ADVERTISEMENT

എൺപതുകളുടെ മധ്യം; തിരുവനന്തപുരത്തു ബിരുദ വിദ്യാർഥിയായിരുന്ന കാലം; പ്രായം പതിനെട്ടോ പത്തൊൻപതോ. സഹപാഠിയും റൂംമേറ്റുമായ ദിലീപ് ചന്ദ് ഒരു പാർട്‌ടൈംജോലി തരപ്പെടുത്തിത്തന്നതിനാൽ ജീവിതം ആർഭാടത്തിലാണ്. നാലാഞ്ചിറയിലെ സ്‌കൂൾ ഓഫ് മാത്തമാറ്റിക്സിൽ, പത്തു വർഷത്തെ അധ്യാപനപരിചയമുണ്ടോ എന്നൊന്നും നോക്കാതെ നേരിട്ട് അസോഷ്യേറ്റ് പ്രഫസർ പദവി ലഭിച്ചു! ഇരുനൂറു രൂപ പ്രതിമാസ ശമ്പളം ഒരു വലിയ തുകയായിരുന്നു അന്ന്.

കൂടുതൽ സമയവും യൂണിവേഴ്സിറ്റി ലൈബ്രറിയിൽ. അവിടെവച്ചാണ് എം. കൃഷ്ണൻനായർ സാറുമായി അടുപ്പത്തിലാവുന്നത്. അത് ഒട്ടേറെ വർഷങ്ങൾ തുടർന്നു; സാറിന്റെ പ്രേരണയാൽ സിവിൽസർവീസ് പരീക്ഷയുടെ അവസാനഘട്ട പരിശീലനത്തിനായി ഡൽഹിയിലേക്കു പുറപ്പെടുംവരെയും നേരിട്ടും പിന്നീടു ഫോണിലൂടെയും.

അദ്ദേഹത്തിന്റെ ഏതോ സഹപാഠി, ഐഎഎസ് കിട്ടിയതിനുശേഷം അതില്ലാത്തവരോടു കൃതഘ്നനായി പെരുമാറി എന്ന് ഒന്നിലേറെത്തവണ പറഞ്ഞിട്ടുണ്ട്. ആരാണെന്ന് അന്വേഷിച്ചിട്ടും ഉത്തരം തന്നിട്ടില്ല.

ഒരു സായാഹ്നത്തിൽ, ഞങ്ങൾ  യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്ന് ഇന്ത്യൻ കോഫി ഹൗസിലേക്കു നടക്കുന്നു. വഴിനീളെ ‘ഫസ്റ്റ് ബ്ലെഡ്’ എന്ന ചലച്ചിത്രത്തിന്റെ പോസ്റ്റർ. ഭീമാകായനായ നായകൻ ക്രൗര്യഭാവത്തിൽ ഇരിക്കുന്ന ചിത്രം. സാർ, നായകനെപ്പറ്റി ചോദിച്ചു, സിൽവസ്റ്റർസ്റ്റാലനെപ്പറ്റി എനിക്കറിയാവുന്നവ പറഞ്ഞു. 

‘ഇത്രയും പേശീദൃഢത ഉണ്ടായിരുന്നെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു?’ 

‘ഞാൻ തമ്പാനൂർ സ്റ്റേഷനിൽ പോയി തലച്ചുമടെടുത്തു ജീവിച്ചേനെ!’

വിരളമായി കാണാറുള്ള പുഞ്ചിരി വിടർന്നു.

‘സാറാണെങ്കിലോ?’

‘അവകാശികൾ’പോലെ വലുപ്പമുള്ള പുസ്തകം എഴുതും!’

നടന്ന്  സ്റ്റാച്യുവിലെത്തി. പ്രതിമയെ നോക്കി ‘Who is afraid of Virginia Woolf?’ (‘വെള്ളായണി അർജുനനെ ആർക്കാണു പേടി?’) എന്നു ഞാൻ പതുക്കെ ചോദിച്ചു. 

Krishnan-Nair-M03
എം. കൃഷ്ണൻ നായർ

ബിരുദവിദ്യാർഥിയായിരിക്കെ ഒരു കവിത എഴുതി.  തലക്കെട്ട്, ‘സ്‌നേഹായനം.’ അന്നു ഹോസ്റ്റലിൽ താമസിച്ചിരുന്ന പ്രഫ. ചെറുകുന്നം പുരുഷോത്തമൻസാറിനെ വായിച്ചു കേൾപ്പിച്ചു. അദ്ദേഹം ചില തിരുത്തലുകൾ വരുത്തി. അപ്പോൾ വരാന്തയിൽ നിന്നിരുന്ന ജഗദീഷ് സാർ (പ്രശസ്ത നടൻ ജഗദീഷ്) അതു കേട്ട്, കൊള്ളാം എന്നു പറഞ്ഞു. ആത്മവിശ്വാസം ഇരട്ടിയായി. അടുത്ത ദിവസം കൃഷ്ണൻനായർ സാറിനടുത്തെത്തി. സാറിന്റെ പ്രേരണയാലതു കലാകൗമുദിയിൽ പ്രസിദ്ധീകൃതമാവണം എന്നാണ് ആഗ്രഹം.

‘നിനക്കു കവിത എഴുതാനുള്ള  ധിഷണാവൈഭവം ഇല്ല. ഇതു ട്രാഷ് ആണ്.’

‘ഈണത്തിൽ ചൊല്ലിക്കേൾപ്പിക്കാം!’

‘എടോ, വേണമെങ്കിൽ കഴിഞ്ഞ ലക്കം സാഹിത്യവാരഫലംപോലും സംഗീതസംവിധായകർ മനോഹരങ്ങളായ ഗാനങ്ങളാക്കിക്കളയും, വയലാർ രാമവർമ എഴുതിയവയെക്കാൾ മെച്ചമായവ.’

കവിയാവാനുള്ള ആഗ്രഹം ഉപേക്ഷിച്ചു.

സാർ ഒരു തമാശ പറഞ്ഞു:

‘ഞാൻ മക്കളുമായി നാടകത്തിനു പോയി. പിറകിൽ ഇരുന്ന പെൺകുട്ടി അവളുടെ അമ്മയോടു പറയുന്നു, മുൻപിലെ റോയിൽ നടുക്ക് ഇരിക്കുന്നത് എന്റെ പ്രഫസർ ആണ്, അങ്ങേയറ്റത്ത് ഇരിക്കുന്നത് അദ്ദേഹത്തിന്റെ മകൾ, എന്റെ കൂട്ടുകാരി.’

‘അച്ഛനും മകൾക്കും അടുത്ത് ഇരുന്നുകൂടെ?’ അമ്മയുടെ ചോദ്യം.

‘അമ്മേ, ഇടയ്ക്ക് ഇരിക്കുന്ന പെൺകുട്ടികളെല്ലാം അദ്ദേഹത്തിന്റെ  മക്കളാണ്!’

വികാരാധീനനായി കാണപ്പെട്ടിട്ടുള്ളത് ഏകമകന്റെ അകാലത്തിലുള്ള വിയോഗത്തെപ്പറ്റി സംസാരിക്കുമ്പോൾ മാത്രമാണ്.

മറ്റൊരിക്കൽ സാറും ഞാനുംകൂടി നടക്കുന്നു. എതിരെ വന്ന സുന്ദരിയായ യുവതി തൊഴുതു. പൂർവവിദ്യാർഥിനിയാവാം. അദ്ദേഹത്തോടൊപ്പം നടക്കുന്നതിനാൽ ഇത് എഴുതുന്നയാൾക്കും കിട്ടി വന്ദനം. ഞാൻ ഒരു കൈമാത്രം പൊക്കി അഭിവാദ്യം ചെയ്തു. സാർ എന്തോ സംസ്‌കൃതശ്ലോകം മെല്ലെ ഉരുവിട്ടു. ശ്ലോകം ഓർക്കാൻ കഴിയുന്നില്ല.

അർഥം ഇപ്രകാരം - ഒരു കൈ കൊണ്ടു നടത്തുന്ന വന്ദനം, അതുവരെ ആർജിച്ച പുണ്യത്തെക്കൂടി ഇല്ലാതാക്കുന്നു.

സാറ് ഓട്ടോയിൽ കയറിപ്പോയി. ഞാൻ നടന്ന് മാഞ്ഞാലിക്കുളം റോഡിലെ പഴയ ലോഡ്ജിലെത്തി. അവിടുത്തെ താമസക്കാർ കൂടുതലും ഫൈൻ ആർട്സ് കോളജ് വിദ്യാർഥികളാണ്. കവിത ചൊല്ലലും പുകവലിയും മുറയ്ക്കു നടക്കുന്നു. കലാമൂല്യമുള്ള ഒന്നിലേറെ മലയാള സിനിമകളിലൂടെ പ്രശസ്തനായ ഒരു സംവിധായകൻ ഇരുന്നു പത്രം വായിക്കുന്നു. 

 ‘ഇതുവരെ എവിടെയായിരുന്നു?’ ഒരു സ്നേഹിതൻ ചോദിച്ചു. ‘പ്രഫ. കൃഷ്ണൻനായരോടൊപ്പമായിരുന്നു.’ അഭിമാനപുരസ്സരം പറഞ്ഞു. 

‘അപവാദങ്ങളും അസത്യങ്ങളും പറയുന്ന ആളല്ലേ?’ സംവിധായകന്റെ ചോദ്യം. 

എനിക്കു ദേഷ്യം വന്നു, കുറെ ചീത്ത പറഞ്ഞു. എല്ലാവരും വല്ലാതായി. നോക്കുമ്പോൾ ഒന്നും പ്രതികരിക്കാതെ സംവിധായകൻ മനോരമപത്രത്തിലെ വാർത്തകൾ വായിച്ച് ആഹ്ലാദിക്കുകയാണ്. പത്രം ആറുമാസം പഴക്കമുള്ളതാണ് എന്നുമാത്രം!

ഇംഗ്ലിഷ് ഭാഷാപണ്ഡിതനായ ബുദ്ധിജീവിയായി അക്കാലത്ത് അറിയപ്പെട്ടിരുന്ന ഒരധ്യാപകനെ ചൂണ്ടി പറഞ്ഞു: ‘ഇയാൾ ഡിഗ്രിക്ക് ഷേക്‌സ്‌പിയർ പഠിപ്പിക്കാൻ തുടങ്ങിയശേഷം വി. സാംബശിവന്റെ കഥാപ്രസംഗം ആലേഖനം ചെയ്ത കസെറ്റുകൾക്കു ഡിമാൻഡ് കൂടി. കുട്ടികൾ ഒഥല്ലോ പുസ്തകം വാങ്ങുന്നതോടൊപ്പം കസെറ്റും വാങ്ങുന്നു എന്നു കേൾക്കുന്നു.’ 

ഉദ്ദേശ്യം മനസ്സിലാവാതെ ഞാൻ നിന്നു പരുങ്ങുമ്പോൾ വരുന്നു വിശദീകരണം. ‘കുട്ടികൾക്ക് കഥയെങ്കിലും മനസ്സിലാവണ്ടേ?’

Krishnan-Nair-M002
എം. കൃഷ്ണൻ നായർ

‘വാരിക’ ത്തിലെ പത്രാധിപർക്കു കൊടുക്കാനായി ചിലപ്പോൾ ഒട്ടിക്കാത്ത ലക്കോട്ടുകൾ എന്നെ ഏൽപ്പിച്ചിട്ടുണ്ട്. പോകുന്ന വഴിക്ക് അതു രഹസ്യമായി തുറന്നു വായിച്ചിട്ടുണ്ട് എന്നു കുറ്റസമ്മതം നടത്തുന്നു. അടുത്ത വാരത്തിലെ ലേഖനത്തിന്റെ പ്രഥമ വായനക്കാരനാവാനുള്ള ‘അനാഗതശ്മശ്രു’വിന്റെ ജിജ്ഞാസ! ( വർഷത്തിൽ വരുന്നതു വാർഷികം, മാസത്തിൽ വരുന്നതു മാസികം, വാരത്തിൽ വരുന്നതു വാരികം എന്നു സാറിന്റെ ശാസനം!)

 ആയിടെ ഇറങ്ങിയ, ശ്രീനാരായണഗുരുസ്വാമിയെപ്പറ്റിയുള്ള പുസ്തകം തന്നു. വായിച്ചിട്ടു തിരികെ കൊടുക്കുമ്പോൾ ചോദ്യം, ‘‘എടോ, ഇതിന്റെ ശീർഷകം ‘ഞാനും ശ്രീനാരായണഗുരുവും’ എന്നല്ലേ വേണ്ടത്?’’ പുസ്തകത്തിൽ ഗുരുസ്വാമിയെക്കാൾ കൂടുതൽ പ്രാധാന്യം ഗ്രന്ഥകാരനാണെന്നു വ്യംഗ്യം!  

വർഷങ്ങൾക്കുശേഷം യൂണിവേഴ്സിറ്റി കോളജിൽ പഠിപ്പിക്കുമ്പോൾ ഒരു സായാഹ്നത്തിൽ അദ്ദേഹത്തെ കണ്ടുമുട്ടുന്നു. ‘നമുക്ക് ഐസിഎച്ചിലേക്ക് (ഇന്ത്യൻ കോഫി ഹൗസ് )പോകാം.’

‘സാറ് ചുരുക്കെഴുത്തൊക്കെ സംഭാഷണത്തിൽ ശീലിക്കുകയാണോ?’

‘ഈയിടെയായി ഉദ്യോഗസ്ഥപ്രമുഖരായ വിസി, എംഡി ഇവരൊക്കെയാണ് പഥ്യാഹാരങ്ങൾ!’ (വിസി- വെജിറ്റബിൾ കട്‌ലറ്റ്,  എംഡി - മസാലദോശ)

 എ. പി. ഉദയഭാനുവും മറ്റുചിലരും അടുത്ത മേശയിലുണ്ട്. വടയും ചായയും പറഞ്ഞു. ചർച്ച സിനിമയെപ്പറ്റിയായി.

‘ജോൺ എബ്രഹാം ബഹുനിലക്കെട്ടിടത്തിനു മുകളിൽനിന്നു വീണു മരിക്കുകയായിരുന്നു.., സത്യത്തിൽ എന്താണു നടന്നത് എന്നാർക്കറിയാം!’

പണ്ട് ‘ആ’ സംവിധായകൻ പറഞ്ഞ വാക്കുകൾ ഓർത്തിട്ടാവാം! ചുമച്ചു, ചായ നെറുകയിൽ കയറി.

ആചാര്യദേവോഭവ!

Content Summary: Remembering Malayalam Critic M Krishnan Nair on his Birth Centenary