം കുറഞ്ഞ മനുഷ്യനെ പിടിച്ചിരുത്തി വിട ചോദിച്ചപ്പോൾ എന്റെ കൺപീലികൾ നനഞ്ഞുപോയി. ഈ സാഹിത്യാചാര്യന്റെ ഉപദേശവും ആശിസ്സും കൈവന്നില്ലായിരുന്നെങ്കിൽ എന്റെ നില എന്താകുമായിരുന്നു എന്ന് ഏകാന്തതയിൽ ഞാനാലോചിക്കാറുണ്ട്. അഭിവന്ദ്യഗുരുഭൂതന് എന്റെ വിനീതമായ കൂപ്പുകൈ. 

 

Ulloor
ഉള്ളൂർ

ആശാൻ‌

ഇങ്ങനെ എന്റെ ആശാശുകി മുതിർന്നവരിൽ നിന്നൂർന്നുവീഴുന്ന കതിർമണികൾ കൊത്തിനടക്കുന്ന കാലത്താണ് മഹാകവി കുമാരനാശാൻ‌ പല്ലനയാറ്റിൽ റഡീമർ ബോട്ടപകടത്തിൽ നിര്യാതനായത്. ഈ ദുരന്തസംഭവം  മറ്റുള്ളവരെപ്പോലെ എന്നെയും ഞെട്ടിപ്പിക്കുകതന്നെ ചെയ്തു. അദ്ദേഹം എഴുതിയ കവിതകളിൽ അൽപം ചിലതു മാത്രമേ അക്കാലത്ത് ഞാൻ വായിച്ചിരുന്നുള്ളൂ. നിസ്സാര സംഗതികളിൽ അസാധാരണമായ വിശ്വചൈതന്യം കണ്ടെത്താനുള്ള ക്രാന്തദർശിത്വവും ഹൃദ്യമായ വിധത്തിൽ അന്തർമുഖമായി അതാവിഷ്കരിക്കാനുള്ള കഴിവും ആശാന്റെ വ്യക്തിത്വത്തിന്റെ വിശേഷതകളാണെന്നു ഞാനും മനസ്സിലാക്കിയിരുന്നു. ‘വീണപൂവി’ലൂടെ ജനഹൃദയത്തിന്റെ ആദരാഭിനന്ദനങ്ങൾ സമാർജിച്ച ആ പ്രബുദ്ധവ്യക്തിയെ ഒരുനോക്കു കാണാനുള്ള ഭാഗ്യം കൈവന്നില്ലല്ലോ എന്നോർക്കുമ്പോൾ എന്റെ മനസ്സ് ഇടിയുന്നു. 

 

ഇളം മധുരം തോന്നിക്കുന്ന മണിപ്രവാളപദ്യങ്ങൾ മാത്രം ചവച്ചിറക്കി ശീലിച്ചുപോന്ന എന്റെ ആമാശയത്തിൽ ആശാന്റെ കടുപ്പം കൂടിയ ശൈലി അലിഞ്ഞുചേരാൻ കൂട്ടാക്കിയിരുന്നില്ല എന്നതു നേരാണ്. എങ്കിലും

‘തന്നതില്ല, പരനുള്ളുകാട്ടുവാ–

നൊന്നുമേ നരനുപായമീശ്വരൻ’

‘തിരയുന്നു മനുഷ്യനെന്തിനോ

തിരിയാ ലോകരഹസ്യമാർക്കുമേ’ 

ഇങ്ങനെ ആശാനിൽനിന്ന് ഊർന്നുവീണ സൂക്തിതല്ലജങ്ങൾ‌ എന്റെ ഉപബോധമണ്ഡലത്തിൽ സദാ അനുരണനം ചെയ്തിരുന്നു. എന്നാൽ, ആകുലപ്പെടുത്തിയ ഒരു സംഗതികൂടി ഇവിടെ എടുത്തുപറയാൻ ആഗ്രഹിക്കുന്നു. 

മലബാർലഹളയെ പശ്ചാത്തലമാക്കി ആശാൻ രചിച്ച ‘ദുരവസ്ഥ’ എന്ന കാവ്യത്തെയാണ് ഞാൻ പരാമർശിക്കുന്നത്. അതിലെ ഇതിവൃത്തം എന്നെ വേണ്ടത്ര ആവേശം കൊള്ളിച്ചില്ല. ഞാൻ ജനിച്ചുവളർന്ന സമുദായത്തിലെ കന്യക പുലയന്റെ കൂടെ ഓടിപ്പോയി കുലം കെടുത്തി എന്ന പഴഞ്ചൻ ബോധം എനിക്ക് ഒട്ടുമില്ല. ലഹള കാരണം തെറ്റിത്തെറിച്ചുപോയ സാവിത്രിയെ വൈവാഹികബന്ധത്തിലൂടെ സംരക്ഷിക്കാൻ ശ്രമിച്ചതും അന്നത്തെ സാമൂഹികവ്യവസ്ഥയുടെ നേർക്കു വിരൽചൂണ്ടിയതും നന്നാവുകയും ചെയ്തു. പക്ഷേ, ചിത്രീകരിക്കപ്പെട്ട നായികാനായകന്മാരുടെ പ്രകൃതി, സംസ്കാരം തുടങ്ങിയ വൈകാരികപ്പൊരുത്തം കണക്കിലെടുത്തുള്ള കൂട്ടിച്ചേർക്കൽ മാതൃകാപരമായില്ല എന്നാണ് എന്റെ പരാതി. സമുദായഐക്യം വരുത്തിത്തീർത്തേ പറ്റൂ എന്ന ആശയം നല്ലതും വേണ്ടതും തന്നെ. പക്ഷേ, ആ കൂടിച്ചേരലിൽ സാമൂഹികവിപ്ലവത്തിന്റെ എരിവും പുളിയുമില്ലാത്ത ലൈംഗികബന്ധങ്ങളിൽപെടുന്ന കഥാപാത്രങ്ങൾ  മാതൃകകളല്ലെന്നാണ് എന്റെ വിവക്ഷ. ‘നമ്പൂതിരിസംബന്ധം’ പരാജയകാരണമായത് അതുകൊണ്ടാണ്. ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്നാണോ ആശാന്റെ വിവക്ഷ? എങ്കിൽ തത്ത്വദീക്ഷയുടെ ചായം കൂടാതെതന്നെ അതിന്റേതായ മേന്മയുണ്ടെന്നു കാണിക്കാമായിരുന്നു. ‘ദുരവസ്ഥ’യിലെ സാവിത്രി ഒരു വൈദികകുടുംബത്തിൽ ജനിച്ചു വളർന്നവളാണ്. അക്കാലത്തെ സാമുദായികാചാരമനുസരിച്ച് വൈവാഹിക മന്ത്രോച്ചാരണത്തോടെ കൈ നീട്ടുന്ന ഏതു പുല്ലിംഗത്തെയും കൈക്കൊള്ളാൻ ശപിക്കപ്പെട്ടവളാണ്. സ്വജനങ്ങളും സ്വത്തും സ്വരൂപയോഗ്യതയും നശിച്ച ഒരു നമ്പൂതിരിയുവതി ആദ്യം കയ്യിൽ കിട്ടിയ ചാത്തന് അധീനയായിപ്പോയില്ലെങ്കിൽ ഉദ്ഘോഷിക്കത്തക്ക ആദർശധീരത വകവച്ചുകൊടുക്കാനില്ലെന്നാണെന്റെ ന്യായം. 

 

K-K-Raja
കെ. കെ. രാജ

ചാത്തനെ ആശാന് അടുത്തറിയാമായിരിക്കാം. എന്നാൽ ജാത്യാ അകന്നുപോയ ഒരന്തർജനബാലികയുടെ ചിത്തവൃത്തി നോക്കിപ്പഠിക്കാൻ അദ്ദേഹത്തിന് അവസരം കിട്ടിയിരിക്കയില്ല. ‘അവളുടെ ശയനീയശായിയാമവനൊരുഷസ്സിലുണർന്നിടാതെയായ’എന്നെഴുതിയ ആശാൻ‌ ദുരവസ്ഥയെഴുതുമ്പോൾ മറ്റെന്തെങ്കിലും ഉദ്ദേശിച്ചിരുന്നുവോ? അയിത്തോച്ചാടനം എന്ന സദുദ്ദേശ്യത്തിന്റെ പേരിൽ അഭിനന്ദിക്കപ്പെടുന്ന ഈ നവോത്ഥാനകൃതിയിലെ ആവിഷ്കാരത്തിൽ അസ്വാഭാവികത ചൂണ്ടിക്കാണിക്കേണ്ടി വന്നത് ആ സദുദ്ദേശ്യം കൂടുതൽ ദാർശനികമായി നിറവേറണമെന്ന ചിന്തയാലാണ്. 

 

ഉള്ളൂർ

Nalappattu-Narayana-Menon
നാലപ്പാട്ട് നാരായണ മേനോൻ

‘അമ്യാരുണ്ടാക്കി നൽകും പല പല പലഹാ

രങ്ങൾ തിന്നും പ്രബന്ധം

നിർമിക്കും രാജരാജാദികളുടെ സതത–

സ്തോത്ര സൽപ്പാത്രമായും

അമ്മട്ടുദ്യോഗലബ്ധിയ്ക്കടി തൊഴുമവർ തൻ

കോഴയാൽ കൈകുഴഞ്ഞും

സമ്മോദിക്കാം പരുക്കൻ കവിത വിതറുമീ–

പ്പട്ടർ തന്ന‍ പത്നിയായാൽ.’

ജലപ്പരപ്പിൻ മുകളിൽ വിരിഞ്ഞുപൊന്തുന്ന പൂജാപുഷ്പങ്ങളെപ്പോലെ പുണ്യഹൃദയരായിരിക്കും കവികളും കലാകാരന്മാരും എന്നായിരുന്നു എന്നിലുണ്ടായിരുന്ന ധാരണ. സാമൂഹികജീവിതത്തിൽ അവർ ആരാധിക്കപ്പെട്ടതിന്റെ കാരണം അതായിരിക്കുമെന്നും ഞാൻ കരുതിപ്പോന്നു. അതിനാൽ അവരുടെ സ്വകാര്യജീവിതത്തിലേക്കു ചുഴിഞ്ഞുനോക്കുക എന്ന പ്രശ്നമേ ഉദ്ഭവിച്ചില്ല. കവിപുഷ്പമാല, കവിമൃഗാവലി ആദിയായ കൃതികളിൽ മുഴങ്ങിക്കേട്ട യുദ്ധഭീഷണി വ്യക്തിവൈശിഷ്ട്യത്തിന്റെ വീരാപവാദനിർഘോഷങ്ങളായിട്ടേ ഞാൻ പരിഗണിച്ചിരുന്നുള്ളൂ. ശ്രീ ഉള്ളൂരിന്റെ നേരെ ഒളിവിൽ എറിയപ്പെട്ട ഈ ‘ചാട്ടുളി പ്രയോഗത്തിന്റെ ചീറ്റൽ എന്നെ നടുക്കംകൊള്ളിച്ചു. എങ്കിലും ‘പരുക്കൻ കവിത’ എന്ന പ്രയോഗം ശ്രവണമാത്രയിൽ ആരെയും പൊട്ടിച്ചിരിപ്പിക്കാതിരിക്കില്ല. കാരണം, ‘ലുണ്ടാകഘാതകധരാഘു’ പദപ്രയോഗങ്ങൾ വായിലൊതുങ്ങാത്തതുകൊണ്ട് മടുത്തു വായന നിർത്തിപ്പോയ പലരെയും എനിക്കറിയാം. വർഷകാലമേഘഗർജനവും മിന്നലുമൊതുങ്ങി വാനം തെളിഞ്ഞശേഷം സ്വർഗീയമായി അദ്ദേഹത്തിൽനിന്നൊഴുകിവന്ന ലളിതകോമളശൈലി കാതിന്നമൃതധാരയായി അനുഭവിക്കാത്തവരാരുണ്ട്?

 

‘കോടക്കാർ കൊമ്പു കുത്തുന്ന കോമളത്തിരുമേനി’യും ‘കാളിന്ദിയാറ്റിൻ കരയിലെ ആരോമൽപ്പച്ചപ്പുൽത്തകിടിപ്പുറ’വും  കണ്ടു കൺകുളിർക്കാത്തവരും ഉണ്ടാവില്ല. ചുരുക്കത്തിൽ പ്രാചീനകേരളത്തിന്റെ പ്രതിച്ഛന്ദമാണ് ഉള്ളൂർ എന്ന വിചാരം, എന്തു കാരണത്താലാണാവോ, എന്റെ ഉപബോധതലത്തിൽ ഊറിക്കിടന്നിരുന്നു. അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ സവിശേഷവ്യക്തിത്വം തെളിഞ്ഞുകാണാമായിരുന്നു. 

 

യുവകവികൾ

ജീവിതത്തിന്റെ വഴിത്താരയിൽ ഒളിവീശി കാവ്യാധ്വാവിൽ സഞ്ചരിച്ചിരുന്ന മഹാകവികളുടെ പിന്നിൽ ശംഖനാദം മുഴക്കിക്കൊണ്ട് ഒരിളംതലമുറയും അന്നു മുന്നേറിയിരുന്നു.  ശ്രീമാന്മാരായ കെ.കെ. രാജ, കല്ലന്മാർതൊടി, ജി. ശങ്കരക്കുറുപ്പ്, വി.പി. ശേഖരപിഷാരടി, പിലാക്കുടി മധുസൂദനൻ ഭട്ടതിരിപ്പാട് തുടങ്ങിയവരായിരുന്നു എനിക്കു സുപരിചിതന്മാർ. അവരിൽ ചിലർ മുഴുപ്പെത്തുംമുൻപുതന്നെ മൃതിയടഞ്ഞുപോയി. വേലിപ്പടർപ്പിൽ പെട്ടെന്നു വിരിഞ്ഞുകാണുമ്പോൾ നമുക്കുണ്ടാകുന്ന അദ്ഭുതാഹ്ലാദമനോഹാരിതയാണ് പിലാക്കുടിയുടെ സുദുർല്ലഭമായ കവിത കാണുമ്പോൾ എന്നിലുണ്ടായിരുന്ന വികാരം. മേഞ്ഞുനിൽക്കേ പൂർണഗർഭിണിയായ ‘ചോത്ര’പ്പശുവിന്റെ പ്രസവത്തിനു ചെടിച്ചില്ല കൊണ്ടു മറതീർത്തു ഗൃഹസ്ഥനായ പോക്കുവെയിലിൽ അടിയളക്കാൻ കുനിഞ്ഞുനിൽക്കുന്ന കാഴ്ച കല്ലന്മാർതൊടി ചൂണ്ടിക്കാട്ടി. 

 

ഈശ്വരൻ പൂഴ്ത്തിവച്ച ഒരമൂല്യരത്നം കണ്ടെത്താനെന്നപോലെ കെ.െക. രാജ എപ്പോഴും തല താഴ്ത്തി നടന്നു തിരയുകയാണ്. ചിലപ്പോൾ ആഹ്ലാദംകൊണ്ട് ഉന്മുഖനായി നിന്നു സ്വയം പൊട്ടിച്ചിരിക്കുന്നതായും കാണാം. അങ്ങനെ അദ്ദേഹവും ഈശ്വരനും തമ്മിൽ ഒരു ‘പൂത്താങ്കോൽ’ക്കളിയിൽ ഏർപ്പെട്ടപോലെ തോന്നും. മണ്ണിൽ കാലൂന്നി വിണ്ണിൽനിന്ന് അദ്ദേഹം വാരിക്കൂട്ടിയ മുക്തകങ്ങളെല്ലാം ഈശ്വരന്റെ കളിപ്പാട്ടങ്ങളാണെന്നു തോന്നും. അവയ്ക്കാകട്ടെ എന്തു തിളക്കം!

 

നാലപ്പാട്

നാലപ്പാടനെ ആദ്യമായി കേട്ടറിഞ്ഞത് അദ്ദേഹം എഴുതിയ ‘സുലോചന’ മുഖേനയാണ്. പൂരപ്പറമ്പുകളിൽ അക്ഷരശ്ലോകങ്ങൾ പാടിനടക്കുന്ന കാലമായിരുന്നു അന്നു ഞാൻ. അപാരതയുടെ പെരുമ്പറ കൊട്ടുന്ന അറബിക്കടലിന്റെ അരികിൽ വെൺമണൽപ്പരപ്പിൽ കനകക്കുടങ്ങൾ ചുമന്ന് കടൽക്കാറ്റേറ്റ് തലയാട്ടി നിൽക്കുന്ന കേരദ്രുമങ്ങളുടെ നടുവിൽ വന്നേരിനാടിന്റെ  വൈശിഷ്ട്യം വിളിച്ചോതുന്ന നാടുവാഴിത്തറവാട്ടിലെ അംഗമാണ് എന്നല്ലാതെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെപ്പറ്റി ഞാനൊന്നും അറിഞ്ഞിരുന്നില്ല. 

 

‘പാവങ്ങളു’ടെ ഒന്നാംപതിപ്പ് അച്ചടി തുടങ്ങിയപ്പോൾ പ്രൂഫ് പരിശോധനയ്ക്കായി അദ്ദേഹം മംഗളോദയത്തിൽ എത്തിച്ചേർന്ന കാലം. എന്റെ മേശയ്ക്കടുത്തുതന്നെയായിരുന്നു അദ്ദേഹത്തിന്റെയും ഇരിപ്പിടം. ഞങ്ങൾ വെടിപറയും. ഒരതിഥി  എന്ന മാന്യതയോടെ അദ്ദേഹത്തിന്റെ ആവശ്യങ്ങൾ ഞാൻ ഒരുക്കിക്കൊടുക്കും. അങ്ങനെ ഞങ്ങൾ തമ്മിലടുത്തു. ക്രമേണ ആ സൗഹൃദം വളർന്നു. രാത്രി കൂടക്കൂടെ ഒന്നിച്ചു താമസിക്കും. ഫലിതമയമായ അദ്ദേഹത്തിന്റെ വെടിവട്ടത്തിൽപ്പെട്ട് ഉറങ്ങാൻ മറന്ന രാത്രികൾ ദുർലഭമായിരുന്നില്ല. ചന്തം തുളുമ്പുന്ന സംഭാഷണം കേൾക്കാനും പുത്തൻ ചിന്താഗതികൾ ഉൾക്കൊള്ളാനും സുഹൃത്തുക്കളിൽ ചിലർ ഞങ്ങളോടൊപ്പം ഉണ്ടാകാറുണ്ട്. ഈശ്വരൻ, മതം, സത്യം, ധർമം, ആചാരാനുഷ്ഠാനങ്ങൾ ഇങ്ങനെ ഒട്ടേറെ കാര്യങ്ങളെപ്പറ്റി അവിടെ ചർച്ച നടന്നിട്ടുണ്ട്. വാദത്തിന്റെ അവസാന വിജയം എപ്പോഴും അദ്ദേഹത്തിന്റെ ഭാഗത്തായിരിക്കും. അങ്ങനെ നീണ്ടുനിന്ന അന്വേഷണങ്ങളുടെയും സംശയങ്ങളുടെയുമിടയിൽ ഒരു പുതുവെളിച്ചം എന്റെ കൺമുൻപിൽ തെളിഞ്ഞുവന്നു. 

 

അക്കാലത്തു ഞാൻ വിഗ്രഹാരാധനയിലും മന്ത്രോച്ചാരണത്തിലും ആമഗ്നനായിരുന്നു. പതിവായി പ്രാതസ്നാനം ചെയ്തു വടക്കുംനാഥക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നതിനു പുറമെ ഗുരുവായൂരിൽ തിങ്കൾഭജനവും എന്റെ അന്നത്തെ ജീവിതത്തിന്റെ പ്രധാന നിഷ്ഠകളിൽ ഒന്നാക്കിയിരുന്നു. എന്തു മാസ്മരികപ്രയോഗത്തിലാണെന്നറിഞ്ഞുകൂടാ, നാലപ്പാടനുമായുള്ള അടുപ്പത്തിന്റെ പിരിമുറുക്കം കൂടുന്തോറും എന്റെ ഈശ്വരവിശ്വാസത്തിന്റെ പിരി അഴിയാൻ തുടങ്ങി. ഈശ്വരൻ അമ്പലത്തിലും ആലിൻകൊമ്പത്തുമല്ലെന്നും ആത്മാവിലാണെന്നുമുള്ള ബോധം എന്നിലദ്ദേഹം പകർന്നുതന്നു. എന്റെ ഈ മതംമാറ്റം, മാനസാന്തരപ്പെടൽ ക്ഷണനേരം കൊണ്ടുണ്ടായ ഒന്നല്ല. വേരോടെയുള്ള ഒരു പറിച്ചുനടലിന്റെ വേദനയായിരുന്നു അത്. 

 

ചുരുക്കത്തിൽ ‘പാവങ്ങളി’ലെ മെത്രാൻ ഴാങ്‌ വാൽ ഴാങ്ങിൽ ചെയ്തതെന്തോ അതെന്നിൽ നാലപ്പാടനും പ്രയോഗിച്ചുനോക്കി എന്നു ഞാൻ വിചാരിക്കുന്നു. 

Content Summary: Unpublished Article of V T Bhattathiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com