ADVERTISEMENT

ഒരാളുടെ കരിയറിൽ ചില കയറ്റയിറക്കങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. ഞാനടക്കം പലർക്കും അതുണ്ടായിട്ടുമുണ്ട്. പക്ഷേ, കൺവെട്ടത്തിൽനിന്നു മാറിയതുകൊണ്ടു മാത്രം ഇത്രയും കാലം ആവുന്നത്ര നന്നായി സേവിച്ച എന്റെ മാതൃസ്ഥാപനത്തിന് എന്നെ വേണ്ടാതായി എന്നത് എന്നെ വല്ലാതെ അലട്ടി. ഇനി ഈ കെട്ടിടത്തിലേക്ക് കാലെടുത്തു കുത്തില്ലെന്ന് ഉള്ളിൽ പറഞ്ഞുകൊണ്ടാണ് അവിടെ നിന്ന് ഇറങ്ങിപ്പോന്നതെങ്കിലും ഉടനെതന്നെ ഞാനതു വെട്ടിമാറ്റി. സേതുവിന്റെ ബാങ്ക് ജീവിത സ്മരണകളുടെ രണ്ടാം ഭാഗം. 

സാമാന്യം വലിയ ആ  ഓഫിസിലെ  ജീവനക്കാർ തമിഴന്മാരും തെലുങ്കന്മാരും മാത്രമായിരുന്നു. ഒറ്റ മലയാളിപോലുമില്ലായിരുന്നുവെന്നു ചുരുക്കം. ഞാൻ ജോലിയിൽ ചേർന്ന് അധിക ദിവസം കഴിയുന്നതിനും മുൻപുതന്നെ എനിക്കു മുൻപ് ആ കസേരയിൽ ഇരുന്നവരുടെ ചില  അനുഭവകഥകൾ കേൾക്കാൻ തുടങ്ങി. അങ്ങനെ പലപ്പോഴായി കിട്ടിയ വിവരങ്ങൾ ചേർത്തുവയ്ക്കുമ്പോൾ ഏതാണ്ടിങ്ങനെ:

വിദേശബാങ്കുകളോടു കിടപിടിക്കാവുന്ന  രീതിയിൽ ആ വകുപ്പിനെ ആധുനികവൽക്കരിച്ചത് മഹാരാഷ്ട്രക്കാരനായ, ‘എ’ എന്ന ഉദ്യോഗസ്ഥനായിരുന്നു. കാലത്തെ കടന്നു ചിന്തിക്കാൻ കെൽപ്പുള്ള അതിപ്രഗല്ഭനായ അദ്ദേഹത്തിനു ചുരുങ്ങിയ കാലംകൊണ്ടു‌തന്നെ ആ വകുപ്പിനെ രാജ്യത്തെ ബാങ്കിങ് മേഖലയിലെ ഒരു ശ്രദ്ധാകേന്ദ്രമാക്കി മാറ്റാൻ കഴിഞ്ഞു. അതുകൊണ്ടുതന്നെ വിദേശവിനിമയ‌രംഗവുമായി ബന്ധപ്പെട്ട് രാജ്യത്തു നടക്കുന്ന എല്ലാ ചർച്ചാവേദികളിലും അദ്ദേഹത്തിന് എന്നുമൊരു പ്രത്യേക കസേരയുണ്ടായിരുന്നു. ഇത്തരം സവിശേഷമായ പ്രവർത്തനങ്ങൾകൊണ്ട് അദ്ദേഹം മാനേജ്മെന്റിനും പ്രിയപ്പെട്ടവനായിരുന്നു.  പക്ഷേ, എന്തുകൊണ്ടാണെന്നറിയില്ല, പിന്നീട് ഏതോ ഘട്ടത്തിൽ അദ്ദേഹത്തിനു മാനേജ്മെന്റുമായി തെല്ലൊന്ന് ഇടയേണ്ടി വന്നു. ഒരുപക്ഷേ, താൻ അർഹിക്കുന്ന സ്ഥാനം സ്ഥാപനത്തിൽ കിട്ടുന്നില്ലെന്ന ബോധ്യമോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ‘ഈഗോ’ പ്രശ്നമോ ആയിരിക്കാം അതിനു പിറകിൽ. എന്തായാലും പെട്ടെന്നൊരു ദിവസം അദ്ദേഹം രാജിക്കത്ത്്  എഴുതിക്കൊടുത്തപ്പോൾ ആ വകുപ്പ്് അനാഥമായതായി പലരും കരുതി. ആദ്യമൊന്ന് അന്തിച്ചുപോയെങ്കിലും ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ഏതു കസേരയിലും ആരും അനിർവാര്യരല്ലെന്ന പൊതുതത്വമനുസരിച്ച്  ആ സ്ഥാനം ഏറ്റെടുക്കാൻ സാമാന്യം പ്രാപ്തിയുള്ള തെലുങ്കനായ ‘ബി’ എത്തിയതോടെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ  ഓഫിസിന്റെ പ്രവർത്തനം  വീണ്ടും പഴയ നിലയിലായി. മാത്രമല്ല,  മുൻപിൻ നോക്കാതെ എടുത്തു‌ചാടിയ ‘എ’ യാകട്ടെ മറ്റിടങ്ങളിൽ  അർഹിക്കുന്ന സ്ഥാനം കിട്ടാതെ താനേ  മറവിയിലേക്കു വീണു പോകുകയും ചെയ്തു. 

‘ബിയുടെ’ പ്രവർത്തനം വലിയ കുഴപ്പമില്ലാതെ പോയിക്കൊണ്ടിരിക്കെയാണ്, പൊടുന്നനെ അദ്ദേഹം വലിയൊരു കാറപകടത്തിൽ പെടുന്നത്. നന്നെ വെളുപ്പിന് വിമാനത്താവളത്തിലേക്കു പോയിക്കൊണ്ടിരുന്ന കാർ എതിരെ വന്ന  ട്രക്കുമായി കൂട്ടിയിടിച്ചപ്പോൾ ആകെ തകർന്നുപോയ വണ്ടിയിൽനിന്ന് എല്ലുകളാകെ നുറുങ്ങി ബോധമറ്റ നിലയിൽ ആശുപത്രിയിലെത്തിക്കുമ്പോൾ അദ്ദേഹം രക്ഷപ്പെടു‌മെന്നുതന്നെ ആരും കരുതിയതല്ല. പക്ഷേ, മെഡിക്കൽ സയൻസ് കാട്ടിയ അദ്ഭുതം‌കൊണ്ടോ, അതോ ആയുസ്സിന്റെ ബലംകൊണ്ടോ വലിയ അംഗഭംഗങ്ങളോടെ ‘ബി’ ഒരുവിധത്തിൽ രക്ഷപ്പെട്ടു. പിന്നീട് ഏതാണ്ട് ആറേഴു  മാസത്തോളം അദ്ദേഹം കട്ടിലിൽ തന്നെയായിരുന്നു. പിന്നീട് ഓഫിസിൽ വരാൻ തുടങ്ങിയതുതന്നെ ഊന്നുവടികളുടെ സഹായത്തോടെയായിരുന്നു.

‘എ’ക്കും ‘ബി’ക്കും തുടർച്ചയായി നേരിടേണ്ടി വന്ന അത്യാഹിതങ്ങൾ സ്വാഭാവികമായും ഓഫിസിൽ ചർച്ചാവിഷയമായി. ഈ സംഭവങ്ങളെ വെറും യാദൃച്ഛികമെന്ന നിലയിൽ തള്ളിക്കളയാൻ ഓഫിസിലെ ചില പാരമ്പര്യവാദികൾ തയാറായിരുന്നില്ല. അവരുടെ നോട്ടത്തിൽ ആ കെട്ടിടത്തിനകത്ത് എന്തൊക്കെയോ ലക്ഷണപ്പിശകുകളുണ്ടെന്ന കാര്യം സംശയമില്ലായിരുന്നു. അതിനിടയിൽ ആരൊക്കെയോ നടത്തിയ ചില അന്വേഷണങ്ങളുടെ ഒടുവിൽ ആ കെട്ടിടം നിൽക്കുന്ന സ്ഥലം മുൻപൊരു മുനിസിപ്പൽ ശ്മശാനമായിരുന്നെന്നു കണ്ടെത്തി. അതോടെ അവരുടെ ചിന്തകൾ കാടു കയറുകയായി. 

ആ ചുറ്റുപാടുകളിലാണ് തീരെ കിടപ്പിലായ ബിക്ക് പകരം ‘സി’ വന്നു ചുമതലയേൽക്കുന്നത്. ഏറെക്കാലമായി പട്യാല ബാങ്കിൽ ജോലി ചെയ്തു  മടുത്ത്, ഏറെ കഷ്ടപ്പെട്ട് ഒരു വിധത്തിൽ ഇങ്ങോട്ട് ഒരു ഡെപ്യൂട്ടേഷൻ തരപ്പെടുത്തിയ െചന്നൈക്കാരൻ. എന്റെ ബാച്ച്മേറ്റും സുഹൃത്തും തനി സാത്വികനുമായ ഒരു തമിഴ് ബ്രാഹ്മണൻ. അയാളുടെ ഭരണകാലം ഏതാണ്ട് രണ്ടു വർഷത്തിലേറെ വലിയ കുഴപ്പമില്ലാതെ പോയെങ്കിലും ഒടുവിൽ വിധി അയാളോടും വലിയ ക്രൂരത കാട്ടി. അയാളോടു വളരെയേറെ അടുപ്പമുണ്ടായിരുന്ന, മിടുക്കിയായ ഏക മകൾ യാതൊരു തൊഴിലുമില്ലാത്ത ഒരു താഴ്ന്ന ജാതിക്കാരനുമായി പ്രണയ‌ത്തിലായതു സ്വാഭാവികമായും ആ യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിനു താങ്ങാനായില്ല. റേഡിയോയിലും പൊതുവേദികളിലും സംഗീതപരിപാടികളുമായി നിറഞ്ഞുനിന്നിരുന്ന ആ സുന്ദരിയായ പെൺകുട്ടി ഏതോ കുരുക്കിൽ വീണതാണെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. അവളുടെ  മനസ്സു മാറ്റാനുള്ള ബന്ധുക്കളുടെ എല്ലാ ശ്രമങ്ങളും പാഴായപ്പോൾ, വീട്ടിൽനിന്നു പുറത്തിറങ്ങാനുള്ള സ്വാതന്ത്യ്രം കൂടി അവൾക്കു നിഷേധിക്കപ്പെട്ടു. തുടർന്നുള്ള ഒച്ചപ്പാടുകളുടെ നടുവിൽ ഒരു ദിവസം പെൺകുട്ടി സ്വന്തം മുറിയിൽ  തൂങ്ങിമരിച്ചതോടെ അവരുടെ ദുരന്തം തുടരുകയായി. ഒരുപക്ഷേ, തനിക്കു തടയാമായിരുന്ന അത്യാഹിതമായിരുന്നു അതെന്ന കുറ്റബോധം അലട്ടാൻ തുടങ്ങിയപ്പോൾ കുറെ നാളത്തേക്ക് ഏതാണ്ടു സമനില തെറ്റിയ നിലയിലായി ‘സി’. 

അതിനിടയിലാണ് ഓർക്കാപ്പുറത്ത് രണ്ടാമത്തെ അടി വീഴുന്നത്. കാലാവധി തീരാറായ ഡെപ്യൂട്ടേഷൻ കുറച്ചുകൂടി നീട്ടിക്കിട്ടാനുള്ള  എല്ലാ ശ്രമങ്ങളും പാഴായപ്പോൾ പഞ്ചാബിലേക്ക് ഉടനെ തിരിച്ചു ചെല്ലണമെന്ന ഉത്തരവു വന്നു. അതും പഞ്ചാബിൽ തീവ്രവാദികളുടെ ഭീഷണി കത്തിനിന്നിരുന്ന കാലത്ത്. ആകെ തകർന്നുപോയ ‘സി’ക്കും കുടുംബത്തിനും ചെന്നൈ വിട്ട് പഞ്ചാബിലേക്കു പോകാൻ പറ്റിയ ചുറ്റുപാടായിരുന്നില്ല അന്ന്. മറ്റു വഴികളൊന്നും കാണാത്തതുകൊണ്ട് ഒടുവിൽ ജോലി രാജിവച്ചു െചന്നൈയിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ കുറഞ്ഞ ശമ്പളത്തിൽ േചരേണ്ടി വന്നു അയാൾക്ക്. 

അങ്ങനെ നാലാമനായ ‘ഡി’യുടെ രൂപത്തിലാണ് ഞാൻ െചന്നൈയിലെ ആ ഓഫിസിൽ എത്തിപ്പെടുന്നത്. കാര്യങ്ങൾ നന്നായി പോയിക്കൊണ്ടിരിക്കെയാണ്, പെട്ടെന്നു വലിയൊരു അത്യാഹിതത്തിൽ ഞാനും പെടുന്നത്. അകാലത്തിൽ പിടികൂടിയ ചിക്കൻപോക്സ് എന്നെ വല്ലാതെ തളർത്തി. സാധാരണ നിലയിൽ നിശ്ചിത ദിവസങ്ങൾ കഴിഞ്ഞു  വിട്ടുപോകേണ്ട ആ പകർച്ചവ്യാധി വിടാതെ കൂടിയെന്നു മാത്രമല്ല, ഒരു ദിവസം വൈകിട്ട് ഞാൻ വല്ലാതെ ഛർദിക്കാനും തുടങ്ങി. തളർച്ച വല്ലാതെയായപ്പോൾ അടുത്തുതന്നെയുള്ള, പരിചയമുള്ള ഒരു ആശുപത്രിക്കാർ ഗ്ലൂക്കോസ് കുപ്പികളും അതു തൂക്കിയിടാനുള്ള  സ്റ്റാൻഡുമായി ഒരു നഴ്സിനെ പറഞ്ഞയച്ചെങ്കിലും അതു കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി. പരിചയക്കുറവു‌കൊണ്ടോ, അതോ ഡ്യൂട്ടി തീർത്തു പോകാനുള്ള തിരക്കുകൊണ്ടോ എന്തോ, അവർ ഞരമ്പിലേക്കു ഗ്ലൂക്കോസ് കയറ്റുന്നതിന്റെ വേഗം കൂട്ടിയത് ആരും ശ്രദ്ധിച്ചില്ല. തന്റെ ജോലി കഴിഞ്ഞ് അവർ ഇറങ്ങിപ്പോകുകയും ചെയ്തു... വല്ലാതെ ചൂടു  പിടിച്ച ശരീരത്തിലേക്ക്  തണുത്ത ഗ്ലൂക്കോസ് അതിവേഗം കയറ്റിയതുകൊണ്ടാവാം എനിക്ക് കലശലായ ‘ഫിറ്റ്സ്’  വരികയും ബോധം നഷ്ടപ്പെട്ട നിലയിൽ ഞാൻ കട്ടിലിൽ നിന്നു താഴെ വീഴുകയും ചെയ്തു. എന്തു ചെയ്യണമെന്നറിയാതെ എന്റെ ഭാര്യ വല്ലാതെ പകച്ചുപോയ നിമിഷം. എന്റെ പ്രായമായ അമ്മ തന്റെ ഏക സന്താനം ബോധം കെട്ടു കിടക്കുന്നതു  കണ്ടുനിൽക്കാനാകാതെ പൂജാമുറിയിൽ കയറി  കതകടച്ചിരിക്കുകയായിരുന്നുവെന്നു പിന്നീടറിഞ്ഞു. 

പിന്നീട് അടുത്ത ഫ്ലാറ്റിലുള്ളവരുടെ സഹായത്തോടെ എന്നെ അവിടത്തെ സ്റ്റാൻലി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അതങ്ങനെ രണ്ടു ദിവസങ്ങളോളം നീണ്ടുപോയി. വിദഗ്ധന്മാരായ പല ഡോക്ടർമാരും എന്നെ പരിശോധിച്ചുനോക്കിയിരുന്നെങ്കിലും അവർക്കാർക്കും ആ അജ്ഞാതരോഗത്തിന്റെ ശരിയായ കാരണം കണ്ടെത്താനായില്ല. വേണ്ടപ്പെട്ടവരെയെല്ലാം അറിയിക്കാൻ അവർ പറഞ്ഞ‌തനുസരിച്ചു ദൂരെ പഠിക്കുന്ന രണ്ടു മക്കളും ഓടിയെത്തി. ഞാൻ അത്യാസന്ന നിലയിലാണെന്നു ബാങ്കിന്റെ ഹെഡ്ക്വാർട്ടേഴ്സിലേക്കും സന്ദേശം പോയി... ഇതിനിടയിൽ, അവിടെ അക്കാലത്ത് പകർച്ചവ്യാധികൾക്കായുള്ള പ്രത്യേക ‘ക്വാറന്റീൻ’ വാർഡുകളില്ലാതിരുന്നതുകൊണ്ട് അടുത്ത വാർഡുകളിലുള്ളവർ പരാതിയുമായെത്തി. അങ്ങനെ മെഡിക്കൽ കോളജുകാർ പുറത്താക്കിയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ സ്ട്രെച്ചറിൽ ആശുപത്രി വരാന്തയിൽ ഒരു അഗതിയെപ്പോലെ ഏറെ നേരം ഞാൻ കിടന്നുവത്രെ. ബദൽ സംവിധാനമൊരുക്കാനായി ഓടിനടക്കുകയായിരുന്നു സഹപ്രവർത്തകർ. 

ഒടുവിൽ ഞങ്ങളുടെ ഫ്ലാറ്റിന്റെ അങ്കണത്തിലേക്കുതന്നെ മടങ്ങേണ്ടിവന്നു. അപ്പോൾ ഒരൊറ്റ വഴിയേ ചങ്ങാതിമാരുടെ മുൻപിൽ ഉണ്ടായിരുന്നുള്ളൂ. പകർച്ചവ്യാധി രോഗികൾക്കു മാത്രമായുള്ള തോണ്ടിയാർപ്പെറ്റിലെ സർക്കാർ  ആശുപത്രിയിലേക്കു കൊണ്ടുപോകുക. അതു കേട്ടപാടേ അവിടെക്കൂടിയിരുന്ന സ്ത്രീകൾ കരഞ്ഞുപോയത്രെ. കാരണം അക്കാലത്ത് തോണ്ടിയാർപ്പെറ്റിലേക്കു പോകുന്നവർ ഒരിക്കലും തിരിച്ചുവരാറില്ലത്രെ‌കാൽ നൂറ്റാണ്ടു മുൻപുള്ള കാര്യമാണ്. പകർച്ചവ്യാധിയിൽ മരിക്കുന്നവരെ അവിടെത്തന്നെ അടക്കം ചെയ്യുകയായിരുന്നത്രെ പതിവ്്.  

അവർ പറഞ്ഞത് ഏറക്കുറെ ശരിയായേക്കാമെന്ന തരത്തിൽ പേടിപ്പെടുത്തുന്ന അന്തരീക്ഷമായിരുന്നു കാടും പടലും പിടിച്ച ആ ചുറ്റുപാടുകളിൽ അന്നുണ്ടായിരുന്നതെന്ന് എന്റെ ഭാര്യ പിന്നീടു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വൃത്തിഹീനമായ വാർഡിൽ, പേടിപ്പെടുത്തുന്ന അന്തരീക്ഷത്തിൽ തന്റെ ജീവിതത്തിൽ പിന്നീടൊരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത കുറെ ദിവസങ്ങളാണ് അവരവിടെ തള്ളിനീക്കിയത്. ഇതിനിടയിൽ ഒരു മഹാദ്ഭുതംപോലെ എനിക്കു ബോധം തെളിഞ്ഞിരുന്നു. അന്നത്തെ അപകടത്തിനു ശേഷം ഓർമയ്ക്ക് യാതൊരു കുഴപ്പവുമുണ്ടായില്ലെങ്കിലും തോളെല്ല് ഒടിഞ്ഞ് വലതുകൈ തൂങ്ങിയിരുന്നു. ഒരിക്കലും കൈ ഉയർത്താനാവാത്ത അവസ്ഥ. തൊലിക്കകത്ത് ചോര ഒലിച്ചിറങ്ങി ഒരുതരം കരിക്കട്ട നിറമായിരുന്നു വലതുകൈയ്ക്ക്. അങ്ങനെ ഒരു വിധത്തിൽ ജീവൻ രക്ഷപ്പെടുത്തി വീണ്ടും ഫ്ലാറ്റിലേക്കു മടങ്ങിയെത്തിയപ്പോൾ ഇതൊരു രണ്ടാം ജന്മം തന്നെയെന്നു പറയാൻ മടിച്ചില്ല അയൽവാസികളും സഹപ്രവർത്തകരും. അപ്പോഴാണു മെഡിക്കൽ കോളജിലെ ഡോക്ടർമാർ കൈ മലർത്തിയപ്പോൾ അവരെല്ലാം എന്നെ എഴുതിത്തള്ളിക്കഴിഞ്ഞിരുന്നുവെന്നും മരണത്തിന്റെ വായിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു ഞാനെന്നും തിരിച്ചറിഞ്ഞത്. എന്നെങ്കിലും ഞാൻ തിരിച്ചുവരുമോ, വന്നാൽത്തന്നെയും ‘നോർമലായൊരു’ ജീവിതം സാധ്യമാകുമോ എന്നൊക്കെ എന്റെ കുടുംബംവരെ സംശയിച്ചുപോയ കാലഘട്ടം. ആ നാളുകൾ മുഴുവനും രാപകൽ വ്യത്യാസമില്ലാതെ ഊഴംവച്ച് ആശുപത്രിയിൽ കാവൽ നിന്നിരുന്നത് എന്റെ സഹപ്രവർത്തകരായ തമിഴരും തെലുങ്കരുമായിരുന്നുവെന്നതു പറയാതെ വയ്യ. അവരിൽ വളരെ മുതിർന്ന ട്രേഡ് യൂണിയൻ നേതാക്കൾ വരെയുണ്ടായിരുന്നു. 

sethu and wife rajalakshmi
സേതുവും ഭാര്യ രാജലക്ഷ്മിയും

പിന്നീടു വിജയാ ആശുപത്രിയിലെ ഓർത്തോ സെക്‌ഷനിൽ കുറെ  നാളുകൾ. പ്രസിദ്ധനായ ഡോക്ടർ മോഹൻദാസാണ് എന്നെ ചികിത്സിച്ചിരുന്നത്. എംജിആറിന്റെയും വീരപ്പന്റെയും തകർന്ന എല്ലുകൾവരെ ശരിയാക്കിയ വിദഗ്ധൻ. ചിക്കൻപോക്സ് കഴിഞ്ഞ് അവശനായ അവസ്ഥയിൽ ഒരു ഓപ്പറേഷൻ അസാധ്യമെന്നു വിധിയെഴുതിയ അദ്ദേഹം ചിരിച്ചുകൊണ്ടു  തമാശയായി ചോദിച്ചത് ആരെയെങ്കിലും കൈ ഉയർത്തി തല്ലാൻ ഉദ്ദേശ്യമുണ്ടോ എന്നായിരുന്നു. ഇല്ലെന്നു മറുപടി പറഞ്ഞപ്പോൾ അൽപം വൈകല്യത്തോടെ ഇങ്ങനെ തന്നെ ഇരിക്കുന്നതാവും ഭേദമെന്ന്  ഉപദേശിച്ചു. കണിശമായ ഫിസിയോതെറപ്പിയിലൂടെ കൈ കുറച്ചൊക്കെ ഉയർത്താനാകുമെന്നു മാത്രം. അങ്ങനെ അന്ന് ഉറച്ചുപോയ തോളെല്ല് പിന്നീടു വെട്ടിപ്പൊളിച്ചു ശരിയാക്കാൻ ഞാനൊട്ടു മിനക്കെട്ടതുമില്ല.

പിന്നീട്, ചെറിയൊരു വികലാംഗനായി തിരിച്ചെത്തിയപ്പോൾ ഓഫിസിലെ പലർക്കും അറിയേണ്ടിയിരുന്നത് ഇനി എഴുതാൻ പറ്റുമോ എന്നായിരുന്നു. അതു കഴിഞ്ഞു വീണ്ടും ഒട്ടേറെ നോവലുകളും കഥകളും എനിക്ക് എഴുതാനായെന്ന് അറിയുമ്പോൾ അവർക്കു വിശ്വസിക്കാനായേക്കില്ല. എന്തായാലും പിന്നീട് ഓഫിസിലെ സഹപ്രവർത്തകരുടെ മനോഭാവം ആകെ മാറിയത് ഞാൻ ശ്രദ്ധിച്ചു. ആ ഓഫിസിന്റെ മുൻകാല ചരിത്രങ്ങൾ അന്ധവിശ്വാസിയല്ലാത്ത എന്നെ കാര്യമായി അലട്ടുന്നില്ലെന്നു ബോധ്യപ്പെട്ടതുകൊണ്ടാവാം ഡിപ്പാർട്മെന്റിലെ മുതിർന്നവർ ഒറ്റയ്ക്കും കൂട്ടായും എന്നെ ഉപദേശിക്കാനെത്തിയത്. ഇത്തരം കാര്യങ്ങളിൽ മലയാളികൾക്കു പൊതുവെയുള്ള വിശ്വാസക്കുറവും  ഔദ്ധത്യവും ഞങ്ങൾക്കു മനസ്സിലാകുമെങ്കിലും ഇതു കളിക്കേണ്ട കാര്യമല്ല, അവർ ഉപദേശിച്ചു. സാറിന്റെയും മുൻപേ പോയവരുടെയും അവസ്ഥകൾ തൊട്ടടുത്തു നിന്നു കണ്ടവരാണ് ഞങ്ങൾ, അവർ പറഞ്ഞു. എന്തായാലും ഒരു വാസ്തുവിദഗ്ധനെ കൊണ്ടുവന്നു നോക്കിക്കാതെ വയ്യ. മാത്രമല്ല, അയാൾ പറയുന്ന കർമങ്ങളും െചയ്യേണ്ടിവരും. 

ഒരു പൊതുമേഖലാ‌സ്ഥാപനത്തിൽ കർമങ്ങൾ ചെയ്യുക! എന്നിലെ മലയാളിവീര്യം ഉണർന്നു. എനിക്ക്  ഇത്തരം കാര്യങ്ങളിൽ വിശ്വാസമില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും ഏൽക്കുന്ന മട്ട് കണ്ടില്ല. മാത്രമല്ല, അയാൾ ആ വാടകക്കെട്ടിടത്തിൽ കാര്യമായ വല്ല മാറ്റങ്ങളും വരുത്തണമെന്നു പറഞ്ഞാൽ അതു നടക്കുന്ന കാര്യമാണോ? ഒടുവിൽ അവർ അവരുടെ കയ്യിലുള്ള വജ്രായുധം‌തന്നെ ഉപയോഗിച്ചു. സാറ് ഇതിനു തയാറായില്ലെങ്കിൽ ഞങ്ങൾതന്നെ പിരിവെടുത്ത്് ആരെയെങ്കിലും കൊണ്ടുവന്നു നോക്കിക്കും. പിന്നീടുള്ള കാര്യങ്ങൾ അപ്പോൾ നോക്കാം. കാരണം ഒരു നാൾ ഇത് ഞങ്ങളെയും പിടികൂടില്ലെന്ന് എന്താണുറപ്പ്? ഞങ്ങൾക്കുമുണ്ട് കുടുംബങ്ങൾ.   

അവിടെ ഞാൻ തോറ്റു. ഇത്തരം  കാര്യങ്ങളിൽ വലിയ വിശ്വാസമുള്ള തമിഴന്മാരും തെലുങ്കന്മാരും തങ്ങളുടെ നിലപാടിൽനിന്നു തീരെ മാറില്ലെന്നുറപ്പായപ്പോൾ ഞാൻ ചെറിയൊരു വിട്ടുവീഴ്ചയ്ക്കൊരുങ്ങി. അങ്ങനെ ഞാൻ ഉപദേശത്തിനായി സുഹൃത്തായ കെ.എസ്. സേതുമാധവനെ സമീപിച്ചു. അദ്ദേഹം കോടമ്പാക്കത്തെ സിനിമാക്കാരുടെ വിശ്വസ്തനായ ഒരാളെ ഏർപ്പാടു ചെയ്തു തരാമെന്നു പറഞ്ഞു. വലിയ തിരക്കുള്ള ഒരാളാണെങ്കിലും അദ്ദേഹം വിളിച്ചാൽ വരാതിരിക്കില്ലെന്ന് ഉറപ്പായിരുന്നു. ഞങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി ആ വാസ്തുക്കാരൻ യാതൊന്നും അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങനെ ഒരു ദിവസം അയാൾ വന്നു. ആദ്യം കയറിയ എന്റെ ഫ്ലാറ്റിൽ യാതൊരു കുഴപ്പവുമില്ലെന്നു പറഞ്ഞെങ്കിലും ഓഫിസ് കെട്ടിടത്തിനകത്ത്് അയാൾ ഏറെ നേരം ചുറ്റിനടക്കുന്നതു കണ്ടു. പിന്നീട് അവിടെ വലിയൊരു അപകടം പതിയിരിക്കുന്നുവെന്ന് അയാൾ തറപ്പിച്ചു പറഞ്ഞു. ഇവിടെ ഇതിനകം വലിയൊരു അഗ്നി‌ബാധയുണ്ടാകാത്തതുതന്നെ അദ്ഭുതമാണ്, അയാൾ പറഞ്ഞു. കാരണം യുപിഎസിന്റെ ബാറ്ററികൾ വച്ചിരിക്കുന്നത് അഗ്നികോണിലാണ്. അതുപോലെതന്നെ എന്റെ ക്യാബിന്റെ വാതിൽ തുറക്കുന്നതും നാശത്തിന്റെ ദിശയിലേക്കുതന്നെ. ചുരുക്കത്തിൽ ഞങ്ങൾ പേടിച്ചതുപോലെ വലിയ മാറ്റങ്ങളൊന്നും വേണ്ട. ആ ബാറ്ററികൾ അവിടന്നു മാറ്റണം; ക്യാബിന്റെ വാതിൽ വേറൊരു വശത്തേക്കുമാക്കണം. കാര്യമായ പണച്ചെലവില്ലാതെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ. അയാളും തുച്ഛമായൊരു പ്രതിഫലമേ വാങ്ങിയുള്ളൂ. 

ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചുകഴിഞ്ഞ കാലത്ത്്, ശാസ്ത്രം പഠിച്ച്, ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിൽ ഏറെക്കാലം ജോലി ചെയ്തിട്ടുള്ള ഒരാളെന്ന നിലയിൽ ഇത്തരം അന്ധവിശ്വാസങ്ങളോടു തീരെ യോജിക്കാനാവില്ല എനിക്ക്. പക്ഷേ, അന്നത്തെ ചുറ്റുപാടുകളിൽ  ജീവനക്കാരുടെ ആശങ്കകൾ മാറ്റിയെടുക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അസാധ്യമായിരുന്നു. അവരുടെ കുടുംബങ്ങളും ഇക്കാര്യത്തിൽ അസ്വസ്ഥരാണെന്നു ഞാൻ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട്,  വലിയ തർക്കവിഷയമായ ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള  സാക്ഷ്യപ്പെടുത്തലിൽ എനിക്കു  തീരെ താൽപര്യമില്ല. വേണ്ടവർക്കു വിശ്വസിക്കാം, അല്ലാത്തവർക്കു പുച്ഛത്തോടെ തള്ളിക്കളയാം. പക്ഷേ, ഈ ചെറിയ മാറ്റങ്ങളൊക്കെ വരുത്തിയതിനു ശേഷം പിന്നീടവിടെ യാതൊരു കുഴപ്പവും എനിക്കോ, എന്റെ പിൻഗാമികൾക്കോ ഉണ്ടായില്ലെന്നതു നേരാണ്. കാര്യങ്ങൾ അവിടെ വിടുന്നു.

ചെന്നൈയെക്കുറിച്ചുള്ള എല്ലാ ഓർമകളിലും ആദ്യം പൊങ്ങി‌വരുന്ന പേരുകളിലൊന്നായിരുന്നു ആശാൻ സ്ഥാപനങ്ങൾക്കു രൂപം കൊടുത്ത ഏകെജിയുടേത്. 

എങ്ങനെയാണ് ഒരാൾ ആദ്യത്തെ കാഴ്ചയിൽ‌തന്നെ നമ്മുടെ ഉള്ളിൽ അറിയാതെ സ്ഥാനം പിടിച്ചുപോകുന്നത്? അതിനുള്ള കാരണങ്ങൾ കണ്ടെത്തുക എളുപ്പമല്ല. അങ്ങനെ ആരെയും എളുപ്പത്തിൽ അംഗീകരിക്കാനോ, ആദരിക്കാനോ തയാറാകുന്നവരല്ലല്ലോ സിനിക്കൽ മനഃസ്ഥിതിക്കാരായ നമ്മൾ മലയാളികൾ. സാക്ഷാൽ ഏകെജിയോടു താരതമ്യപ്പെടുത്താൻ കെൽപുള്ള അദ്ദേഹത്തിന്റെ സംഘാടനപാടവത്തെപ്പറ്റി ധാരാളം കേട്ടറിവുണ്ടായിരുന്നെങ്കിലും പിന്നീടുള്ള കൂടിക്കാഴ്ചകളിൽ ആ വ്യക്തിപ്രഭാവത്തിന്റെ ചില തെളിഞ്ഞ സൂചനകൾ കിട്ടാനിടയായി. ലോകത്തെ ഏതു മഹദ്സ്ഥാപനത്തിന്റെയും ചരിത്രം പരിശോധിച്ചുനോക്കിയാൽ അതിനു പിറകിൽ സ്വപ്നംകാണാൻ കഴിവുള്ള ഒരു വ്യക്തിയുണ്ടാകുമെന്ന ചൊല്ലുണ്ട്. സ്വപ്നം കാണുക എളുപ്പമാണെങ്കിലും അതിനെ സാർഥകമാക്കാനുള്ള ദീർഘവീക്ഷണവും ത്രാണിയുമുള്ളവർക്കേ മഹാസ്ഥാപനങ്ങൾ പടുത്തുയർത്താൻ കഴിഞ്ഞിട്ടുള്ളൂ. അങ്ങനെയൊരു മഹായത്നത്തിനായി  ഒരു മുഴുവൻ ജീവിതവും ഉഴിഞ്ഞുവച്ച സവിശേഷ വ്യക്തിത്വങ്ങളുടെ കൂട്ടത്തിലാണ് ഏകെജിയും. അദ്ദേഹം ചുക്കാൻപിടിക്കുന്ന ആശാൻ സ്മാരക സ്ഥാപനത്തിന്റെ ഓരോ പടവുകളിലും അദ്ദേഹത്തിന്റെ വിരൽപ്പാടുകൾ തെളിഞ്ഞുകാണാമെന്നു പലരും പറയുന്നതു കേട്ടിട്ടുണ്ട്. വിരൽപ്പാടുകളെക്കാൾ ഒരു വിദഗ്ധനായ ശിൽപി ശ്രദ്ധാപൂർവം അവശേഷിപ്പിക്കുന്ന ചില ഉളിപ്പാടുകളായി വിശേഷിപ്പിക്കുകയാവും കൂടുതൽ ഭംഗിയെന്നു തോന്നുന്നു. കൂടെ പ്രവർത്തിക്കുന്നവരെ വലിയൊരു കൂട്ടായ്മയുടെ ഭാഗമാക്കി മുന്നോട്ടു കൊണ്ടുപോകുകയെന്ന ക്ലേശകരമായ ദൗത്യം ഏറ്റെടുക്കേണ്ടി വരുമ്പോൾ പതിയെ ആ സംഘത്തലവൻ ആ സ്ഥാപനവുമായി താദാത്മ്യം പ്രാപിക്കുകയെന്നതു സ്വാഭാവികമാണ്. അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനശൈലിയും കൊച്ചുകൊച്ച് ഇഷ്ടാനിഷ്ടങ്ങളുംവരെ ആ സ്ഥാപനത്തിലേക്കു സംക്രമിപ്പിക്ക‌പ്പെടുമ്പോൾ ഒരു ഘട്ടത്തിൽ ആ വ്യക്തിയും സ്ഥാപനവും ഒന്നായിത്തീരുകയാണ്. അത്തരമൊരു ‘ഐഡന്റിഫിക്കേഷനാണ്’ ഏകെജി ഇവിടെ സ്വപ്രയത്നം‌കൊണ്ടു സാധിച്ചെടുത്തിരിക്കുന്നത്. 

മംഗലാപുരത്തേക്ക്

ഇതിനിടയിൽ എസ്ബിടിയിൽ ജനറൽ മാനേജർ പോസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഞാൻ തഴയപ്പെട്ടു. പൊതുവെ അംബീഷൻ കുറവായിരുന്ന ഞാൻ ഇക്കാര്യത്തിൽ വലിയ പ്രതീക്ഷയൊന്നും പുലർത്തിയില്ലെന്നതു നേരാണ്. പക്ഷേ, വിദേശവിനിമയ‌വകുപ്പിൽ ഞാൻ വരുത്തിയ വലിയ മാറ്റങ്ങൾ വച്ചുനോക്കുമ്പോൾ ആ ലിസ്റ്റിൽ എന്റെ പേര് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. അപ്പോൾ വലിയ നിരാശയൊന്നും തോന്നിയില്ലെങ്കിലും എന്തേ ഇങ്ങനെ എന്ന തോന്നൽ ഉള്ളിൽ മുഴങ്ങിനിന്നിരുന്നു. അതുകൊണ്ടാണ് പൊതുമേഖലാ ബാങ്കുകളിൽ ജനറൽ മാനേജർ തസ്തികയിൽ ചീഫ് വിജിലൻസ് ഓഫിസറായി ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ പോകാൻ താൽപര്യമുള്ളവരുടെ ഒരു ലിസ്റ്റ് തയാറാക്കാൻ ഗവൺമെന്റ് തീരുമാനിച്ചപ്പോൾ, തീരെ താൽപര്യമില്ലാത്ത വിഷയമാണെങ്കിലും ഞാൻ എന്റെ സമ്മതം അറിയിച്ചത്. പരിചിതമായ ചുറ്റുപാടുകളിൽ‌നിന്ന് ഒരു മാറ്റം അന്ന് ഞാൻ ആഗ്രഹിച്ചിരുന്നുവെന്നതു നേരാണ്. 

writer-sethu-memoir-on-bank-life-part2
സേതു

എന്തായാലും ജനറൽ മാനേജരെന്ന നിലയിൽ കോർപറേഷൻ ബാങ്കിലെ രണ്ടര കൊല്ലം എന്റെ ബാങ്കിങ് ജീവിതത്തിലെ മറക്കാനാവാത്തൊരു കാലഘട്ടമായി മാറി. വളരെ മുൻപേ ഒരു പൊതുമേഖലാബാങ്കായിരുന്ന സ്റ്റേറ്റ്ബാങ്കിലേതിൽനിന്നു വളരെ വ്യത്യസ്തമായിരുന്നു പിൽക്കാലത്തു ദേശസാൽക്കരിക്കപ്പെട്ട കോർപറേഷൻ ബാങ്കിലെ പ്രവർത്തനശൈലി. നൂറു ശതമാനവും അർപ്പണബോധത്തോടെ ബാങ്കിനെ സേവിക്കാൻ തയാറായ ജീവനക്കാരും ഉദ്യോഗസ്ഥരും വലിയൊരു അദ്ഭുതമായി മാറി എനിക്ക്. ചുരുക്കിപ്പറഞ്ഞാൽ അപ്പോഴും ഒരു സ്വകാര്യ ബാങ്കിന്റെ ശൈലിയിലാണ് അവർ പ്രവർത്തിച്ചുകൊണ്ടിരുന്നത്. അവരുടെ ആ പുരോഗതിക്കു ചുക്കാൻ പിടിച്ചത് കെ.ആർ.രാമമൂർത്തി എന്ന പേരുകേട്ട ചെയർമാനായിരുന്നു. പക്ഷേ, ഞാൻ ചേർന്നപ്പോഴേക്കും അദ്ദേഹം വിരമിച്ചിരുന്നു. പക്ഷേ,  ആ സ്ഥാന‌ത്തെത്തിയ ആർ.എസ്. ഹുഗറും സമർഥനായിരുന്നു. സ്റ്റേറ്റ്ബാങ്കിലെ മികച്ച പരിശീലനത്തിനും സേവനത്തിനും ശേഷം അവിടെയെത്തിയ എന്നോട് അദ്ദേഹത്തിനു  വലിയ സ്നേഹവും തെല്ലൊരു ആദരവുമുണ്ടായിരുന്നു. അന്നു ചെയർമാനു താഴെ രണ്ടാം നിരയിൽ എക്സിക്യൂട്ടീവ്് ഡയറക്ടർ ഇല്ലായിരുന്നു. എനിക്കു  പുറമെ രണ്ടു ജനറൽ മാനേജർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഹുഗർ പതിവുള്ള ഇൻസ്പെക്‌ഷൻ, വിജിലൻസ് എന്നിവയ്ക്ക് പുറമെ ട്രെയിനിങ് അടക്കമുള്ള എച്ച്ആർഡി വകുപ്പുകളും ഏൽപ്പിച്ചപ്പോൾ പലരും നെറ്റി ചുളിച്ചു. അദ്ദേഹത്തിന് എന്നിലുണ്ടായിരുന്ന വിശ്വാസമാണ് അതു കാണിച്ചത്. മാത്രമല്ല, അതേ ബാങ്കിൽ‌നിന്നു വരുന്ന മറ്റുള്ള ജനറൽ മാനേജർമാർ അറിയാതെ ബാങ്കിനെ സംബന്ധിച്ച പല പ്രധാന കാര്യങ്ങളും അദ്ദേഹം ഞാനുമായി ചർച്ച ചെയ്തുകൊണ്ടിരുന്നു. 

പക്ഷേ, ഫോറിൻ എക്സ്ചേഞ്ചിൽ നിന്നു വിജിലൻസിലേക്കുള്ള പകർന്നാട്ടം അത്ര എളുപ്പമായിരുന്നില്ല.  അതുകൊണ്ട്  ഒട്ടും പരിചയമില്ലാത്ത വിദേശവിനിമയ ചട്ടങ്ങൾ പഠിച്ചെടുത്തതുപോലെ  വിജിലൻസുമായി ബന്ധപ്പെട്ട ഏടാകൂടങ്ങളും വരുതിയിലാക്കാൻ ഏറെ പരിശ്രമിക്കേണ്ടിവന്നു. പ്രത്യേകിച്ചും ഞങ്ങളുടെ ‘മാഗ്നകാർട്ട’ ആയ വിജിലൻസ് മാന്വൽ. പിന്നെ കുറെ സർവീസ് ചട്ടങ്ങൾ. ഭാഗ്യത്തിന്, ഇക്കാര്യത്തിൽ എന്നെ സഹായിക്കാനായി പരിചയസമ്പന്നനായൊരു ഓഫിസറുണ്ടായിരുന്നു. പക്ഷേ, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കാരണം ബാങ്കിലെ ഏറ്റവും വെറുക്കപ്പെട്ട ‘ആരാച്ചാരാ’യിരുന്നു  ദോഷൈകദൃക്കായ ആ പാഴ്സി ചെറുപ്പക്കാരൻ. ഏതു സ്ഥാപനത്തിലും ഏറ്റവും വെറുക്കപ്പെട്ട വിഭാഗം സ്വാഭാവികമായും ആ വകുപ്പായിരിക്കെ, വിജിലൻസിന്  ഒരു മാനുഷികമുഖം കൊടുക്കാനുള്ള എന്റെ എല്ലാ ശ്രമങ്ങൾക്കും വിലങ്ങുതടിയായിരുന്നത് അയാളായിരുന്നു. അതേ സമയം അയാൾ  നിസ്വാർഥസേവനം നടത്തുന്ന നല്ലവനുമായിരുന്നു. 

സിവിഒ ആയ എനിക്ക് അക്കാലത്ത്് ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. സെൻട്രൽ വിജിലൻസ് കമ്മിഷന്റെ (സിവിസി) നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നതുകൊണ്ടു സാങ്കേതികമായി ചെയർമാന് എന്റെ മേൽ കാര്യമായ അധികാരമില്ലായിരുന്നു. ചെയർമാൻ എന്തെങ്കിലും തെറ്റു ചെയ്താൽ അതു റിപ്പോർട്ട് ചെയ്യേണ്ടതും ഞാനാണ്. സിബിഐക്കാരും എന്നെ അവരുടെ ആളായാണു കണ്ടിരുന്നത്. ഏതെങ്കിലും കാര്യത്തിനു ബാങ്കിൽ കയറിവരുന്ന സിബിഐക്കാർ ‘എന്താ വല്ല കോളുമുണ്ടോ’ എന്ന മട്ടിൽ തിരക്കുന്നത് എന്നെ വല്ലാതെ വെറുപ്പിച്ചിരുന്നു.  ഏതു തരത്തിൽ നോക്കിയാലും വല്ലാത്തൊരു ഞാണിന്മേൽകളിയായിരുന്നു അത്.  ഹർഷദ് മേത്തയുടെ കുംഭകോണങ്ങളുമായി ബന്ധപ്പെട്ട ചില കേസുകൾ ബാങ്കുകളെ കുഴക്കിയിരുന്ന കാലമായിരുന്നു അത്. കോർപറേഷൻ ബാങ്കിലും അത്തരം അപൂർവം ചില കേസുകളുണ്ടായിരുന്നു. രണ്ടു സിബിഐ കേസുകളിൽ കുറ്റം ചാർത്തപ്പെട്ട രണ്ട് ഉദ്യോഗസ്ഥന്മാർ  അതിലൊന്ന് ഹർഷദ്മേത്തയുമായി ബന്ധപ്പെട്ടതായിരുന്നില്ലതികച്ചും നിരപരാധികളാണെന്ന് എനിക്കു നല്ല ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് സിവിസിക്കുള്ള എന്റെ റിപ്പോർട്ടുകളും അത്തരത്തിലായിരുന്നു. പക്ഷേ, ഇത്തരം കേസുകളിൽ ബാങ്കിലെ സിവിഒമാർ പൊതുവെ സിബിഐയുടെ ഒപ്പം നിൽക്കുകയെന്ന സുരക്ഷിതമായ നിലപാടാണ് എടുക്കാറ്. അങ്ങനെ സിബിഐ കടുത്ത ശിക്ഷയായ പ്രോസിക്യൂ‌ഷനുവേണ്ടി ശുപാർശ ചെയ്ത കേസിൽ  എന്റെ നിലപാട് നേരെ എതിരായതുകൊണ്ടു ദില്ലിയിലെ സിവിസി ഓഫിസിൽ ഒരു ത്രികക്ഷിയോഗം വിളിച്ചുചേർത്തു. അതെനിക്കു പുതിയൊരനുഭവമായിരുന്നു. ഒരു വട്ടമേശയുടെ അറ്റത്ത് ജഡ്ജിയായി ഗിരി എന്ന സിവിസി ഒരു വശത്ത്, പ്രോസിക്യൂഷനു വേണ്ടി ഒരു സിബിഐ ഡിഐജിയും സഹായിയായി പിറകിലെ കസേരയിൽ ഒരു ഡിവൈഎസ്പിയും മറുവശത്ത്് ബാങ്കിന്റെ ഭാഗം വാദിക്കാനായി ഞാൻ തനിച്ചും. വല്ലാത്തൊരു അന്തരീക്ഷമായിരുന്നു അത്. തന്റെ ഭാഗം ഡിഐജി ശക്തമായി വാദിച്ചപ്പോൾ പരിചയക്കുറവുള്ള ഞാൻ തളരുമെന്ന് അവർ കരുതി  സിവിസി പൊതുവെ സിബിഐക്ക് അനുകൂലമായ നിലപാടുകളെടുക്കുന്നതുകൊണ്ടു പ്രത്യേകിച്ചും. പക്ഷേ, ഞാൻ തളർന്നില്ല. നീതിമാനായ സിവിസി ഗിരിയിൽ‌നിന്നു നീതി കിട്ടുമെന്നു ഞാൻ കരുതി. 

വിദേശത്തേക്കു കയറ്റി അയച്ച കാർഗോയിലെ ചരക്കുകളിൽ കൃത്രിമം നടന്നതു‌കൊണ്ട് അതിന്റെ ബിൽ ഡിസ്കൗണ്ട് ചെയ്ത ബാങ്കിനു നഷ്ടം വന്നിരുന്നു. അതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും സിബിഐ പ്രതി ചേർത്തിരുന്നു. തെളിയിക്കാൻ കഴിഞ്ഞാൽ ആ ഡിജിഎമ്മിനു ജയിൽശിക്ഷ വരെ കിട്ടുന്ന കേസാണ്. പക്ഷേ, ആ യോഗത്തിൽ യൂണിഫോം  കസ്റ്റംസ് ആൻഡ്  പ്രാക്ടീസിലെ വകുപ്പുകളനുസരിച്ചു കയറ്റുമതി സംബന്ധിച്ച രേഖകൾ ശരിയാണോയെന്നു പരിശോധിക്കുക മാത്രമാണ് ബാങ്കുകാരുടെ ചുമതലയെന്നും ചരക്കുകളുടെ പാഴ്സൽ അവർ ഒരിക്കലും കാണേണ്ടതില്ലെന്നും ഞാൻ വാദിച്ചു. തികച്ചും ന്യായമായ ഈ വ്യവസ്ഥ ഞാൻ മുന്നോട്ടു വച്ചതിൽ ഐപിഎസ്കാരനായ ഡിഐജി ക്ഷുഭിതനായതുപോലെ തോന്നി. തനിക്കറിയാത്ത  ഈ പ്രധാനപ്പെട്ട കാര്യം കീഴുദ്യോഗസ്ഥർ തന്നെ അറിയിക്കാതിരുന്നതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. അത് എനിക്കു ശരിക്കും മനസ്സിലായിരുന്നു. കാരണം ഒരു കേസിൽ നമ്പറിട്ട് കെട്ടിവച്ചാൽ അതു പ്രതിയുടെ കഴുത്തിൽ മുറുകുന്ന കുടുക്കാകുമെന്നും കുറ്റം തെളിയിക്കാൻ ഏതറ്റംവരെ പോകാൻ അവർ തയാറാകുമെന്നും ഒരു ഡിവൈഎസ്പി  മുൻപ് എന്നോടു സൂചിപ്പിച്ചിരുന്നു. കാരണം അത് അവരുടെ കരിയറിനെ ബാധിക്കുന്ന കാര്യമാണ്. ചാർജ് ചെയ്യുന്നതിനു മുൻപു വേണ്ടത്ര ശ്രദ്ധിച്ചില്ല എന്ന കുറ്റാരോപണം വരും മുകളിൽ നിന്ന്. 

എന്തായാലും സിവിസിയിലെ സെക്രട്ടറി അവിടെ ഡെപ്യൂട്ടേഷനിലുള്ള ചില ബാങ്കുദ്യോഗസ്ഥന്മാരുമായി ചർച്ച ചെയ്തപ്പോൾ എന്റെ വാദം ശരിയാണെന്നു തെളിഞ്ഞു. ബന്ധപ്പെട്ട വകുപ്പുകൾ വളരെ വ്യക്തമാണുതാനും. ബിൽ ഡിസ്കൗണ്ട് ചെയ്യുന്നതിനു മുൻപു ചരക്കുകളുടെ പാഴ്സൽ പൊട്ടിച്ചു പരിശോധിക്കാനുള്ള അധികാരം ബാങ്കുകൾക്കില്ലെന്നു മാത്രമല്ല, ഡസൻ കണക്കിനു ബില്ലുകൾ കൈകാര്യം ചെയ്യുന്ന ബ്രാഞ്ചുകളിൽ ഇതു തികച്ചും അപ്രായോഗികവുമാണ്. കൂടാതെ വിവിധ ഉൽപന്നങ്ങളുടെ ഗുണനിലവാരം നിശ്ചയിക്കുകയെന്നതു വിദഗ്ധരുടെ മാത്രം പണിയാണ്. അതുകൊണ്ടു ബന്ധപ്പെട്ട രേഖകൾ ശരിയാണോയെന്നു മാത്രം അവർ  നോക്കിയാൽ മതിയെന്നതു വളരെ പ്രാഥമികമായ അന്താരാഷ്ട്ര നിയമമാണ്. അങ്ങനെ പ്രോസിക്യൂഷനു വിധിക്കപ്പെട്ട ഉദ്യോഗസ്ഥനെ ബാങ്കിന്റെ ചട്ടങ്ങളനുസരിച്ചുള്ള അച്ചടക്കനടപടികൾക്കു മാത്രം വിധേയനാക്കിയാൽ മതിയെന്നു സിവിസി വിധിയെഴുതി. അങ്ങനെ കടുത്ത നടപടികളിൽനിന്നെല്ലാം രക്ഷപ്പെട്ട ആ മിടുക്കനായ ഉദ്യോഗസ്ഥൻ പിന്നീടു ബാങ്കിങ് മേഖലയിലെ ഒട്ടേറെ ഉന്നത പദവികളിൽ എത്തിയതിനു ശേഷമാണ് ജോലിയിൽനിന്നു പിരിഞ്ഞത്.

ഹുഗറിന്റെ കാലത്തെ ബാങ്കിന്റെ വളർച്ച അഭൂതപൂർവമായിരുന്നു. ബാങ്കിങ്ങിന്റെ വിവിധ മേഖലകളിൽ  സവിശേഷമായ അറിവില്ലായിരുന്നെങ്കിലും നല്ല പബ്ലിക് റിലേഷൻസ് കഴിവുണ്ടായിരുന്ന അദ്ദേഹത്തിന് എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാനുള്ള മിടുക്കുണ്ടായിരുന്നു. അക്കാലത്താണ് കോർപറേഷൻ ബാങ്ക് ആദ്യമായി ഒരു പബ്ലിക് ഇഷ്യുവിനു പുറപ്പെടുന്നത്. അന്നത്തെ നിലയ്ക്കു കൂടുതൽ മൂലധനമില്ലാതെ മുന്നോട്ടു വളരുക അസാധ്യമായിരുന്നു. ബാങ്ക് ആദ്യമായി ഇടപെടുന്ന മേഖലയായിരുന്നതുകൊണ്ട് അതിനായുള്ള ഒരുക്കങ്ങൾ മാസങ്ങൾക്കു മുൻപേ തുടങ്ങി. അങ്ങനെ ഇതിനായി നിത്യവും പല യോഗങ്ങളും നടന്നു. ഷെയർമാർക്കറ്റിനെയും പബ്ലിക്  ഇഷ്യുവിനെയും പറ്റി കാര്യമായ അറിവില്ലായിരു‌ന്നെങ്കിലും ബന്ധപ്പെട്ട എല്ലാ ഏജൻസികളുമായി നടന്ന ഒട്ടേറെ ആദ്യകാല ചർച്ചകളിൽ സ്ഥിരമായി പങ്കെടുക്കാൻ കഴിഞ്ഞപ്പോൾ അതെപ്പറ്റി എനിക്ക്് ഏതാണ്ടൊരു രൂപം കിട്ടി. പ്രധാന അനലിസ്റ്റുകളും സാമ്പത്തികപത്രങ്ങളുടെ പ്രതിനിധികളുമായി ചെയർമാൻ നടത്തുന്ന സംവാദങ്ങൾ ഇതിൽ പ്രധാന‌പ്പെട്ടതാണ്. കാരണം ഇഷ്യുവിന്റെ വിജയത്തിന് അവരുടെയെല്ലാം പിന്തുണ ആവശ്യമാണ്. രാജ്യത്തെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകളും നിക്ഷേപകരും ഉള്ള സംസ്ഥാനങ്ങളിലെല്ലാം നിക്ഷേപക‌സംഗമം  നടത്തുകയെന്നത് ഇതിലെ മറ്റൊരു പ്രധാനപ്പെട്ട ചടങ്ങാണ്. സ്വന്തം കമ്പനിയുടെ പ്രവർത്തനത്തെയും ഈ ഓഹരിയുടെ സവിശേഷതകളെയും പറ്റി സദസ്സിനു മുൻപിൽ ദീർഘമായ ‘പ്രസന്റേഷൻ’ നടത്തുക മുതിർന്ന ഉദ്യോഗസ്ഥരാണ്. നിക്ഷേപകരുടെ മൂർച്ചയുള്ള ചോദ്യങ്ങൾക്കു സമർഥമായ മറുപടി നൽകുകയെന്നതുതന്നെ വലിയൊരു വെല്ലുവിളിയാണ്. അതിൽ ഏറ്റവും പ്രധാനം നിക്ഷേപകർക്കു തെറ്റായ വാഗ്ദാനങ്ങൾ കൊടുക്കാതിരിക്കുകയെന്നതാണ്. യോഗത്തിൽ നിക്ഷേപകർക്കു പുറമെ പ്രമുഖ ബ്രോക്കർമാർ, അനലിസ്റ്റുകൾ, സാമ്പത്തിക പത്രങ്ങളുടെ പ്രതിനിധികൾ തുടങ്ങിയ ഒട്ടേറെ പരിചയസമ്പന്നർ ഉണ്ടാവാറുള്ളതുകൊണ്ട് ഇതിനു വേണ്ട തയാറെടുപ്പുകൾ പ്രധാനമാണ്. യാതൊരു മുൻപരിചയവുമില്ലാത്ത, ആദ്യമായി മാർക്കറ്റിൽ ഇറങ്ങുന്ന ബാങ്കിന്റെ ശേഷിയില്ലായ്മ, തെക്കുള്ള ബാങ്കിനെക്കുറിച്ച് വടക്കുള്ളവർക്കുള്ള അറിവില്ലായ്മ തുടങ്ങിയവയും കണക്കിലെടുക്കാതെ വയ്യ. ഇവയ്ക്കായി മർച്ചന്റ് ബാങ്കേഴ്സിന്റെ ഉപദേശങ്ങളും മാർഗനിർദേശങ്ങളും ഉണ്ടാകുമെങ്കിലും അതിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വം വളരെ പ്രധാനപ്പെട്ടതാണ്. 

writer-sethu-memoir-on-bank-life-part2
സേതു

പ്രധാന മെട്രോ നഗരങ്ങളിലെ യോഗങ്ങളിൽ ചെയർമാൻ തന്നെ പങ്കെടുക്കാറുണ്ട്. മറ്റു നഗരങ്ങൾ ജനറൽ മാനേജർ തുടങ്ങിയ സീനിയർ ഉദ്യോഗസ്ഥർക്കിടയിൽ വീതിച്ചുകൊടുക്കുക പതിവാണ്. അങ്ങനെ ആദ്യ റൗണ്ടിൽ നടന്ന എല്ലാ കോൺഫറൻസുകളിലും ചെയർമാനോടൊപ്പം പങ്കെടുക്കാനായതോടെ ഇതൊക്കെ തനിച്ചു ചെയ്യാമെന്ന ആത്മവിശ്വാസം എനിക്കുണ്ടായി. അങ്ങനെ യോഗങ്ങൾ വീതിക്കാനിരുന്നപ്പോൾ കേരളത്തിനു പുറമെ, മറ്റൊരു സംസ്ഥാനം‌കൂടി എടുക്കാമോയെന്നു ചെയർമാൻ ചോദിച്ചപ്പോൾ ഞാൻ സമ്മതം മൂളി. അങ്ങനെ കൊച്ചിക്കു പുറമെ  ഹൈദരാബാദും എനിക്കു കിട്ടി. കൂടെ സഹായത്തിന് രണ്ട് അസി. ജനറൽ മാനേജർമാരുമുണ്ടായിരുന്നു.  അറിയപ്പെടുന്ന ആളായതുകൊണ്ട് കേരളത്തിലെ യോഗം വലിയ കുഴപ്പമില്ലാതെ പോയി. പക്ഷേ, ഹൈദരാബാദിലെത്തിയപ്പോൾ എല്ലാം വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് ആദ്യമേ തന്നെ മർച്ചന്റ് ബാങ്കേഴ്സിന്റെ പ്രതിനിധികൾ താക്കീതു ചെയ്തിരുന്നു. കാരണം കുഴക്കുന്ന ചോദ്യങ്ങൾ ചോദിക്കാൻ വിരുതുള്ള ചില പത്രക്കാർ, ചാർട്ടേർഡ് അക്കൗണ്ടന്റുമാർ തുടങ്ങിയവർ കൂട്ടത്തിൽ കണ്ടേക്കും. ബാങ്ക് ഉദ്യോഗസ്ഥന്മാരെ വിരട്ടുകയെന്നതു ചിലരുടെ വിനോദമാണ്. പക്ഷേ, എന്റെ ആത്മവിശ്വാസത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.  

എന്റെ ആമുഖം വലിയ കുഴപ്പമില്ലാതെ പോയെന്ന് ഉദ്യോഗസ്ഥന്മാരുടെ മുഖത്തുനിന്നു തന്നെ വ്യക്തമായിരുന്നു. പിന്നെ ചോദ്യോത്തരങ്ങളുടെ സമയമായി. പ്രതീക്ഷിച്ചപോലെ പുറകിലൊരു കസേരയിൽ‌നിന്ന് ഒരു ചോദൃം വന്നു. കേട്ടുകേൾവിയില്ലാത്ത ഈ ബാങ്കിന്റെ ഓഹരിയിൽ ഞങ്ങളെങ്ങനെ പണമിറക്കുമെന്നായിരുന്നു അത്. മറുപടിയായി ബാങ്കിന്റെ മുൻകാല ചരിത്രത്തെപ്പറ്റി ഹ്രസ്വമായി വിവരിച്ചശേഷം മുഴുവൻ വിവരങ്ങളും ഞങ്ങളുടെ പ്രോസ്പെക്ടസിൽ ഉണ്ടല്ലോയെന്നു ഞാൻ പറഞ്ഞു. മാത്രമല്ല ഇതേപ്പറ്റി അനലിസ്റ്റുകളും ധാരാളം എഴുതിയിട്ടുണ്ട്...അങ്ങനെ ഒരുപാടു ചോദ്യങ്ങൾ. ഒടുവിൽ  കുഴക്കുന്ന ചോദ്യം വന്നു. എന്റെ വിലപ്പെട്ട പണംകൊണ്ട് ഈ ഓഹരിയെടുത്താൽ എത്ര മാസങ്ങൾ‌കൊണ്ട് അത് ഇരട്ടിയാകും? അതിലെ കെണി കൃത്യമായി തിരിച്ചറിഞ്ഞ ഞാൻ തുറന്നുപറഞ്ഞു– ഞങ്ങളുടെ ഷെയറിന്റെ ഭാവിയിലെ വിലയെപ്പറ്റി ഒരു പ്രവചനത്തിനു ഞാൻ തയാറല്ല. പക്ഷേ, ഞങ്ങളുടെ ഇതേവരെയുള്ള പ്രവർത്തന‌ഫലങ്ങൾ നിങ്ങളുടെ മുൻപിലുണ്ട്.അതുവച്ച് ഉചിതമായൊരു തീരുമാനമെടുക്കേണ്ടതു താങ്കൾതന്നെയല്ലേ? മറ്റൊരു ബാങ്കിൽനിന്നു വന്ന താങ്കൾ എങ്ങനെ ഇതൊക്കെ ഉറപ്പായി പറയുന്നു, എന്നു തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾ പല ഭാഗങ്ങളിൽനിന്നു വന്നെങ്കിലും ഞാൻ പതറിയില്ല....എല്ലാം കഴിഞ്ഞപ്പോൾ കൂടെയുള്ളവർ എന്റെ ചുറ്റും കൂടി അഭിനന്ദിച്ചപ്പോഴാണ് സത്യത്തിൽ ആശ്വാസമായത്.  അതു കഴിഞ്ഞ്് ഉച്ചഭക്ഷണത്തിനായി സദസ്സ് പിരിഞ്ഞപ്പോൾ മുടി നരച്ച ഒരാൾ എന്റെ അടുത്തു വന്ന് കൈ പിടിച്ചുകുലുക്കിക്കൊണ്ട് വളരെയേറെ അഭിനന്ദിച്ചു. പിന്നീട് അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ഇത്തരം യോഗങ്ങളിൽ നിരീക്ഷകരായി സെബി നിയോഗിക്കാറുള്ള സീനിയർ ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ ഒരാളായിരുന്നു അദ്ദേഹം. ഓഹരിയിറക്കുന്ന സ്ഥാപനം തെറ്റായ വിവരങ്ങളിലൂടെ നിക്ഷേപകരെ കബളിപ്പിക്കുന്നുണ്ടോയെന്നു സൂക്ഷ്മമായി നിരീക്ഷിച്ച് അവർക്കു റിപ്പോർട്ട് കൊടുക്കുകയെന്നത് അദ്ദേഹത്തിന്റെ ചുമതലയായിരുന്നു. താൻ പങ്കെടുത്ത യോഗങ്ങളിൽവച്ച് ഏറ്റവും സമർഥമായി കാര്യങ്ങൾ കൈകാര്യം ചെയ്യപ്പെട്ടവയിൽ ഒന്നാണിത്. താങ്കളുടെ നേതൃത്വത്തിൽ അതു ഭംഗിയായി ചെയ്തതിന് അഭിനന്ദനങ്ങൾ... വിയർപ്പിക്കുന്ന ചോദ്യങ്ങളെ ഒരു പതറിച്ചയുമില്ലാതെ, അതിവാചാലതയില്ലാതെ  കൈകാര്യം ചെയ്യുകയെന്നത് എളുപ്പമായ കാര്യമല്ല, അതും ചുരുങ്ങിയ കാലത്തിനു മുൻപു മാത്രം മറ്റൊരു ബാങ്കിൽനിന്നു ഡെപ്യൂട്ടേഷനിൽ വന്ന ഒരു ജനറൽ മാനേജർ...അദ്ദേഹം കൂട്ടിച്ചേർത്തു. ആ ബാങ്കിലെ രണ്ടരക്കൊല്ലത്തെ പ്രവർത്തനങ്ങളിൽ എനിക്ക് ഏറ്റവും അഭിമാനം തോന്നിയ നിമിഷങ്ങളിലൊന്നായിരുന്നു അത്.

എന്തായാലും തുടർച്ചയായി രണ്ടാഴ്ചയോളം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൂടെ ഓടി നടക്കുകയെന്നതു മറക്കാനാവാത്തൊരു അനുഭവമായിരുന്നു. ഞങ്ങളുടെ ആദ്യ ഓഹരി ഇഷ്യുവിന് മാർക്കറ്റിൽനിന്നു മികച്ച പ്രതികരണം കിട്ടുകയും ചെയ്തു. 

ഇങ്ങനെ കാര്യങ്ങൾ നന്നായി പോയിക്കൊണ്ടിരിക്കെ, എന്നെ വല്ലാതെ സങ്കടപ്പെടുത്തിയ ഒരു സംഭവം അമ്മയുടെ മരണമായിരുന്നു. തൊണ്ണൂറ്റിരണ്ടു വയസ്സുവരെ കാര്യമായ കുഴപ്പങ്ങളൊന്നുമില്ലാതെ ജീവിച്ച അവർ പൊതുവെ ആരോഗ്യവതിയായിരുന്നു. കിടപ്പിലാകുന്നതു‌വരെ പുസ്തകങ്ങളും വാരികകളും വായിച്ചിരുന്നുവെന്നു മാത്രമല്ല, ഒരു വാരിക വരാൻ വൈകിയാൽ അന്വേഷിക്കുകകൂടി ചെയ്തിരുന്നു. അങ്ങനെയിരിക്കെ പെട്ടെന്ന് അവരുടെ ആരോഗ്യം മോശമാകാൻ തുടങ്ങി. അന്നു കിട്ടാവുന്ന ഏറ്റവും മികച്ച ആശുപത്രി സൗകര്യങ്ങൾ മംഗലാപുരത്ത് ഉണ്ടായിരുന്നെങ്കിലും പ്രായാധിക്യംകൊണ്ടുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരം എളുപ്പമായിരുന്നില്ല. അതിനിടയിൽ ഒരു രാത്രിയിൽ കട്ടിലിൽനിന്നു വീണതോടെ അമ്മ സ്ഥിരമായി കട്ടിലിലേക്കു മടങ്ങുകയായി. അങ്ങനെ രണ്ടുമൂന്നു മാസം കിടന്നുവെന്നു മാത്രമല്ല, നാട്ടിലേക്കു പോകണമെന്ന് ആവശ്യപ്പെടാനും തുടങ്ങി. എന്റെ ഭാര്യ കൂടെ പ്പോകാൻ തയാറായിരുന്നുവെങ്കിലും അങ്ങനെ തനിച്ചുവിടാവുന്ന ചുറ്റുപാടുകളല്ലായിരുന്നു. അങ്ങനെയിരിക്കെ പതിവില്ലാതെ അമ്മ അതു പറഞ്ഞു വാശിപിടിക്കാൻ തുടങ്ങി. മാത്രമല്ല, ഒരു രാവിലെ അവിടെയെത്തിയതുപോലെ പിച്ചും  പേയും പറയാനും തുടങ്ങി. ജീവിതത്തിൽ ഒരിക്കലും വാശി പിടിക്കാത്ത അമ്മ. അതോടെ ഞാൻ തളർന്നു പോയി. ആലുവയ്ക്കടുത്ത വെസ്റ്റ് കടുങ്ങല്ലൂരിലെ  വീട്ടിലേക്കു കൊണ്ടുപോകാമെന്നുതന്നെ തീരുമാനിച്ചു. ഒരു ആംബുലൻസ് ഏർപ്പാടു ചെയ്ത് ഒരു ദിവസം പുലർച്ചയ്ക്ക് ഞങ്ങൾ മംഗലാപുരത്തു‌നിന്നു പുറപ്പെട്ടു. റോഡ് നല്ലതായിരുന്നെങ്കിലും കൂടെ രോഗിയുള്ളതുകൊണ്ടു പതുക്കെ മാത്രമേ പോകാൻ കഴിയുമായിരുന്നുള്ളൂ. അങ്ങനെ വൈകുന്നേരം ഏതാണ്ട് അഞ്ചു മണിയോടെ ഞങ്ങൾ വീട്ടിലെത്തി. അതു കൃത്യമായി തിരിച്ചറിഞ്ഞതുപോലെ അമ്മയുടെ മുഖം തെളിയുന്നതു കണ്ടു. 

sethu-parents
സേതുവിന്റെ അച്ഛനും അമ്മയും

പക്ഷേ, പിറ്റേന്നു രാവിലെയായപ്പോഴേക്കും സ്ഥിതി പതുക്കെ മോശമായി വരുന്നതായിത്തോന്നി. എന്നിട്ടും എന്തിനോ വേണ്ടി അമ്മ കാത്തു കിടക്കുകയായിരുന്നു. പെട്ടെന്ന്, ഒരു മുന്നറിയിപ്പുമില്ലാതെ തമിഴ്നാട്ടിലെ ഒരു കോളജിൽ പഠിച്ചുകൊണ്ടിരുന്ന മൂത്ത മകൻ കയറി വന്നപ്പോൾ ഞങ്ങൾ പകച്ചുപോയി. അവനെ തിരിച്ചറിഞ്ഞതു‌കൊണ്ടാവണം അമ്മ പതുക്കെ ചിരിക്കാൻ നോക്കുന്നതുപോലെ തോന്നി. അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ആദ്യത്തെ പേരക്കുട്ടിയായിരുന്നു അവൻ. ഒരുപക്ഷേ, വീട്ടിൽ തിരിച്ചെത്താനും അവനെ കാണാനും വേണ്ടി മാത്രം മരണത്തോടു മല്ലടിക്കുകയായിരുന്നു. അവൻ വായിലേക്കു ഗംഗാ‌ജലം വീഴ്ത്തിയതോടെ അമ്മ കണ്ണടച്ചു. പിന്നെ അന്ത്യശ്വാസം വലിക്കുകയായി...ഒരു യുക്തിവാദിക്കും വിശദീകരിക്കാനാവാത്ത സംഭവം. 

പിന്നെയും കുറെ നാളുകൾ കടന്നു പോയി. മംഗലാപുരത്തെയും കോർപറേഷൻ ബാങ്കിലെയും ജീവിതം ഞാൻ വളരെയേറെ ഇഷ്ടപ്പെടാൻ തുടങ്ങിയ കാലം. 

ഇടയിലുണ്ടായ മറക്കാനാവാത്തൊരു അനുഭവത്തെക്കുറിച്ചുകൂടി പറയാതെ ഈ ലേഖനം പൂർണമാകില്ല. 1997 ലെ ഒരു കൊൽക്കത്ത സന്ദർശനമായിരുന്നു അത്. പതിവായി താമസിക്കാറുള്ള പാർക്ക് ഹോട്ടലിന്റെ ലോബിയിൽ അന്നു പതിവില്ലാത്തൊരു ആൾക്കൂട്ടം കണ്ടു. അധികവും പല ഭാഷകൾ സംസാരിക്കുന്ന വിദേശികൾ. ഇടയിൽക്കൂടി ചെക്കിൻ ചെയ്യാൻ തന്നെ കാത്തു നിൽക്കേണ്ടിവന്നു. കാര്യം തിരക്കിയപ്പോൾ കൗണ്ടറിലിരിക്കുന്ന ചെറുപ്പക്കാരൻ പിറ്റേന്നു പുറത്തിരിക്കാതിരിക്കുന്നതാവും നല്ലതെന്നു പറഞ്ഞു. കാരണം അവിടെ വച്ചു നിര്യാതയായ മദർ തെരേസയുടെ ശവസംസ്കാരം അന്നാണ്. മാത്രമല്ല, ശവസംസ്കാര വിലാപയാത്ര പ്രധാന വീഥികളിലൂടെ കടന്നുപോകുന്നതുകൊണ്ടു നഗരത്തിലെ ഗതാഗതമാകെ സ്തംഭിക്കാനിടയുണ്ട്. വിദേശങ്ങളിൽനിന്നുള്ള ബുക്കിങ് കാരണം നഗരത്തിലെ ഹോട്ടലുകളെല്ലാം നിറഞ്ഞിരിക്കുകയാണ്. ഇവിടെത്തന്നെ മുറികളൊന്നും ഒഴിവില്ലെങ്കിലും താങ്കളുടെ ബാങ്കുമായുള്ള ദീർഘകാലബന്ധം പരിഗണിച്ച് ഒരു വിധത്തിൽ ശരിപ്പെടുത്തുകയായിരുന്നു.

അതിൽ അതിശയോക്തിയില്ലെന്ന് അകത്തു കടന്നപ്പോൾ മനസ്സിലായി. മുറികളിലേക്കുള്ള ഇടനാഴികളിലും കോണിപ്പടികളിലുമെല്ലാം കുറെയേറെ കറുത്ത പെട്ടികൾ അടുക്കി വച്ചിരിക്കുകയാണ്. ചിലതിന്റെ പുറത്ത്്  ചില വെള്ളക്കാർ ഇരിക്കുന്നുമുണ്ട്. അവരൊക്കെ പല രാജ്യങ്ങളിൽനിന്നു വന്ന ടെലിവിഷൻ ക്രൂവായിരുന്നു. എന്റെ മുഖത്തെ വിസ്മയം കണ്ടിട്ടാവണം എന്റെ മുറിയുടെ മുൻപിൽ  വഴി മുടക്കിയിരിക്കുന്ന ഒരു ചെറുപ്പക്കാരൻ ക്ഷമാപണം പറഞ്ഞു. ഇതെല്ലാം നഗരത്തിലെ ഓരോ പ്രധാനയിടങ്ങളിലും ഇണക്കി വയ്ക്കാനുള്ള ഉപകരണങ്ങളുടെ ഭാഗങ്ങളാണ്നാളെ രാവിലെ‌തന്നെ ഇതൊക്കെ മാറ്റിത്തന്നേക്കാം.

എന്തായാലും പിറ്റേന്നു പുറത്തിറങ്ങാനായില്ല. പക്ഷേ, മുറിക്കകത്തിരുന്ന് ആ ചരിത്രപ്രസിദ്ധമായ ഘോഷയാത്രയുടെ അവിസ്മരണീയമായ ചില ദൃശ്യങ്ങൾ കാണാനായി.  ബിബിസി, സിഎൻഎൻ തുടങ്ങിയ ചില വിദേശ ചാനലുകളിലൂടെ കടന്നുപോയപ്പോൾ ആ രാജ്യങ്ങളിലെ സാങ്കേതികമേന്മ വേറിട്ടുനിന്നു. ലോകം മുഴുവനും കാണാനായി കാത്തിരിക്കുന്ന ആ ചരിത്രസംഭവത്തിന്റെ മികച്ച ദൃശ്യങ്ങൾക്കായി ഇന്ത്യയിൽനിന്നുള്ള ചാനലുകളെ ആശ്രയിക്കാതെ അവരുടെ വിദഗ്ധന്മാരെ തന്നെ നിയോഗിക്കുകയായിരുന്നു. പ്രമുഖ ലോകനേതാക്കൾക്കപ്പുറമായി ഇരുപത്തിമൂന്നു രാജ്യങ്ങളുടെ പ്രതിനിധികൾ ആ ചടങ്ങിൽ പങ്കെടുത്തുവത്രെ. കൊൽക്കത്തക്കാർക്ക് ഒരിക്കലും  മറക്കാനാവാത്ത വിധത്തിൽ നേതാജി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് ഏകദേശം പതിനയ്യായിരം പേരായിരുന്നു. 

അതിനിടയിൽ തീരെ അപ്രതീക്ഷിതമായൊരു സംഭവമുണ്ടായി. എസ്ബിടിയിൽ ജനറൽ മാനേജർ പോസ്റ്റിലേക്കുള്ള ഇന്റർവ്യൂവിനുള്ള കത്തു വന്നപ്പോൾ ചെയർമാനടക്കമുള്ള എല്ലാവരും എന്നെ മുൻകൂറായി അഭിനന്ദിക്കാൻ തുടങ്ങി. അവരെ സംബന്ധിച്ചിടത്തോളം അതു തികച്ചും സാധാരണ നടപടിക്രമം മാത്രമായിരുന്നു.  കാരണം രണ്ടു വർഷത്തിലേറെ കാലമായി മറ്റൊരു ബാങ്കിൽ അതേ തസ്തികയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരാളെ അതിൽ സ്ഥിരപ്പെടുത്തുക മാത്രമേ ചെയ്യേണ്ടൂമറ്റേ ബാങ്കിൽനിന്നു മോശമായൊരു റിപ്പോർട്ട് വരാത്തയിടത്തോളം കാലം. അങ്ങനെ ജനറൽ മാനേജരായി തിരിച്ചുവരാനായി പോകുന്നയാളുടെ കൈപിടിച്ചുകുലുക്കിക്കൊണ്ട് ഒരു വാഗ്ദാനം മാത്രമേ ചെയർമാൻ ഹുഗർ ആവശ്യപ്പെട്ടുള്ളൂ. താനിനി ഒരു വർഷം കൂടി മാത്രമേ ഇവിടെ കാണൂ; അതുകൊണ്ട് ആ ഒരു കൊല്ലംകൂടി ഇവിടെ എന്റെ കൂടെ കാണണം. ഇവിടെ പകരം മറ്റൊരാൾ വരാതെ ഞാൻ നോക്കിക്കൊള്ളാം. വാസ്തവത്തിൽ ചീഫ് വിജിലൻസ് ഓഫിസറുടെ പ്രത്യേക തസ്തികയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു വരുന്നയാൾ പിന്നീടുള്ള കാലം സാങ്കേതികമായി ദില്ലിയിലെ ചീഫ് വിജിലൻസ് കമ്മീഷണറുടെ കീഴിലാണ്. മറ്റു കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സെക്രട്ടേറിയറ്റിലെ ഫൈനാൻസ് മന്ത്രാലയമാണ്. അവിടത്തെ മലയാളിയായ ജോയിന്റ്് സെക്രട്ടറി എം. ദാമോദരനുമായി എനിക്കു നല്ല സുഹൃദ്ബന്ധമാണ്. 

പക്ഷേ, ഇന്റർവ്യൂ കഴിഞ്ഞപ്പോൾ കാര്യങ്ങളാകെ തകിടം മറിഞ്ഞു. എനിക്കു പകരം എന്നെക്കാൾ ജൂനിയറായ ഒരാളെ പ്രൊമോട്ട് ചെയ്യാനാണ് കമ്മിറ്റി തീരുമാനിച്ചത്. വിവരങ്ങൾ  അറിഞ്ഞശേഷം മംഗലാപുരത്തേക്കു മടങ്ങാമെന്നു കരുതി, പതിവിനു വിപരീതമായി അടുത്ത മുറിയിൽ കാത്തിരുന്ന എന്നെ വല്ലാതെ ഞെട്ടിച്ച തീരുമാനമായിരുന്നു അത്. എങ്ങോട്ടോ ഡെപ്യൂട്ടേഷനിൽ പോയ ഒരാൾക്കു പകരം സ്ഥലത്തുള്ള ഒരാളെ എടുക്കാമെന്ന് അവർ കരുതിയതാവാമെന്നു കൂടെയുള്ള ആരോ പറഞ്ഞു. ഉദ്യോഗക്കയറ്റം കിട്ടാത്തതിൽ എനിക്കു വലിയ വിഷമം തോന്നിയില്ല. ഒരാളുടെ കരിയറിൽ ചില കയറ്റയിറക്കങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. ഞാനടക്കം പലർക്കും അതുണ്ടായിട്ടുമുണ്ട്. പക്ഷേ, കൺവെട്ടത്തിൽനിന്നു മാറിയതുകൊണ്ടു മാത്രം ഇത്രയും കാലം ആവുന്നത്ര നന്നായി സേവിച്ച എന്റെ മാതൃസ്ഥാപനത്തിന് എന്നെ വേണ്ടാതായി എന്നത് എന്നെ വല്ലാതെ അലട്ടി. ഇനി ഈ കെട്ടിടത്തിലേക്ക് കാലെടുത്തു കുത്തില്ലെന്ന് ഉള്ളിൽ പറഞ്ഞുകൊണ്ടാണ് അവിടെ നിന്ന് ഇറങ്ങിപ്പോന്നതെങ്കിലും ഉടനെതന്നെ ഞാനതു വെട്ടിമാറ്റി. എന്തൊക്കെ തിരിച്ചടികൾ കിട്ടിയാലും എന്നെ ഈ നിലയിലാക്കിയതിൽ വലിയൊരു പങ്കു വഹിച്ച സ്ഥാപനത്തോടു  നന്ദികേടു കാട്ടാനാവില്ലെന്നു തോന്നി. തീരുമാനങ്ങൾ ചില വ്യക്തികളുടേതാകാം. അവർ വരികയും പോകുകയും ചെയ്യും. പക്ഷേ, സ്ഥാപനത്തിനു നിലനിന്നേ പറ്റൂ. മാത്രമല്ല, ഒരു എഴുത്തുകാരനെന്ന നിലയിൽ ഇത്തരം ഇടയിളക്കങ്ങൾ നിയന്ത്രിക്കാൻ എനിക്കാകണം  ഞാൻ എന്നെത്തന്നെ തിരുത്തി. 

കോർപറേഷൻ ബാങ്കിൽ തിരിച്ചെത്തിയപ്പോൾ എന്നെ അഭിനന്ദിക്കാനായി ചുറ്റും കൂടിയവർ ശരിക്കും അമ്പരന്നു പോയി. സത്യത്തിൽ ഈ തിരഞ്ഞെടുപ്പിനു പിറകിലുള്ള ലോജിക്ക് അവർക്കു തീരെ മനസ്സിലായില്ല. വിവരമറിഞ്ഞ് എന്റെ മുറിയിൽ ഓടിയെത്തിയ ചെയർമാനും അതു വിശ്വസിക്കാനായില്ല. എന്തു പറ്റിയെന്ന് അദ്ദേഹം ആവർത്തിച്ചു ചോദിച്ചപ്പോൾ ഞാൻ നിരാശയോടെ പറഞ്ഞത്  ‘ഔട്ട് ഓഫ് സൈറ്റ്, ഔട്ട് ഓഫ് മൈൻഡ്. പെർഹാപ്സ് ഫോർ എവർ’ എന്നു മാത്രം. ഇനി അടുത്ത കാലത്തൊന്നും ഞങ്ങളുടെ ബാങ്കിൽ ആ പോസ്റ്റിലേക്ക് ഒഴിവു വരാൻ പോകുന്നില്ലെന്ന് അറിയാവുന്നതുകൊണ്ട് ഈ തീരുമാനം എടുത്തവർ, അറിഞ്ഞോ അറിയാതെയോ, എന്റെ മുൻപിലുള്ള എല്ലാ വഴികളും കൃത്യമായി അടച്ചിടുകയായിരുന്നു. അതായത്, അങ്ങേയറ്റം അർപ്പണബോധത്തോടെ ഇത്രയും കാലം സേവനം നടത്തിയിട്ടും ഡെപ്യൂട്ടി ജനറൽ മാനേജരായി‌തന്നെ ജോലിയിൽനിന്നു പിരിയേണ്ടി വരുമെന്നു ചുരുക്കം. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. എന്തായാലും ഇങ്ങനെയൊന്ന് ഈ ബാങ്കിൽ നടക്കാൻ താൻ അനുവദിക്കില്ലെന്നു തറപ്പിച്ചുപറഞ്ഞുകൊണ്ട് ചെയർമാൻ ഹുഗർ പെട്ടെന്നു മുറിയിൽനിന്നിറങ്ങിപ്പോയി. പിന്നീടു  മുറിയിലേക്കു വിളിപ്പിച്ചു താനെഴുതിയ കോൺഫിഡൻഷ്യൽ റിപ്പോർട്ടിന്റെ ഓഫിസ് കോപ്പി കാണിച്ചു തന്നപ്പോൾ ഇതിൽ കൂടുതലൊന്നും ഒരു മേലുദ്യോഗസ്ഥനും എഴുതാൻ കഴിയില്ലെന്നു വ്യക്തമായി. തീരെ ചെറിയ നിലയിൽ നിന്നു ജീവിതം തുടങ്ങിയ, ഒരിക്കലും ഒരു ‘കരീയറിസ്റ്റ്’ അല്ലാത്ത എന്നെ അലട്ടുന്നത് എനിക്കെതിരായി നിന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാകായ്ക മാത്രമാണെന്നു  പറഞ്ഞുകൊണ്ട് ഞാൻ പുറത്തേക്കു കടന്നു. പിന്നീട് അതേപ്പറ്റി അന്വേഷിക്കാനും പോയില്ല.

രണ്ടു ദിവസം കഴിഞ്ഞ്് എം.ദാമോദരൻ എന്നെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കാൻ നോക്കി. ബന്ധപ്പെട്ട വകുപ്പിന്റെ മേലധികാരിയെന്ന നിലയിൽ ഹുഗറിന്റെ റിപ്പോർട്ട് റിവ്യൂ  ചെയ്തു മുകളിലേക്കു വിടുമ്പോൾ എന്നെപ്പറ്റി വളരെ നല്ല പരാമർശങ്ങളാണ് താൻ നടത്തിയിരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അന്ന് ഇന്ത്യൻ ബാങ്കിങ് ഭരണരംഗത്ത് ഏറെ ആദരിക്കപ്പെട്ടിരുന്ന, പിൽക്കാലത്ത് യൂണിറ്റ്് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഐഡിബിഐ, സെബി എന്നിവയുടെ ചെയർമാനായിരുന്ന അദ്ദേഹത്തിൽനിന്ന് ഇത്തരം വാക്കുകൾ കേട്ടതിൽ സന്തോഷം തോന്നി. എന്തായാലും ഇതു തികച്ചും തെറ്റായൊരു കീഴ്‌വഴക്കമായിപ്പോയതു‌കൊണ്ട് ഇക്കാര്യത്തിൽ ഇനിയെന്തു ചെയ്യാമെന്നു നോക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. അതിനിടയിൽ ഇതുപോലെ സ്റ്റേറ്റ് ബാങ്കിൽ നിന്ന് സിവിഒ ആയി മറ്റു ബാങ്കുകളിൽ പോയ രണ്ടുമൂന്നു പേർക്കും പ്രൊമോഷൻ നിഷേധിക്കപ്പെട്ടുവെന്നും വിവരം കിട്ടി. അതേവരെ ദേശസാൽകൃത ബാങ്കിലെ സിവിഒ ആയുള്ള ഡെപ്യൂട്ടേഷൻ റിസർവ് ബാങ്കിൽനിന്നും  സ്റ്റേറ്റ്്ബാങ്കിൽനിന്നും മാത്രമായിരുന്നു. ഈ കുത്തകയും കീഴ്‌വഴക്കവും മാറ്റാതെ വയ്യെന്നു ബന്ധപ്പെട്ടവർക്കു തോന്നിയിരിക്കണം. കാരണം അത്ര സുഖകരമല്ലാത്തൊരു പോസ്റ്റിലേക്ക് ഡെപ്യൂട്ടേഷനിൽ പോയവരെ പ്രൊമോഷൻ വരുമ്പോൾ തീർത്തും അവഗണിക്കുന്നതു ശരിയായ പ്രവണതയല്ല. 

ഇക്കാര്യത്തിൽ ശക്തമായൊരു നിലപാടെടുത്തത് അന്നത്തെ സെൻട്രൽ വിജിലൻസ് കമ്മീഷണറായ എൻ.വിത്തലായിരുന്നു. ആയിടയ്ക്ക്് ഒരു കോൺഫറൻസിൽ വച്ച് ഇക്കാര്യം അദ്ദേഹം എന്നോടു നേരിട്ടു ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. എന്തായാലും കാര്യത്തിന്റെ ഗൗരവം കൃത്യമായി മനസ്സിലാക്കിയ അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ചെയർമാന് കടുത്ത ഭാഷയിൽ ഒരു കത്തെഴുതിയത്രെ. തങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഇതേ പദവിയിൽ തന്നെ കുറെക്കാലം നന്നായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ഇങ്ങനെ പരിഗണിക്കാതെയിരിക്കുന്നതു ശരിയല്ലെന്നും അങ്ങനെയായാൽ നല്ല ഓഫിസർമാരൊന്നും  സ്വന്തം കരിയർ കളഞ്ഞ് ഇത്തരമൊരു ഡെപ്യൂട്ടേഷന് തയാറാകില്ലെന്നും അവിടെ വേക്കൻസിയില്ലെങ്കിൽ ഒരു ‘സൂപ്പർ ന്യൂമററി’ വേക്കൻസിയിൽ ഇപ്പോഴത്തെ ബാങ്കിൽത്തന്നെ തുടരാൻ അനുവദിച്ചുകൂടേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഭാവിയിൽ വേക്കൻസി വന്നാൽ ജനറൽ മാനേജരായി തിരിച്ചുവിളിക്കുകയുമാവാം.  സിവിസിയുടെ ഇത്തരമൊരു കത്തിനെതിരായൊരു നിലപാടെടുക്കുക എളുപ്പമല്ലാതിരുന്നതുകൊണ്ട് ഏതാനും മാസങ്ങൾക്കു ശേഷം സ്റ്റേറ്റ് ബാങ്ക് അനുകൂലമായി തീരുമാനമെടുക്കുകയും അതിന്റെ പ്രയോജനം മറ്റു ചിലർക്കു കിട്ടുകയും ചെയ്തു. പക്ഷേ, അപ്പോഴേക്കും 1999 ൽ ഞാൻ ബാങ്ക്് വിട്ടു കഴിഞ്ഞതുകൊണ്ട് അതിന്റെ മെച്ചം എനിക്കു മാത്രം കിട്ടിയില്ല!

പക്ഷേ, ഈ ഘട്ടത്തിൽ, വിജിലൻസ് സംബന്ധമായ രണ്ടാഴ്ചക്കാലത്തെ പരിശീലനത്തിനായി  ബാങ്ക് എന്നെ ലണ്ടനിലേക്കു വിട്ടതു വലിയ ആശ്വാസമായി. യുകെയിലെ സെൻട്രൽ ബാങ്കാണ് ആ പ്രോഗ്രാം ഏർപ്പാട് ചെയ്തതെന്നു തോന്നുന്നു. അവരുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങളിലെയും സ്കോട്ട്ലൻഡ് യാർഡിലെയും ചില ഉയർന്ന ഉദ്യോഗസ്ഥരുടെ ക്ലാസുകൾ വളരെ രസകരമായിരുന്നു. വികസിത രാജ്യങ്ങളിൽ നടക്കുന്ന പലതരം തട്ടിപ്പുകളെക്കുറിച്ചുള്ള അവരുടെ പരാമർശങ്ങൾ കേട്ടപ്പോൾ സത്യത്തിൽ ഇവിടെ കാര്യമായൊന്നും സംഭവിക്കുന്നില്ലെന്നു തോന്നിപ്പോയി. വൈകിട്ടു കൂട്ടരോടൊത്ത്് ലണ്ടൻ  നഗരം ചുറ്റിക്കാണാനും കഴിഞ്ഞു. പിന്നീടു പല തവണ ലണ്ടനിൽ പോയിട്ടുണ്ടെങ്കിലും ആദ്യയാത്ര വളരെയേറെ ആസ്വാദ്യകരമായിരുന്നു. പ്രോഗ്രാം കഴിയുന്നതിനു കുറച്ചുദിവസം മുൻപ് ഉച്ചഭക്ഷണത്തിന് ഇരിക്കുമ്പോഴാണ് നോട്ടീസ് ബോർഡിൽ  എന്റെ പേരിൽ ഒരു കേബിൾ സന്ദേശം പതിച്ചുവച്ചിരിക്കുന്നതായി ആരോ വന്നു പറഞ്ഞത്. ഓടിച്ചെന്ന് പൊട്ടിച്ചുവായിച്ചപ്പോൾ ഞാൻ അമ്പരന്നു പോയി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായി നിയമനം കിട്ടിയത് അറിയിച്ചുകൊണ്ടുള്ള ചെയർമാൻ ഹുഗറുടെ കേബിളായിരുന്നു അത്. നേരിട്ടറിയിക്കാൻ മറ്റു സംവിധാനങ്ങളൊന്നുമില്ലാതിരുന്നതുകൊണ്ട് ഇതു മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. ഊൺമുറിയിൽ അഭിനന്ദിക്കാൻ സുഹൃത്തുക്കൾ കൂടിയപ്പോൾ എനിക്കു ശരിക്ക് മറുപടി പറയാനായില്ല.  കുറെ നാളുകൾക്കു മുൻപ് സൗത്ത് ഇന്ത്യൻ ബാങ്കിലെ ഡയറക്ടർമാരുമായി ഒരു ഔപചാരികമായ കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും സത്യത്തിൽ ഞാൻ അതെപ്പറ്റി മറന്നുകഴിഞ്ഞിരുന്നു. എന്തായാലും തിരിച്ചെത്തിയാൽ നടപടികൾ പൂർത്തിയാക്കി ഉടനെ അവിടെ പോയി ചാർജെടുക്കണമെന്ന് ഹുഗർ കേബിളിൽ സൂചിപ്പിച്ചിരുന്നു. 

writer-sethu-memoir-on-bank-life-part2
സേതുവും കുടുംബവും

എന്തായാലും എല്ലാ കൂടുമാറ്റങ്ങളും പിൽക്കാല ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ പ്രയോജനം ചെയ്തിട്ടുള്ളതുപോലെ ചില ചെറിയ താൽക്കാലിക തിരിച്ചടികൾക്കു ശേഷം ഇരട്ടി പ്രയോജനമുള്ള പല മാറ്റങ്ങളും കരിയറിൽ ഉണ്ടായിട്ടുണ്ട്. എന്റെ സ്വന്തം ബാങ്ക് എനിക്കു പ്രൊമോഷൻ നിഷേധിച്ചുവെങ്കിലും കാലചക്രത്തിന്റെ തിരച്ചിലിൽ ഞാൻ എത്തിപ്പെട്ടത് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാൻ എന്ന ഉയർന്ന സ്ഥാനത്ത്. അതുപോലെതന്നെ ഇനിയൊരിക്കലും ഈ പടി ചവിട്ടില്ലെന്ന് ആദ്യം ഉള്ളിൽ കുറിച്ചിട്ട കെട്ടിടത്തിലേക്കു വർഷങ്ങൾക്കു ശേഷം കയറിച്ചെന്നത്, ബോർഡിലെ ഒരു ഡയറക്ടറെന്ന നിലയിൽ. ഇതിൽനിന്നെല്ലാം വലിയൊരു പാഠം പഠിച്ചു. പ്രതിഫലം മോഹിക്കാതെ പ്രയത്നിച്ചാൽ, അവനവന്റെ ഉത്തരവാദിത്തം ആത്മാർഥമായി നിറവേറ്റിയാൽ, അതിനുള്ള ഫലം എന്നെങ്കിലും കിട്ടാതെയിരിക്കില്ല എന്ന്. എന്തായാലും എവിടെയൊക്കെ ചെന്നെത്തിയാലും എന്റെ തനത് എളിമ കാത്തു സൂക്ഷിക്കാൻ എന്നും ശ്രമിച്ചിട്ടുള്ളതുകൊണ്ട് എല്ലായിടത്തും കുറെയേറെ നല്ല സൗഹൃദങ്ങൾ നിലനിർത്താനായി.  അതുകൊണ്ടുതന്നെയാവാം കോർപറേഷൻ ബാങ്കിലെ എല്ലാവരും‌കൂടി നൽകിയ യാത്രയയപ്പ് വളരെ ഹൃദ്യമായിരുന്നു. ഒരു സിവിഒവിനും അങ്ങനെയൊന്നുണ്ടായിട്ടില്ലെന്നു പലരും പറഞ്ഞു. ചെറിയൊരു കാലത്തേക്കു മാത്രമായി പുറത്തുനിന്നു വന്ന ഒരാളെന്ന നിലയിൽ അത്തരമൊരു അകലം കാക്കാതെ, അവരുമായി അത്രയേറെ ഇഴുകിക്കഴിഞ്ഞതുകൊണ്ടാകാം അത്. അന്ന് അവർ തന്ന ചന്ദനത്തിലുള്ള രഥം ഇപ്പോഴും  എന്റെ ഷോകേസിലുണ്ട്: മഹാപ്രളയത്തിലും ശോഭ കെടാതെ.

(അവസാനിച്ചു) 

Content Summary: Writer Sethu's Memoir on Bank Life - Part 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com