ADVERTISEMENT

എൺപതുകളുടെ മധ്യത്തിൽ, തിരുവനന്തപുരത്തെ വിഖ്യാത ഇന്ത്യൻ കോഫി ഹൗസിൽവച്ചാണ് എം.കൃഷ്ണൻ നായരെ ആദ്യം നേരിൽ കാണുന്നത്. കോഫിഹൗസിന്റെ പുറത്തെ വരാന്തയിൽ, മുന്നിൽ പുസ്തകക്കെട്ടും ചൂടു ചായയും, കയ്യിൽ പുകയുന്ന സിഗരറ്റുമായി, ഏകാകിയായിരിക്കുന്ന, ഒരാൾ. പിന്നീട് ആ കാഴ്ച നിരന്തരം കണ്ടു. പതിറ്റാണ്ടു കഴിഞ്ഞാണ് അദ്ദേഹത്തെ നേരിൽ കണ്ടു സംസാരിക്കുന്നത്. 

ശാസ്തമംഗലത്തെ സായികൃപയിലേക്കു കൂട്ടിക്കൊണ്ടുപോയത് കലാകൗമുദി പത്രാധിപരായിരുന്ന എൻ.ആർ.എസ്.ബാബുവാണ്. ദീർഘ സമയം നീണ്ടുനിന്ന കൂടിക്കാഴ്ചയായിരുന്നു അത്. ജീവിതവും മനുഷ്യനുമായിരുന്നു സംഭാഷണത്തിലെ പ്രധാന വിഷയം. സാഹിത്യം സ്പർശിച്ചതേയില്ല എന്നാണ് ഓർമ. അവർ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ നിഴലിൽ നിന്നുകൊണ്ടാണ് ഞാനും സംസാരിച്ചത്. ആ ജീവിതത്തിലേക്കുള്ള വഴിതുറക്കലായിരുന്നു അന്നത്തെ കൂടിക്കാഴ്ച. പിന്നീടു  വീട്ടിലും പൊതുവിടങ്ങളിലും വച്ചു കണ്ടു. എന്നാൽ പലപ്പോഴും ഔപചാരികതയുടെ അകലം നിലനിർത്തിയിരുന്നു.

സാഹിത്യവാരഫലത്തിലൂടെയാണ്‌ എം. കൃഷ്ണൻ നായരെ മലയാളി അടുത്തറിയുന്നത്. ആഴ്ചതോറും വിഗ്രഹങ്ങളെ അദ്ദേഹം തച്ചുടച്ചുകൊണ്ടേയിരുന്നു.

എഴുത്തിന്റെ വൻകരകളിലൂടെ യാത്രചെയ്യാൻ മലയാളിയെ പ്രേരിപ്പിച്ചു. മൂന്നു പതിറ്റാണ്ടിലധികം സാഹിത്യവാരഫലം, മലയാളവായനയുടെ ജീവിത ഫലങ്ങളിൽ ഒന്നായി നിലനിന്നു. മലയാളനാട്, കലാകൗമുദി, മലയാളം വാരിക എന്നീ പ്രസിദ്ധീകരണങ്ങൾക്കു പ്രകാശം നൽകി. 

Krishnan-Nair-M01
എം. കൃഷ്ണൻ നായർ

ഒരിക്കൽ ഞാൻ അദ്ദേഹത്തോടു ചോദിച്ചു: ‘നമ്മുടെ സാഹിത്യത്തിലെ അദ്ഭുതങ്ങളിൽ ഒന്നാണ് സാഹിത്യവാരഫലം, ഇതിന്റെ രഹസ്യം എന്താണ്? 

അദ്ദേഹം പറഞ്ഞു: ‘ഈ കോളം അദ്ഭുതകരമാണെന്നു പറയുന്നത്, അത്യുക്തിയുടെ സന്തതിയാണ്. ഉത്കൃഷ്ടമായ സാഹിത്യത്തെക്കുറിച്ചുള്ള അവബോധവും അത് ആവിഷ്കരിക്കാനുള്ള പ്രാഗല്ഭ്യവും ഉണ്ടെങ്കിൽ അത് ആർക്കും എഴുതാവുന്നതേ ഉള്ളൂ. പക്ഷേ, പക്ഷപാതരഹിതമായ മനസ്സു വേണം. അതില്ലെങ്കിൽ വ്യാജപ്രസ്താവമായിത്തീരും ഓരോ കോളവും. രചനാ രഹസ്യമായി ഇതിൽ ഒന്നുമില്ല. സത്യസന്ധമായി മുഖം നോക്കാതെ എഴുതും. സത്യത്തിന്റെ നാദമുയരും രചനയിൽ നിന്ന്.’ 

അതൊരു വിശ്വാസപ്രഖ്യാപനമായിരുന്നു.

1969 മേയ്‌ 18നു പുറത്തുവന്ന മലയാളനാട് വാരികയുടെ ഒന്നാം ലക്കത്തിലാണ് സാഹിത്യവാരഫലം ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഇത്തരം ഒരു പംക്തി  മലയാളത്തിൽ മുൻപുണ്ടായിട്ടില്ല. പ്രസിദ്ധീകരണങ്ങൾ മാറിയിട്ടും അത് അങ്ങനെതന്നെ തുടർന്നു.

സാഹിത്യവാരഫലത്തിന്റെ രൂപപ്പെടലിനെക്കുറിച്ച്, മലയാളനാട് പത്രാധിപസമിതി അംഗമായിരുന്ന വി.ബി.സി. നായർ ഇങ്ങനെ എഴുതുന്നു: ‘1969 മാർച്ച്‌ മാസമായപ്പോഴേക്കും ഉള്ളടക്കത്തെക്കുറിച്ച് ഏകദേശധാരണയായി.എന്നാൽ വാരികയുടെ വ്യക്തിത്വത്തിനു മാറ്റാകേണ്ട പ്രധാന പംക്തിയെക്കുറിച്ചുള്ള ചർച്ച നീണ്ടു. ഒടുവിൽ ഞാനൊരു നിർദേശം വച്ചു. ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവയെ ആഴ്ചതോറും മൂല്യനിർണയം നടത്തുന്ന ഒരു പംക്തി. എസ്. കെ. നായർ പൂർണമനസ്സോടെ അത് അംഗീകരിച്ചു. കൃത്യനിഷ്ഠയോടെ ഭംഗിയായി ആഴ്ചതോറും ആ പംക്തി തയാറാക്കാൻ കഴിവുള്ള നിരൂപകർ മലയാളത്തിൽ ആരാണുള്ളത്?  എം. കൃഷ്ണൻ നായർ. ആ പേരും ഞാൻ തന്നെ നിർദേശിച്ചു. എസ്. കെ. നായർക്കും മറിച്ച് ഒരു അഭിപ്രായം ഉണ്ടായിരുന്നില്ല. കാരണം എം. കൃഷ്ണൻ നായർ മലയാള നിരൂപണരംഗത്തെ ശക്തിസ്രോതസ്സുകളിൽ ഒന്നായി നിറഞ്ഞു നിൽക്കുന്ന കാലമായിരുന്നു അത്. അടുത്ത ദിവസം ഞാനും എസ്. കെ. നായരും കൂടി കെ. ബാലകൃഷ്ണന്റെ പേട്ടയിലുള്ള ഓഫിസിൽ എത്തി. ഉള്ളടക്കത്തെക്കുറിച്ചുള്ള അഭിപ്രായം ആരായാനും പ്രധാന പംക്തിക്ക് അനുയോജ്യമായ ഒരു പേര് ബാലകൃഷ്ണനിൽനിന്നു നേടിയെടുക്കാനും ആയിരുന്നു ഞങ്ങളുടെ യാത്ര. കൗമുദി ഓഫിസിന്റെ മുറ്റത്തു ഞങ്ങൾ സമ്മേളിച്ചു. പുതിയ വാരികയുടെ ഉള്ളടക്കം ബാലകൃഷ്ണന് ഇഷ്ടപ്പെട്ടു. ‘ഈ പംക്തി എം. കൃഷ്ണൻ നായരെ ഏൽപിച്ചാലോ’, ഞാൻ ചോദിച്ചു. ഉടൻതന്നെ മറുപടി ലഭിച്ചു. ‘കൃഷ്ണൻ നായരെപ്പോലെ നിരൂപണരംഗത്ത് ആണത്തവും ചങ്കൂറ്റവുമുള്ള ഒരാൾക്കല്ലാതെ മറ്റാർക്കാണ് ആ പംക്തി കൈകാര്യം ചെയ്യാനുള്ള യോഗ്യതയുള്ളത്. രാത്രി രണ്ടുമണി കഴിഞ്ഞിരുന്നു. ഞങ്ങൾ പോകാനിറങ്ങി. യാത്രപറയുന്നതിനു മുൻപ് എസ്.കെ. നായർ ചോദിച്ചു: ‘ബാലാ പംക്തിയുടെ പേര്?’ ഒരു നിമിഷം ആലോചിച്ചിട്ടു ബാലകൃഷ്ണൻ അസിസ്റ്റന്റ് ചെല്ലപ്പനോട് ഒരു പേപ്പറും പേനയും കൊണ്ടുവരാൻ ആവശ്യപ്പെട്ടു. കൗമുദി ഓഫിസിന്റെ മതിലിൽ കടലാസു മടക്കിവച്ച് കെ. ബാലകൃഷ്ണൻ പേര് എഴുതി. കടലാസ് മടക്കി എസ്.കെ. നായരെ ഏൽപ്പിച്ചു. കാറിലിരുന്ന് ഞങ്ങൾ കടലാസ് നിവർത്തി നോക്കി ‘സാഹിത്യ വാരഫലം’ (അക്ഷരങ്ങളിൽ അഗ്നിയും അക്ഷയ ലോകങ്ങളും സൃഷ്ടിക്കുന്ന നിരൂപക മാന്ത്രികൻ).

എം. കൃഷ്ണൻ നായർ പംക്തി എഴുതാമെന്നു സമ്മതിച്ചു. പക്ഷേ, സാഹിത്യവാരഫലം എന്ന പേര് ഇഷ്ടമായില്ല. ആ അനിഷ്ടം കൃഷ്ണനായർ പ്രകടിപ്പിച്ചു. കൃഷ്ണൻ നായർ ഒരു സംഭാഷണത്തിൽ ഇങ്ങനെ പറഞ്ഞു:

Krishnan-Nair-M04
എം. കൃഷ്ണൻ നായർ

‘ചെറുപ്പകാലത്ത് ധാരാളം കവിതകൾ എഴുതിയിരുന്ന എനിക്ക് ജ്യോത്സ്യത്തോടു ബന്ധപ്പെട്ട ആ പേര് ഇഷ്ടപ്പെട്ടില്ല. പേരു മാറ്റിയാൽ ഞാൻ എഴുതാമെന്നു സമ്മതിച്ചു. കെ. ബാലകൃഷ്ണൻ നിർദേശിച്ച പേരാണതെന്നും മാറ്റം വരുത്തിയാൽ ബാലകൃഷ്ണൻ പിണങ്ങുമെന്നും എസ്. കെ. നായർ അറിയിച്ചു. എന്നെ എഴുത്തുകാരനാക്കിയ ബാലകൃഷ്ണനോട് എനിക്ക് കടപ്പാടുള്ളതുകൊണ്ട് ഞാൻ പിന്നീട് ഒന്നും പ്രതികൂലമായി പറഞ്ഞില്ല. മലയാളനാടിന്റെ ആദ്യലക്കത്തിൽത്തന്നെ എന്റെ കോളം ഉണ്ടായിരുന്നു. അത് ജനസമ്മതി നേടി. ഇന്നും എനിക്കു വെറുപ്പുള്ള ആ പേരിൽത്തന്നെ കോളം തുടരുന്നു’ (സാഹിത്യവിചാരകന്റെ ഉള്ളറകളിലേക്ക്). പക്ഷേ, ആ പേര് മലയാളിയുടെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായി മാറി.

വെറും ജേണലിസം എന്ന തലക്കെട്ടോടുകൂടിയാണ് ആദ്യ ലക്കം സാഹിത്യ വാരഫലം ഇറങ്ങിയത്. ഡോ. കെ. ഭാസ്കരൻ നായർ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ‘പുണ്യഭൂമിയും പുതുയുഗവും’ എന്ന ലേഖനത്തെ വിമർശിച്ചുകൊണ്ടാണ് വാരഫലം ആരംഭിച്ചത്. വിമർശനത്തിന്റെ ആദ്യ മഷി വീണത് ഡോ. കെ. ഭാസ്കരൻ നായരിൽ ആയിരുന്നു. അതിൽ എഴുതി. ‘ഞാൻ വളരെ ബഹുമാനിക്കുന്ന ഒരു സാഹിത്യകാരനാണ് ഡോ. കെ. ഭാസ്കരൻ നായർ. അദ്ദേഹം എഴുതിയ ഏതു ലേഖനത്തിനും ഒരനവദ്യസൗന്ദര്യമുണ്ട്. അത് ഈ ലേഖനത്തിലും കാണാം. പക്ഷേ, അതിൽ ഉൾക്കൊള്ളുന്ന ചിന്തകൾ ലോകായതികനായ അധ്യാത്മവാദിയായ എനിക്ക് അംഗീകരിക്കാൻ വയ്യ.’

തുടർന്നു വന്ന ഓരോ ലക്കങ്ങളിലും എഴുത്തുകാർക്കു നേരെ വിമർശനത്തിന്റെ കൂരമ്പുകൾ തൊടുത്തു. ആശയസംവാദത്തിന്റെ തലത്തിൽ നിന്നു വിമർശനം വ്യക്തിപരമായ ആക്രമണത്തിന്റെ തലത്തിലേക്കുപോലും വഴിമാറിയ സന്ദർഭങ്ങൾ ഉണ്ടായി. അമ്പു കൊള്ളാത്തവർ ആരും ഇല്ലാതെയായി. ഇണങ്ങിയും പിണങ്ങിയുമാണ് പംക്തി മുന്നോട്ടുപോയത്. പല എഴുത്തുകാരും ഒളിഞ്ഞും തെളിഞ്ഞും ഏറ്റുമുട്ടി. പക്ഷേ, കൃഷ്ണൻ നായർ മുന്നോട്ടു പോയി.

ലോകസാഹിത്യത്തിന്റെ വിശാലലോകം എം. കൃഷ്ണൻ നായർ ഓരോ ആഴ്ചയും മലയാളിക്കു മുൻപിൽ  തുറന്നിട്ടു. അതിന്റെ ഉള്ളറകളിലേക്കു ക്ഷണിച്ചു, അദ്ദേഹത്തോടൊപ്പം അവരും സഞ്ചരിച്ചു. ലോകസാഹിത്യത്തിലെ നോവലിസ്റ്റുകൾ, ചെറുകഥാകൃത്തുക്കൾ, നാടകകൃത്തുക്കൾ, തത്വചിന്തകർ, ചരിത്രകാരന്മാർ തുടങ്ങി വിഭിന്ന മേഖലയിലുള്ളവരെ അദ്ദേഹം പരിചയപ്പെടുത്തി. മാർകേസ്, പാബ്ലോ നെരൂദ, ബോർഹസ്, ഷോ ഗുമെരിയസ് റോസ, ഹോലിയോ കൊത്ത്സാർ തുടങ്ങിയ എഴുത്തുകാരുടെ വൻനിര സാഹിത്യവാരഫലത്തിലൂടെ കടന്നുപോയി. അവരെ കേവലമായി പരിചയപ്പെടുത്തുക മാത്രമല്ല, ഓരോ കൃതിയുടെയും സൗന്ദര്യത്തെയും സവിശേഷതകളെയും അവതരിപ്പിച്ചു. ഈ എഴുത്തുകാരുടെ കൃതികൾ തമ്മിൽ താരതമ്യം ചെയ്യാനും ശ്രമിച്ചു. ലോക സാഹിത്യ പരിചയത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ഭാഷയിലെ കൃതികളെ പരിശോധിക്കുകയും ചെയ്തു. ആ പരിശോധന പലപ്പോഴും സാഹിത്യമോഷണത്തിന്റെ കണ്ടെത്തലുകളായി മാറി. അതിന്റെ അനുരണനങ്ങൾ കാലങ്ങളോളം നിലനിൽക്കുകയും ചെയ്തു.

സാഹിത്യവാരഫലത്തിനു കൃത്യമായ ഒരു രൂപഘടന പുലർത്താൻ കൃഷ്ണൻനായർ ശ്രമിച്ചു. ലോക ക്ലാസിക്കുകളുടെ പരിചയം, ചോദ്യോത്തരങ്ങൾ, നിർവചനങ്ങൾ, അനുഭവങ്ങൾ, മലയാള സാഹിത്യകൃതികളുടെ പരിശോധന എന്നിവ ഓരോ ലക്കത്തിലും ഉണ്ടായി. ഉള്ളടക്കങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിച്ചു. പഴയ കാലങ്ങളെയും വർത്തമാനത്തെയും ബന്ധിപ്പിക്കുന്ന അനുഭവതലങ്ങൾ ആവിഷ്കരിച്ചു.

എല്ലാത്തരം തലമുറകളോടും സംവദിക്കാൻ സാഹിത്യവാരഫലത്തിനു കഴിഞ്ഞു. പരമ്പരാഗത വായനക്കാർ വാരഫലത്തിനുള്ളിലെ അറിവിന്റെ ഖനികൾ അന്വേഷിച്ചു, പുതിയ വായനക്കാർ പുതിയ പുസ്തകങ്ങളെ തേടി, എഴുത്തുകാർ അവരുടെ രചനകളുടെ വിലയിരുത്തൽ കാത്തിരുന്നു. ഒരു സാഹിത്യപംക്തിക്കുവേണ്ടി വായനക്കാർ ഇത്രയേറെ ആകാംക്ഷയോടെ കാത്തിരുന്നിട്ടുണ്ടോ എന്നു സംശയമാണ്. കാരണം എം. കൃഷ്ണൻ നായർക്കു വായനക്കാരെ പ്രകോപിപ്പിക്കാനും പ്രചോദിപ്പിക്കാനും പ്രസാദിപ്പിക്കാനും കഴിഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ വായനക്കാരനാണ് എം. കൃഷ്ണൻ നായർ എന്നു വിശേഷിപ്പിക്കാറുണ്ട്. വായന തന്നെ ജീവിതം എന്ന് അദ്ദേഹംതന്നെ  പറഞ്ഞിട്ടുണ്ട്.

Krishnan-Nair-M05
എം. കൃഷ്ണൻ നായർ

ഒരർഥത്തിൽ പുസ്തകം ഭക്ഷിച്ചാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്നു പറയാം. വായനയെ കലയും തന്ത്രവുമാക്കി മാറ്റി. വായനയെ കലാത്മകമായി പുനരാവിഷ്കരിച്ചു. അതിൽനിന്നു വിമർശനത്തിന്റെ തന്ത്രങ്ങൾ സൃഷ്ടിച്ചു. വായനയെ അനുഭവങ്ങളുമായി ചേർത്തു. അനുഭവങ്ങളെ വായനയിലൂടെ കണ്ടെത്തി.  ഈ പരന്ന വായനയാണ് സാഹിത്യവാരഫലം സാധ്യമാക്കിയതും നിലനിർത്തിയതും. ഒരു മലയാളം പ്രഫസർ ഇത്രയേറെ ഇംഗ്ലിഷ് പുസ്തകങ്ങൾ എങ്ങനെ വായിച്ചു എന്നു പലരും അദ്ഭുതപ്പെട്ടിട്ടുണ്ട്.വി. സനിൽ എഴുതുന്നു: ‘ഈ വായനയുടെ സ്ഥാനം എഴുത്തിന്റെ സാഹിത്യചരിത്രത്തിലല്ല, മറിച്ച് േകരളീയ സമൂഹത്തിന്റെ ജനാധിപത്യ പ്രക്രിയയുടെ ചരിത്രത്തിലാണ്. വായനയുടെ ജനാധിപത്യവത്കരണമാണ്  സാഹിത്യവാരഫലം’ (വായന ജീവിതം തന്നെ).

എം. കൃഷ്ണൻ നായർ ആത്മകഥ എഴുതിയിട്ടില്ല. പക്ഷേ, സാഹിത്യ വാരഫലം അദ്ദേഹത്തിന്റെ ആത്മകഥകൂടിയാണ്. ബാല്യകാലം മുതലുള്ള ജീവിതത്തിന്റെ ഓരോ സന്ദർഭത്തെയും വിവിധ ലക്കങ്ങളിലായി അടയാളപ്പെടുത്തി. സ്വന്തം വായനയുടെ ചരിത്രം, മലയാളത്തിലെ മഹാ പ്രതിഭകളായ വ്യക്തികളുമായുള്ള അടുപ്പം, വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ, പ്രസംഗപര്യടനങ്ങൾ, അധ്യാപകജീവിതത്തിന്റെ അനുഭവങ്ങൾ, സുഹൃത്തുക്കളുമായുള്ള അടുപ്പത്തിന്റെയും അകൽച്ചയുടെയും കഥകൾ, സ്വന്തം ജീവിതത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ, മകന്റെ ആകസ്മിക മരണം തുടങ്ങി എല്ലാം എഴുതി. സ്വന്തം ജീവിതത്തെ വായനയുമായും രചനകളുമായും കൂട്ടിവച്ചാണ് അവതരിപ്പിച്ചത്. ഞാൻ ഒരു മഹാപ്രതിഭയാണെന്ന് ഒരിക്കലും എഴുതിയില്ല.

വാരഫലത്തിന്റെ ഒരു ലക്കത്തിൽ, സ്വയം നിരീക്ഷണം നടത്തി. ‘എം. കൃഷ്ണൻ നായർ: ചേതോഹാരം, ആവിഷ്കാരം, സ്പുടികരണം, ആലേഖനം ഈ വാക്കുകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ആൾ’ (കലാകൗമുദി 1986 മേയ്‌ 4).

എം. കൃഷ്ണൻ നായർ വായനക്കാരിൽ വിശ്വാസം അർപ്പിച്ചിരുന്നു. അവരുടെ അഭിപ്രായങ്ങളെ ശ്രദ്ധയോടെ കേട്ടിരുന്നു. ആദ്യ വാരഫലം പുറത്തു വന്നപ്പോൾതന്നെ വായനക്കാരുടെ ധാരാളം കത്തുകൾ പത്രാധിപർക്കു കിട്ടി. പക്ഷേ, സാഹിത്യവാരഫലത്തെ വിമർശിക്കുന്ന കത്തുകൾ പലപ്പോഴും പ്രസിദ്ധീകരിക്കാൻ തയാറായില്ല. വിമർശനങ്ങളോടു കൃഷ്ണൻ നായർ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

ഒരിക്കൽ അദ്ദേഹം എഴുതി: ‘പ്രതികൂല അഭിപ്രായം എന്നെ ക്ഷോഭിപ്പിക്കുമായിരുന്നു പണ്ട്. ഇപ്പോൾ അതില്ല. നന്മയുണ്ട് ഈ കോളത്തിന് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് ആർജവമുള്ള പ്രസ്താവമാണെങ്കിൽ എനിക്ക് ഇഷ്ടമാണ്. പക്ഷേ, Not bad എന്ന അഭിപ്രായം കേട്ടാൽ പണ്ടും ഇന്നും ദേഷ്യം വരും എനിക്ക്. ആരുടെയും രചനകളെക്കുറിച്ച് അങ്ങനെ പറഞ്ഞുകൂടാ’ (കലാകൗമുദി 2002, ജൂലൈ 26). 

തന്റെ വിമർശനങ്ങളെ അദ്ദേഹം സ്വയം ന്യായീകരിച്ചു. ഒരു വായനക്കാരൻ ചോദിച്ചു: ‘എന്താ പരുഷമായ ഭാഷ ഉപയോഗിക്കുന്നത്?’

അദ്ദേഹം എഴുതി: ‘ശരിയാണ് സുഹൃത്തേ, ക്ഷമിക്കൂ, അധമസാഹിത്യ രചന സമുദായത്തിന്റെ നേർക്കുള്ള ഒരു ക്രൈം ആണ്.  അതു കാണുമ്പോൾ എനിക്കു ചിലപ്പോൾ ക്രോധം ഉണ്ടാവും. അതുകൊണ്ടാണ് പരുക്കൻ വാക്കുകൾ പ്രയോഗിക്കുന്നത്.’

കൃഷ്ണൻ നായരെ മലയാളത്തിലെ പ്രധാന നിരൂപകരിൽ ഒരാളായി പരിഗണിക്കാൻ പലരും തയാറായില്ല. സാഹിത്യവാരഫലത്തിലെ വിമർശനങ്ങൾക്കും അവലോകനങ്ങൾക്കും കൃത്യമായ ലാവണ്യശാസ്ത്രമോ സാഹിത്യ മാനദണ്ഡങ്ങളോ ഇല്ല എന്ന ആക്ഷേപം ഉണ്ടായി. സാഹിത്യവിമർശനത്തിന്റെ പരിധിക്കുള്ളിൽ നിൽക്കുന്നതല്ല ഈ വിമർശനം എന്നു പറഞ്ഞവർക്കു മറുപടിയായി എം. കൃഷ്ണൻ നായർ പറഞ്ഞത്, ‘ഞാൻ ഒരു ലിറ്റററി ജേണലിസ്റ്റ്’ മാത്രമാണ്. 

1998ൽ ഡോ. കെ. എം. ജോർജ് എഡിറ്റു ചെയ്ത സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ എന്ന ഗ്രന്ഥത്തിലേക്ക് ഡോ. പി. വി. വേലായുധൻപിള്ള എഴുതിയ സാഹിത്യ വിമർശന ചരിത്രത്തിൽ എം. കൃഷ്ണൻ നായരുടെ സാഹിത്യ സംഭാവനകളെക്കുറിച്ച് എഴുതിയ ഭാഗങ്ങൾ ഒഴിവാക്കപ്പെട്ടു. എം കൃഷ്ണൻ നായർ തന്നെ ആ കാര്യം പിന്നീട് വെളിപ്പെടുത്തി,

‘എന്റെ തുച്ഛമായ സാഹിത്യസേവനത്തെ വിലയിരുത്തി ഡോ. പി.വി. വേലായുധൻപിള്ള എഴുതിക്കൊടുത്തുവെന്നും അച്ചടിച്ചു വന്നപ്പോൾ അതു  കാണാനില്ലായിരുന്നെന്നും അദ്ദേഹം തന്നെ നേരിട്ട് എന്നോടു പറഞ്ഞു. എന്റെ ഒരു ശിഷ്യനും ശിഷ്യകൽപ്പനും കൂടി അതു വെട്ടിക്കളഞ്ഞു പോലും. അവരോട് എനിക്ക് വിരോധം ഇല്ല. എന്നെ അവഗണിക്കാനാവാത്ത വിധം ഞാൻ വളരണം. അതു  സംഭവിച്ചിട്ടില്ലായിരിക്കാം. സാഹിത്യ ചരിത്രമെഴുതുമ്പോൾ അത് എഴുതുന്നയാളിന്റെ സമഗ്രവീക്ഷണ അന്തരീക്ഷത്തിൽ ഞാനും അർക്കദീപ്തിയോടെ നിൽക്കണം. അതിന് എനിക്കു കഴിയാത്തതുകൊണ്ടാവണം ആ രണ്ടുപേരും കത്തിരി പ്രയോഗിച്ചത്.’

d-vinayachandran
ഡി. വിനയചന്ദ്രൻ

സാഹിത്യവാരഫലം തെരുവിലേക്കും വലിച്ചിഴയ്ക്കപ്പെട്ടിട്ടുണ്ട്. ഒരു സംഭവം ഉണ്ടായത് എൺപതുകളുടെ തുടക്കത്തിലാണ്. എം കൃഷ്ണൻ നായരും  ഡി. വിനയചന്ദ്രനും തമ്മിൽ പോർ മുഖം തുറന്നു. വിനയചന്ദ്രനെക്കുറിച്ച്, കൃഷ്ണൻ നടത്തിയ പരാമർശങ്ങൾ വിവാദമായി. അന്നു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് അധ്യാപകനായിരുന്ന വിനയചന്ദ്രൻ കൃഷ്ണൻ നായരെക്കുറിച്ച് അശ്ലീല പരാമർശങ്ങൾ നിറഞ്ഞ ഒരു നോട്ടിസ് അച്ചടിച്ചു ശിഷ്യന്മാരെക്കൊണ്ടു വിതരണം ചെയ്യിച്ചു. കൃഷ്ണൻ നായർ പ്രകോപിതനായി,സർക്കാരിനു പരാതി നൽകി. വിനയചന്ദ്രനെ സർവീസിൽനിന്നു പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ഒടുവിൽ നരേന്ദ്രപ്രസാദിനെപ്പോലുള്ള സുഹൃത്തുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. എന്നാൽ പിൽക്കാലത്ത് വിനയചന്ദ്രന്റെ കവിതകളെ കൃഷ്ണൻനായർ പ്രശംസിക്കുകയും ചെയ്തു.

1987 മാർച്ചിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സുഗതകുമാരിയുടെ മരങ്ങൾ എന്ന കവിത പ്രസിദ്ധീകരിച്ചു. ഒരു പാരിസ്ഥിതിക കവിതയായിരുന്നു അത്. ആ സമയത്ത് സുഗത കുമാരി ഇത്തരം ധാരാളം കവിതകൾ എഴുതിയിരുന്നു. അതിലെ രണ്ടു വരികൾ കൃഷ്ണൻ നായരെ പ്രകോപിപ്പിച്ചു.

അൻപിലക്കലാശാല വളപ്പിൽ കുഴിച്ചിട്ടോ-

രണ്ടികൾ  മാന്തൈകളായി ഉണർന്നോ മറഞ്ഞോ?

sugathakumari-1
സുഗതകുമാരി

1987 മേയ് മാസത്തെ വാരഫലത്തിൽ എഴുതി: ‘മരങ്ങളെക്കുറിച്ച് സുഗത കുമാരി പല പരിവൃത്തി പറഞ്ഞു കഴിഞ്ഞു. ഇനിയും അത് ആവർത്തിക്കരുത്. ആവർത്തിച്ചാൽ അതു വന്ധ്യമായ മനസ്സിനെ പ്രതിഫലിപ്പിക്കും. നമ്മൾ ഒന്നു ചുമച്ചാൽ അതങ്ങു പോകട്ടെയെന്നു കരുതണം. അതിനെ ചാടിപ്പിടിച്ചു വായ്ക്കകത്തേക്കാ‌ക്കി വീണ്ടും ചുമയായി നിർഗമിപ്പിക്കരുത്. ഒരു കാര്യം കൂടി ഈ കാവ്യത്തിലെ അണ്ടികൾ എന്ന പദം എനിക്ക് ഇഷ്ടപ്പെടാത്തത് എന്റെ മനസ്സ് അവിശുദ്ധമായതുകൊണ്ടാവാം. എങ്കിലും എന്നെപ്പോലുള്ള പാപപങ്കിലന്മാർക്കും ഉദ്വേഗം ഉണ്ടാവാത്ത രീതിയിൽ പദങ്ങൾ പ്രയോഗിക്കുകയാണു വേണ്ടത്.’

ഈ പ്രസ്താവം സുഗതകുമാരിയുടെ സുഹൃത്തുക്കളെ ചൊടിപ്പിച്ചു, പ്രത്യേകിച്ച് പരിസ്ഥിതിപ്രവർത്തകരെ. പ്രകോപിതരായ അവർ കൃഷ്ണൻ നായരെ നേരിൽ വീട്ടിൽ പോയി, പ്രതിഷേധം അറിയിച്ചു. പിന്നീടു സുഗതകുമാരിയുടെ കവിതകളെ ഒട്ടേറെ തവണ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

യു.ആർ. അനന്തമൂർത്തി വിശേഷിപ്പിച്ചപോലെ യുനീക് ആയിരുന്നു സാഹിത്യവാരഫലം. ഇത്രയേറെ ജനപ്രീതി നേടിയ ഒരു സാഹിത്യകോളം മറ്റൊരു ഇന്ത്യൻ ഭാഷയിലും ഉണ്ടായിട്ടില്ല. തന്റെ കോളത്തെക്കുറിച്ച് എം. കൃഷ്ണൻ നായർക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. ഒരു സംഭാഷണത്തിൽ എം. കൃഷ്ണൻ നായർ പറഞ്ഞു: ‘എൻ. വി. കൃഷ്ണ വാരിയർ, വൈക്കം മുഹമ്മദ് ബഷീർ, നയനതാരാ സെഹൽ, ഹാർപ്പർ കോളിൻസ്, പ്രസാധകരുടെ മാനേജിറസ് റെബേക്ക, അനന്തമൂർത്തി ഇവർ സൗജന്യ മാധുര്യത്താലാവണം ഈ പംക്തിയെ മുക്തകണ്ഠം വാഴ്ത്തിയിട്ടുള്ളത്.’

മലയാളനാട് വാരികയിലെ സാഹിത്യവാരഫലം ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്ത് എസ്. കെ. നായർ പലർക്കും അയച്ചുകൊടുത്തു. വായിച്ച പ്രമുഖരായ പലരും അഭിനന്ദനക്കത്തുകൾ കൃഷ്ണൻനായർക്ക് അയച്ചു. ഒടുവിൽ പ്രസിദ്ധമായ ഗോയങ്ക പുരസ്‌കാരം ലഭിച്ചു.

സാഹിത്യ വാരഫലമാണ് എം. കൃഷ്ണൻ നായരെ പ്രശസ്തനാക്കിയതെങ്കിലും എം. കൃഷ്ണൻ നായരുടെ പ്രബന്ധങ്ങളുൾപ്പെടെ ഇരുപതോളം നിരൂപണഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള സാഹിത്യവും വിശ്വസാഹിത്യവും അതിൽ വിശകലനം ചെയ്തിട്ടുണ്ട്. സി. വി. കുഞ്ഞുരാമന്റെ നവജീവനിലൂടെയാണ് കൃഷ്ണൻ നായർ എഴുത്തു തുടങ്ങിയത്. അപ്പോൾ അദ്ദേഹം എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. എന്നാൽ എഴുത്തുകാരനാക്കി മാറ്റിയത് കെ. ബാലകൃഷ്ണനാണ്. കെ. ബാലകൃഷ്ണന്റെ കൗമുദിയായിരുന്നു എം. കൃഷ്ണൻ നായരുടെ പ്രധാന തട്ടകം. ആരെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യം ബാലകൃഷ്ണൻ നൽകി. ബാലകൃഷ്ണന്റെ സുഹൃത്തുക്കളായ വയലാർ രാമവർമയുടെ കവിതകളെപ്പോലും നിശിതമായി അദ്ദേഹം വിമർശിച്ചു. കൃഷ്ണൻ നായരുടെ ആദ്യകാല പ്രസംഗങ്ങളും വിമർശനങ്ങളും  വിവാദങ്ങൾ സൃഷ്ടിച്ചു. മാറ്റൊലിക്കവികൾ എന്ന പ്രസിദ്ധ പ്രയോഗം ഇന്നും സാഹിത്യ ചരിത്രത്തിന്റെ ഭാഗമാണ്. 

തിരുവനന്തപുരം സംസ്‌കൃത കോളജിൽ അധ്യാപകനായിരുന്ന കാലത്ത് എം. കൃഷ്ണൻനായർ, കെ. ബാലകൃഷ്ണനോടൊപ്പം മടവൂർ എന്ന സ്ഥലത്തു പ്രസംഗിക്കാൻ പോയി. അവിടെവച്ചു വയലാർ രാമവർമയും പി. ഭാസ്കരനും ഒഎൻവിയും രചനാരീതികൊണ്ടു ചങ്ങമ്പുഴയെ അനുകരിക്കുന്നവരാണെന്നു കൃഷ്ണൻ നായർ പറഞ്ഞു. അതിനാൽ അവർ പ്രതിഭയുള്ളവരല്ലെന്നും അഭിപ്രായപ്പെട്ടു, വെറും മാറ്റൊലിക്കവികളാണെന്നും പറഞ്ഞു. ഇതുകേട്ട കെ. ബാലകൃഷ്ണൻ, ആ പ്രസംഗം എഴുതിക്കൊടുക്കാൻ പറഞ്ഞു. പിറ്റേദിവസം എഴുതിക്കൊടുത്തു. കെ. ബാലകൃഷ്ണൻ അതു പ്രസിദ്ധീകരിച്ചു. 

കൗമുദി ആഴ്ചപ്പതിപ്പിന്റെ 1130 മീനം 21ന് ഇറങ്ങിയ ലക്കത്തിൽ, ചങ്ങമ്പുഴയ്ക്കു ശേഷം മലയാള കവിത വളർന്നിട്ടില്ല എന്ന ലേഖനം കൊടുത്തു. ആ ലേഖനം ഇങ്ങനെ അവസാനിപ്പിച്ചു: ‘അപ്പോൾ എന്റെ പ്രമേയം ഇതാണ്, ചങ്ങമ്പുഴയ്ക്കു ശേഷം നമ്മുടെ കവിത വളർന്നിട്ടില്ല. ആ പ്രതിഭാശാലിക്കു ശേഷം വന്നിട്ടുള്ള കവികളെല്ലാം മാറ്റൊലിക്കവികളാണ്.’ ഈ പ്രമേയം കൃഷ്ണൻ നായർ നിരന്തരം ആവർത്തിച്ചുകൊണ്ടിരുന്നു.

എം. കൃഷ്ണൻനായർക്ക് ഇഷ്ടപ്പെട്ട കവികൾ ചങ്ങമ്പുഴയും ജി. ശങ്കരക്കുറുപ്പും ആയിരുന്നു. ഞാൻ കണ്ട പ്രതിഭാശാലി എന്നാണ് ജിയെ വിശേഷിപ്പിച്ചത്. 

changampuzha-sankara-kurup
ജി. ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ

അദ്ദേഹം എഴുതി, ‘ജി. ശങ്കരക്കുറുപ്പിൽ ഞാനൊരു മഹാകവിയെ മാത്രമല്ല കണ്ടത്. ഹൃദയാലുവായ മനുഷ്യൻ, ഒരു സംസ്കാരസമ്പന്നൻ, സംഭാഷണവിദഗ്ധൻ, സ്വകീയമായ ജീവിതദർശനം സ്വീകരിച്ചിട്ടുള്ള ദാർശനികൻ - ഈ വിവിധ ഭാവങ്ങൾ ഒന്നിച്ചു സങ്കലനം ചെയ്തിട്ടില്ല. നിങ്ങൾ അദ്ദേഹത്തോടു സംസാരിക്കുമ്പോൾ ഈ വ്യത്യസ്ത ഭാവങ്ങളിൽ അദ്ദേഹം ഓരോ വ്യക്തിയായി നിങ്ങളുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്നു. അതാണ് അദ്ദേഹത്തിന്റെ മഹത്വത്തിനു കാരണം. ഈ കാലഘട്ടത്തിലെ അപൂർവം ചില മഹാന്മാരിലൊരാളാണ് ജി. ശങ്കരക്കുറുപ്പ്’ (കൗമുദി ആഴ്ചപ്പതിപ്പ് 1132 കർക്കടകം 28).

കുട്ടിക്കൃഷ്ണമാരാരെയും മുണ്ടശ്ശേരിയെയും വിശകലനം ചെയ്യുകയും താരതമ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട് കൃഷ്ണൻ നായർ. കുട്ടിക്കൃഷ്ണമാരാർ - നിരൂപണസാഹിത്യത്തിലെ ചിന്തകനും യുക്തിവാദിയും എന്നാണു പറഞ്ഞത്. മുണ്ടശ്ശേരി നിരൂപണസാഹിത്യത്തിലെ ജീർണതയുടെ നായകനാണെന്നും എഴുതി. മാരാരുടെ ചിന്തയിലെ വികാസത്തെയും യുക്തിഭദ്രതയെയും എടുത്തു കാട്ടി, ശൈലിയെ പ്രകീർത്തിച്ചു. 

kuttikrishna-marar
കുട്ടിക്കൃഷ്ണ മാരാർ

കൃഷ്ണൻ നായർ എഴുതി: മലയാള ഭാഷയ്ക്ക് എന്നെന്നും അഭിമാനിക്കാവുന്ന ഒരു നിരൂപകനുണ്ടെങ്കിൽ അതു കുട്ടിക്കൃഷ്ണമാരാർ മാത്രമാണ്. തർക്കശുഷ്കവും പ്രമാണപരവുമായ നിരൂപണപദ്ധതിയിൽനിന്നു മലയാളനിരൂപണത്തെ അദ്ദേഹം മോഹിപ്പിച്ചു, യുക്തിയിൽ അധിഷ്ഠിതമായ ഒരു വിമർശനസരണിക്കേ ഈ കാലഘട്ടത്തിൽ വിജയം വരിക്കാൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. പക്ഷേ, മുണ്ടശ്ശേരിയെ നിശിതമായി വിമർശിച്ചു. വൈരുധ്യങ്ങളാണ് മുണ്ടശ്ശേരിയുടെ പ്രത്യേകത എന്നു പറഞ്ഞു. ഭാഷയെയും വിമർശിച്ചു.’ ദുർഗ്രഹത അദ്ദേഹത്തിന്റെ ശൈലിയുടെ ഒരു പ്രധാന ദോഷമാണ്. നിരൂപണത്തിലാണ് ആ ദോഷം സംഭവിക്കുന്നതെങ്കിൽ അതിനെക്കാൾ വലിയ ഒരു അപരാധം വരാനില്ല. ആ ലേഖനം ഇങ്ങനെ ഉപസംഹരിച്ചു: ‘പ്രാമാണികനായ ഒരു നിരൂപകനായി അദ്ദേഹം ഉയരുമായിരുന്നു, നിർഭാഗ്യത്താൽ അതുണ്ടായില്ല. അതിനുള്ള കാരണങ്ങൾ പ്രതിപാദിക്കപ്പെട്ടുകഴിഞ്ഞു. ഇന്നത്തെ നിലവച്ച് പ്രഫസർ മുണ്ടശ്ശേരിയെ ഒരു ഡിക്കേഡന്റ് നിരൂപകനായേ കരുതുവാൻ കഴിയുള്ളൂ.’

എം. കൃഷ്ണൻ നായർ അദ്ദേഹത്തിന്റെ നിരൂപണ ജീവിതത്തിന്റെ ആദ്യം മുതൽതന്നെ കൃത്യവും വ്യക്തവുമായ നിലപാടുകൾ സ്വീകരിച്ചിരിക്കുന്നു.പശ്ചാത്യചിന്തയും ഭാരതീയ കാവ്യസിദ്ധാന്തങ്ങളും ഒരുപോലെ അദ്ദേഹത്തിനു വഴങ്ങി. പുതിയ ആശയങ്ങളെ തിരസ്കരിച്ചില്ല. വിമർശനത്തിൽ ക്ഷോഭവും തലോടലും ഉണ്ടായിരുന്നു. താരതമ്യവും കണ്ടെത്തലും സ്വീകരിച്ചിരിക്കുന്നു. ശത്രുക്കളും മിത്രങ്ങളും ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും സ്ഥിരമായിരുന്നില്ല. എപ്പോഴും എഴുത്തുകാരന്റെ ശിരസ്സ് ഉയർത്തിപ്പിടിച്ചു നിന്നു. മലയാളിയുടെ മഹാ വായനക്കാരൻ എന്നു തെളിയിച്ചു. 

കഥാകാരൻ സക്കറിയ എഴുതി: ‘സാധാരണക്കാരിൽ അദ്ദേഹം ഉണ്ടാക്കിയെടുത്ത പരന്ന വായനാബോധത്തിന്റെ ഗുണഭോക്താക്കളാണ് ഈ ലേഖകനടക്കമുള്ള എഴുത്തുകാർ. മലയാളത്തിലെ സാഹിത്യപാരായണം ഇനിയും മരിക്കാത്തതിന്റെ പിന്നിലെ ശക്തികളിലൊന്നായി ഈ മഹാനായ ഹ്യൂമനിസ്റ്റിന്റെ പാരമ്പര്യം ഉയർന്നു നിൽക്കുന്നു.’

Content Summary: Malayalam Literary Critic and Orator M Krishnan Nair Birth Centenary

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com