ADVERTISEMENT

(ദെസ്തയേവ്സ്കി മ്യൂസിയത്തിലെ സിനിമാ ചിത്രീകരണത്തിനുശേഷം അദ്ദേഹത്തെ അടക്കംചെയ്തിരിക്കുന്ന സെമിത്തേരിയിലേക്കു യാത്രയായി. നിരയായി ഇരുന്ന്, പൂക്കൾ വിൽക്കുന്ന ഒരു സ്ത്രീയുടെ അടുക്കൽ ചെന്ന് ഞാൻ പത്തു പൂക്കൾ തരാൻ പറഞ്ഞു. അവർ എന്നോടു ചോദിച്ചു: ‘ആരെങ്കിലും മരിച്ചുപോയോ?’ എഴുത്തുകാരുടെ റഷ്യൻ സന്ദർശനങ്ങളുടെയും ഒരു ഡോക്യുമെന്ററി ചിത്രീകരണത്തിന്റെയും ഓർമ)

പുഷ്ക്കിന്റെ സ്മാരകത്തിനു മുൻപിൽ, അവിടെ കൂടിയിരുന്ന എല്ലാവർക്കുംവേണ്ടി, ഒഎൻവി മലയാളത്തിലേക്കു തർജമ ചെയ്ത പുഷ്ക്കിന്റെ കവിത ഉറക്കെ ചൊല്ലി. 

memoir-on-the-indian-writers-russian-trip
ലെനിൻ ലൈബ്രറിയിൽ ഗ്രന്ഥരക്ഷാലയത്തിലെ റെക്കോർഡുകൾ പരിശോധിക്കുന്ന ഒഎൻവി

റഷ്യയുടെ ആത്മീയ ജീവിതത്തെ അതേപോലെ ചിത്രീകരിച്ച എഴുത്തുകാരനാണ് ദെസ്തയേവ്സ്കി. ലിയോ ടോൾസ്റ്റോയിയുടെ കൃതികൾ വിപ്ലവത്തിന്റെ കണ്ണാടി എന്നു വിളിക്കപ്പെട്ടപ്പോൾ ഫ്യോദർ  ദെസ്തയേവ്സ്കിയുടെ കൃതികൾ റഷ്യയുടെ ആത്മീയതയുടെ കണ്ണാടിയെന്നു വിശേഷിപ്പിക്കപ്പെട്ടു.  ദെസ്തയേവ്സ്കിയുടെ കൃതികൾ വായിച്ചാൽ ആത്മഹത്യയ്ക്ക് ഒരുങ്ങുമെന്ന് സദ്ഗുരു ഈയിടെ ഒരു വിഡിയോ അവതരണത്തിൽ ആരോപിച്ചിട്ടുണ്ട്.

സെന്റ് പീറ്റേഴ്സ്ബർഗിലെ കസ്സാൻ കത്തീഡ്രലിലെ ദൈവമാതാവിന്റെ രൂപത്തിനു മുൻപിൽ നിന്നു പ്രാർഥിക്കുന്ന ദെസ്തയേവ്സ്കി, അതേ മാതാവിന്റെ മുൻപിൽ നിന്നു ദൈവമാതാവിനോടു വഴക്കു കൂടുന്ന  ദെസ്തയേവ്സ്കി. റഷ്യക്കാരുടെ സങ്കീർണ ജീവിതരീതികളെ ഇത്രയധികം വെളിപ്പെടുത്തിക്കാട്ടിയ ഒരു എഴുത്തുകാരനുമില്ല. ഇതാ അദ്ദേഹത്തിന്റെ ‘കാരമസോവ് സഹോദരന്മാർ’ എന്ന നോവലിലെ ഒരു കഥാപാത്രത്തെക്കൊണ്ടു പറയിപ്പിക്കുന്ന ‘ഉള്ളി’ എന്ന ഒരു ചെറുകഥ.

memoir-on-the-indian-writers-russian-trip
ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക് എന്ന ഡോക്യുമെന്ററിയിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും

‘ഒരിക്കൽ പ്രമാണിയായ ഒരു കർഷകസ്ത്രീ ഉണ്ടായിരുന്നു. അവൾ വളരെ ദുഷ്ടയായ ഒരു സ്ത്രീയായിരുന്നു. അവൾ മരിച്ചു. ഒരു നല്ല പ്രവൃത്തിപോലും ചെയ്തിട്ടല്ല മരിച്ചത്. പിശാചുക്കൾ അവളെ പിടികൂടി തീപ്പൊയ്കയിൽ ഇട്ടു. അപ്പോൾ അവളുടെ കാവൽമാലാഖ അവളുടെ എന്തു നല്ല പ്രവൃത്തിയാണ് ദൈവത്തോടു പറയാൻ അവൾ ഓർക്കുന്നതെന്നു ചോദിച്ചു മനസ്സിലാക്കി, ദൈവത്തോടു പറഞ്ഞു: 

‘ഒരിക്കൽ അവൾ അവളുടെ തോട്ടത്തിൽ ഒരു ഉള്ളി (വള്ളിയോടു കൂടിയുള്ള സവോള ഉള്ളി) പറിച്ചെടുത്ത്ഒരു യാചകസ്ത്രീക്കു കൊടുത്തു.’ 

ദൈവം മറുപടി പറഞ്ഞു: ‘നീ ആ ഉള്ളി എടുത്ത് തടാകത്തിൽനിന്ന് അവളെ പിടിച്ചെടുക്കുക. എന്നാൽ, ഉള്ളി പൊട്ടിയാൽ ആ സ്ത്രീ അവൾ എവിടെയാണോ അവിടെത്തന്നെ ആയിരിക്കണം.’ 

കാവൽമാലാഖ ആ സ്ത്രീയുടെ അടുത്തേക്ക് ഓടിച്ചെന്ന് ഉള്ളി അവളുടെ നേരെ നീട്ടി, ‘വരൂ, പിടിക്കൂ, ഞാൻ നിന്നെ പുറത്തെടുക്കാം’ എന്നു പറഞ്ഞു. കാവൽമാലാഖ ശ്രദ്ധയോടെ അവളെ പുറത്തെടുക്കാൻ തുടങ്ങി. തടാകത്തിൽ, മറ്റു പാപികൾ, അവൾ എങ്ങനെ വലിച്ചെടുക്കപ്പെടുന്നുവെന്നു കണ്ട്, അവളുടെ കാലിൽ പിടിക്കാൻ തുടങ്ങിയപ്പോൾ, അവൾ അവരെ തൊഴിക്കുവാൻ തുടങ്ങി. കാരണം, അവൾ വളരെ ദുഷ്ടയായ സ്ത്രീയായിരുന്നു. അവൾ അവരെ തൊഴിച്ചുമാറ്റിക്കൊണ്ട് അലറിപ്പറഞ്ഞു:

 ‘ഞാനാണ് പുറത്തു കടക്കേണ്ടത്, ഇത് എന്റെ ഉള്ളിയാണ്, നിങ്ങളുടേതല്ല.’ അവൾ ഇതു പറഞ്ഞതും ഉള്ളി ചതഞ്ഞു പൊട്ടി. ആ സ്ത്രീ തടാകത്തിൽ വീണു. അവൾ ഇന്നും അവിടെക്കിടന്നു കത്തുന്നു. കാവൽമാലാഖ കരഞ്ഞുകൊണ്ടു തിരികെ പോയി.’ (ഈ ചെറുകഥയെക്കുറിച്ചുള്ള അവലോകനം ലേഖനത്തിന്റെ ഒടുവിൽ കൊടുത്തിട്ടുണ്ട്).

memoir-on-the-indian-writers-russian-trip
സോവിയറ്റ് ഫെഡറേഷൻ എക്കോളജി ഡിപ്പാർട്മെന്റ് ഒഎൻവിക്ക് പുരസ്കാരം നൽകുന്നു

നമ്മുടെ കവി ഒഎൻവി കുറുപ്പ് പത്നീസമേതം 2013 ലെ ശരത്കാലത്ത്, മോസ്കോയിലെത്തി. പത്തു ദിവസത്തേക്ക്. സോവിയറ്റ് യൂണിയന്റെ വിഭജനശേഷം, സോഷ്യലിസ്റ്റ് സംഹിത മാറി മുതലാളിത്ത ഭരണക്രമം വന്നപ്പോൾ അവിടുത്തെ സാധാരണക്കാരുടെ ജീവിതരീതിയിൽ എന്തു മാറ്റം വന്നു എന്നു നേരിൽ കാണാൻ വളരെയധികം ആഗ്രഹമുണ്ടെന്ന് എന്നോടു  പലയാവർത്തി പറഞ്ഞതിനെ തുടർന്ന് ഞാനദ്ദേഹത്തെ മോസ്കോയിലേക്ക് കൊണ്ടുവരികയായിരുന്നു. 82 വയസ്സുണ്ടായിരുന്നു അന്നദ്ദേഹത്തിന്. 

പുഷ്കിൻ മ്യൂസിയവും ലെനിൻ ലൈബ്രറിയും ബൾഷോയി തിയറ്ററിലെ ബാലേയും ടോൾസ്റ്റോയി, ഗോർക്കി, ഗോഗുൾ, ചെഖോവ്, യെസ്നിൻസ്കി മ്യൂസിയങ്ങളും മറ്റു കലാസാംസ്കാരികകേന്ദ്രങ്ങളും കണ്ടു. പുഷ്ക്കിന്റെ സ്മാരകത്തിനു മുൻപിൽ, അവിടെ കൂടിയിരുന്ന എല്ലാവർക്കുംവേണ്ടി, അദ്ദേഹം മലയാളത്തിലേക്കു തർജമ ചെയ്ത പുഷ്ക്കിന്റെ കവിത ഉറക്കെ ചൊല്ലി. പിന്നീടു മോസ്കോ യൂണിവേഴ്സിറ്റിയോടനുബന്ധിച്ച ഹാളിൽ, നിറഞ്ഞ സദസ്സിൽ നടന്ന കവിസമ്മേളനത്തിൽ സ്വന്തം കവിതയായ ‘ഭൂമിക്കൊരു ചരമഗീതം’ പാടി. അദ്ദേഹം എഴുതിയ അറുപത്തിനാലു കവിതകളുടെ റഷ്യൻ പരിഭാഷാ സമുച്ചയമായ പുസ്തകത്തിന്റെ ഔപചാരിക പ്രസിദ്ധീകരണവും നടന്നു. റഷ്യൻ വിദേശകാര്യമന്ത്രി  സെർഗിയേവ് ലാവ്റോവ് ആ പുസ്തകത്തിന് ഒരു മുഖവുര എഴുതി. ഇന്ത്യയിലെ റഷ്യൻ അംബാസഡറും റഷ്യയിലെ ഇന്ത്യൻ അംബാസഡറും ആശംസകൾ എഴുതി. 

1970 മുതൽ ഞങ്ങൾ വളരെ അടുത്തറിഞ്ഞിരുന്നു. ഞങ്ങളോടൊപ്പം പ്രവർത്തിച്ച പലരും മൺമറഞ്ഞുപോയി. മനുഷ്യസൗഹൃദത്തിനും ലോകസമാധാനത്തിനുംവേണ്ടി പ്രവർത്തിച്ച് ജീവിതമർപ്പിച്ച അവർക്കായി ‘പുതിയ സൂര്യൻ, പുതിയ ആകാശം, പുതിയ ഭൂമി’ എന്ന പേരോടുകൂടി ആ പുസ്തകം ഞാൻ പ്രസിദ്ധീകരിച്ചു. അക്കൊല്ലത്തെ ഓണാഘോഷത്തിൽ ആയിരത്തോളം വരുന്ന മലയാളികൾക്ക് ഒഎൻവിയുടെ സാന്നിധ്യം അനുഭവപ്പെട്ടു. ഓണാഘോഷത്തിനു മാവേലി വേഷവും ഓലക്കുടയുമൊക്കെയായിട്ടാണ് അദ്ദേഹത്തെ സ്വീകരിച്ചത്. എല്ലാവർക്കും വാഴയിലയിൽ ഓണസദ്യയും.

1978 ൽ ടോൾസ്റ്റോയിയുടെ 150–ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ ഒഎൻവി അന്നവിടെ ആകെ 22 മലയാളികളുടെ ഓണാഘോഷത്തിൽ, ഒരു കവിത എഴുതിപ്പാടി. ആ കവിത 2013 ലെ ഓണാഘോഷത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഞാനും പാടി. ടോൾസ്റ്റോയിയുടെ ജന്മനാടായ യാസ്നാപൊലിയാനയിലേക്കുള്ള ട്രെയിൻയാത്രയിൽ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത ഒരു റഷ്യക്കാരൻ നിങ്ങൾ ഏതു രാജ്യത്തുനിന്നാണു വന്നിരിക്കുന്നതെന്നു ചോദിച്ചു. ഞാൻ ഇന്ത്യയിൽ നിന്നാണ് എന്ന് ഒഎൻവി മറുപടി പറഞ്ഞു. ഉടനെ അയാൾ സീറ്റിൽനിന്ന് എഴുന്നേറ്റുവന്ന് ഒഎൻവിയുടെ ഇരുകൈകളിലും പിടിച്ചുകൊണ്ടു പറഞ്ഞു: ‘ഞാൻ അങ്ങേയറ്റം സ്നേഹിക്കുകയും ബഹുമാനിക്കുകയും െചയ്യുന്ന രാജ്യമാണ് ഇന്ത്യ. കാരണം, നിങ്ങളുടെ രാജ്യം മാത്രമേ ഞങ്ങളുടെ രാജ്യത്തെ ആക്രമിക്കില്ല എന്ന് ഉറപ്പുള്ളതായിട്ടുള്ളൂ.’ ഇക്കാര്യം പല പ്രസംഗങ്ങളിലും ഒഎൻവി പറഞ്ഞിട്ടുണ്ട്. 

memoir-on-the-indian-writers-russian-trip
മോസ്കോ ചന്ദ്രന്റെ മകളും കൊച്ചുമകളുമൊത്ത് ഒഎൻവിയും പത്നിയും

മോസ്കോയിൽനിന്നു സെന്റ് പീറ്റേഴ്സ്ബർഗിലേക്കുള്ള ട്രെയിൻ യാത്രയിൽ, മോസ്കോയിൽ ദീർഘകാലം ഉണ്ടായിരുന്ന ചന്ദ്രന്റെ മകൾ കരീനയുടെ മകൾ അലോണയും എന്റെ മകൾ വലേറിയയും ഉണ്ടായിരുന്നു. ഒഎൻവി ട്രെയിനിലെ ആ യാത്രയിൽ മുഴുവൻ അവരുമായി സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കുകയായിരുന്നു.

അദ്ദേഹത്തോടൊപ്പം മുൻപു കേരളത്തിൽ ഇന്തോ–സോവിയറ്റ് സാംസ്കാരിക സമിതിയുടെ പരിപാടികൾക്കായി ഒരുമിച്ചു യാത്ര ചെയ്തപ്പോഴൊക്കെ ദീർഘനേരം സംസാരിച്ചിരുന്നു. അദ്ദേഹത്തെ വീട്ടിൽ പോയി കാണുമ്പോഴും റഷ്യയിൽ വന്നപ്പോഴും അതു തുടർന്നു. സോവിയറ്റിസത്തിനപ്പുറത്തു പോയി, റഷ്യക്കാരുടെ ഹൃദയം അദ്ദേഹം അന്വേഷിച്ചിരുന്നു. 

ഒരവസരത്തിൽ എന്നോടു പറഞ്ഞു: ‘മനസ്സിനുള്ളിലെ വേദനയും യാതനയും നോക്കിയാൽ ഇന്ത്യക്കാരും റഷ്യാക്കാരും, പ്രത്യേകിച്ച് സ്ത്രീകൾ, ഇരട്ടകളാണ്.’ ഞാൻ സംശയിച്ചു. അദ്ദേഹം തുടർന്നു പറഞ്ഞു: ‘ദാരിദ്ര്യത്തിന്റെ യാതനയിൽ ഇന്ത്യക്കാരും യുദ്ധത്തിൽ മരിച്ചു വീണവരുടെ ഓർമയിൽ യാതനയിൽ മുഴുകുന്ന റഷ്യക്കാരും ഏകദേശം ഒരുപോലെതന്നെയാണ്.’ ഹൃദയം അന്വേഷിച്ച കവി.

ഒഎൻവിയെ സെന്റ് പീറ്റേഴ്സ്ബർഗിലെ പ്രശസ്ത എറ്മത്താഷ് ചിത്രാലയം കാണിക്കുവാൻ കൊണ്ടുപോയി. വീൽചെയറിൽ ഞാൻ തന്നെ തള്ളിക്കൊണ്ടാണു പോയത്. ദെസ്തയേവ്സ്കിയുടെ മനോഹരമായ ചിത്രത്തിനു മുൻപിൽ എത്തിയപ്പോൾ കുറച്ചുനേരം അവിടെ നിർത്താൻ എന്നോടു പറഞ്ഞു. ചിത്രത്തിനു മുൻപിൽ ഭക്തിപുരസ്സരം തലതാഴ്ത്തി വീൽചെയറിൽ ഇരിക്കുന്ന ഒഎൻവിയെയും വീൽചെയറിൽ പിടിച്ചു നിൽക്കുന്ന എന്നെയും കാഴ്ചക്കാർ കൗതുകപൂർവം നോക്കിപ്പോകുന്നതു കണ്ടു.

ദീർഘകാലം സോവിയറ്റ് ആരാധകനായിരുന്ന ഞാൻ സോവിയറ്റു യൂണിയനിൽ പോയി താമസിക്കുകയും പിന്നീടു സോവിയറ്റ് വിഘടനത്തിനുശേഷം റഷ്യയിൽ, അവരുടെ മാത്രം സംസ്കാരത്തിൽ, ആഴത്തിൽ മുങ്ങുകയും ചെയ്ത എനിക്ക് അവരുടേതായ ജീവിതരീതിയും സംസ്കാരവും നന്നായി അറിയാം. ഒരു നാൽപതു പതിറ്റാണ്ടിന്റെ അനുഭവമാണത്. യുക്രെയ്നും ബലറൂസും റഷ്യയും കൂടിയ പഴയ റഷ്യ. വെവ്വേറെ ആയ റഷ്യക്കാർ. പാക്കിസ്ഥാനും ഇന്ത്യയുമായി ഇന്ത്യയെ വിഭജിച്ചപോലെ, വിഭജിക്കപ്പെട്ട റഷ്യക്കാർ.

ഒഎൻവിയും പത്നി സരോജിനിയും മടക്കയാത്രയ്ക്കൊരുങ്ങിയപ്പോൾ എന്റെ മകൾ യാത്ര ചോദിക്കാൻ ഹോട്ടലിൽ പോയി. ഒരു മുത്തച്ഛന്റെ സ്നേഹത്തോടെ അടുത്തു നിർത്തി അവളോടു ചോദിച്ചു: ‘നിനക്കു നിന്റെ ഡാഡിയെ നന്നായി അറിയാമോ?’ അവൾ പരുങ്ങലോടെ പറഞ്ഞു: ‘കുറെയൊക്കെ.’

ഒഎൻവി എന്നെയും സരോജിനിച്ചേച്ചിയെയും അൽപം മാറ്റി നിർത്തി, എന്റെ ഒരു ചെറിയ ബയോഗ്രഫിതന്നെ അവളോടു പറഞ്ഞു. വളരെ ചെറുപ്പകാലത്തുതന്നെ ട്രേഡ് യൂണിയൻ നേതാവായതും ഇന്തോ–സോവിയറ്റ് കൾച്ചറൽ സൊസൈറ്റിയുടെ പ്രമുഖ പ്രവർത്തകനായതും, പ്രധാനപ്പെട്ട  രാഷ്ട്രീയ സാംസ്കാരിക നേതാക്കളുമായി എനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചുമൊക്കെ വിവരിച്ചു പറഞ്ഞു. 

ഇടയ്ക്കു കയറി ഞാൻ പറഞ്ഞു: ‘അവള് പൊയ്ക്കോട്ടെ നമുക്ക് പായ്ക്ക് ചെയ്യണം, എയർപോർട്ടിലെത്തണ്ടേ?’ ഒഎൻവി അവളോടു തുടർന്നു: ‘മുപ്പത്തിമൂന്നാം വയസ്സിൽ ഞങ്ങളെയെല്ലാം വിട്ട് ചെറിയാൻ മോസ്കോയിലേക്കു പോയി. ശർമാജിക്കും മറ്റു മുതിർന്ന സ്നേഹിതന്മാരോടുമൊപ്പം ഞാനും ചെറിയാനെ യാത്രയാക്കാൻ തിരുവനന്തപുരം എയർപോർട്ടിൽ പോയിരുന്നു. അന്ന് അതൊരു വലിയ നഷ്ടമായിരുന്നു. എന്നാൽ, വിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചുവരുമല്ലോ എന്നായിരുന്നു ഞങ്ങൾ ചിന്തിച്ചിരുന്നത്. ഇപ്പോളിതാ ചെറിയാന്റെ സുന്ദരിയായ റഷ്യൻ മകൾ എന്റെ മുൻപിൽ നിൽക്കുന്നു. അന്ന് ഞങ്ങൾക്കതൊരു നഷ്ടമായിട്ടും റഷ്യക്കതൊരു ലാഭമായിട്ടുമൊക്കെ തോന്നിയെങ്കിലും നിന്നെ കാണുമ്പോൾ ആ സൗഹൃദ–സമാധാനപ്രസ്ഥാനം തുടരുന്നതിന് നിന്റെ പിതാവിനോടൊപ്പം നീകൂടി ഉണ്ടാകുമല്ലോ എന്ന് ആശ്വസിക്കുകയാണ്. നീ മലയാളം പഠിക്കണം. എല്ലാ അനുഗ്രഹങ്ങളും ഞാൻ  നേരുന്നു.’ തലയിൽ കൈവച്ച് അനുഗ്രഹിച്ച് നെറുകയിൽ ചുംബിച്ച് ഒഎൻവി അവളെ യാത്രയാക്കി.

റഷ്യയുടെ പ്രിയപ്പെട്ട മലയാളകവിയാണ് ഒഎൻവി. 2000 ത്തിൽ ഒഎൻവി എഴുതി, ‘സമുദ്രത്തിലെ പവിഴമുത്തുപോലെ മനുഷ്യത്വമാണ് കവിതയെ കൊണ്ടുവന്നു വളർത്തുന്നത്. മറ്റുള്ളവർക്ക് മുത്തു നൽകാനും ഭൂമിയുടെ ഏതോ കോണിൽ അപ്രത്യക്ഷമാകാനും തന്റെ നെഞ്ച് പൊട്ടിക്കാൻ വിധിക്കപ്പെട്ട ചിപ്പിയാണ് കവി.’

2015 ൽ റഷ്യൻ ഗവൺമെന്റ് ഏറ്റവും അഭിമാനകരമായ ദേശീയ അവാർഡുകളിലൊന്നായ പുഷ്ക്കിൻ മെഡൽ നൽകി ഒഎൻവിയെ ആദരിച്ചു. നിർഭാഗ്യവശാൽ അസുഖംമൂലം അദ്ദേഹത്തിന് അവാർഡ് സമർപ്പണത്തിൽ മോസ്കോയിലെത്താനായില്ല. അതിനാൽ പ്രസിഡന്റിന്റെ മെഡൽ, ഡൽഹിയിലെ റഷ്യൻ എംബസി വഴി ഒഎൻവിക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു. അഭിമാനകരമായ ഈ അവാർഡ് അദ്ദേഹത്തിനു ലഭിക്കുന്നതിനു ചില അടിസ്ഥാന പശ്ചാത്തല കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഒഎൻവിക്കു കിട്ടിയ അവസാനത്തെ അവാർഡായിരുന്നു അത്.

രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റുയൂണിയനിൽ മരിച്ചുവീണത് രണ്ടു കോടി എഴുപതു ലക്ഷം സോവിയറ്റ് പൗരന്മാരാണ്. അതിനെക്കാളേറെ ക്ഷതമേറ്റവരും. ജർമൻപടയെ കീഴടക്കി യുദ്ധത്തിൽ വിജയിച്ച സോവിയറ്റു യൂണിയന്റെ, ക്രെംലിനിൽ നടന്ന വിജയാഘോഷവിരുന്ന്, പട്ടാളമേധാവികളും പാർട്ടി നേതാക്കന്മാരും തൊഴിലാളികളും കൃഷിപ്പണിക്കാരും റഷ്യൻ ഓർത്തഡോക്സ് സഭാവിശ്വാസികളും മറ്റു മതക്കാരും ശാസ്ത്രജ്ഞന്മാരും എഴുത്തുകാരുമൊക്കെയുള്ള വലിയ സദസ്സായിരുന്നു. അവരെ എല്ലാവരെയും അഭിസംബോധന ചെയ്തുകൊണ്ട് സോവിയറ്റ് ആർമിയുടെ തലവൻ ജോസഫ് സ്റ്റാലിൻ ചെയ്ത പാനോപചാര പ്രസംഗം, ഒറ്റ വാചകത്തിലായിരുന്നു. ‘ഇമെന്ന സ്സ റൂസ്ക്കവ നറോദ’ (റഷ്യാക്കാർക്കുവേണ്ടിത്തന്നെ ഈ പാനപാത്രം ഉയർത്തുന്നു).

ഒരു സങ്കീർത്തനംപോലെ എന്ന നോവലിനെ ആസ്പദമാക്കി, ഷൈനി ജേക്കബ് ബഞ്ചമിൻ സംവിധാനം ചെയ്ത ‘തിരിച്ചു തരാൻ ഒരു പുസ്തകം മാത്രം’ (In return: just a book) എന്ന ചിത്രത്തിന്റെ സെന്റ് പീറ്റേഴ്സ്ബർഗിലെ ഷൂട്ടിങ് സമയം. (ഞാനായിരുന്നു കോ–പ്രൊഡ്യൂസർ). നോവലിസ്റ്റ് പെരുമ്പടവം ശ്രീധരനെ സ്യൂട്ടും ഷൂസും ഓവർക്കോട്ടുമൊക്കെ ധരിപ്പിച്ച് ഒരു ദിവസം വൈകുന്നേരം സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കസ്സാൻ കത്തീഡ്രലിൽ കൊണ്ടുപോയി. ദെസ്തയേവ്സ്കി പലപ്പോഴും പോയ ആ പള്ളിയും മാതാവിന്റെ രൂപവും പെരുമ്പടവത്തെ ഒന്നു കാണിക്കുവാനായിരുന്നു എന്റെ പരിപാടി. പള്ളിക്കകത്ത് പ്രാർഥിക്കുവാനും മെഴുകുതിരി കത്തിക്കുവാനുമായി കുറെപ്പേർ ഉണ്ട്. മാതാവിന്റെ പ്രശസ്ത രൂപത്തിന്റെ (ഐക്കോൺ)മുൻപിൽ നീണ്ട നിര. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വേണം ഐക്കോണിന്റെ മുൻപിലെത്താൻ. ഇരുപതു സെക്കൻഡ് മാത്രമേ ഐക്കോണിന്റെ മുൻപിൽ ഒരാൾക്കു പ്രാർഥിച്ചു നിൽക്കാവൂ. 

മെഴുകുതിരി സ്റ്റാൻഡും ഐക്കോണുകളും വൃത്തിയാക്കുന്ന ഒരു കന്യാസ്ത്രീയമ്മയെ കണ്ടു. അവരോട് ‘ദൂരേന്നു വന്നതാണ് വരി മുറിച്ചു കടത്തി ഞങ്ങളെ ഐക്കോണിന്റെ മുൻപിൽ വിടാമോ’ എന്നു ചോദിച്ചു. 

‘സാധ്യമല്ല, എല്ലാവരും ക്യൂ നിന്ന് കടന്നുചെന്നു വേണം പ്രാർഥിക്കാൻ.’ 

വീണ്ടും ഞാൻ പറഞ്ഞു: ‘ഒരു പ്രശസ്ത ഇന്ത്യക്കാരനായ എഴുത്തുകാരനാണ്.’ ‘ഇവിടെ വരുന്നവരെല്ലാം സ്വദേശീയരും വിദേശീയരും എഴുത്തുകാരുമൊക്കെയാണ്.’ 

ഞാൻ വിട്ടില്ല. ‘ഈ എഴുത്തുകാരൻ  ദെസ്തയേവ്സ്കിയെ ആസ്പദമാക്കി പുസ്തകം എഴുതിയ പ്രശസ്ത എഴുത്തുകാരനാണ്, പ്ലീസ്.’ 

കന്യാസ്ത്രീയമ്മ കയ്യിലുണ്ടായിരുന്നതെല്ലാം അവിടെ ഇട്ടിട്ട് ഞങ്ങളെയുംകൊണ്ട് ക്യൂവിന്റെ നേരെ മുൻപിൽ കൊണ്ടു നിർത്തി. പെരുമ്പടവം ആദരവോടെ ഐക്കോണിനു നേരെ മുൻപിൽ നിന്നു. ഇരുപതു സെക്കൻഡ് കഴിഞ്ഞു ഞാൻ ചെവിയിൽ പറഞ്ഞു, ‘പോകാം.’ ആരു കേൾക്കാൻ? ക്യൂവിൽ നിൽക്കുന്ന ക്ഷമാശീലരായ റഷ്യക്കാരെ എനിക്കറിയാം. ഞാൻ അവരെ ആംഗ്യം കാണിച്ചു, ‘എന്തു ചെയ്യാൻ?’

പകരം അവരും ആംഗ്യം കാണിച്ചു, ‘പ്രാർഥിച്ചോട്ടെ.’ 

വീണ്ടും ഇരുപതു സെക്കൻഡ് കഴിഞ്ഞപ്പോൾ ‘നമുക്ക് പോകാൻ സമയമായി’ എന്ന് ചെവിയിൽ പതുക്കെ പറഞ്ഞു. നിശ്ചലനായി പെരുമ്പടവം നിൽക്കുന്നു. ഞാൻ ദൂരെനിന്ന് ഞങ്ങളെ നോക്കി നിൽക്കുന്ന കന്യാസ്ത്രീയെ നോക്കി. അതാ അവർ ചിരിക്കുന്നു. എനിക്കു സമാധാനമായി. 

അടുത്ത ഇരുപതു സെക്കൻഡുകൂടി കഴിഞ്ഞപ്പോൾ ഞാൻ പെരുമ്പടവത്തിന്റെയും ഐക്കോണിന്റെയും ഇടയിൽ കയറി പതുക്കെ ഉന്തിമാറ്റിക്കൊണ്ട് പറഞ്ഞു: ‘നമുക്ക് പോകണം.’ മറുപടിയായി പെരുമ്പടവം പറഞ്ഞു: ‘ഇപ്പോൾ എനിക്കു മനസ്സിലായി,  ദെസ്തയേവ്സ്കി ഇവിടെ വന്നു പ്രാർഥിച്ചത് എന്തുകൊണ്ടാണെന്ന്.’ 

memoir-on-the-indian-writers-russian-trip
പെരുമ്പടവം ശ്രീധരൻ, ദെസ്തയേവസ്കിയായി അഭിനയിച്ച വ്ലാദിമിർ പൊസ്റ്റ് നിക്കോവ്, അന്നയായി വേഷമിട്ട ഒസ്കാന കരിഷ്മീന, സംവിധായിക ഷൈനി ബെഞ്ചമിൻ, കോ പ്രൊഡ്യൂസർ ഡോ. ചെറിയാൻ ഈപ്പൻ

ദെസ്തയേവ്സ്കി മ്യൂസിയത്തിലെ സിനിമാ ചിത്രീകരണത്തിനുശേഷം അദ്ദേഹത്തെ അടക്കംചെയ്തിരിക്കുന്ന അലക്സാണ്ടർ നിവസ്ക്കി മൊണാസ്റ്ററിയിലെ സെമിത്തേരിയിലേക്കു യാത്രയായി. നിരയായി ഇരുന്ന്, പൂക്കൾ വിൽക്കുന്ന ഒരു സ്ത്രീയുടെ അടുക്കൽ ചെന്ന് ഞാൻ പത്തു പൂക്കൾ തരാൻ പറഞ്ഞു. അവർ എന്നോടു ചോദിച്ചു: ‘ആരെങ്കിലും മരിച്ചുപോയോ?’

ഞാൻ മറുപടി പറഞ്ഞു: ‘ഇല്ല,  ദെസ്തയേവ്സ്കിയുടെ ശവകുടീരത്തിലേക്കു പോവുകയാണ്.’ 

പൂക്കളുടെ വില കൊടുത്തപ്പോൾ അവർ രണ്ടു പൂക്കൾകൂടി എന്റെ കയ്യിൽ തന്നു പറഞ്ഞു: ‘ഈ രണ്ടു പൂക്കൾകൂടി എനിക്കുവേണ്ടി അവിടെ വയ്ക്കാമോ?’ 

ഞാൻ പറഞ്ഞു: ‘തീർച്ചയായും, നിങ്ങൾ  ദെസ്തയേവ്സ്കിയുടെ കൃതികൾ വായിച്ചിട്ടുണ്ടോ?’ 

‘ഉണ്ടോന്നോ? കോളജുകാലത്തേ വായിച്ചിട്ടുണ്ട്.’ 

ഞാൻ ചോദിച്ചു: ‘പഠിത്തം പൂർത്തിയാക്കിയിരുന്നോ?’

‘പൂർത്തിയാക്കി. ഡിഗ്രിയും കിട്ടി, ജോലിയും കിട്ടി. സോവിയറ്റു യൂണിയന്റെ പതനത്തോടെ ജോലി പോയി. ഇപ്പോൾ പൂക്കൾ വിൽക്കുന്നു. കുടുംബം ഉണ്ട്, കഴിയണ്ടേ?’

(മൃതശരീരത്തിലും ശവകുടീരത്തിലും റഷ്യക്കാർ ഇരട്ട സംഖ്യയിലേ പൂക്കൾ വയ്ക്കൂ. പ്രണയത്തിനും, അഭിനന്ദനങ്ങൾക്കും ഒക്കെ ഒറ്റസംഖ്യ) ഏറെ നാൾ റഷ്യക്കാരിൽ ഒരാളായി ജീവിക്കുന്ന എനിക്ക് അക്കാര്യം പെട്ടെന്നു മനസ്സിലായി. പെരുമ്പടവം ശ്രീധരനോടൊപ്പം ഷൈനിയോടും ഇക്കാര്യം ഞാൻ പറഞ്ഞു. അവർ പറഞ്ഞു: ‘നാട്ടിൽ ഇക്കാര്യം ഞങ്ങൾ പറയും.’

ശവകുടീരത്തിൽ പൂക്കൾ വയ്ക്കുന്ന രംഗത്തിന്റെ പശ്ചാത്തല സംഗീതമായി ഒരു റഷ്യൻ മൊണാസ്റ്ററിയിൽ പാടുന്ന ഹെരൂബിയ ക്വയർ കൊടുക്കണമെന്നു ഷൈനിയോടു ഞാൻ പറഞ്ഞ് മ്യൂസിക് കൊടുക്കുകയും ചെയ്തു. എന്നാൽ, എഡിറ്റ് ചെയ്തപ്പോൾ ഫിലിമിൽ അതു നഷ്ടപ്പെട്ടതായി കണ്ടു.

കരമസോവ് സഹോദരന്മാർ എന്ന നോവലിന്റെ തുടക്കത്തിൽ കൊടുത്തിരിക്കുന്ന സ്മാരക വാക്യംതന്നെയാണ് ദെസ്തയേവ്സ്കിയുടെ ശവകുടീരത്തിലും കൊത്തിവച്ചിരിക്കുന്നത്. ‘ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അതു തനിയെ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും.’(ബൈബിൾ – യോഹന്നാൻ 12:24).

തിരുവനന്തപുരത്തെ റഷ്യൻ കൾച്ചറൽ സെന്ററിന്റെ ഡയറക്ടറും ഓണററി കോൺസലുമായ ഡോ. രതീഷ് നായരും സംവിധായിക ഷൈനി ബഞ്ചമിനും ജീവൻ ടിവി ഡയറക്ടറും ചലച്ചിത്ര നിർമാതാവുമായ സോമതീരം ബേബി മാത്യുവും പെരുമ്പടവം ശ്രീധരന്റെ നോവലിനെ ആസ്പദമാക്കി സക്കറിയ എഴുതിയ തിരക്കഥയിൽ ഡോക്യു–ഫിക്‌ഷൻ ചിത്രം റഷ്യയിൽ എടുക്കണമെന്ന താൽപര്യം പറഞ്ഞപ്പോൾ, ആദ്യം ഞാൻ വിസമ്മതിച്ചു. ദെസ്തയേവ്സ്കി നായകനായ പെരുമ്പടവത്തിന്റെ ‘ഒരു സങ്കീർത്തനം പോലെ’ എന്ന പ്രശസ്ത നോവലാണ് ഫിലിമിന്റെ മൂലരൂപം എന്നു മനസ്സിലാക്കിയപ്പോൾ ഞാൻ സമ്മതിക്കുകയും അതിനായി പണം മുടക്കുകയും ചെയ്തു.

സംവിധായിക ഷൈനി ബഞ്ചമിനോടൊപ്പം പ്രശസ്ത ഫിലിം പ്രൊഡ്യൂസർ അൽവത്തീനയും അവരുടെ ടീമും ദെസ്തയേവ്സ്കിയായി അഭിനയിച്ച മറീന തിയറ്ററിലെ വ്ലാദിമീറും, അന്നയായി അഭിനയിച്ച ഒക്സാനയും ഒക്കെയാണ് ഈ ഫിലിമിന്റെ വിജയത്തിനു കാരണം. (ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട കുതിര, ‘ഗോൺ വിത്ത് ദ് വിൻഡ്’, ‘കുറ്റവും ശിക്ഷയും’ തുടങ്ങിയ ഫിലിമുകളിൽ അഭിനയിച്ച സൂപ്പർസ്റ്റാർ കുതിരയാണെന്നു പറഞ്ഞു. അതിനാൽ വളരെ കൂടിയ നിരക്ക് ആ കുതിരയ്ക്കു കൊടുക്കേണ്ടിവന്നു.)

ദെസ്തയേവ്സ്കിയുടെ ചെറുകഥ, ഉള്ളി ഒരു വെറും ചെറിയ കഥയായി മിക്കവരും മാറ്റിവയ്ക്കും. എന്നാൽ, ഒന്നു ശ്രദ്ധിച്ചു നോക്കൂ. നാം കേട്ടിട്ടില്ലാത്ത പണികൾ, ദൈവത്തിനും കാവൽമാലാഖയ്ക്കും പിശാചിനും ഉള്ളിക്കും കൊടുത്തിരിക്കുന്നു. മറ്റുള്ളവരെ സഹായിക്കുക എന്ന ആ അംശം മാത്രമേ തീനരകത്തിൽനിന്നു രക്ഷപ്പെടാൻ നമ്മെ സഹായിക്കൂ എന്ന കാര്യവും, ഒടുവിൽ  തീനരകത്തിൽ വീണ പ്രമാണിയായ സ്ത്രീയെ സവാള ഉള്ളിയുടെ വള്ളിയിൽ പിടിച്ച് പുറത്തേക്കു വലിച്ചെടുത്ത് ഏകദേശം പുറത്തേക്ക് എത്താറായപ്പോൾ നരകത്തിൽ കിടക്കുന്ന മറ്റു പാപികൾ അവളുടെ കാലുകളിൽ പിടിച്ചു രക്ഷപ്പെടാൻ നോക്കുമ്പോൾ, ധാർഷ്ട്യം മൂത്ത് അധർമിയായ ആ സ്ത്രീ, അവരെയെല്ലാം തൊഴിച്ചുമാറ്റിപ്പറയുന്നു: ‘ഞാൻ മാത്രമാണ് വലിച്ചെടുക്കപ്പെടേണ്ടത്, നിങ്ങളല്ല. ഇതു നിങ്ങളുടെയല്ല എന്റെ ഉള്ളിയാണ്.’ 

memoir-on-the-indian-writers-russian-trip
പെരുമ്പടവം സെന്റ് പീറ്റേഴ്സ് ബർഗിൽ

ഇതു പറഞ്ഞു മറ്റുള്ളവരെ തൊഴിച്ചുമാറ്റുമ്പോൾ ഉള്ളി ചതഞ്ഞ്, വള്ളി പൊട്ടി അവർ തീനരകത്തിലേക്കു വീണ്ടും വീഴുന്നു. ഇവിടെ, എല്ലാവർക്കുംവേണ്ടി, ഒരു തത്വശാസ്ത്രംതന്നെ ദെസ്തയേവ്സ്കി ചിത്രീകരിക്കുകയാണ്.  സമൂഹത്തിലെ എല്ലാവരുടെയും രക്ഷയാണ് ക്രിസ്തീയ സഭ പഠിപ്പിക്കേണ്ടത്. അല്ലാതെ സ്വാർഥമായ, തൻകാര്യമാത്രപ്രസക്തമായ പ്രാർഥനയോ, പ്രവൃത്തിയോ അല്ല. കർത്തൃപ്രാർഥനയിൽ: ‘സ്വർഗസ്ഥനായ എന്റെ പിതാവേ.’എന്നല്ല, ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’എന്നാണ്. ഇവിടെ, ഞാൻ മാത്രമല്ല, എന്റെ പള്ളിയിലുള്ളവർ മാത്രമല്ല, എന്റെ സഭയിൽ മാത്രമുള്ളവരല്ല, എല്ലാ സമുദായത്തിലുള്ളവർക്കുവേണ്ടിയും, എല്ലാ മതത്തിലുള്ളവർക്കുവേണ്ടിയും, ലോകത്തിലുള്ള എല്ലാവർക്കും വേണ്ടിയാണ് പ്രാർഥന.

ഒരു ചെറിയ കഥയിൽ ഇത്രയധികം ആശയങ്ങൾ ഉൾപ്പെടുത്താൻ  കഴിയുമെങ്കിൽ ബൃഹത്തായ നോവലുകളിൽ എത്രയധികം ചിന്തകൾ അദ്ദേഹം ഉൾപ്പെടുത്തിയിരിക്കും! അനാദ്യന്തമായ ആത്മീയ പ്രശ്നങ്ങൾ ദെസ്തയേവ്സ്കി അന്വേഷിച്ചുകൊണ്ടേയിരുന്നു. സ്വർഗവും നരകവും മറ്റും രൂപാന്തരം പ്രാപിക്കുന്ന അവസ്ഥകളെക്കുറിച്ചു മതങ്ങളുടെ സങ്കൽപങ്ങൾ, ആശയങ്ങൾ, അവ മനുഷ്യമനസ്സിലുണ്ടാക്കുന്ന ആഹ്ലാദങ്ങളെക്കുറിച്ചും വേദനകളെക്കുറിച്ചുമുള്ള അനുഭവങ്ങളെ, അതീന്ദ്രിയശക്തികളെ, പല കഥാപാത്രങ്ങളിലൂടെ ചിത്രീകരിക്കുന്നതാണ് ദെസ്തയേവ്സ്കിയുടെ കൃതികൾ. പലപ്പോഴും വായനക്കാരുടെ മനസ്സിൽ ഉൾക്കൊള്ളാൻ കഴിയാത്തത്ര വിസ്തൃതമാണ് ദെസ്തയേവ്സ്കിയുടെ കാൻവാസ്.

fyodor-dostoevsky
ഫയദോർ മിഖായ്‌ലോവിച്ച് ദസ്തയേവ്സ്കി

സാധാരണ റഷ്യക്കാരുടെ അസാധാരണ കഥകൾ എഴുതിയ ഫ്യോദർ ദെസ്തയേവ്സ്കിയുടെ 141–ാം ഓർമദിനമായിരുന്നു ഫെബ്രുവരി 9. ഇരുപതാം നൂറ്റാണ്ടിലെ വളരെ കലുഷിതമായ രാഷ്ട്രീയ സാമൂഹിക പരിതസ്ഥിതിയിൽ അന്നത്തെ റഷ്യക്കാരുടെ മാനസികാവസ്ഥ അപ്പാടെ ഒപ്പിയെടുത്ത മനഃശാസ്ത്ര കൃതികളാണ് ദെസ്തയേവ്സ്കിയുടേത്. ചരിത്രത്തിലെ മഹാന്മാരുടെ പട്ടികയിൽ മുൻപിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

പലപ്പോഴും വ്യത്യസ്തവും തീവ്രവുമായ മാനസിക അവസ്ഥകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ കൃതികൾ, മനുഷ്യന്റെ മനഃശാസ്ത്രത്തിന്റെ അസാമാന്യ ഗ്രാഹ്യം പ്രകമാക്കുന്നു. അക്കാലത്തെ റഷ്യയുടെ രാഷ്ട്രീയവും സാമൂഹികവും ആത്മീയവുമായ അവസ്ഥയെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലവനും കൂടിയാണവ. അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ, പ്രവചനാത്മകമാണെന്നും പറയാം.

അദ്ദേഹം ചിലപ്പോഴൊക്കെ അസ്തിത്വവാദത്തിന്റെ പ്രവാചകനായും ചിത്രീകരിക്കപ്പെടുന്നുണ്ട്.  അദ്ദേഹത്തിന്റെ ‘അണ്ടർഗ്രൗണ്ടിൽ നിന്നുള്ള കുറിപ്പുകൾ, ‘അസ്തിത്വവാദത്തിന് ഇതുവരെ എഴുതിയതിൽവച്ച് ഏറ്റവും മികച്ച അടിക്കുറിപ്പ്’എന്നു പ്രശസ്ത നിരൂപക വാൾട്ടർ കോഫ്മാൻ വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ, അതു ദെസ്തയേവ്സ്കി വ്യക്തിപരമായി അംഗീകരിച്ച ഒരു ലോകവീക്ഷണമായിരുന്നില്ല.

സ്സാർ ഭരണകൂടത്തിനെതിരായ കലാപത്തിൽ പങ്കെടുത്തു എന്ന കുറ്റാരോപണത്തെ തുടർന്നുള്ള അറസ്റ്റിനും സൈബീരിയയിലേക്കുള്ള നാടുകടത്തലിനുംശേഷം, അദ്ദേഹത്തിന്റെ ചിന്തയും പ്രവർത്തനവും നാടകീയമായി മാറി. അക്കാലത്തെ യുക്തിവാദികൾക്ക് ആത്മീയമൂല്യങ്ങൾ നഷ്ടപ്പെട്ടതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആശങ്ക. ‘ജിൻ ജാക്ക് റൂസ്സോ’Jean Jacques Rousseau) യിൽ നിന്നുള്ള പാഠങ്ങൾ സ്വീകരിച്ച്, എല്ലാത്തരത്തിലുമുള്ള പുരോഗമനവാദികൾ, മനുഷ്യർ അടിസ്ഥാനപരമായി നല്ലവരാണെന്നും എന്നാൽ, സമൂഹം അഴിമതി നിറഞ്ഞതാണെന്നും വിശ്വസിച്ചു. അതിനാൽ സാമൂഹിക സാഹചര്യങ്ങൾ മാറുന്നതിലൂടെ, ജനങ്ങളുടെ സ്വാഭാവിക നന്മ പ്രകാശിക്കുമെന്ന് അവർ വിശ്വസിച്ചു. ഇന്നത്തെ നമ്മുടെ യുക്തിവാദികളും ഇതേ വാദക്കാരാണ്.

memoir-on-the-indian-writers-russian-trip
പെരുമ്പടവത്തെ വരയ്ക്കുന്ന തെരുവു ചിത്രകാരൻ

‘അണ്ടർഗ്രൗണ്ടിൽ’നിന്നുള്ള കുറിപ്പിലെന്നപോലെ  ദെസ്തയേവ്സ്കിയുടെ പ്രതികരണം, മനുഷ്യന്റെ യുക്തിരാഹിത്യത്തെ ചിത്രീകരിക്കുക എന്നതായിരുന്നു. സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിനുവേണ്ടി വാദിക്കുന്നതിനു പകരം, സാമൂഹികക്രമം മാറ്റുന്നതിലൂടെ വീണ്ടെടുക്കാൻ കഴിയാത്ത മനുഷ്യന്റെ യുക്തിരാഹിത്യത്തെ ലളിതമായി വിവരിക്കുന്നതിലായിരുന്നു  ദെസ്തയേവ്സ്കിയുടെ സംതൃപ്തി.

അദ്ദേഹത്തിന്റെ  ‘പിശാചു ബാധിച്ചവർ’ റഷ്യയിലെ വിപ്ലവഭരണത്തിന്റെ വരവു മുൻകൂട്ടി കണ്ടെഴുതിയ കൃതിയാണെന്നു പലരും പലപ്പോഴും കണക്കാക്കി. യുക്തിവാദം റഷ്യയെ വിനാശകരമായ പ്രത്യാഘാതങ്ങളിലേക്കു നയിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. കാരണം, അദ്ദേഹം പലപ്പോഴായി പറഞ്ഞു: ‘ദൈവമില്ലെങ്കിൽ എല്ലാം അനുവദനീയമാണ്.’ മനുഷ്യനും മൃഗങ്ങളുമായി വലിയ വ്യത്യാസമൊന്നുമില്ലാത്ത അവസ്ഥ. 

Content Summary: Memoir on the Indian Writers Russian Trip, ONV Kurup and Perumbadavam Sreedharan's Documentary Trip to Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com