ADVERTISEMENT

പ്രസിദ്ധീകരിച്ചു നൂറു വർഷം കഴിഞ്ഞിട്ടും പ്രരോദനമായോ, പ്രകോപനമായോ, പ്രചോദനമായോ ഈ കവിത ഇപ്പോഴും മനുഷ്യ മനസ്സിലെവിടെയോ കൊളുത്തിപ്പിടിക്കുന്നു എന്നുള്ളതായിരിക്കാം ‘വെയ്സ്റ്റ് ലാൻഡി’ന്റെ മഹത്വം. അയ്യപ്പപ്പണിക്കരുടെ പരിഭാഷ ‘തരിശുഭൂമി’ മലയാള കാവ്യലോകത്തുണ്ടാക്കിയ സ്വാധീനം. 

മലയാളിയുടെ വായനാശീലത്തിലും സംവേദനശീലത്തിലും പരിവർത്തനങ്ങൾ സൃഷ്ടിച്ച ഇംഗ്ലിഷ് കാവ്യമാണ് വെയ്സ്റ്റ് ലാൻഡും അതിന്റെ പരിഭാഷയും. 

ആംഗലേയ കവിതയിൽ മാത്രമല്ല, പാശ്ചാത്യകാവ്യലോകത്തുതന്നെ മോഡേണിസത്തിന്റെ വരവറിയിച്ച ടി.എസ്. എലിയറ്റിന്റെ ദ് വെയ്സ്റ്റ് ലാൻഡ് (The Waste Land) മലയാളകവിതയിലും ദൂരവ്യാപകമായ ചലനങ്ങൾ സൃഷ്ടിച്ചു. കാവ്യരചനാസമ്പ്രദായങ്ങളും സങ്കേതങ്ങളും പുനർവിചിന്തനം ചെയ്യുന്നതിനു നൂറു വർഷം മുൻപു പ്രസിദ്ധീകരിച്ച വെയ്സ്റ്റ് ലാൻഡ് നിമിത്തമായി. മലയാളിയുടെ വായനാശീലത്തിലും സംവേദനശീലത്തിലും പരിവർത്തനങ്ങൾ സൃഷ്ടിച്ച ഇംഗ്ലിഷ് കാവ്യമാണ് വെയ്സ്റ്റ് ലാൻഡും അതിന്റെ പരിഭാഷയും.  

തോമസ് സ്റ്റേൺസ് എലിയറ്റ് 1888 ൽ അമേരിക്കയിലെ സെന്റ് ലൂയിയിലാണു ജനിച്ചത്. ഹാർവഡിലും പാരിസിലും ഓക്സ്ഫഡിലുമായി പഠനം നടത്തി. 1914 ൽ ലണ്ടനിൽ വച്ച് തന്റെ ഗുരുവും വഴികാട്ടിയുമായിത്തീർന്ന എസ്രാ പൗണ്ടുമായി പരിചയപ്പെട്ടു. എലിയറ്റിലുള്ള സർഗാത്മകപ്രതിഭയെ കണ്ടെത്തിയ പൗണ്ട്, അദ്ദേഹത്തിന് ഇംഗ്ലണ്ടിൽ തുടരാൻ വേണ്ട പ്രേരണയും പ്രചോദനവും നൽകി.  

കവിതാപ്രേമിയായ വിവിയനെ വിവാഹം കഴിക്കുകയും ഇംഗ്ലണ്ടിൽ താമസം ഉറപ്പിക്കുകയും ചെയ്ത എലിയറ്റ് അടുത്ത വർഷംതന്നെ പ്രഥമ കവിതാസമാഹാരം ‘പ്രുഫ്രോക്കിന്റെ പ്രേമഗാനവും മറ്റു കവിതകളും’ പുറത്തിറക്കി. മലയാളത്തിൽ ‘തരിശുഭൂമി’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എലിയറ്റിന്റെ മാസ്റ്റർപീസ് എന്നറിയപ്പെടുന്ന ‘വെയ്സ്റ്റ് ലാൻഡ്’ 1922 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. തുടർന്നും പല ശ്രദ്ധേയ കവിതകൾ എഴുതിയെങ്കിലും 1930 നു ശേഷം എലിയറ്റ് ഗദ്യത്തിലേക്കും നിരൂപണത്തിലേക്കും ശ്രദ്ധ തിരിച്ചു. 1948 ൽ അദ്ദേഹത്തിനു സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.1965 ജനുവരി നാലിന് ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.

ഇരുപതാം നൂറ്റാണ്ടിലും തുടർന്നും ഏറ്റവും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള - ഏറ്റവും അധികം പേർ വായിച്ചിട്ടുള്ള എന്നു പറയുന്നില്ല - കവിതയാണ് വെയ്സ്റ്റ് ലാൻഡ്. 1922 ഒക്ടോബറിൽ ലണ്ടനിലെ ‘ക്രൈറ്റീരിയനി’ ലും നവംബറിൽ ന്യൂയോർക്കിൽ നിന്നു ‘ദ് ഡയലി’ ലുമാണ് തരിശുഭൂമി ആദ്യമായി പ്രകാശിതമായത്. സഹധർമിണി വിവിയന്റെ ഇടവിട്ടിടവിട്ടുള്ള തിരുത്തലുകളും ഗുരുവും ആചാര്യനുമായ എസ്രാ പൗണ്ട് നിർദേശിച്ച വെട്ടിക്കുറയ്ക്കലുകളുമാണ് തരിശുഭൂമിയെ ഇന്നു നാം കാണുന്ന രൂപത്തിലാക്കിയത്. 

He do the police in different voices എന്നതായിരുന്നു എലിയറ്റ് കവിതയ്ക്ക് നൽകിയ ആദ്യപേര്. എസ്രാ പൗണ്ട് ആ പേരും ആദ്യ പേജ് അപ്പാടെയും മറ്റു ചില പേജുകൾ അപ്പാടെയോ ഭാഗികമായോ വെട്ടിക്കളഞ്ഞോ, വെട്ടിച്ചുരുക്കിയോ കനത്ത എഡിറ്റിങ് നടത്തിയാണ് ഇന്നു നാം കാണുന്ന വെയ്സ്റ്റ് ലാൻഡ് പ്രസിദ്ധീകരിച്ചത്.  

ഒന്നാം ലോകമഹായുദ്ധത്തെത്തുടർന്നു രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മണ്ഡലമാകെ തകർന്ന യൂറോപ്പിൽ രൂപപ്പെട്ട ആന്തരിക ശൂന്യത അവതരിപ്പിച്ച കവിതയായാണ് തരിശുഭൂമി അറിയപ്പെടുന്നത്. നാളിതുവരെ പൂജ്യമായി കരുതിയതിന്റെയെല്ലാം പൊള്ളത്തരം തുറന്നു കാട്ടുന്ന കാവ്യം. ‘ഒരു തലമുറയുടെ മോഹഭംഗമല്ല ഇതിൽ ആവിഷ്കരിക്കാനുദ്ദേശിച്ചിരുന്നതെന്ന്’ എ ലിയറ്റ് ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും നിരൂപകർ അതു ഗൗരവപൂർവം എടുത്തതായി കാണുന്നില്ല. ‘വ്യക്തിപരവും തികച്ചും അപ്രധാനവുമായ ഒരു ജീവിതവൈരാഗ്യത്തിൽനിന്നുള്ള മോചനം മാത്രമായിരുന്നു എനിക്കത്,’ എന്ന് എലിയറ്റ് പറയുമ്പോഴും സമകാലീന ആധ്യാത്മിക സംസ്കാരത്തിന്റെ അധഃപതനത്തിലുള്ള വേദനയും നിസ്സഹായതയും പ്രകടിപ്പിച്ച കവിതയാണിതെന്നു വായനക്കാർക്കു തീർച്ചയായും അനുഭവപ്പെടും.

തരിശുഭൂമി അഞ്ചു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ചിരപ്രതിഷ്ഠ നേടിയ കാവ്യസമ്പ്രദായത്തെ ധിക്കരിച്ച് അതിനൂതനമായ രചനാരീതിയിൽ നടത്തിയ പരീക്ഷണമാണ് ഈ കവിത. പതിവ് ഇതിവൃത്തഘടനയിൽനിന്നു വ്യത്യസ്തമായി ബോധധാരാരീതിയിലാണു തരിശുഭൂമി എഴുതപ്പെട്ടിരിക്കുന്നത്. പരമ്പരാഗത കാവ്യാസ്വാദനശീലുകളിൽ അഭിരമിച്ചിരുന്ന സാഹിത്യലോകം തരിശുഭൂമി വായിച്ചപ്പോൾ പകച്ചുപോയി. ഇതിവൃത്തവും തുടർ കഥാപാത്രങ്ങളുമില്ലാതെ മിത്തിലൂടെ, പ്രതീകാത്മകതയിലൂടെ പടുത്തുയർത്തപ്പെട്ട കാവ്യശിൽപത്തോടു പരിചയപ്പെടാൻതന്നെ ആസ്വാദകർക്ക് സമയം വേണ്ടിവന്നു.

അന്നുവരെ നിലവിലിരുന്ന എല്ലാ സാഹിത്യ സങ്കൽപങ്ങളെയും അട്ടിമറിച്ച, ഇന്നും ഒട്ടേറെ വായനക്കാർക്കു പ്രഹേളികയായി തുടരുന്ന  ‘യൂലസീസ്’ എന്ന നോവൽ എഴുതിയ ജെയിംസ് ജോയ്‌സും ടി. എസ്. എലിയറ്റും ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സുഹൃത്തുക്കളായിരുന്നു. 1921 ൽ നോവൽ പൂർത്തിയാക്കിയപ്പോൾ ജോയ്‌സ് അതിന്റെ കയ്യെഴുത്തുപ്രതി എലിയറ്റിനു വായിക്കാൻ കൈമാറി. എണ്ണൂറോളം പേജുകളുള്ള കയ്യെഴുത്തുപ്രതി വായിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ, എനിക്ക് ‘ആരാധന തോന്നുന്നു’ വെന്നു പറഞ്ഞു തിരികെക്കൊടുത്തു. പക്ഷേ, ‘ഇതു വായിക്കേണ്ടിയിരുന്നില്ല’ എന്ന് എലിയറ്റ് മനസ്സിൽ പറഞ്ഞു. എന്തെന്നാൽ വായിച്ചുകഴിഞ്ഞതോടെ അദ്ദേഹം താൻ എഴുതിക്കൊണ്ടിരുന്ന ‘വെയ്സ്റ്റ് ലാൻഡി’ന്റെ തുടർന്നുള്ള എഴുത്തു നിർത്തി. കാരണം ചോദിച്ചപ്പോൾ എസ്രാ പൗണ്ടിനോടു പറഞ്ഞത്, ‘ഞാൻ ചെയ്യാൻ ശ്രമിക്കുന്ന കാര്യം ജോയ്‌സ് ആ നോവലിൽ ചെയ്തു കഴിഞ്ഞു’ എന്നാണ്. പൗണ്ടിന്റെ ഏറെ നാളത്തെ കഠിനമായ പരിശ്രമംകൊണ്ടുമാത്രമാണ് എലിയറ്റ് വീണ്ടും വെയ്സ്റ്റ് ലാൻഡിന്റെ രചനയിലേക്കു മടങ്ങിയെത്തിയതെന്നു പറയപ്പെടുന്നു.

അക്കാലത്തെ മാത്രമല്ല എക്കാലത്തെയും സാഹിത്യാചാര്യനായ എസ്രാപൗണ്ടിന്റെ ആശിർവാദത്തോടെയാണ് ‘തരിശുഭൂമി’ പ്രകാശിതമായതെങ്കിലും പാശ്ചാത്യാധുനികതയുടെ ‘കൊടിയടയാള’ മായി പ്രകീർത്തിക്കപ്പെട്ടെങ്കിലും, കഠിനമായ എതിർപ്പുകളും വിമർശനങ്ങളും കവിക്കും കവിതയ്ക്കും നേരിടേണ്ടി വന്നു. പാരമ്പര്യത്തിന്റെ നിഷേധമായ ഈ കാവ്യം എല്ലാ വിശ്വാസങ്ങളുടെയും പൂർണമായ നിരാകരണമായും പാണ്ഡിത്യത്തിന്റെ പ്രകടമായ ഒരു പരേഡായും വ്യാഖ്യാനിക്കപ്പെട്ടു. ഒട്ടേറെ ഉദ്ധരണികളും സൂചിതകഥകളും, പുരാവൃത്ത പരാമർശങ്ങളും തിങ്ങിക്കൂടി  കാവ്യശിൽപത്തെ ഞെരുക്കുകയാണെന്നു ചില നിരൂപകർ അഭിപ്രായപ്പെടുന്നു. തികഞ്ഞ പണ്ഡിതനും ചിന്തകനുമായിരുന്ന എലിയറ്റ് പ്രധാനപ്പെട്ട എല്ലാ യൂറോപ്യൻ ഭാഷകളും സംസ്‌കൃതംപോലും യഥേഷ്ടം ഈ കവിതയിൽ ഉപയോഗിച്ചിട്ടുണ്ട്. തന്റെ  ആദർശകവികളായ ഡാന്റെ, ബോദ്‌ലെയർ തുടങ്ങിയവരുടെ കാവ്യസരണിയിലൂടെയായിരുന്നു എലിയറ്റിന്റെയും യാത്ര. ഏതായാലും വായിച്ചവരും വായിക്കാത്തവരും അഭിപ്രായം പറയുന്ന, പറയേണ്ടുന്ന കൃതിയായി വളർന്നു തരിശുഭൂമി. ‘കേരളകവിത’യുടെ പതിനൊന്നാം ലക്കത്തിൽ ‘ഭൂമിയുടെ ഊഷരത്വം’ എന്ന പേരിൽ അയ്യപ്പപ്പണിക്കർ എഴുതിയ ലേഖനത്തിൽ ഈ കവിത എങ്ങനെ വിലയിരുത്തപ്പെട്ടുവെന്നു രസകരമായി വിവരിക്കുന്നുണ്ട്.

‘വായിക്കാത്തവർ അജ്ഞതകൊണ്ടും വായിച്ചാൽ മനസ്സിലാകാത്തവർ അമർഷംകൊണ്ടും കുറച്ചൊക്കെ മനസ്സിലായവർ അഹന്തകൊണ്ടും വളരെ കുഴപ്പം വരുത്തി അനുഗ്രഹിച്ചിട്ടുള്ള ഒരു കൃതിയാണിത്. വിശ്വസാഹിത്യത്തിലെ ആധുനികതയുടെ കൊടിയടയാളമായി തരിശുഭൂമിയുടെ രചനാസങ്കേതത്തെ പലരും ചൂണ്ടിക്കാണിക്കാറുണ്ട്. അനുകൂലികളും പ്രതികൂലികളും (മറ്റു കൂലികളും) ഇക്കാര്യത്തിൽ പലപ്പോഴും യോജിക്കാറുണ്ട്.’

അറുപതുകളിൽതന്നെ കേരളത്തിലെ സർവകലാശാലകളിലെ ഇംഗ്ലിഷ് ബിരുദാനന്തരബിരുദ ക്ലാസുകളിലെ സിലബസിൽ ഈ കവിത ഉൾപ്പെടുത്തിയിരുന്നു. ജി. കുമാരപിള്ള, ഹൃദയകുമാരി, അയ്യപ്പപ്പണിക്കർ, വിഷ്ണുനാരായണൻ നമ്പൂതിരി, സി. പി. ശിവദാസൻ, നരേന്ദ്രപ്രസാദ്, സച്ചിദാനന്ദൻ, പി.പി. രവീന്ദ്രൻ, ചന്ദ്രമതി തുടങ്ങി ഇംഗ്ലിഷ് സാഹിത്യം പഠിപ്പിച്ചിരുന്ന മലയാള എഴുത്തുകാർ ഈ ഇതിഹാസകവിതയെ അതിന്റെ മുഴുവൻ പ്രാധാന്യത്തോടെ പുതുതലമുറയ്ക്കു പരിചയപ്പെടുത്തി. 

ഇതിനകം എലിയറ്റ് ഇന്ത്യയിലെ പ്രധാനപ്പെട്ട പുസ്തകക്കടകളിൽ പ്രസിദ്ധനായി കഴിഞ്ഞിരുന്നു. ജെയിംസ് ജോയ്‌സ്, സാർത്ര്, കമ്യൂ, കാഫ്ക, ഴെനെ തുടങ്ങിയവരോടൊപ്പം എലിയറ്റും മലയാളിയുടെ നവീന ആസ്വാദനബോധത്തിൽ ഇടംകണ്ടിരുന്നു.

‘അയ്യപ്പപ്പണിക്കർ - ചൊൽക്കാഴ്ചകളും ചൊല്ലാക്കാഴ്ചകളും’ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ബി. ശ്രീകുമാർ പറഞ്ഞ ഒരു സംഭവകഥ ഓർമ  വരുന്നു. പുസ്തകരചനയുമായി ബന്ധപ്പെട്ടു കവി വിഷ്ണുനാരായണൻ നമ്പൂതിരിയെ കാണാൻ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞ കഥ.

writers-malayalam
എൻ. എൻ. കക്കാട്, വിഷ്ണുനാരായണൻ നമ്പൂതിരി, എൻ. വി. കൃഷ്ണവാരിയർ

എഴുപതുകളിലെ ആദ്യനാളുകളിലെന്നോ ആണ് സംഭവം നടക്കുന്നത്. എലിയറ്റിനെ കൂടുതൽ കൂടുതൽ വായിക്കണമെന്നു പണിക്കർ വിഷ്ണുനാരായണൻ നമ്പൂതിരിയോടു പറയുമായിരുന്നത്രേ. ഒരിക്കൽ എൻ.എൻ. കക്കാടും പണിക്കരും വിഷ്ണു നാരായണൻ നമ്പൂതിരിയും എവിടെയോ ഒരു സ്ഥലത്ത് ഒരുമിച്ചിരിക്കാൻ തീരുമാനിച്ചു. അതനുസരിച്ചു മൂവരും ഒത്തുകൂടിയപ്പോൾ പണിക്കർ ബാഗിൽനിന്ന് ഏതാനും കടലാസുകഷണങ്ങൾ പുറത്തെടുത്തു. പുതിയ കവിതയാണെന്നു കരുതി, മറ്റുള്ളവർ ഒരുങ്ങിയിരുന്നു. പക്ഷേ, അതു വെയ്സ്റ്റ് ലാൻഡിന്റെ അയ്യപ്പപ്പണിക്കർ നടത്തിയ പരിഭാഷയായിരുന്നു - ‘തരിശുഭൂമി.’ 

കവികൾ 433 വരികളും അതിന്റെ ടിപ്പണികളും സശ്രദ്ധം കേട്ടിരുന്നു. മൂന്നുപേരുടെയും മുഖത്തു സംതൃപ്തി പടർന്നു. ചർച്ചയെല്ലാം കഴിഞ്ഞപ്പോൾ കക്കാട് തന്റെ ബാഗ് തുറന്നു. ഏതാനും കടലാസ് കഷ്ണങ്ങൾ പുറത്തെടുത്തു. മറ്റു രണ്ടു കവികളും ആകാംക്ഷയോടെ പുതിയ കവിതയായിരിക്കാം എന്ന പ്രതീക്ഷയോടെ നോക്കി. അപ്പോൾ അദ്ദേഹം ആ കടലാസുകൾ വലിച്ചു കീറി വെയ്സ്റ്റ്ബോക്സിലിട്ടു. അത് കക്കാടിന്റെ വെയ്സ്റ്റ് ലാൻഡ് പരിഭാഷയായിരുന്നു.

പിന്നീട് 1974 ൽ കക്കാട് (‘വെയ്സ്റ്റ് ലാൻഡ്’ മനസ്സിൽ ധ്യാനിച്ചുകൊണ്ടായിരിക്കാം) എഴുതിയ കവിതയിലെ ആദ്യവരികൾ :

പ്രിയപ്പെട്ട മിസ്റ്റർ എലിയറ്റ്,

ഇതു കുറിക്കുമ്പോൾ

താങ്കൾക്ക് പ്രിയപ്പെട്ട ‘ഹിമവന്തി’ ന്റെ

മഞ്ഞുമൂടികൾ ഉദയപ്രഭയേറ്റു

നിരക്കവേ തിളങ്ങുന്നു ;

പൂർണാംഭസ്സായ ഗംഗ

പാർശ്വഭൂമികളെ കഴുകിക്കളയുന്നു

സത്തോ അസത്തോ അറിഞ്ഞുകൂട;

താണ്ഡവം കഴിഞ്ഞു മയങ്ങുമ്പോളറിയാം.

...........................................................

– (മി. ടി. എസ്. എലിയറ്റിന്നുള്ള കത്തിൽനിന്ന്  ഒരു ഭാഗം)

അക്കാലത്തെ പല കവികളും ഇത്തരത്തിൽ  എലിയറ്റുമായി സംഭാഷണത്തിലും സംവാദത്തിലും ഏർപ്പെട്ടിട്ടുണ്ടായിരിക്കാം. എലിയറ്റും തരിശുഭൂമിയും മലയാളകവിതയ്ക്കു ഗുണത്തെക്കാളേറെ ദൂഷ്യമാണ് ചെയ്തതെന്നു വാദിക്കുന്ന ഒരുകൂട്ടം നിരൂപകരുമുണ്ട്. എന്തായാലും മലയാളകവിതയുടെ ആത്മാവിലേക്കും അകത്തളങ്ങളിലേക്കും ഈ കവിയും കവിതയും പ്രവേശിച്ചത് എപ്പോഴെന്നും എങ്ങനെയെന്നും പരിശോധിക്കാം.

കവിത്രയത്തിന്റെ- ഉള്ളൂർ, വള്ളത്തോൾ, ആശാൻ - പ്രഭാവകാലത്തുതന്നെ ചങ്ങമ്പുഴയും അദ്ദേഹത്തിന്റെ പ്രണയകാവ്യം രമണനും പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. കാൽപനികതയുടെ പ്രസരം മാത്രമല്ല അതിപ്രസരം അന്ന് എഴുതപ്പെട്ട കവിതകളുടെ പൊതുസ്വഭാവമായിരുന്നു. അൽപം ശോകം, അൽപം സെന്റിമെന്റലിസം, അൽപം ആത്മരോദനം, കുറെ സ്വപ്‌നങ്ങൾ ഇവയൊക്കെ ലളിത കോമള പദാവലിയിൽ വൃത്തത്തിലോ, താളത്തിലോ, പ്രാസമൊപ്പിച്ചു ചിട്ടപ്പെടുത്തി കവിതയാക്കി പടച്ചുവിടുന്ന പ്രവണത അക്കാലത്തു ഫാഷനായിരുന്നു. നാടൻ ജീവിതരംഗങ്ങളെ കാൽപനിക ചിത്രങ്ങളാക്കി മാറ്റിയിരുന്ന കാവ്യരീതികളെ റിയലിസ്റ്റിക് ആക്കിയെടുക്കാൻ എൻ.വി.കൃഷ്ണവാരിയർ ആണ് ആദ്യശ്രമങ്ങൾ നടത്തിയത്. എലിയറ്റിന്റെ സ്വാധീനം ആദ്യമായി മലയാളകവിതയിൽ കാണുന്നതും കൃഷ്ണവാരിയർ കവിതകളിലാണ്.

‘വാരിയരുടെ വ്യക്തിത്വമുള്ള കവിത മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ ഒരു വ്യതിയാനമാണ്. സംശയമില്ല. ഇംഗ്ലിഷ് കവിയായ ടി. എസ്. എലിയറ്റിന്റെ ചില കവിതകളുമായി അദ്ദേഹത്തിന്റെ കവിതകൾക്കു ബാഹ്യവും ആന്തരികവുമായ സാദൃശ്യമുണ്ട്. പാണ്ഡിത്യത്തെ കാണിക്കുന്ന സൂചനകളും പുരാവൃത്തപരാമർശങ്ങളും ഫുട്നോട്ടുകളും നൽകുന്നതിലും സംഭാഷണശൈലിയും പഴയ കവിതകളിൽനിന്നുള്ള ഉദ്ധാരണങ്ങളും ഇടകലർത്തുന്നതിലും കാൽപനിക പ്രസ്ഥാനത്തോടുള്ള അകൽച്ചയിലും ഇവർ രണ്ടുപേരും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.’ (അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ 1950 -1980).

ഈ വിമർശനത്തിനു പ്രാധാന്യമേറുന്നതു മലയാളി വായനക്കാർക്ക് ടി. എസ്. എലിയറ്റിനെ ഗൗരവപൂർവം പരിചയപ്പെടുത്തുകയും പ്രധാന കവിതകൾ വിവർത്തനം ചെയ്യുകയും ചെയ്തത്  അയ്യപ്പപ്പണിക്കരായതുകൊണ്ടാണ്. എലിയറ്റിനു നൊബേൽ സമ്മാനം കിട്ടി രണ്ടുവർഷത്തിനുള്ളിൽ കവിയുടെയും കവിതയുടെയും പ്രത്യേകതകളും ശക്തിദൗർബല്യങ്ങളും നിഷ്പക്ഷമായി വിലയിരുത്തിക്കൊണ്ട് ഒരു ലേഖനം അദ്ദേഹം എഴുതിയിരുന്നു. പഴയ പ്രഭാഷണ ശൈലിയും വിലകുറഞ്ഞ റൊമാന്റിക് സെന്റിമെന്റലിസവും എലിയറ്റിന്റെ കവിതയിൽ  ഇല്ലെന്നും അദ്ദേഹത്തിന്റെ കവിതയിൽ ബുദ്ധിയും വികാരവും അലിഞ്ഞു ചേരുന്നുവെന്നും പണിക്കർ കൃത്യമായി നിരീക്ഷിച്ചു.

എസ്രാ പൗണ്ട്, ഡി. എച്ച്. ലോറൻസ് എന്നിവർ പ്രകാശിപ്പിക്കുകയും എലിയറ്റ് പ്രാവർത്തികമാക്കുകയും ചെയ്ത ഒരാശയം - നിഷ്‌കൃഷ്ടമായ വൃത്തനിബന്ധനകൾ ഉപേക്ഷിച്ചു താളാനുസൃതമായ സ്വതന്ത്ര പദ്യരചന- മലയാളകവികൾ ആലോചിക്കേണ്ട സമയമായിരിക്കുന്നുവെന്ന് അയ്യപ്പപ്പണിക്കർ ആ ലേഖനം അവസാനിക്കുന്നതിനു മുൻപ് പറഞ്ഞുവയ്ക്കുന്നുണ്ട്. ഇത് അടിവരയിട്ടു വായിക്കേണ്ടതാണ്. കാരണം അദ്ദേഹമുൾപ്പെടെയുള്ള കവികൾ പോകേണ്ട ദിശയിലേക്കു വിരൽചൂണ്ടുകയാണ് അദ്ദേഹം ചെയ്തത്. 

cheriyan-madhavan
ചെറിയാൻ. കെ. ചെറിയാൻ, മാധവൻ അയ്യപ്പത്ത്

എൻ. എൻ. കക്കാടും മാധവൻ അയ്യപ്പത്തും ആർ. രാമചന്ദ്രനും ചെറിയാൻ കെ. ചെറിയാനും എം. എൻ. പാലൂരും ആറ്റൂർ രവിവർമയും അടക്കമുള്ള അന്നത്തെ ചെറുപ്പക്കാരായ കവികൾ പണിക്കരോടൊപ്പം നിലവിലെ കാവ്യസമ്പ്രദായങ്ങളിൽനിന്നും രചനാരീതികളിൽ നിന്നും കുതറിമാറി പുതിയ വഴികൾ അന്വേഷിക്കുന്ന ദശാസന്ധിയിലായിരുന്നു, പുതുവഴി വെട്ടാനുള്ള തയാറെടുപ്പിലായിരുന്നു. പാശ്ചാത്യ കവിതയുമായി ഇവരിൽ പലരും സമ്പർക്കം സ്ഥാപിച്ചിരുന്നുവെങ്കിലും ഇംഗ്ലിഷ് സാഹിത്യ വിദ്യാർഥി എന്ന നിലയിലും തുടർന്ന് അധ്യാപകൻ എന്ന നിലയിലും ഇംഗ്ലിഷ് കവിതയിലെ മാത്രമല്ല ലോകകവിതയിലെ പുതിയ പ്രവണതകളും ആഖ്യാനരീതികളും അയ്യപ്പപ്പണിക്കർ ശ്രദ്ധാപൂർവം പഠിച്ചു. മലയാളത്തിലെ നവീന കവിതയുടെ വക്താക്കളായി മാറിയ നേരത്തേ പരാമർശിച്ച കവികളെ എലിയറ്റും അദ്ദേഹത്തിന്റെ കൃതികളും വഴികാട്ടികളും- എസ്രാ പൗണ്ടും ബോദ്‌ലെയറുമടക്കം - ഒരു പരിധിവരെയെങ്കിലും പ്രചോദിപ്പിച്ചിട്ടുണ്ട്. മലയാളിയുടെ ബോധമണ്ഡലത്തെ നവീകരിക്കുന്ന ഒരു നവ കാവ്യലോകം ഉണ്ടാവണമെന്ന് അയ്യപ്പപ്പണിക്കർ ചിന്തിച്ചിരിക്കണം. അതാണ് സി. പി. ശിവദാസൻ ‘കുരുക്ഷേത്രപഠനം - പാശ്ചാത്യ സ്വാധീനം’ എന്ന ഉപന്യാസത്തിൽ പറയുന്നത്.

‘ആൽഫ്രഡ്‌ പ്രൂഫ്റോക്കിന്റെ പ്രേമഗാനം, തരിശുഭൂമി എന്നീ കവിതകളിലൂടെ ആധുനികതയെ ആവാഹിച്ചു കൊണ്ടുവന്ന എലിയറ്റിന്റെ കൃതികളുമായുള്ള പരിചയവും എലിയറ്റിനുതന്നെ വഴികാട്ടികളായിരുന്ന യൂറോപ്യൻ കവികളുടെ കൃതികളുമായുള്ള സഹവാസവും മലയാള കവിതയ്ക്ക് ഒരു പുതിയ മുഖം നൽകുവാൻ ബോധപൂർവമായ ഒരു ശ്രമം ചെയ്യണം എന്ന ചിന്തയിലേക്ക് അയ്യപ്പപ്പണിക്കരെ നയിച്ചിരിക്കണം.’

1952 ൽ എഴുതിയ ‘എന്റെ ഭിത്തിമേൽ’ എന്ന കവിതയാണ് അയ്യപ്പപ്പണിക്കരുടെ ആദ്യകവിതയായി അദ്ദേഹത്തിന്റെ നാളിതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള എല്ലാ സമാഹാരങ്ങളിലും നാം കാണുന്നത്. പക്ഷേ, 1946 മുതൽ ’52 വരെ പല ആനുകാലികങ്ങളിൽ പണിക്കരുടെ കവിത പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1947 ൽ അദ്ദേഹത്തിന്റെ പതിനേഴാം വയസ്സിൽ ‘പനിനീർപൂവ്’ എന്നൊരു കവിതാസമാഹാരംതന്നെ പുറത്തുവന്നിട്ടുണ്ട്. കേക, കാകളി, ഊനകാകളി തുടങ്ങിയ വൃത്തങ്ങളിലെഴുതിയ കവിതകളാണ് അവയിൽ അധികവും. ‘എന്റെ ഭിത്തിമേൽ’ക്കു മുൻപുള്ള കവിതകളെക്കുറിച്ചു പണിക്കർ എവിടെയെങ്കിലും പരാമർശിച്ചതായി കേട്ടിട്ടില്ല; സ്വകാര്യ സംഭാഷണങ്ങളിൽപോലും. ആ കവിതകളൊന്നും താൻ മുന്നിൽനിന്നു വരവറിയിക്കുന്ന നവീന ഭാവുകത്വത്തിനു (ആധുനികതയ്ക്ക്) യോജിച്ചതായിരിക്കില്ല എന്ന തോന്നൽ പണിക്കരിൽ ഉണ്ടായിരിക്കണം. (അയ്യപ്പപ്പണിക്കർ പുതുകവിതയുടെ അഗ്രദൂതരിൽ പ്രമുഖനായി മാറി എന്നതു ചരിത്രം !) 

ഈ പശ്ചാത്തലത്തിലാണ് മുൻപു സൂചിപ്പിച്ച വാചകം - നിഷ്‌കൃഷ്ടമായ വൃത്തനിബന്ധനകൾ ഉപേക്ഷിച്ചു താളാനുസൃതമായ സ്വതന്ത്ര പദ്യരചന -  മലയാള കവികൾ സ്വീകരിക്കേണ്ട സമയമായിരിക്കുന്നുവെന്ന് എഴുതിയത് തന്റെതന്നെ കാവ്യ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ ബോധപൂർവം എടുത്ത തീരുമാനമായി മാറുന്നത്. പിന്നീടുള്ള ആറേഴു വർഷക്കാലം പണിക്കർ ഒരു സാധനയിലായിരുന്നു; മലയാളത്തിന്റെ ആധുനികതയുടെ ഗർഭകാലം എന്നു വേണമെങ്കിൽ ‘കുരുക്ഷേത്ര’ രചനയ്ക്ക് എടുത്ത ഈ കാലയളവിനെ വിശേഷിപ്പിക്കാം. നാനൂറ്റിമുപ്പത്തിമൂന്നു വരികളുള്ള ‘തരിശുനില’ ത്തിന്റെ കുലത്തിൽ പിറന്നുവെന്നു പറയാവുന്ന കവിതയാണ് ഇരുനൂറ്റിതൊണ്ണൂറ്റിനാലു വരികളുള്ള ‘കുരുക്ഷേത്രം.’ 

നമ്മുടെ കാവ്യസങ്കൽപത്തിനു നേർക്കുള്ള കടന്നാക്രമണമായി മുണ്ടശ്ശേരി മാസ്റ്റർ മാത്രമല്ല ഈ കവിതയെ കണക്കാക്കിയത്. പ്രസിദ്ധീകരണയോഗ്യമല്ലെന്ന കാരണത്താൽ അക്കാലത്തെ ലബ്ധപ്രതിഷ്ഠനായ ഒരു കവി പത്രാധിപരായിരുന്ന മുഖ്യധാരാവാരിക ഈ കവിത മാറ്റിവച്ചു. സാമ്പ്രദായിക, കാൽപനിക കവികളും അനുവാചകരും മുൻപറഞ്ഞ ലബ്ധപ്രതിഷ്ഠരുടെ ധാർമികരോഷത്തിൽ പങ്കുകൊണ്ടു. പക്ഷേ, യുവചേതന ഈ കവിത നൽകിയ നവോന്മേഷം ഉൾക്കൊള്ളുകയും മലയാളകവിതയുടെ പുതുചരിത്രം രചിക്കാനാരംഭിക്കുകയും ചെയ്തു. അങ്ങനെ മലയാളകവിതയിൽ ആധുനികത പിറന്നു.

‘തരിശുഭൂമി’യും ‘കുരുക്ഷേത്ര’വും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെങ്കിൽ അത് എന്തു ബന്ധമാണ്? ‘കുരുക്ഷേത്രം’ ദേശബന്ധു വാരികയിലൂടെ 1960 ൽ പുറത്തുവന്നു. കവിത പരിചയപ്പെടുത്തിക്കൊണ്ടു പത്രാധിപർ സി. എൻ. ശ്രീകണ്ഠൻ നായർ എഴുതിയ കുറിപ്പ് ശ്രദ്ധേയമായി. 

‘കുരുക്ഷേത്രം ആധുനിക കവിതയ്ക്ക് ഒരു നല്ല ഉദാഹരണമാണ്. പാശ്ചാത്യ സാഹിത്യങ്ങളിൽ മാത്രം പ്രസ്പഷ്ടമായിക്കഴിഞ്ഞിട്ടുള്ള ഈ ആധുനിക പ്രവണത അതിന്റെ സമസ്ത ശക്തിയോടും സൗന്ദര്യത്തോടും ‘കുരുക്ഷേത്ര’ ത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 

എസ്. ഗുപ്തൻ നായർ ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ടു പറഞ്ഞു - ‘ആധുനിക’ന്മാരായ എലിയറ്റ് പ്രഭൃതികളുടെ പ്രേരണശക്തി അതിൽ അത്യന്തം സ്പഷ്ടമാണെങ്കിലും ആ കവിത തികച്ചും ഭാരതീയവുമാണ്.’ കവിതാസമിതിയുടെ കവിത 1137 ൽ ‘കുരുക്ഷേത്രം’ എടുത്തു ചേർക്കുമ്പോൾ അവതാരികാകാരനായ ഗുപ്തൻ നായർക്ക് ഈ കവിതയുടെ വ്യത്യസ്തമായ വ്യക്തിത്വവും തനിമയും ശരിക്കു ബോധ്യപ്പെട്ടിരുന്നു.

ഇരുപതാം നൂറ്റാണ്ടിലെ കഥാസാഹിത്യത്തിലെ അസാധാരണപ്രതിഭയായ കാഫ്കയുടെ ‘മെറ്റമോർഫോസിസ്’ വായിച്ചശേഷം ലോകസാഹിത്യത്തിൽ അടുത്ത തലമുറക്കാരനായ അദ്ഭുതപ്രതിഭ ഗബ്രിയേൽ ഗാർസിയ മാർകേസ് പറഞ്ഞു: 

‘ഇങ്ങനെയും കഥ എഴുതുവാൻ അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.’

 ടി. എസ്. എലിയറ്റിന്റെ ‘തരിശുഭൂമി’ ആദ്യമായി വായിച്ചുകഴിഞ്ഞപ്പോൾ അയ്യപ്പപ്പണിക്കരും പറഞ്ഞിരിക്കുമോ ‘ഇങ്ങനെയും കവിത എഴുതുവാൻ അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു!’

ഇതായിരിക്കാം‘തരിശുഭൂമി’യും ‘കുരുക്ഷേത്ര’വും തമ്മിലുള്ള ബന്ധം.

കാലം കഴിഞ്ഞതോടെ പരിഭാഷകളിലൂടെയും അല്ലാതെയും പടിഞ്ഞാറൻ ആധുനികതയെക്കാൾ ലാറ്റിൻ അമേരിക്കൻ ആധുനികതയ്ക്കു കേരളത്തിൽ വേരോട്ടം കിട്ടി. ലാറ്റിനമേരിക്കൻ കവികളായ പാബ്ലോ നെരൂദയും ഒക്ടേവിയോ പാസും നിക്കോളാസ് ഗിയനും വ്യാപകമായി വിവർത്തനം ചെയ്യപ്പെട്ടു. ആധുനികത, കവിതാരംഗത്തു പ്രത്യേകിച്ച്, രാഷ്ട്രീയവൽക്കരിക്കപ്പെട്ടു.  

പക്ഷേ, ആ കാലത്തും അരാജക ഭാവങ്ങളുള്ള ‘തരിശുഭൂമി’ സാഹിത്യസദസുകളിൽ ചർച്ചാവിഷയമായിരുന്നു. ‘തരിശുനിലത്തിലെ കാവ്യസഞ്ചാരികൾ’ (ടി. കെ. സന്തോഷ്‌കുമാർ), ‘കുരുക്ഷേത്രം - 2000’, ‘ടി. എസ്. എലിയറ്റ് - കവിയും നിരൂപകനും’ (ടി. എം. ദേവസ്യ) തുടങ്ങി ഇരുപത്തൊന്നാം നൂറ്റാണ്ടിലിറങ്ങിയ ഒട്ടേറെ ഗ്രന്ഥങ്ങളിലെ  പ്രമേയം എലിയറ്റിനും തരിശുനിലത്തിനും മലയാള സാഹിത്യത്തിനുള്ള സ്ഥാനവും സ്വാധീനവും വെളിവാക്കുന്നതാണ്. കാലം കഴിയുന്തോറും പ്രസക്തിയേറുന്നു എന്നതാവാം അൻപതു വർഷം കഴിഞ്ഞിട്ടും ‘തരിശുഭൂമി’ മലയാളത്തിലേക്കു വിവർത്തനം ചെയ്യാൻ വിവർത്തകനെ പ്രേരിപ്പിച്ച വികാരം.  

പ്രസിദ്ധീകരിച്ചു നൂറു വർഷം കഴിഞ്ഞിട്ടും പ്രരോദനമായോ, പ്രകോപനമായോ, പ്രചോദനമായോ ഈ  കവിത ഇപ്പോഴും മനുഷ്യ മനസ്സിലെവിടെയോ കൊളുത്തിപ്പിടിക്കുന്നു എന്നുള്ളതായിരിക്കാം ‘വെയ്സ്റ്റ് ലാൻഡി’ന്റെ മഹത്വം. ഓർക്കാപ്പുറത്തു കടന്നാക്രമിച്ചുകൊണ്ടു മനുഷ്യരാശിയെ ഭീഷണിപ്പെടുത്തുന്ന മഹാമാരി ഇന്നു മനുഷ്യൻ വ്യാപരിക്കുന്ന സർവ മണ്ഡലങ്ങളെയും പിടിച്ചുലയ്ക്കുകയാണ്. ഉദിച്ചുയരുന്നതിനു മുൻപു സത്യാനന്തര കാലവും മങ്ങിമറഞ്ഞുതുടങ്ങി. ലോകമെമ്പാടും ജനജീവിതം താറുമാറാക്കിയ കോവിഡ്  വൈറസുകൾ മനുഷ്യനു ചുറ്റും ചൂഴ്ന്നു നിൽക്കുന്ന 2022 ൽ, വെയ്സ്റ്റ് ലാൻഡിനെ പരോക്ഷമായി സ്പർശിച്ചുകൊണ്ടുള്ള ‘ബംഗാളി’ ലെ (കെ. ജി. ശങ്കരപ്പിള്ള) ചില വരികൾ ഓർമവരുന്നു.

‘കാലം പഴയതല്ല. ചുടു വേനലാണ് കലിയാണ്‌

ഒരുപക്ഷേ, ഇതായിരിക്കാം

കവി പറഞ്ഞ ആ ക്രൂരകാലം.’

Content Summary: 100 Years of T S Elliot's ' Waste land ' and its Translation ' Tharishubhoomi ' by Ayyappa Paniker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com