ADVERTISEMENT

എംടിയുടെ കഥകളും നോവലും പോലെ ആകർഷകമാണ് ഉപന്യാസങ്ങളും ലേഖനങ്ങളും. അവയിലെല്ലാം സങ്കേതമെന്ന നിലയിൽ ഓർമ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. അവ പല തരത്തിൽ ഓർമകളെ കൈകാര്യം ചെയ്യുന്നു. വ്യക്തിപരമായ ഓർമകൾ, സഞ്ചാരത്തിന്റെ ഓർമകൾ, വായനയിലൂടെ മനസ്സിൽ ഊറിക്കൂടിയ സാഹിത്യകൃതികളെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള ഓർമകൾ എന്നിങ്ങനെ ബഹുമുഖമാണ് അതിന്റെ പടർച്ചകൾ.

എംടിയുടെ ആ ഗണത്തിൽ പെടുത്താവുന്ന ആദ്യത്തെ ലേഖനം 1954 ഡിസംബറിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തിയ ‘എന്റെ കഥ’യാണ്. മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ സമ്മാനം നേടിയ ‘വളർത്തുമൃഗങ്ങൾ’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ചതിനോടൊപ്പം കഥാകാരൻ അതുവരെയുള്ള തന്റെ സാഹിത്യ ജീവിതത്തെക്കുറിച്ചു വിവരിക്കുന്ന ലേഖനമാണത്. ആ രീതിയിലുള്ള ആത്മനിഷ്ഠമായ എഴുത്ത് പിന്നീട് അദ്ദേഹം വികസിപ്പിച്ചു. ഉപന്യാസങ്ങളെ ചെറുകഥപോലെ ഹൃദ്യമാക്കുന്ന രചനാതന്ത്രമാണത്.

അതിനകം താൻ കൃതഹസ്തത നേടിയ ചെറുകഥ എന്ന സാഹിത്യവിഭാഗത്തെക്കുറിച്ചു സാന്ദർഭികമായി എഴുതിയ ലേഖനങ്ങളുടെ ചെറുസമാഹാരമാണ് ‘കാഥികന്റെ പണിപ്പുര.’ സ്വന്തം രചനകളുടെ സൗന്ദര്യശാസ്ത്രപരമായ അടിസ്ഥാനത്തിൽ ഊന്നിക്കൊണ്ട് ഏകാകികളായ വ്യക്തികളുടെ ആഴമുള്ള അനുഭവത്തിന്റെ സാന്ദ്രമായ ആവിഷ്കാരമാണ് ചെറുകഥ എന്ന സമീപനമാണ് ഈ ലേഖനങ്ങളിൽ എംടി വ്യക്തമാക്കിയത്. പിൽക്കാലത്ത് വളരെ പ്രശസ്തി നേടിയ ചെറുകഥയുടെ സൗന്ദര്യശാസ്ത്രം സംബന്ധിച്ച ഒരു ഇംഗ്ലിഷ് കൃതിയാണ് ഫ്രാങ്ക് ഒ കോണറുടെ ‘ദ് ലോൺലി വോയ്സ്.’ 1964 ൽ ആണ് ആ പുസ്തകം പുറത്തിറങ്ങുന്നത്. സമാനമായ ആശയം കേന്ദ്രബിന്ദുവായിട്ടുള്ള ചെറുകഥാസങ്കൽപത്തെ അവതരിപ്പിക്കുന്ന ലേഖനങ്ങൾ അതിനും വർഷങ്ങൾക്കു മുൻപുതന്നെ എംടി പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനങ്ങൾ അടങ്ങിയ ‘കാഥികന്റെ പണിപ്പുര’ 1963ൽ തന്നെ പുറത്തുവന്നു കഴിഞ്ഞിരുന്നു. 

ഈ പരമ്പരയിൽ പെടുത്താവുന്ന മറ്റൊരു പുസ്തകമാണ് ‘കാഥികന്റെ കല.’ അതിലും ചെറുകഥയുടെയും നോവലിന്റെയും മറ്റും രചനാപരമായ കാര്യങ്ങളാണു ചർച്ച ചെയ്യുന്നത്. പിന്നീടു പുറത്തു വന്ന ഏകാകിയുടെ ‘ശബ്ദം’, ‘കിളിവാതിലിലൂടെ’ തുടങ്ങിയ ലേഖനസമാഹാരങ്ങളിൽ മറ്റു പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ലേഖനങ്ങളുണ്ടെങ്കിലും അവയിലും സാഹിത്യരചനകളെ സംബന്ധിച്ച വിചാരങ്ങൾ ആവിഷ്കരിക്കുന്ന നിബന്ധങ്ങളാണ് പ്രധാനം. ചെറുകഥ എന്ന സാഹിത്യരൂപത്തെക്കുറിച്ചുള്ള എംടിയുടെ ലേഖനങ്ങൾ, സ്വന്തം രചനാനുഭവങ്ങളിൽനിന്നും ആ സാഹിത്യരൂപത്തെക്കുറിച്ചുള്ള പഠനങ്ങളിൽനിന്നും രൂപപ്പെട്ട ജൈവധാരണകളെ അടിസ്ഥാനപ്പെടുത്തിയുള്ളവയാണ്. അതിന്റേതായ മൗലികത ആ നിരീക്ഷണങ്ങൾക്കുണ്ട്. 

ഇംഗ്ലിഷിലൂടെ ലഭിച്ച സമകാലിക ലോകസാഹിത്യത്തിലെ മികച്ച കൃതികളുമായി എംടി ഗൗരവത്തോടെ സംവദിച്ചിരുന്നു. വിശേഷിച്ചും ഇരുപതാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട കഥാകാരന്മാരെയും നോവലിസ്റ്റുകളെയും ശ്രദ്ധാപൂർവം പിൻതുടർന്നിരുന്നു. അവരിൽ ഏറ്റവും താൽപര്യം തോന്നിയിരുന്ന കഥാകാരൻ ഏണസ്റ്റ് ഹെമിങ്‌വേ ആണ്. സാഹസികമായി ജീവിക്കുകയും മൗലികമായി എഴുതുകയും ചെയ്ത ഹെമിങ്‌വേ എഴുത്തുകൊണ്ടും ജീവിതം കൊണ്ടും എം.ടി. വാസുദേവൻ നായരെ ഏറെ ആകർഷിച്ചു. സ്വയം വെടിവച്ച് അന്ത്യം വരിച്ച ഹെമിങ് വേ ലോകകഥാസാഹിത്യത്തിലെ ഏറെ വ്യത്യസ്തനായ എഴുത്തുകാരനായിരുന്നു. തന്നെ ആഴത്തിൽ ആകർഷിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്ത ആ പ്രതിഭാശാലിയെക്കുറിച്ച് എംടി ഒരു ചെറിയ പുസ്തകം എഴുതി. അതാണ് 1964 ൽ പുറത്തു വന്ന ‘ഹെമിങ്‌വേ - ഒരു മുഖവുര.’ അപരിചിതമായ ജീവിതരംഗങ്ങളെ ആവിഷ്കരിക്കാൻ, അനുഭവങ്ങളുടെ പുതിയ ലോകങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സൈനികസേവനത്തിനിറങ്ങിത്തിരിക്കുകയും കാളപ്പോരിനു ഗോദയിലിറങ്ങുകയും ചെയ്ത ഹെമിങ്‌വേയുടെ ജീവിതത്തിൽ പ്രകടമായിരുന്ന സാഹസികതയുടെയും സർഗാത്മതയുടെയും കലർപ്പ് എംടിയെ ആകർഷിച്ചു. 

ഗബ്രിയേൽ ഗാർസിയ മാർക്കേസ് മലയാളത്തിൽ വിപുലമായി സ്വീകരിക്കപ്പെട്ട ലാറ്റിനമേരിക്കൻ എഴുത്തുകാരനാണ്. എഴുപതുകളുടെ തുടക്കത്തിൽ അമേരിക്കൻ പര്യടനത്തിനിടയിൽ മാർക്കേസിന്റെ ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ ലഭിച്ചതിനെക്കുറിച്ചും ആ കൃതിയെ മലയാളത്തിൽ പരിചയപ്പെടുത്തിയതിനെക്കുറിച്ചും എംടി എഴുതിയിട്ടുണ്ട്. ഇങ്ങനെയുള്ള വിശിഷ്ടകൃതികളുമായുള്ള പരിചയം തന്റെ സാഹിത്യാവബോധത്തെ സമ്പന്നമാക്കിയിട്ടുണ്ടെങ്കിലും സ്വന്തം രചനകളിൽ അവയുടെ നിഴൽ വീഴാതെ ശ്രദ്ധിച്ചിട്ടുണ്ട്. എപ്പോഴും തനിക്കു പരിചയവും ആത്മവിശ്വാസവുമുള്ള ജീവിതാവസ്ഥകളിലും ആഖ്യാനരീതികളിലും ഉറച്ചു നിൽക്കാനാണ് എം ടി ശ്രമിച്ചിട്ടുള്ളത്. പുതുമകൾക്കു വേണ്ടിയുള്ള നിശ്ശബ്ദമായ അന്വേഷണമുണ്ട്. പക്ഷേ, അതൊരിക്കലും തനിക്ക് ഉറപ്പില്ലാത്ത വഴികളിലൂടെയുള്ള പ്രകടനപരമായ മുന്നേറ്റമാകാതിരിക്കാനുള്ള കരുതലുമുണ്ട്. അതിന്റെ നല്ല ഉദാഹരണമാണ് ‘ഷെർലക്’ എന്ന ചെറുകഥ. 

എംടിയുടെ ഉപന്യാസങ്ങൾ കേന്ദ്രീകരിച്ച മറ്റൊരു വിഷയമേഖല പാരിസ്ഥിതികപ്രശ്നങ്ങളാണ്. വ്യക്തിപരമായ അനുഭവത്തിൽ നിന്നാണ് അദ്ദേഹം ആ വിഷയത്തിലേക്കു വരുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ട സ്വന്തം നദിയാണ് നിള. 1980കളുടെ തുടക്കം മുതൽ അനിയന്ത്രിതമായ മണൽ വാരലിനെത്തുടർന്നു നദിയുടെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലായിത്തീർന്നതിന് അനുഭവസാക്ഷിയായിരുന്നു എംടി എന്ന എഴുത്തുകാരൻ. അതിനെതിരായ പ്രതികരണങ്ങൾ അക്കാലത്തു തന്നെ അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ കണ്ടുതുടങ്ങി. പിന്നീട് ആ വിഷയത്തിന്റെ വിപുലമായ മേഖലകളിൽ സ്പർശിച്ച് എംടിയുടെ പാരിസ്ഥിതികാവബോധം വികസിക്കുന്നതു പല ലേഖനങ്ങളിലും കാണാം. 

ഏതു സാഹിത്യരൂപത്തിലൂടെയായാലും തനിക്കു പറയാനുള്ളതു വായനക്കാരുടെ ഉള്ളിൽ തട്ടുന്ന വിധത്തിൽ പറയാനാണ് എംടി ശ്രമിച്ചത്. സാമൂഹികവും വൈയക്തികവുമായ ഇഴകൾ സൂക്ഷ്മതലത്തിൽ ഊടും പാവുമാക്കി രചിച്ച ആ കൃതികൾ തന്റെ കാലത്തിന്റെ സംഘർഷങ്ങളെയും സാമൂഹികോൽക്കണ്ഠകളെയും ആവിഷ്കരിച്ചു. അതേസമയം വ്യക്തികളുടെ വൈകാരികജീവിതവുമായി സമന്വയിപ്പിച്ചുള്ള ആവിഷ്കാരം ആ രചനകളെ മലയാളികളുടെ ഹൃദയപക്ഷത്തോടു ചേർത്തു നിർത്തി.

യുവത്വം തുടിച്ചു നിൽക്കുന്ന രചനകൾകൊണ്ടു മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് എം.ടി.വാസുദേവൻ നായർ. എഴുത്തിന്റെ തുടക്കം മുതൽ യുവത്വത്തിന്റെ പുതുമയും ഊർജസ്വലതയും എംടിയുടെ കൃതികളിൽ ആന്തരികചൈതന്യമായി പുലർന്നുപോന്നു. സാധാരണഗതിയിൽ ആകർഷകമായ പുതുമ പ്രസരിപ്പിച്ചുകൊണ്ടു രംഗപ്രവേശം ചെയ്യുന്ന എഴുത്തുകാരുടെ രചനകളിൽ കാലം കഴിയുന്തോറും പുതുമ കുറഞ്ഞു വരികയാണു പതിവ്. എംടിയുടെ രചനകളിൽ യുവത്വത്തിന്റെ രക്തപ്രസാദം കാലാന്തരത്തിൽ കൂടിവന്നതേയുള്ളൂ. ഇപ്പോഴിതാ എംടി നവതിയിലെത്തിയിരിക്കുന്നു. തൊണ്ണൂറു വയസ്സായി എന്നത് എം.ടി. വാസുദേവൻ നായർ എന്ന വ്യക്തിയെ സംബന്ധിച്ച ഒരു ഭൗതികയാഥാർഥ്യമാണ്. എന്നാൽ പല തലമുറകളിൽപെട്ട  മലയാളത്തിലെ വായനക്കാർ കൃതികളിലൂടെ അറിയുന്ന എംടി എന്ന എഴുത്തുകാരൻ നിത്യയൗവനം ഉടൽപൂണ്ട അക്ഷരശിൽപിയാണ്.

Content Summary: Remembering the articles of M. T. Vasudevan Nair by K. S. Ravikumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT