ADVERTISEMENT

ഇതിവൃത്തതലത്തിൽ ഒട്ടും ആത്മകഥാപരമല്ലാത്ത നോവലാണ് ‘നാലുകെട്ട്.’ എന്നാൽ തന്റെ ജന്മഗ്രാമമായ കൂടല്ലൂരിന്റെ പശ്ചാത്തലത്തിൽ എംടി ഉൾക്കൊണ്ട ബാല്യകാലത്തെ അനുഭവങ്ങളും പരിചിതരായ മനുഷ്യരുമൊക്കെ കാര്യമായ മാറ്റം കൂടാതെ  നോവലിൽ പ്രത്യക്ഷപ്പെടുന്നു. അപ്പുണ്ണി എന്ന കേന്ദ്രകഥാപാത്രത്തിന്റെ കഷ്ടിച്ച് ഇരുപതു വയസ്സുവരെയുള്ള ജീവിതകാലത്തെയാണ് നോവലിൽ ആവിഷ്കരിക്കുന്നത്. ആ കാലത്തിനിടയിൽ സംഭവിച്ച സാമൂഹികപരിണാമം നാലുകെട്ട് എന്ന വാസ്തുരൂപത്തെ ആധാരമാക്കി ഫലപ്രദമായി ആവിഷ്കരിച്ചിരിക്കുന്നു. നാലുകെട്ട് പൊളിക്കാൻ തീരുമാനിക്കുന്ന കഥാന്ത്യം അന്നത്തെ നിലയിൽ വിക്ഷോഭകരമാണ്. 

എം.ടി. വാസുദേവൻനായരുടെ സാഹിത്യജീവിതത്തിൽ ആകെത്തന്നെ പടർന്നു കിടക്കുന്ന ഒരു അടിസ്ഥാനപ്രമേയം ‘നാലുകെട്ടി’ന്റെ അന്തർഘടനയിലുണ്ട്. അതു കേരളത്തിൽ നിലനിന്നിരുന്ന മരുമക്കത്തായത്തിന്റെയും കൂട്ടുകുടുംബവ്യവസ്ഥയുടെയും അതിനാധാരമായ ഭൂബന്ധങ്ങളുടെയും തകർച്ചയാണ്. തൽഫലമായി ഭൂമിയുടെ അവകാശത്തിൽ വന്ന മാറ്റവുമാണ്. നാലുകെട്ട് എന്ന വാസ്തുമാതൃക ആ ജീവിതവ്യവസ്ഥയുടെ പ്രതിനിധാനം വഹിക്കുന്ന രൂപകമാണ്. മനുഷ്യബന്ധങ്ങളുടെ സവിശേഷമായ ഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് ഈ പ്രമേയത്തെ കയ്യടക്കത്തോടെ എംടി ‘നാലുകെട്ടി’ൽ ആവിഷ്കരിച്ചു. പിന്നീടെഴുതിയ ‘അസുരവിത്ത്’, ‘കാലം’ എന്നീ നോവലുകളിലും പശ്ചാത്തലമായി തകരുന്ന നാലുകെട്ടുകളുണ്ട്. കൂട്ടുകുടുംബവും അതിലെ മനുഷ്യബന്ധങ്ങളും ആ നോവലുകളിലും പ്രത്യക്ഷപ്പെടുന്നു.

അന്നത്തെ സമൂഹത്തിൽ ഗാഢമായി പിടിമുറുക്കിയിരുന്ന ഫ്യൂഡൽ മൂല്യങ്ങളിൽനിന്നുള്ള വിമോചനം ‘നാലുകെട്ടി’ലെ പ്രധാന പ്രമേയധാരയാണ്. അക്കാലത്ത് കേരളത്തിൽ മനുഷ്യനു വ്യക്തി എന്ന നിലയിൽ ആയിരുന്നില്ല സാമൂഹികാസ്തിത്വം ഉണ്ടായിരുന്നത്. ജാതിയോടും തറവാടിനോടും മറ്റും ബന്ധപ്പെട്ടു മാത്രമേ ആളുകളെ അംഗീകരിച്ചിരുന്നുള്ളൂ. അതിൽ നിന്നു ഭിന്നമായി ആധുനികസമൂഹത്തിലെ സ്വതന്ത്രവ്യക്തി എന്ന നിലയിൽ മനുഷ്യൻ ഉയർന്നുവരുന്നതിന്റെ ചിത്രം ‘നാലുകെട്ടി’ലെ അപ്പുണ്ണിയിൽ കാണാം. സ്വന്തം ഭാഗധേയം സ്വയം നിർണയിക്കാൻ ശേഷിയുള്ള വ്യക്തിയാണയാൾ. പരിമിതികളുള്ള സ്വന്തം നാട്ടിൻപുറത്തിന്റെ പരിധി ഭേദിച്ച് അന്യനാടുകളിൽ പോയി പാരമ്പര്യേതരമായ തൊഴിൽ ചെയ്തു വളർന്ന് സ്വന്തം അസ്തിത്വം സ്ഥാപിച്ച പുതിയ തലമുറയുടെ പ്രതിനിധിയാണയാൾ.  ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിൽ കേരളസമൂഹത്തിലുണ്ടായ കാതലായ മാറ്റമാണിത്.  

ആ സാമൂഹികാന്തർധാരയെ അടിനൂലായി നിലനിർത്തിക്കൊണ്ട് ജീവിതയാഥാർഥ്യങ്ങളിൽനിന്നു രൂപപ്പെടുത്തിയ കഥയും  കഥാപാത്രങ്ങളും കൊണ്ടു ഹൃദയസ്പർശിയായ ആഖ്യാനശിൽപം മെനഞ്ഞെടുത്തിടത്താണ് ‘നാലുകെട്ട്’ പ്രാണശക്തിയാർജിച്ചത്. കഥാപാത്രങ്ങളുടെ മാനസികചലനങ്ങളെക്കൂടി ആലേഖനം ചെയ്യുന്ന ചാരുതയാർന്ന ആവിഷ്കാരം ശ്രദ്ധിക്കപ്പെട്ടു. കൗമാരക്കാരന്റെ അസ്പഷ്ടമായ രത്യനുഭൂതികൾ സ്വപ്നസന്നിഭമായി അവതരിപ്പിച്ചത് മലയാളനോവലിൽ അന്നോളം കണ്ടിട്ടില്ലാത്ത ആഖ്യാനസാധ്യതയുടെ സാക്ഷാത്കാരമായിരുന്നു. ഈ നിലയിലുള്ള രചനാശിൽപത്തിന്റെ നവത്വവും സാമൂഹികയാഥാർഥ്യത്തെ തിരിച്ചറിയുന്ന പ്രമേയശക്തിയും സർഗാത്മകമായി ലയിച്ചുചേർന്നത് ‘നാലുകെട്ടി’നെ ആകർഷകമാക്കി.

Content Summary: Remembering the novel Nalukettu by M. T. Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT