sections
MORE

സ്വന്തം പേരിൽ നിന്ന് ഒരു പാട്ടിന്റെ പല്ലവി ജനിച്ച കഥ മല്ലിക തന്നെ അറിഞ്ഞിരിക്കുമോ?

paattu-chembakam-320
SHARE
രവി മേനോൻ

കൈരളി ബുക്സ്

150 രൂപ രൂപ

പിന്നിലേക്ക് ഒാടിമറയുന്ന നഗരത്തിന്റെ മങ്ങിയ ചിത്രമേയുള്ളൂ എസ്.ജാനകിയുടെ  ഓർമയിൽ. പാതിബോധത്തിലായിരുന്നല്ലോ അപ്പോൾ. ശ്വാസം കിട്ടാതെ, സംസാരിക്കാൻ പോലുമാകാതെ വിയർപ്പിൽ മുങ്ങി പിൻസീറ്റിൽ ചാരിക്കിടക്കുമ്പോൾ ഓർത്തിരുന്നില്ല ഇനിയൊരു തിരിച്ചുവരവുണ്ടാകും ജീവിതത്തിലേക്കെന്ന്. ചെന്നൈയിലെ ട്രാഫിക് ബാഹുല്യത്തിലൂടെ എങ്ങനെയും കാർ ലക്ഷ്യത്തിലെത്തിക്കാൻ പാടുപെടുകയായിരുന്ന ഡ്രൈവർ ഇടയ്ക്കെപ്പോഴോ തിരിഞ്ഞുനോക്കി പറഞ്ഞ വാക്കുകൾ മാത്രമുണ്ട് ഓർമയിൽ. ‘‘ അമ്മാ ഭയപ്പെടാതെ, ഒന്നും സംഭവിക്കില്ല. ഞാനല്ലേ പറയുന്നത്...’’ പൂർണ അബോധാവസ്ഥയിലേക്ക് വഴുതിവീഴും മുൻപ് കാതിൽ പതിഞ്ഞ അവസാനത്തെ ശബ്ദം.

മാസങ്ങൾക്കു ശേഷം ഒരുച്ചയ്ക്കു നീലാങ്കരയിലെ ജാനകിയുടെ വീട്ടിൽ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തുന്നു.പ്രിയഗായികയെ ഭവ്യതയോടെ തൊഴുതുകൊണ്ട് അയാൾ പറഞ്ഞു.‘‘ എന്നെ ഓർക്കുന്നോ? അന്ന് അമ്മയെ ആശുപത്രിയിലെത്തിച്ച കാറിന്റെ ഡ്രവൈർ ആണു ഞാൻ. അസുഖം മാറി വീട്ടിൽ തിരിച്ചെത്തിയെന്നറിഞ്ഞപ്പോൾ കാണാൻ മോഹം. അതുകൊണ്ടു വന്നതാണ്..’’ഈശ്വരൻ തന്നെയാണ് ആ നിമിഷം മുന്നിൽ വന്നുനിന്നതെന്ന് തോന്നിയെന്നു ജാനകി. ഏതോ ഡോക്ടർ മരുന്നു മാറി കുത്തിവച്ചതിനു പിന്നാലെ മരണവുമാായി മുഖാമുഖം നിൽക്കേണ്ടി വന്ന  ആ ദിവസം ദൈവദൂതനെപ്പോലെ തന്റെ മുന്നിൽ അവതരിച്ച മനുഷ്യനെ ജാനകി എങ്ങനെ മറക്കാൻ?

എല്ലാം പെൻസിലിൻ വരുത്തിവച്ച വിന.തൊണ്ണൂറുകളുടെ ഒടുവിൽ ഒരുനാൾ കടുത്ത ശ്വാസതടസ്സവുമായി സ്വകാര്യ ആശുപത്രിയിൽ എത്തിയതായിരുന്നു ജാനകി. പെട്ടെന്നുള്ള രോഗവിമുക്തിക്കായി ഡോക്ടർ പെൻസിലിൻ അടങ്ങിയ മരുന്നു കുത്തിവെക്കുന്നു. പണ്ടേപെൻസിലിൻ അലർജിയാണ് ജാനകിക്ക്. ഇത്തിരി അകത്തുചെന്നാൽ തളർച്ചവരെ സംഭവിക്കുമെന്നാണ് മെഡിക്കർ വിദഗ്ധരുടെ മുന്നറിയിപ്പ്. കാര്യമറിയാതെ ഡോക്ടർ നടത്തിയ പെൻസിലിൻ ചികിത്സയുടെ തിക്തഫലങ്ങൾ ജാനകി അനുഭവിച്ചു തുടങ്ങിയത് ആശുപത്രിയിൽ നിന്നു തിരികെ വീട്ടിലെത്തിയ ശേഷം.‘‘ ശ്വാസം അൽപ്പാൽപ്പമായി നിലച്ചുപോകുന്നപോലെ. ശരീരമാകെ വിയർപ്പിൽ മുങ്ങുന്നു. ഡോക്ടറെ വിളിച്ചുപറഞ്ഞപ്പോൾ ഒരു നിമിഷം പോലും പാഴാക്കാതെ ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞു.  എനിക്കാണെങ്കിൽ ബോധം നഷ്ടപ്പെട്ടു തുടങ്ങി.ഇനിയുള്ള ഓരോ നിമിഷവും അപകടം നിറഞ്ഞതാണ്. വീട്ടിലെ കാർ വർക്ക്ഷോപ്പിലും. ടാക്സി പിടിക്കുയേ വഴിയുള്ളൂ.

കിലോമീറ്റർ അകലെയാണു ആശുപത്രി. നിരത്തിലാണെങ്കില് ശ്വാസംമുട്ടിക്കുന്ന തിരക്കും. തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ അസാമാന്യ വൈദഗ്ദ്യത്തോടെ ടാക്സി ഓടിക്കന്ന ഡ്രൈവർ. അത്രയും സാഹസികമായി അതിനു മുൻപ് കാറോടിച്ചിട്ടുണ്ടാകില്ല അയാൾ. പത്തു മിനിറ്റിനകം അയാൾ എന്നെ ആശുപത്രിയിലെത്തിച്ചു എന്ന കാര്യം മകൻ പറഞ്ഞാണ് പിന്നീട് അറിഞ്ഞത്. ബോധരഹിതയായ എന്നെ അയാൾ താങ്ങിപ്പിടിച്ചു ഡോക്ടറുടെ മുന്നിലെത്തിക്കുകയായിരുന്നു. അൽപം കൂടി വൈകിയിരുന്നെങ്കിൽ ആ അബോധാവസ്ഥയിൽ നിന്നു ഞാൻ ഒരിക്കലും ഉണരുകയില്ലായിരുന്നത്രെ...’’

കുറച്ചുദിവസങ്ങൾക്കു ശേഷം ആശുപത്രിവിടാറായപ്പോൾ, ജീവൻ രക്ഷിച്ച  ഡ്രൈവറെ വീണ്ടും കാണാൻ തോന്നി ജാനകിക്ക്; നന്ദി പറയാൻ വേണ്ടി. പക്ഷേ, ആർക്കും അറിയില്ലായിരുന്നു അയാളെക്കുറിച്ച്. മാസങ്ങൾക്കു ശേഷമാണ് തെല്ലും നിനച്ചിരിക്കാതെ അയാളുടെ വരവ്...

ജീവിതത്തിലേക്കു വീണ്ടും വന്ന ആ നിമിഷത്തെക്കുറിച്ചു എസ്. ജാനകി മനസ്സു തുറക്കുന്നതു മാധ്യമപ്രവർത്തകനും സംഗീത കോളമിസ്റ്റുമായ രവിമേനോനോടാണ്.  ‘പാട്ടുചെമ്പകം പൂത്തുലയുമ്പോൾ’ എന്ന കൃതിയിലാണ് ജാനകിയുടെ ഈ അനുഭവം അദ്ദേഹം രേഖപ്പെടുത്തുന്നത്.  ഇന്ത്യയിലെ അതുല്യരായ സംഗീതപ്രതിഭകളുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളെക്കുറിച്ചാണ് രവിമേനോൻ എഴുതുന്നത്. 

പല്ലാക്ക് മൂക്കോ? അതെന്തു മൂക്ക്?

മുല്ലപ്പൂം പല്ലും മുക്കുറ്റിക്കവിളും അല്ലിമലർ മിഴിയും പിടികിട്ടി. പക്ഷേ, എന്താണീ പല്ലാക്ക് മൂക്ക്?

അരക്കള്ളൻ മുക്കാക്കള്ളൻ എന്ന ചിത്രത്തിൽ യേശുദാസും എസ്. ജാനകിയും പാടിയ മുല്ലപ്പൂം പല്ലിലോ മുക്കുറ്റിക്കവിളിലോ  എന്ന പ്രണയഗാനം ആദ്യം കേട്ട നിമിഷം തൊട്ട് മനസ്സിൽ വന്നൊരു ചോദ്യം. പാട്ടിന്റെ ചരണത്തിൽ പല്ലാക്കു മൂക്ക് കണ്ടു ഞാൻ കൊതിച്ചു... നിന്റെ പഞ്ചാരവാക്കു കേട്ടു ഞാൻ കോരിത്തരിച്ചു.. എന്നെഴുതിയ പി. ഭാസ്കരനെ എപ്പോഴെങ്കിലും നേരിട്ടു കാണുമ്പോൾ ചോദിച്ചറിയണമെന്നുണ്ടായിരുന്നു. മാഷെ നേരിട്ടു കണ്ടു പലവട്ടം. പക്ഷേ, ചോദിക്കാൻ അവസരമുണ്ടായില്ല.  

പിന്നീട് ഉത്തരം തന്നത് ശബ്ദതാരാവലിയാണ്. പല്ലാക്ക് എന്നാൽ മൂക്കിന്റെ ഇരു ദ്വാരങ്ങൾക്കുംഇടയിൽ തൊടുത്തുവയ്ക്കുന്ന ഒരു ആഭരണം. ഹിന്ദിയിലെ ‘ബുലാക്’ എന്ന പദത്തിനോട് കടപ്പാടുണ്ടാകാം ഈ വാക്കിന്. സിനിമയിലെ കഥാസന്ദർഭം വനവാസികളായ കാമുകീകാമുകന്മാരുടെ (പ്രേംനസീർ– ജയഭാരതി)നാടോടി നൃത്തമായതിനാലാകാം  മാഷ് ആ വാക്ക് ഉപയോഗിച്ചത്. ഇതേ വാക്ക് വർഷങ്ങൾക്കു ശേഷം കൈതപ്രത്തിന്റെ ഒരു രചനയിലും കേട്ടു നാം. ശംഭുവിലെ ‘പല്ലാക്ക് മൂക്കുത്തിയും ലോലാക്കും ഇട്ടൊരുങ്ങി’ എന്ന പാട്ടിൽ. 

പാട്ടിൽ വിരിഞ്ഞ മല്ലിക

ഹാർമോണിയത്തിൽ വിരലുകളോടിച്ച് ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു സംഗീതസംവിധായകൻ എം.എസ്. ബാബുരാജ്. ഇനി വേണ്ടതു കുറേ നല്ല വരികളാണ്. പ്രണയഭരിതമായ വരികൾ. എങ്ങനെ എഴുതിത്തുടങ്ങണമെന്നറിയാതെ അക്ഷമനായി ജാലകത്തിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്ന യുവഗാനരചയിതാവിനു മുന്നിൽ സ്വപ്നത്തിലെന്നോണം  സാക്ഷാൽ കാവ്യദേവത അവതരിക്കുന്നു അപ്പോൾ. മോഹമല്ലിക എന്ന നടിയുടെ രൂപത്തിൽ.

തുടക്കക്കാരനായ ബിച്ചുതിരുമലയ്ക്ക് നേരത്തെ അറിയാം മോഹമല്ലികയെ. തിരുവനന്തപുരത്തുകാരി. സിനിമയിൽ അഭിനയിച്ചു തുടങ്ങിയിട്ട് ഏറെയായിട്ടില്ല. ഭരണി സ്റ്റുഡിയോയുടെ പുറത്തെ വഴിയിലൂടെ നടന്നുപോയ നടിയുടെ രൂപത്തോടൊപ്പം ആ വാക്കും പെട്ടെന്നു മനസ്സിൽ കയറിവന്നു. മോഹമല്ലിക. ‘‘ പ്രണയത്തിന്റെ സുഗന്ധമുണ്ടായിരുന്നു ആ പേരിന്’’. ബിച്ചുതിരുമല ഓർക്കുന്നു. പിന്നെ അധികനേരം വേണ്ടിവന്നില്ല പാട്ടിന്റെ പല്ലവി പിറക്കാൻ. ‘മോഹമല്ലികേ എന്റെ മനസ്സിൽ ഇന്നലെ വന്നു വിടർന്നു നീ, വിണ്ണിലെ മധുവായ് മണമായ് കുളിരായി നിന്നിലലിഞ്ഞു കഴിഞ്ഞു ഞാൻ...’ ബാബുരാജ് ചിട്ടപ്പെടുത്തിയ ആ ഗാനം അന്നു തന്നെ കെ.പി. ചന്ദ്രമോഹൻ എന്ന യുവഗായകന്റെ ശബ്ദത്തിൽ ഭരണി സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യപ്പെടുന്നു. ‘സ്ത്രീധനം’ എന്ന പടം പുറത്തുവന്നിരുന്നെങ്കിൽ ബിച്ചുവിന്റെ ആദ്യചലച്ചിത്ര ഗാനമായി മാറേണ്ടിയിരുന്ന പാട്ട്. 

മോഹമല്ലികയെ മല്ലിക സുകുമാരൻ എന്നു പറഞ്ഞാലേ ഇന്നത്തെ തലമുറയ്ക്ക് അറിയൂ. സ്വന്തം പേരിൽ നിന്ന് ഒരു പാട്ടിന്റെ പല്ലവി ജനിച്ച കഥ മല്ലിക തന്നെ അറിഞ്ഞിരിക്കുമോ?

മലയാളം, ഹിന്ദി, തമിഴ് സിനിമകളിലെ അറിയപ്പെടാത്ത സംഗീതവിശേഷങ്ങൾ സംഗീതസാന്ദ്രമായും പ്രസന്നമായും മധുരമായും അവതരിപ്പിക്കുകയാണ് രവിമേനോൻ. കൈരളി ബുക്സ് ആണ് പ്രസാധനം.

English Summery : Book Review 'Paattu Chembakam Poothulayumbol'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA