ADVERTISEMENT

 എംടിയും എൻപിയും വിദേശരചനകൾ പിന്തുടരുന്നവരായിരുന്നു. ചിലതു വായിച്ചാൽ അവർ പരസ്പരം പറയുന്നു: ഇതു മലയാളത്തിലേക്കു വിവർത്തനം ചെയ്യണം. എംടി പറയുന്നു: ‘അതു ചെയ്യൂ എൻപീ.’ ഏരിയലിൽനിന്നു സാമുവൽ ആഗ്‌നോന്റെ കഥ വായിച്ചപ്പോൾ എൻപി അറിയിച്ചു: മാന്യനായ പെട്ടിക്കച്ചവടക്കാരനും യുവതിയും എന്നെ പിന്തുടരുന്നു വാസൂ.’ എംടി: ‘അതു മലയാളത്തിലാക്കൂ.’

എൻപി അതു ചെയ്യുന്നു. എംടിയും ചില കഥകൾ തർജമ ചെയ്തു. ക്ലാസിക് ബുക് ട്രസ്റ്റ് നടത്തുന്ന നാളുകളിൽ, അനുരാഗത്തിന്റെ ദിനങ്ങളും തത്ത്വമസിയും പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ, നമ്മുെട വിവർത്തനകഥകൾ നമുക്കെന്തുകൊണ്ട് ഒരു പുസ്തകമാക്കിക്കൂടാ എന്ന ആശയം ഉയർന്നു. കഥകളുടെ ശേഖരണം എളുപ്പമായിരുന്നില്ല. ആദ്യം അതു പ്രസിദ്ധീകരിച്ചത് ‘ജീവിതമാകുന്ന ഗ്രന്ഥത്തിൽ എഴുതിയത്’ എന്ന തലക്കെട്ടോടെയായിരുന്നു. 

എംടി പറഞ്ഞു: അതു വലിയ കാഥികർക്കുള്ള നമ്മുടെ ആദരം. പിന്നെ നമുക്കൊരു എക്സർസൈസും.’ 

എൻപി: ‘നമ്മെ വിസ്മയിപ്പിച്ച എഴുത്തുകാരുടെ ലോകകഥകൾ.’

പിന്നീടാ ഗ്രന്ഥം ‘ലോക കഥകൾ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. 

MT Vasudevan Nair
എം ടി വാസുദേവൻ നായർ

മനോരമ വാർഷികപ്പതിപ്പിനു വേണ്ടി (1995) എംടിയും എൻപിയും ഒരര ദിവസം മുഴുക്കെ നടത്തിയ സംഭാഷണം ഒരുക്കൂട്ടാനുള്ള ഭാഗ്യം കിട്ടി. കോഴിക്കോട്ടുനിന്ന് തിരൂർ വരെയും തിരൂരിൽനിന്നു കോഴിക്കോടു വരെയും ഒരു യാത്ര. തുഞ്ചൻപറമ്പിൽ ഏതാനും മണിക്കൂറുകൾ. മനോരമയുടെ മണർകാട് മാത്യുവും പ്രശസ്ത ഫൊട്ടോഗ്രഫറായ റസാഖ് കോട്ടക്കലും കൂടെയുണ്ടായിരുന്നു. ലോകകഥകളുടെ പിമ്പുറത്ത് ആ സംഭാഷണം കൂട്ടിച്ചേർത്തിട്ടുണ്ട്. 

ലോകകഥയുടെ ആമുഖത്തിൽ നൗഷാദ് കെ. കുറിച്ചിരിക്കുന്നു. ‘അപൂർവ ചങ്ങാത്തത്തിന്റെ ഉടമകളാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ഈ എഴുത്തുകാർ. അവരുടെ എഴുത്തിന്റെയും വായനയുടെയും അനുഭവങ്ങളുെടയും ലോകത്തെക്കുറിച്ചുള്ള നടപ്പാതയായിരുന്നു സംഭാഷണം.’ അറബിപ്പൊന്നിനുശേഷം വീണ്ടും അവർ ഒരു പുസ്തകത്തിന്റെ ചട്ടയിലൊന്നിച്ചു. ജീവിതമാകുന്ന ഗ്രന്ഥത്തിൽ എഴുതിയത്. ലോകകഥകൾ, എം.ടി. വാസുദേവൻ നായർ, എൻ.പി. മുഹമ്മദ് (1985). 

പിറക്കാത്ത വചനങ്ങൾ

എഴുതാതെ പോയതും എഴുതാനാവാതെ പോകുന്നതും എംടിയും എൻപിയും പങ്കുവച്ചിരുന്നു. എൻപി എഴുതാനാശിച്ച പ്രവാചകപത്നി അയിഷയെക്കുറിച്ചുള്ള നോവലിനെക്കുറിച്ച് ‘പിറക്കാത്ത വചനങ്ങളി’ൽ എംടി എഴുതിയിട്ടുണ്ട്. മറ്റുള്ളവരാൽ, കുടുംബാംഗങ്ങളാൽ, ചതിക്കപ്പെട്ട് ഭാഗം വച്ചു കിട്ടിയ പാറപ്പുറങ്ങൾ കുത്തിത്തുറന്ന്, കൃഷി നടത്തി ഫലവൃക്ഷങ്ങളുടെ തോട്ടമാക്കി മാറ്റിയ ഒരാളിനെക്കുറിച്ച് നോവലെഴുതണമെന്ന് എംടി എൻപിയോടു പറഞ്ഞിരുന്നു. എൻപി അതിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. അവർ കുറെ വായിച്ചു. കുറച്ചെഴുതി. എംടി പറയുന്നു: ‘കുറെയൊക്കെ എഴുതാൻ ശ്രമിച്ചു. അതിനു മാത്രം ഫലം സാഹിത്യത്തിലുണ്ടായോ എന്നു ചോദിച്ചാൽ, ഒന്നേ പറയാനുള്ളൂ. നമുക്കിത്രയൊക്കെ കോപ്പുള്ളൂ, നമുക്കിത്രയ്ക്കേ കഴിയൂ.’ എൻപി പിന്താങ്ങുന്നു. ‘വാസു പറഞ്ഞതു ശരിയാണ്. നമുക്ക് ഒരു തടസ്സം വരുംവരെ യാത്ര തുടരാം.’ അതിനിടയ്ക്കു ചിലതൊക്കെ ചെയ്യാം. ബാക്കി കാലത്തിനു വിട്ടുകൊടുക്കാം.’

അടർത്തി മാറ്റാനാവാത്ത ബന്ധം

തങ്ങളുടെ കാലത്തിനു പിന്നാലെ വന്ന എഴുത്തുകാരെ എംടിയും എൻപിയും സൂക്ഷ്മതലങ്ങളിൽ പിന്തുടർന്നിരുന്നു. ഞങ്ങൾക്കു പിന്നാലെ പ്രളയമെന്ന് ഇവർ കരുതിയിരുന്നില്ല. പകരം വായിച്ചറിയാനും പ്രോത്സാഹിപ്പിക്കുവാനും ഇവർ തയാറായിരുന്നു. മാതൃഭൂമി വിഷുപ്പതിപ്പ് മത്സരം തുടങ്ങിയ കാലം. എംടി ആവശ്യപ്പെട്ടു: ‘എൻപി വിധികർത്താവാകണം.’ എൻപി വായിച്ചു. വിലയിരുത്തി: ‘വാസൂ ‘ശിശു’ എന്ന കഥയെഴുതിയ കക്ഷി കൊള്ളാം ട്ടോ.’ എംടിയുടെ മറുപടി: ‘ഞാൻ വായിച്ചിരുന്നു. എൻപി എൻ.എസ്. മാധവനെ കാണാതെ പോകില്ലെന്ന് എനിക്കുറപ്പായിരുന്നു.’

എൻ.എസ്. മാധവൻ, അയ്മനം ജോൺ, ടി.വി. കൊച്ചുബാവ, എൻ. പ്രഭാകരൻ അങ്ങനെ പലരും. അവർക്കു പിന്നാലെ വന്ന തലമുറയിൽനിന്ന്, സുഭാഷ്ചന്ദ്രൻ. ഘടികാരം നിലയ്ക്കുന്ന സമയം. ഒരിക്കൽ മിനി മാഗസിനിൽ വന്ന മനോജ് ജാതവേദരുടെ കഥ വായിച്ച് എൻപി അറിയിച്ചു: ‘ഇവനെമ്പാടും എഴുതണ്ട. എഴുതിയതുതന്നെ ധാരാളം.’ പത്രാധിപരെന്ന നിലയിൽ എംടി കണ്ടെത്തി കൈപിടിച്ചുയർത്തിയവർ പിൽക്കാലത്ത് മലയാള സാഹിത്യത്തിന്റെ നട്ടെല്ലിലെ കശേരുക്കളായി മാറി. എൻപിയുടെ ശിൽ‌പശാലയിലോ വായനയിലോ കണ്ടെത്തപ്പെട്ടവർ കാലത്തിന്റെ അടയാളങ്ങളായി.

mt-vasudevan-nair-writer
എം ടി വാസുദേവൻ നായർ

2003 ജനുവരി 3. തന്റെ രചനകളെ  കാലത്തിനു വിട്ടുകൊടുത്തുകൊണ്ട് എൻപി നേരത്തേ മടങ്ങി. അസുഖക്കിടക്കയിൽനിന്ന് എൻപി ആശിച്ചത് എംടിയും ദേവനും തമ്മിലുള്ള പിണക്കം തീർക്കാനായിരുന്നു. എംജിഎസുമായി കൂട്ടുചേർന്ന് അതിന് പ്ലാനുണ്ടാക്കുകയും ചെയ്തിരുന്നു. അതു നടന്നില്ല. എൻപി യാത്ര പറഞ്ഞു. സുഹൃത്തിനെ അവസാനമായി കാണാൻ എംടി ആഴ്ചവട്ടത്തെ സ്ഥലത്തെത്തി. എൻപിയുെട മകൻ നാസർ മുഖം മറച്ച തുണി മാറ്റി. നാസർ പറഞ്ഞു: ‘ഉപ്പ പോയി, വാസ്വേട്ടാ.’ 

എംടിക്ക് ചുമര് ചാരാതെ നിൽക്കാനായില്ല. എംടി സുഹൃത്തിന്റെ അടഞ്ഞ കണ്ണുകൾ കണ്ടു. പൊടുന്നനെ പൊട്ടിക്കരഞ്ഞു. നാസർ എംടിയെ താങ്ങി. ഉപ്പയുടെ കിടപ്പുമുറിയിലേക്ക് ആരൊക്കെയോ എംടിയെ മാറ്റി. കട്ടിലി‍ൽ കിടത്തി. ഉപ്പയുടെ കിടക്കയിൽ. എൻപി ജീവിച്ചിരിക്കുമ്പോൾത്തന്നെ എംടി എഴുതിയിട്ടുണ്ട്: ‘എന്റെ മനസ്സ് വല്ലാെത, വല്ലാതെ അസ്വസ്ഥമാകുമ്പോൾ ഞാൻ കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്ന സുഹൃത്ത് ആര് എന്ന് ഞാനെന്നോടു ചോദിക്കുന്നു. ഉത്തരം വ്യക്തം: എൻ.പി. മുഹമ്മദ്.’ ‘എന്നിൽനിന്ന് അടർത്തിമാറ്റാനാവാത്ത ഒരാൾ’ എന്ന് എൻപി എഴുതിയത് എംടിയും ഓർത്തിരിക്കണം. ഇപ്പോഴും ഓർക്കുന്നുണ്ടാവണം.

Content Summary: N. P. Hafis Muhammad remembering M. T. Vasudevan Nair and N. P. Muhammad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com