ADVERTISEMENT

ഇന്ദുലേഖയിൽ നവോത്ഥാന ആശയങ്ങളൊന്നുമില്ലെന്നു സംബന്ധ സമ്പ്രദായത്തോടുള്ള നായികയുടെ മനോഭാവത്തിൽനിന്നു വ്യക്തമാണ്. ജന്മിത്തത്തിന്റെ ഭാഗമായ ദായക്രമത്തെ ചോദ്യം ചെയ്യുന്നു എന്നതൊഴിച്ചു നിർത്തിയാൽ നോവലിൽ മറ്റു നവോത്ഥാനാഹ്വാനങ്ങളൊന്നുമില്ല. പകരം ജന്മിത്തത്തിന്റെ ഭാഗമായ ഒട്ടേറെ വൃത്തികേടുകളെ നോവലിൽ പല സന്ദർഭങ്ങളിലും ന്യായീകരിക്കുന്നുമുണ്ട്. വിപുലമായി ആഘോഷിക്കപ്പെട്ട നോവൽ എന്ന നിലയിൽ ചന്തുമേനോന്റെ ഇന്ദുലേഖയെ മുൻനിർത്തി മലയാളിയുടെ വായനസംസ്കാരത്തെ വിശകലനം ചെയ്യുന്നു.

എല്ലാ ആഘോഷങ്ങൾക്കും പിന്നിൽ രഹസ്യമോ പരസ്യമോ ആയ ചില താൽപര്യങ്ങളുണ്ടാവും എന്നതുപോലെ എല്ലാ വായനകൾക്കും പിന്നിൽ ചില താൽപര്യങ്ങളുണ്ട്. മലയാളത്തിൽ ഏറെ വായിക്കപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്ത കൃതികളുടെ പിൽക്കാല ചരിത്രം പരിശോധിച്ചാൽ നമുക്ക് ഇക്കാര്യം മനസ്സിലാക്കാം. വായനയുടെ ചരിത്രത്തെ നിർണയിക്കുന്നതിൽ ഭാവുകത്വപരമായ നവീനത ഒരു മാനദണ്ഡം മാത്രമാണ്. അതിനു പുറമേ മറ്റു പല മാനദണ്ഡങ്ങളുമാണ് പലപ്പോഴും മലയാളിയുടെ വായനസംസ്കാരത്തെ നിർണയിച്ചത്. വിപുലമായി ആഘോഷിക്കപ്പെട്ട നോവൽ എന്ന നിലയിൽ ചന്തുമേനോന്റെ ഇന്ദുലേഖയെ മുൻനിർത്തി മലയാളിയുടെ വായനസംസ്കാരത്തെ നോക്കിക്കാണാൻ ശ്രമിക്കുമ്പോൾ ഈ യാഥാർഥ്യം കൂടുതൽ അടുത്തുനിന്നു കാണാം.

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യനോവൽ, കേരളീയ നവോത്ഥാനത്തിന്റെ സൂചകമായ ആദ്യനോവൽ, ഫ്യൂഡൽ അധികാരബന്ധങ്ങളെ റദ്ദ് ചെയ്ത ആദ്യനോവൽ, ആധുനികീകരണത്തെ സ്വാഗതം ചെയ്ത ആദ്യനോവൽ എന്നിങ്ങനെ വിവിധ കാരണങ്ങൾകൊണ്ട് പ്രഥമസ്ഥാനത്ത് നിർത്തിയാണ് നാം ഇന്ദുലേഖയെ വായിച്ചുവന്നത്. അതേ സമയം ഇന്ദുലേഖ പ്രസിദ്ധീകരിച്ച കാലം മുതൽക്കുതന്നെ ഈ നോവലിനു വിമർശനങ്ങളും വന്നുകൊണ്ടിരുന്നു. അനുകൂലവും പ്രതികൂലവുമായ വായനകൾ ഉണ്ടായെങ്കിലും ഇന്ദുലേഖ പിൽക്കാലത്തു വായിക്കപ്പെട്ടത് മിക്കവാറും മേൽ സൂചിപ്പിച്ച പ്രഥമസ്ഥാനാർഹമായ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇവിടെയാണ് മലയാളിയുടെ വായനബോധത്തിന്റെ തനതു ശീലങ്ങൾ മറനീക്കി പുറത്തുവരുന്നത് കാണാൻ കഴിയുക. വായനയുടെ കാര്യത്തിലെങ്കിലും നമ്മൾ ഇപ്പോഴും പഴയ ഫ്യൂഡൽ കാലത്താണു ജീവിക്കുന്നത് എന്ന് ഈ ശീലങ്ങൾ സാക്ഷിപറയുന്നുണ്ട്. 

ചന്തുമേനോനെയും ഇന്ദുലേഖയെയും വ്യത്യസ്തമായ വഴികളിലൂടെ നോക്കിക്കാണാൻ ശ്രമിച്ച ചിന്തകരെ കേരളത്തിലെ ബൗദ്ധിക പൊതുബോധം വേണ്ട വിധത്തിൽ ശ്രദ്ധിച്ചില്ല. ചന്തുമേനോൻ എന്ന എഴുത്തുകാരനെ സമഗ്രമായി പഠിച്ച വിമർശകനാണ് പി.കെ.ബാലകൃഷ്ണൻ. കേരളത്തിന്റെ പരിവർത്തനഘട്ടത്തെ കൃത്യമായി അടയാളപ്പെടുത്തിയ എഴുത്തുകാരനായി അദ്ദേഹം ചന്തുമേനോനെ കണ്ടു. എന്നാൽ അതേ പി.കെ. ബാലകൃഷ്ണനാണ് പിൽക്കാലത്ത് ചന്തുമേനോന്റെ ഉള്ളിലിരിപ്പ് ആദ്യമായി പുറത്തുകൊണ്ടുവരുന്നത്. ഇന്ദുലേഖയിൽ നാളിതുവരെ വായനക്കാർ ദർശിച്ച നവോത്ഥാന മൂല്യങ്ങളും പുരോഗമനചിന്തകളും യഥാർഥത്തിൽ ചന്തുമേനോൻ എന്ന വ്യക്തിയുടെ വിശാലമായ വീക്ഷണത്തിന്റെ തെളിവല്ലെന്ന് അദ്ദേഹം തെളിവുകളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടുന്നത് 1982 ൽ ആണ്. നോവലിൽ ചന്തുമേനോൻ  എന്തൊക്കെ പുരോഗമനാശയങ്ങൾ മുന്നോട്ടുവച്ചിരുന്നോ അതിന്റെയൊക്കെ എതിർവശത്തുകൂടിയാണ് അദ്ദേഹം വ്യക്തിജീവിതത്തിൽ സഞ്ചരിച്ചത്. ചന്തുമേനോന് കുടുമയുണ്ടായിരുന്നു എന്നാണ് ഇതിനെക്കുറിച്ച് പി.കെ.ബാലകൃഷ്ണൻ പറയുന്നത്. എന്നാൽ അക്കാരണംകൊണ്ട് അദ്ദേഹം ചന്തുമേനോനെ കുറ്റപ്പെടുത്തുന്നില്ല. പകരം ഒരു ജീനിയസിന്റെ വിഷനും ഒരു വ്യക്തിയുടെ താൽപര്യങ്ങളും പൊരുത്തപ്പെടില്ല എന്ന ന്യായം പറഞ്ഞ് അദ്ദേഹം ചന്തുമേനോനെ രക്ഷപ്പെടുത്തുന്നു.

ഫ്യൂഡലിസത്തിന്റെ ചില വൃത്തികേടുകളെ കളിയാക്കുന്ന രംഗങ്ങൾ നോവലിൽ അങ്ങിങ്ങു കാണുന്നത് മനസ്സിൽ വച്ചുകൊണ്ടാണ് പൊതുവെ മലയാളികൾ നവോത്ഥാനത്തിനു ശക്തിപകർന്ന നോവൽ എന്ന വിശേഷണം ഇന്ദുലേഖയ്ക്ക് ചാർത്തി നൽകിയത്. അതേസമയം നോവലിൽ പലയിടത്തുമുള്ള ഫ്യൂഡലിസ്റ്റ് അനുകൂല നിലപാടുകൾ അതേ വായനക്കാർ സൗകര്യപൂർവം ഒഴിവാക്കി. കഥാനായികയെക്കൊണ്ടുപോലും ചന്തുമേനോൻ ഫ്യൂഡൽ മഹിമ പറയിക്കുന്നുണ്ട്. 

സംബന്ധസമ്പ്രദായത്തെക്കുറിച്ചുള്ള ഇന്ദലേഖയുടെ കാഴ്ചപ്പാട് നോക്കുക. യൂറോപ്പിൽപോലുമില്ലാത്ത സ്വാതന്ത്ര്യം കേരളീയ സ്ത്രീകൾക്കു നൽകിയത് സംബന്ധസമ്പ്രദായമാണെന്ന് ഇന്ദുലേഖ അഭിമാനത്തോടെ മാധവനോടു പറയുന്നുണ്ട്. തന്നിഷ്ടംപോലെ പുരുഷന്മാരെ സ്വീകരിക്കാനും ഒഴിവാക്കാനുമുള്ള സ്വാതന്ത്ര്യം സംബന്ധസമ്പ്രദായം സ്ത്രീകൾക്കു നൽകുന്നുണ്ടല്ലോ. സംബന്ധത്തിനു വന്ന സൂരിനമ്പൂരിയെ ഇന്ദുലേഖ കളിയാക്കി വിട്ടത് സംബന്ധസമ്പ്രദായത്തോടുള്ള വിയോജിപ്പുകൊണ്ടായിരുന്നില്ലെന്ന് ഇവിടെ വ്യക്തം. മാധവനോടു താൽപര്യമില്ലായിരുന്നെങ്കിൽ ഇന്ദുലേഖ സൂരിയുമായുള്ള സംബന്ധത്തിനു തീർച്ചയായും സമ്മതിക്കുമായിരുന്നു. 

സംബന്ധസമ്പ്രദായത്തെ നിയമംമൂലം നിയന്ത്രിക്കുവാനുള്ള നീക്കം നടന്നപ്പോൾ അതിന്റെ കരടുരേഖ തയാറാക്കുന്ന സമിതിയിൽ ചന്തുമേനോനുണ്ടായിരുന്നു. എന്നാൽ, ആ മൂന്നംഗ സമിതിയിൽ സംബന്ധസമ്പ്രദായത്തെ അനുകൂലിച്ചത് ചന്തുമേനോൻ മാത്രമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചന്തുമേനോന്റെ വ്യക്തിപരമായ താൽപര്യങ്ങളും നോവലിസ്റ്റ് എന്ന നിലയിലുള്ള ജീനിയസ് വിഷനും വേറിട്ടുനിൽക്കുന്നു എന്നാണ് പി.കെ. ബാലകൃഷ്ണൻ സമർഥിക്കുന്നത്. ഇവിടെ ചന്തുമേനോൻ എന്ന എഴുത്തുകാരനെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പി.കെ.ബാലകൃഷ്ണനു വലിയൊരു അശ്രദ്ധ പറ്റുന്നുണ്ട്. ചന്തുമേനോൻ  വ്യക്തിജീവിതത്തിൽ എന്തു നിലപാടെടുത്താലും നോവലിൽ അദ്ദേഹം നവോത്ഥാന–പുരോഗമന വീക്ഷണം ഉയർത്തിപ്പിടിച്ചു എന്നാണല്ലോ ബാലകൃഷ്ണന്റെ ന്യായവാദം. എന്നാൽ നോവലിൽ അദ്ദേഹം പറയുന്ന തരത്തിലുള്ള നവോത്ഥാന ആശയങ്ങളൊന്നുമില്ലെന്നു സംബന്ധ സമ്പ്രദായത്തോടുള്ള നായികയുടെ മനോഭാവത്തിൽനിന്നു വ്യക്തമാണ്. ജന്മിത്തത്തിന്റെ ഭാഗമായ ദായക്രമത്തെ ചോദ്യം ചെയ്യുന്നു എന്നതൊഴിച്ചു നിർത്തിയാൽ നോവലിൽ മറ്റു നവോത്ഥാനാഹ്വാനങ്ങളൊന്നുമില്ല. പകരം ജന്മിത്തത്തിന്റെ ഭാഗമായ ഒട്ടേറെ വൃത്തികേടുകളെ നോവലിൽ പല സന്ദർഭങ്ങളിലും ന്യായീകരിക്കുന്നുമുണ്ട്. എഴുത്തുകാരന്റെ വ്യക്തിജീവിതവും എഴുത്തുജീവിതവും രണ്ടാണെന്ന കാഴ്ചപ്പാട് ഇന്ന് ഏറക്കുറെ മാറിയിട്ടുണ്ട്. അങ്ങനെ വരുമ്പോൾ പി.കെ.ബാലകൃഷ്ണൻ ചന്തുമേനോനിൽ ദർശിച്ച ജീനിയസ് വിഷൻ എഴുത്തുകാരനോടുള്ള അമിതമായ ആരാധനയുടെ ഫലമാണെന്നു വരുന്നു. 

ഇതിനു മറുവശത്താവട്ടെ, ഫ്യൂഡലിസ്റ്റ് ആരാധനയെക്കാൾ കൊളോണിയൽ ആരാധനയാണ് ചന്തുമേനോനു കൂടുതലായുണ്ടായിരുന്നതെന്ന് എം.പി.ബാലറാം ഒട്ടേറെ തെളിവുകൾ നിരത്തി സമർഥിച്ചിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥിതിയുടെ സ്തുതിപാഠകനായിരുന്നു ചന്തുമേനോൻ എന്ന് എം.പി. ബാലറാം പറയുന്നത് 1977 ൽ ആണ്. പതിനെട്ടാം അധ്യായത്തിൽ താത്ത്വികമായി അവതരിപ്പിക്കുന്ന സാമ്രാജ്യത്വ താൽപര്യങ്ങൾക്കു കലാപരമായ ചട്ടക്കൂടു നൽകിയതാണ് വാസ്തവത്തിൽ ഇന്ദുലേഖയിലെ ഉള്ളടക്കം. പതിനെട്ടാമധ്യായത്തിൽ ഉയർന്നുകേൾക്കുന്ന ആശയങ്ങൾ മുതലാളിത്തത്തിന്റെ അധിനിവേശവുമായി ബന്ധപ്പെട്ടാണ് ബാലറാം വായിക്കുന്നത്. പതിനെട്ടാമധ്യായത്തെ നോവലിസ്റ്റിന്റെ കലാപരമായ ശ്രദ്ധക്കുറവായി കണ്ടവരുണ്ട്. അതേസമയം, ആ അധ്യായം നോവലിസ്റ്റിന്റെ രാഷ്ട്രീയമായ അതിശ്രദ്ധയിൽനിന്നുണ്ടായതാണെന്നു കരുതുന്നവരുമുണ്ട്. എന്നാൽ എം.പി. ബാലറാമിന്റെ പക്ഷത്തിൽ അതു സാമ്രാജ്യത്വത്തിന്റെ അധിനിവേശ രാഷ്ട്രീയത്തെക്കുറിച്ചുള്ള നോവലിസ്റ്റിന്റെ അജ്ഞതയിൽനിന്നുണ്ടായതാണ്. 

അധിനിവേശം, അതു ഭാരതീയമായതാലും വൈദേശികമായതാലും എതിർക്കപ്പെടേണ്ടതാണെന്ന ബോധ്യം ചന്തുമേനോനില്ലായിരുന്നു എന്ന യാഥാർഥ്യത്തെ ബാലറാം ഈ സന്ദർഭത്തിൽ സ്പർശിക്കുന്നു. ജന്മിത്ത വ്യവസ്ഥയിലെ അധികാരരൂപത്തെ ക്ലാസിക്കൽ മാർക്സിയൻ പദാവലികളുപയോഗിച്ച് സമീപിക്കാനാണ് ബാലറാം ശ്രമിക്കുന്നത്. ജന്മിത്ത വ്യവസ്ഥയെ പ്രാങ് മുതലാളിത്തമെന്നും ബ്രിട്ടീഷധിനിവേശത്തെ ബൂർഷ്വാമുതലാളിത്തമെന്നും അദ്ദേഹം പേരിട്ടവതരിപ്പിക്കുന്നു. അങ്ങനെ പ്രാങ്മുതലാളിത്തത്തിൽനിന്നു ബൂർഷ്വാമുതലാളിത്തത്തിലേക്കുള്ള തകിടം മറിച്ചിലാണ് ഇന്ദുലേഖയിൽ കാണാൻ കഴിയുക എന്ന ചിന്തയിലേക്ക് അദ്ദേഹം പോകുന്നു. ഇതിൽ ബൂർഷ്വാമുതലാളിത്തത്തെയാണ് ചന്തുമേനോൻ സ്വാഗതം ചെയ്തത്. അതിനാൽ ബൂർഷ്വാ മുതലാളിത്തത്തിന്റെ ആശ്രിതനായി മാറിയ ഈ എഴുത്തുകാരൻ കലാപരമായി ആ ആശ്രിതത്വം പ്രകടിപ്പിച്ചപ്പോഴുണ്ടായ നോവലാണ് ഇന്ദുലേഖ എന്നുവരുന്നു. സാമൂഹിക ഭാഷാശാസ്ത്രത്തിന്റെ ഉൾക്കാഴ്ചകളുപയോഗിച്ച് നോവലിലെ സംഭാഷണങ്ങളിൽ ഫ്യൂഡൽവിരുദ്ധ മനോഭാവം കടന്നുവരുന്നതിനെ സംബന്ധിച്ചും അദ്ദേഹം അന്വേഷിക്കുന്നുണ്ട്. അതേസമയം വൈരുധ്യമെന്നു പറയട്ടെ, ഫ്യൂഡലിസത്തിന്റെ അസംബന്ധങ്ങളെ തുടച്ചുമാറ്റാൻ ചന്തുമേനോൻ ആശ്രയിക്കുന്നത് സാമ്രാജ്യത്വത്തിന്റെ അസംബന്ധങ്ങളെയാണ്. നോവലിലെ ഒട്ടേറെ സന്ദർഭങ്ങൾ ഉദാഹരിച്ച് ബാലറാം ഇക്കാര്യം സമർഥിക്കുന്നുണ്ട്. 

അപ്പോൾ ഒരേസമയം ഫ്യൂഡൽ മനോഭാവത്തെയും സാമ്രാജ്യത്വ മനോഭാവത്തെയും താലോലിക്കുന്ന ഒരു മനസ്സ് ചന്തുമേനോനുണ്ടായിരുന്നു എന്നു വരുന്നു. നോവലിലെ മിക്ക സന്ദർഭങ്ങളിലും പ്രത്യക്ഷമായോ പരോക്ഷമായോ ചന്തുമേനോന്റെ ഈ മനസ്സ് നമുക്കു വായിച്ചെടുക്കാം. എന്നിട്ടും എന്തുകൊണ്ടാണ് ഇന്ദുലേഖ മലയാളിക്കു നിരുപദ്രവകരമായ ഒരു പ്രണയ നോവലായി തോന്നിയത്? ഇന്ദുലേഖ പിൻപറ്റുന്ന പ്രത്യയശാസ്ത്ര അടിത്തറയെ തിരിച്ചറിയാനാവാത്തവിധം നോവലിന്റെ കലാപരമായ മൂല്യം നമ്മെ കീഴടക്കിയിട്ടുണ്ടോ? 

ഒരു പരിധിവരെ മലയാളിയുടെ ആസ്വാദനബോധം ഇന്ദുലേഖയിലെ ഹാസ്യസന്ദർഭങ്ങളിലും പ്രണയ സന്ദർഭങ്ങളിലും കെട്ടിയിടപ്പെട്ടിരുന്നു എന്നതു വാസ്തവമാണ്. പിന്നെയുള്ളത് ജന്മിത്ത വ്യവസ്ഥയ്ക്കു നേരെ നോവലിൽ ഉന്നയിക്കപ്പെടുന്ന ചില ഉപരിപ്ലവ ചോദ്യങ്ങളിലും. മലയാളിയുടെ ആസ്വാദനബോധം ഇത്രയുംകൊണ്ടു തൃപ്തിപ്പെടും. എന്നാൽ പിൽക്കാലത്ത് പി.കെ. ബാലകൃഷ്ണനും എം.പി.ബാലറാമുമുൾപ്പെടെയുള്ള ചിലരാവട്ടെ അതുകൊണ്ടുമാത്രം തൃപ്തരായില്ല അവർ ഇന്ദുലേഖയെ തലനാരിഴകീറി പരിശോധിച്ചു. അപ്പോഴും നോവലിന്റെ കലാപരമായ നിലവാരത്തെക്കുറിച്ച് ഇവർ യാതൊന്നും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധിക്കണം. നോവലിലെ പതിനെട്ടാം അധ്യായത്തിന്റെ ഔചിത്യാനുചിത്യങ്ങളെക്കുറിച്ച് എം.പി.പോൾ തൊട്ടുള്ള മിക്ക വിമർശകരും അന്വേഷിച്ചിട്ടുണ്ട്. ഇതിനപ്പുറം നോവലിന്റെ മൊത്തത്തിലുള്ള കലാപരമായ പ്രശ്നങ്ങളെക്കുറിച്ച് അധികം വിമർശനങ്ങളുണ്ടായിട്ടില്ല. 

എന്നാൽ, 2008 ൽ ഇന്ദുലേഖ കലാപരമായി പരാജയപ്പെട്ട നോവലാണെന്ന് ഒട്ടേറെ ഉദാഹരണങ്ങൾ വഴി വി.സി.ശ്രീജൻ സമർഥിച്ചു. പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള വിചിത്രമായ പ്രണയം മുതൽ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും വസ്ത്രധാരണരീതികളും മനോഭാവങ്ങളും പരിശോധിച്ച് ഇന്ദുലേഖ എങ്ങനെയാണ് കലാപരമായി പരാജയപ്പെടുന്നത് എന്ന് അദ്ദേഹം സ്ഥാപിക്കുന്നുണ്ട്. ഒരു നോവൽ എന്ന നിലയിൽ ഇന്ദുലേഖ പരാജയപ്പെടാനുള്ള പ്രധാന കാരണം ഈ നോവലെഴുതാൻ ചന്തുമേനോൻ മാതൃകയാക്കിയ ആംഗലേയ നോവലിന്റെ നിലവാരക്കുറവാണെന്ന അഭിപ്രായമാണ് വി.സി.ശ്രീജനുള്ളത്.

ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ ഡിസ്രേലി എഴുതിയ ഹെന്റിയറ്റ ടെംപ്ൾ എന്ന നോവലിനെ മാതൃകയാക്കിയാണ് ചന്തുമേനോൻ ഇന്ദുലേഖ എഴുതിയത്. ഡിസ്രേലി ആംഗലേയ നോവലിസ്റ്റുകളിൽ രണ്ടാം നിരക്കാരനാണ്. ഹെന്റിയറ്റ ടെംപ്ൾ ആവട്ടെ അദ്ദേഹത്തിന്റെ അപ്രധാനമായ നോവലും. അതിനാൽ ചന്തുമേനോൻ എത്ര പരിശ്രമിച്ചാലും ഹെന്റിയറ്റ ടെംപിളിനെക്കാൾ മികച്ച നോവലെഴുതാൻ കഴിയില്ല. മികച്ച നോവൽ എഴുതാനാണ് ചന്തുമേനോന്റെ ഉദ്ദേശ്യമെങ്കിൽ അദ്ദേഹം ഡിസ്രേലിയെയല്ല മാതൃകയാക്കേണ്ടിയിരുന്നത്, മറിച്ച് ജെയിൻ ഓസ്റ്റിനെയോ തോമസ് ഹാർഡിയെയോ ആയിരുന്നു എന്നാണ് വി.സി. ശ്രീജൻ പറയുന്നത്. 

ഒരു രണ്ടാംകിട ഇംഗ്ലിഷ് നോവലിന്റെ മാതൃകയിൽ സ്ത്രീകൾക്കു വായിച്ചു രസിക്കാൻ ചന്തുമേനോൻ എഴുതിയ ഇന്ദുലേഖ കലാപരമായി പരാജയപ്പെട്ട രചനയാണെന്ന് ഇവിടെ വ്യക്തമാവുന്നു. നോവലിലെ ഉള്ളടക്കത്തിലേക്കു കടക്കുമ്പോഴാവട്ടെ, ഒരു ഭാഗത്ത് ഫ്യൂഡൽ അധികാരബന്ധങ്ങളോടുള്ള വിധേയത്വവും മറുഭാഗത്തു സാമ്രാജ്യത്വ താൽപര്യങ്ങളോടുള്ള വിധേയത്വവും നാം കാണുന്നു. യാഥാർഥ്യമിതായിട്ടും ഇന്ദുലേഖ എന്തുകൊണ്ടാണ് തലമുറകളായി മലയാളിയുടെ ആസ്വാദനബോധത്തെ തൃപ്തിപ്പെടുത്തുന്നത്? പി.കെ.ബാലകൃഷ്ണൻ തെറ്റിദ്ധരിച്ചതുപോലെ ചന്തുമേനോന്റെ ജീനിയസ് എല്ലാ പരിമിതികൾക്കും മുകളിലായതുകൊണ്ടാണോ? 

നോവലിസ്റ്റ് എന്ന നിലയിൽ ചന്തുമേനോന്റെ പരിമിതിയെക്കുറിച്ച് വി.സി. ശ്രീജൻ ചൂണ്ടിക്കാട്ടിയതു മാത്രം മതി പി.കെ. ബാലകൃഷ്ണൻ വരുത്തിയ തെറ്റിദ്ധാരണ മാറാൻ. ചില കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ ഫ്യൂഡൽ അധികാരത്തോടുള്ള പ്രതിരോധമുറ കാണുന്നുവെങ്കിലും നോവൽ ആകമാനം നോക്കുമ്പോൾ സാമ്രാജ്യത്വത്തിനു പരവതാനി വിരിച്ച നോവലാണ് ഇന്ദുലേഖയെന്ന് എം.പി.ബാലറാമും വ്യക്തമാക്കിയിട്ടുണ്ട്. 

ഈ വീക്ഷണങ്ങളെല്ലാം അടുത്തടുത്തു നിർത്തി ഇന്ദുലേഖ വായിക്കാനെടുക്കുന്ന നാളെത്തെ ഒരു വായനക്കാരൻ മലയാളിയുടെ സാഹിത്യാസ്വാദനബോധത്തെ സംബന്ധിച്ച് എന്തു തീർപ്പിലാണ് എത്തിച്ചേരുക? തന്റെ മനസ്സിൽ സങ്കൽപിച്ച കഥ അവതരിപ്പിക്കാനായി പദ്യം വിട്ട് ഗദ്യം സ്വീകരിച്ച ചന്തുമേനോനെ അക്കാലത്തെ സാഹിത്യാസ്വാദകർ കൗതുകത്തോടെ കണ്ടത് ആദ്യമായി അയാളുടെ ശ്രദ്ധയിൽപെടും. ചന്തുമേനോൻ ആംഗലേയ നോവലിനെ മാതൃകയാക്കിയതൊന്നും അന്നത്തെ വായനക്കാർ ശ്രദ്ധിക്കണമെന്നില്ല. ഇന്ദുലേഖയ്ക്ക് അക്കാലത്തുണ്ടായ വലിയ സ്വീകരണത്തിലും വരുംവായനക്കാരൻ അദ്ഭുതപ്പെടില്ല. അതേസമയം ഇന്ദുലേഖയ്ക്ക് പാരഡിയായി രചിക്കപ്പെട്ട പറങ്ങോടീപരിണയം അയാൾ പ്രത്യേകം ശ്രദ്ധിക്കും. ഇന്ദുലേഖയുടെ സർവസ്വീകാര്യതയെ അംഗീകരിക്കുന്നുണ്ടെങ്കിലും അങ്ങേയറ്റം ആക്ഷേപഹാസ്യരീതിയിൽ ചന്തുമേനോനെ വിമർശിക്കുന്ന നോവലാണിത്. 

എന്നാൽ, പിന്നീടിങ്ങോട്ടുള്ള വായനയുടെ ചരിത്രത്തിൽ ഇന്ദുലേഖ എങ്ങനെയൊക്കെ ആഘോഷിക്കപ്പെട്ടു എന്ന് പരിശോധിക്കുമ്പോഴാണ് മലയാളിയുടെ ഭാവുകത്വത്തെ ഭാവിയിലെ വായനക്കാരൻ ശരിയായി വിലയിരുത്തുക. സൂരിനമ്പൂതിരിപ്പാടിന്റെ കളിഭ്രമത്തിലും പതിനെട്ടാം അധ്യായത്തിലെ സംവാദഭ്രമത്തിലും അഭിരമിച്ച്, കേരളത്തിന്റെ നവോത്ഥാനത്തിലേക്കു നയിച്ച നോവലാണ് ഇന്ദുലേഖ എന്നു തീർച്ചപ്പെടുത്തിക്കൊണ്ടാണ് പിൽക്കാല വായനകളെല്ലാം നടന്നത് എന്ന് അയാൾ തീർച്ചയായും മനസ്സിലാക്കും. ഇന്ദുലേഖയെക്കുറിച്ച് ഇങ്ങനെയൊരു മുൻവിധി ആരുണ്ടാക്കിയതാണെങ്കിലും ആ മുൻവിധിക്ക് കീഴടങ്ങിയാണ് നാളിതുവരെ മലയാളി ഈ നോവലിനെ പഠിച്ചതും പഠിപ്പിച്ചതും. പി.കെ. ബാലകൃഷ്ണൻ, എം.പി. ബാലറാം, വി.സി.ശ്രീജൻ തുടങ്ങിയവരുടെ നവീനമായ കണ്ടെത്തലുകൾക്കുപോലും, പഴകിപ്പോയ ഈ മുൻവിധിയെ തിരുത്താൻ സാധിച്ചിട്ടില്ല എന്നതു വാസ്തവമാണ്. 

ഭൂതകാലത്തോട് അമിതമായി വിധേയത്വമുള്ള ജനതയാണ് കേരളീയർ. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഫ്യൂഡൽമനോഭാവം പെട്ടെന്നു കയ്യൊഴിയാൻ  നമുക്കാവില്ല. കാരണവർ പറയുന്നതെന്തും ശരിയായിരിക്കും എന്നു വിശ്വസിക്കാനാണ് ഫ്യൂഡൽ കാലത്തെന്നപോലെ ഇന്നും മലയാളിക്കു താൽപര്യം. വായനയുടെ കാര്യത്തിലും അങ്ങനെതന്നെ. പഞ്ചുമേനോനെ ധിക്കരിക്കുന്ന മാധവന്റെ സാഹസികതപോലും മലയാളി വായനക്കാർക്കില്ല. സാഹിത്യത്തിലെ പൂർവസൂരികൾ പറഞ്ഞുവച്ചത് അക്ഷരംപടി ശരിയായിരിക്കുമെന്നു കരുതാനാണ് ഏതു സാഹിത്യവിദ്യാർഥിയും ഇഷ്ടപ്പെടുക. അതുകൊണ്ടാണ്, ഇന്ദുലേഖ സൂരിനമ്പൂതിരിപ്പാടിനെ കളിയാക്കുന്നത് ചൂണ്ടിക്കാട്ടി ഇതാ നവോത്ഥാന നോവൽ എന്നു മുൻപ് ഒരാൾ പറഞ്ഞപ്പോൾ അതു കണ്ണുംപൂട്ടി ഏറ്റുപറയാൻ മലയാളിക്കു സാധിച്ചത്. ഈ ഏറ്റുപറച്ചിലിനിടയിൽ സംബന്ധസമ്പ്രദായത്തെ വാനോളം പുകഴ്ത്തിയ ഇന്ദുലേഖയെയും അതിനു നിയമപരമായി സാധൂകരണം നൽകാൻ യത്നിച്ച ചന്തുമേനോനെയും അവർ ശ്രദ്ധിച്ചില്ല. നോവലിൽ പ്രത്യക്ഷമായും പരോക്ഷമായും ഫ്യൂഡലിസത്തെയും സാമ്രാജ്യത്വത്തെയും ഒരുപോലെ സ്വാഗതം ചെയ്തതും അവർ കണ്ടില്ല. വാസ്തവത്തിൽ ഇതു വായനയുടെ ലക്ഷണമല്ല, ലക്ഷണക്കേടാണ്. അങ്ങനെ നോക്കുമ്പോൾ മലയാളിയുടെ വായനസംസ്കാരത്തിൽ ഇന്ദുലേഖ ആദ്യത്തെ ലക്ഷണമൊത്ത നോവലല്ല, ലക്ഷണംകെട്ട നോവലാണ്.

അവലംബഗ്രന്ഥങ്ങൾ

 1. ബാലകൃഷ്ണൻ പി.കെ. (2019) പി.കെ. ബാലകൃഷ്ണന്റെ ലേഖനങ്ങൾ, ഡി.സി. ബുക്സ്, കോട്ടയം. 

 2. ബാലറാം എം.പി. (2021)ഇന്ദുലേഖ വർത്തമാനപാഠങ്ങൾ, ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട്.

 3. ശ്രീജൻ വി.സി. (2018) അടിക്കുറിപ്പുകൾ, ലോഗോസ് ബുക്സ്, പാലക്കാട്. 

Content Summary: Malayalam Novel Indulekha, A Critical Novel Analysis in Malayalam by Dr. P. Sivaprasad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com