ADVERTISEMENT

ലോകകഥാമത്സരത്തിന്റെ ഭാഗമായി മലയാളത്തിൽ മാതൃഭൂമി നടത്തിയ മത്സരത്തിൽ 1953–ൽ ഒന്നാം സമ്മാനാർഹമായത് എംടിയുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന ചെറുകഥയാണ്. 1954 ഡിസംബറിൽ ആ കഥ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അത് എം. ടി. വാസുദേവൻ നായർ എന്ന ചെറുകഥാകൃത്തിനെ മലയാളത്തിലെ വായനാസമൂഹത്തിന്റെ പൊതുശ്രദ്ധയിലേക്കു കൊണ്ടുവന്നു. ആ ദശകത്തിൽ തന്നെ ‘ഇരുട്ടിന്റെ ആത്മാവ്’, ‘കുട്ട്യേടത്തി’, ‘ഓപ്പോൾ’ തുടങ്ങിയ ചെറുകഥകൾ സ്വന്തമായ ഒരു ലോകവും ഭാഷയുമുള്ള കഥാകൃത്ത് എന്ന മേൽവിലാസം എംടിക്കു നേടിക്കൊടുത്തു. ഭാരതപ്പുഴയുടെ തീരത്തെ കൂടല്ലൂർ എന്ന വള്ളുവനാടൻ ഗ്രാമത്തിന്റെ സവിശേഷമായ ഭൂമിശാസ്ത്രവും പ്രാദേശികഭാഷാരീതിയും സാംസ്കാരികസവിശേഷതകളുമൊക്കെ മലയാള കഥാരംഗത്ത് അംഗീകരിക്കപ്പെട്ടു. പിന്നാലെ ‘നാലുകെട്ട്’ എന്ന നോവൽ കൂടി പ്രസിദ്ധീകരിച്ചപ്പോൾ എംടിയുടെ കഥാലോകത്തിന്റെ സാംസ്കാരികഭൂമിക മലയാളസാഹിത്യത്തിൽ പ്രതിഷ്ഠ നേടി.

കേരളസംസ്ഥാനം 1956 നവംബർ ഒന്നിന് ഔപചാരികമായി പിറവിയെടുത്ത കാലത്ത് എം.ടി. വാസുദേവൻ നായർ എന്ന എഴുത്തുകാരന്റെ പ്രധാന കൃതികളൊന്നും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. ശ്രദ്ധേയമായ ചില ചെറുകഥകൾ ആനുകാലികങ്ങളിൽ വന്നിരുന്നെങ്കിലും എംടിക്ക് മലയാളസാഹിത്യത്തിന്റെ മുൻനിരയിൽ സ്ഥാനം നേടിക്കൊടുത്തത് 1958 ൽ പുറത്തു വന്ന ‘നാലുകെട്ട്’ എന്ന നോവലാണ്. അതായത് കേരളപ്പിറവിയുടെ കാലത്ത് എംടിയുടെ സാഹിത്യജീവിതം വ്യക്തിത്വം നേടി വളർന്നു തുടങ്ങിയിരുന്നതേയുള്ളൂ. എംടി എന്ന എഴുത്തുകാരന്റെ വൈവിധ്യവും സമൃദ്ധിയും മികവുമുള്ള സംഭാവനകൾ പുറത്തുവന്നത് വളർത്തുമൃഗങ്ങളുടെ പ്രസിദ്ധീകരണം മുതലുള്ള അര നൂറ്റാണ്ടിനിടയിലാണ്. ആ രചനകൾ വലിയ തോതിൽ സ്വീകരിക്കപ്പെട്ടു. അങ്ങനെ കാലക്രമേണ എംടി എന്ന രണ്ടക്ഷരം  മലയാളസാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷരമുദ്രയായിത്തീർന്നു.

വൈകാരികസംഘർഷമനുഭവിക്കുന്ന മനുഷ്യരുടെ മാനസികചലനങ്ങൾ വായനക്കാരിൽ ആഴത്തിലുള്ള സംവേദനം സാധ്യമാക്കുന്ന വിധം ആഖ്യാനം ചെയ്തുകൊണ്ടാണ് മലയാളകഥാസാഹിത്യത്തിൽ എം. ടി. വാസുദേവൻ നായർ അംഗീകാരം നേടിയത്. വൈയക്തികമായ സൂക്ഷ്മാനുഭവങ്ങളെ യാഥാർഥ്യപ്രതീതിയുള്ള കഥാപാത്രങ്ങളിലൂടെ, കാവ്യാത്മകവും ഭാവഭദ്രവുമായ രീതിയിൽ അദ്ദേഹം അവതരിപ്പിച്ചു. സംവേദനക്ഷമത അവയെ ആകർഷകമാക്കി. അതുകൊണ്ടുതന്നെ തലമുറകളുടെ ഭേദമില്ലാതെ വായനക്കാർ എംടിയുടെ രചനകളെ ഏറ്റെടുത്തു.

എംടി എന്ന കഥാകാരനെ വ്യത്യസ്തനാക്കുന്ന ഒരു പ്രധാന ഘടകം എഴുത്തിൽ അദ്ദേഹം പുലർത്തിയ സ്വയം ശാസനമാണ്. താൻ മുൻപെഴുതിയതിനെക്കാൾ മെച്ചപ്പെട്ട ഒന്ന് എഴുതാൻ കഴിയില്ലെങ്കിൽ എഴുതാതിരിക്കുക എന്ന നിഷ്ഠയാണത്. എംടി പറയാറുണ്ട് ഒരു ചെറുകഥ മനസ്സിൽ രൂപപ്പെടുത്തിയെടുക്കുമ്പോൾ, അല്ലെങ്കിൽ എഴുതി മുന്നോട്ടു പോകുമ്പോൾ, അതു താനുദ്ദേശിച്ച നിലവാരത്തിലേക്ക് എത്തുന്നില്ലെങ്കിൽ ഉപേക്ഷിച്ചുകളയുമെന്ന്. എങ്ങനെയെങ്കിലും പൂർത്തീകരിച്ച് പത്രാധിപരെയോ പ്രസാധകനെയോ തൃപ്തിപ്പെടുത്തുകയല്ല കഥാകാരന്റെ ലക്ഷ്യം. ആ നിലയിലുള്ള സമർപ്പണത്തിന്റെ മികവ് എംടിയുടെ പിൽക്കാല രചനകൾക്കുണ്ട്.

എഴുത്തിന്റെ ആദ്യഘട്ടം പിന്നിട്ടതിനുശേഷം എന്നും ഈ കരുതൽ ഉണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിനു തന്റെ സാഹിത്യരചനകളുടെ മികവും നിലവാരവും നിലനിലനിർത്താൻ കഴിഞ്ഞു. എംടിയുടെ ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച ചെറുകഥ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥകളിലൊന്നായതും അതുകൊണ്ടുതന്നെ. 1998 ൽ പുറത്തുവന്ന ‘കാഴ്ച’യാണ് എംടി ഒടുവിൽ എഴുതിയ കഥ. ആ ദശകത്തിലാണ് എംടിയുടെ ഏറെ ചർച്ച ചെയ്യപ്പെട്ട മികച്ച ചെറുകഥകളായ ‘വാനപ്രസ്ഥം’, ‘ഷെർലക്’, ‘ചെറിയ ചെറിയ ഭൂകമ്പങ്ങൾ’, ‘ശിലാലിഖിതം’ ‘കൽപാന്തം’ തുടങ്ങിയവയൊക്കെ  പുറത്തുവന്നത്.

Content Summary: K. S. Ravikumar remembering short stories of M. T. Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com