ADVERTISEMENT

മാഡം ഓഡിസ്റ്റോവിനെക്കുറിച്ചുള്ള ഓര്‍മ ബാസറോവിന് ഒരു ചുംബനത്തിന്റെ ഓര്‍മ കൂടിയാണ്. ആദ്യ ചുംബനത്തിന്റെ, ആദ്യ പ്രണയത്തിന്റെ, സഫലമാകാത്ത ആഗ്രഹത്തിന്റെയും ജീവിതത്തിലെ വെളിച്ചത്തിന്റെയും. മരണക്കിടക്കയില്‍ കിടന്നപ്പോള്‍ അതുകൊണ്ടുതന്നെ അയാള്‍ അവര്‍ക്ക് ആളയച്ചു; അവസാനമായി ഒന്നു കൂടി കാണാന്‍.

ശൂന്യതാവാദിയാണ് ബ്സറോവ്. ഒരു അധികാര സ്ഥാനത്തിന്റെയും മുന്നില്‍ തല കുനിക്കാത്തയാള്‍. മൂല്യങ്ങള്‍ക്ക് അര്‍ഹിക്കുന്നതിലധികം പ്രാധാന്യം കൊടുക്കാത്തയാള്‍. വിപ്ലവകാരികള്‍ ഏറെ ജനിക്കുകയും മരിക്കുകയും ചെയ്ത റഷ്യയിലെ ആദ്യത്തെ യഥാര്‍ഥ വിപ്ലവകാരി. അയാള്‍ക്കു പ്രധാനം അയാളുടെ ആശയങ്ങളാണ്, വികാരങ്ങളാണ്. സ്വന്തം മനസ്സിനോടും വികാരങ്ങളോടുമാണ് പ്രതിബദ്ധത. എത്ര നാള്‍ ജീവിച്ചിരിക്കുന്നു എന്നതല്ല, ജീവിച്ചിരിക്കുന്ന അത്രയും നാള്‍ ആവേശത്തോടെ ജീവിക്കുന്നതിലാണ് അയാളുടെ സംതൃപ്തി. ഒരര്‍ഥത്തില്‍ മരണം അയാള്‍ ക്ഷണിച്ചുവരുത്തുകതന്നെയായിരുന്നു. വിഷജ്വരം ബാധിച്ചു മരിച്ച ഒരാളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ് അയാളെ മരണക്കിടക്കയിലേക്കു തള്ളിയിട്ടത്. വിഷജ്വരം ഇനിയൊരാളുടെ പോലും ജീവന്‍ കവരരുത് എന്നാഗ്രഹിച്ചതുകൊണ്ടാണ് അയാള്‍ അതേക്കുറിച്ച് അന്വേഷിച്ചതും പരിശോധനകളുമായി മുന്നോട്ടുപോയതും. അതയാളെ കിടക്കിയില്‍ വീഴ്ത്തി. തിരിച്ചുവരവില്ലാതെ മരണത്തോട് അടുപ്പിച്ചു. അപ്പോഴും അയാളുടെ ഓര്‍മയില്‍ കത്തിനിന്നിരുന്നു മാഡം ഓഡിന്‍സ്റ്റോവ്. ആദ്യ പ്രണയത്തിലെ നായിക. 

‘എന്റെ ജീവിതം അവസാനിച്ചു. നാളെയെക്കുറിച്ച് ഒന്നും പറയേണ്ടതില്ല. മരണം വളരെ വിചിത്രം. അതൊരു പുതിയ കാര്യമല്ല. എങ്കിലും അതു സംഭവിച്ചിരിക്കുന്നു. തയാറായി. എന്നിട്ട് എല്ലാവരും പറയും ‘തീര്‍ന്നു’. എനിക്കറിയില്ല ഇനി എന്താണ് പറയേണ്ടതെന്ന്. ഞാന്‍ നിങ്ങളെ പ്രേമിച്ചിരുന്നു എന്നാണോ. പ്രേമത്തില്‍ യാതൊരു അര്‍ഥവും ഞാന്‍ കല്‍പിക്കാതിരുന്ന ഒരു കാലം. ആ വാക്കിന് എന്നത്തേക്കാളും അര്‍ഥമില്ലാതായിരിക്കുന്നു. നിങ്ങള്‍ എത്ര അകലെയാണ്. നിങ്ങള്‍ അതീവസുന്ദരിയാണ്... ’. ബാസറോവിന്റെ വാക്കുകള്‍ തീ കോരിയിടുന്നത് മാഡം ഓഡിസ്റ്റോവിന്റെ ഹൃദയത്തില്‍ മാത്രമല്ല, വായനക്കാരുടെ ഹൃദയത്തിലുമാണ്. 

മരിച്ച ഒരാള്‍  ജീവിച്ചിരിക്കുന്ന ഒരാളിന് ഒരു കൂട്ടേയല്ല എന്ന് ബാസറോവ് ആവര്‍ത്തിക്കുന്നുണ്ട്. വൈകാതെതന്നെ പ്രണയിനി ഉള്‍പ്പെടെയുള്ളവര്‍ തന്നെ മറക്കുമെന്ന യാഥാര്‍ഥ്യവും അയാള്‍ ഉള്‍ക്കൊള്ളുന്നു. റഷ്യയ്ക്ക് തന്നെപ്പോലെയുള്ള ആദര്‍ശവാന്‍മാരെ ആവശ്യമില്ലെന്നും അയാള്‍ക്ക് അറിയാം.  നഷ്ടബോധമില്ലാതെ ബാസറോവ് യാത്രയാകുകയാണ്. ഒരു കൊടുങ്കാടാണ് അയാള്‍ കാണുന്നത്. ആ ജീവന്‍ അണയുകയാണ്. മാഡം ഓഡിസ്റ്റോവിന്റെ കൈ അവസാനമായി പിടിച്ച് അയാള്‍ ആവശ്യപ്പെട്ടു.

‘ ഞാന്‍ അന്ന് നിങ്ങളെ ചുംബിച്ചു. ഇതാ ഇപ്പോള്‍ ഈ അണയാന്‍ പോകുന്ന വിളക്ക്. ഒന്ന് ഊതുക. അതു സമാധാനത്തോടെ അണഞ്ഞുകൊള്ളട്ടെ... ’ 

ധീരനായി ബാസറോവ് മരിക്കുകയാണ്. പ്രണയത്തിലും ജീവിതത്തിലും സംതൃപ്തനായും. വെളിച്ചത്തില്‍നിന്ന് ഇരുട്ടിലേക്ക് അയാള്‍ അകലുമ്പോള്‍ സാഹിത്യലോകത്ത് ഉദിച്ചുയരുകയായിരുന്നു പുതിയൊരു നക്ഷത്രം. ദീപ്തമായ ഒരു നക്ഷത്രം. നൂറ്റാണ്ടുകളോളം അണയാതെ കത്താന്‍ ശേഷിയുള്ള ഒരു വിളക്ക്. പിതാക്കന്‍മാരും പുത്രന്‍മാരും എന്ന നോവല്‍. ഇവാന്‍ ടര്‍ജ്ജനീവിന്റെ അനശ്വര കലാസൃഷ്ടി. ക്ലാസ്സിക് എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന കൃതി. കാലത്തെ അതിശയിച്ചു നിലകൊള്ളുന്ന നോവലിന്റെ സംക്ഷിപ്ത ഭാഷാന്തരം ഇപ്പോള്‍ മലയാളത്തിലും എത്തിയിരിക്കുന്നു, കവി കിളിമാനൂര്‍ മധുവിന്റെ മനോഹരമായ കാവ്യാഖ്യാനത്തിലൂടെ. 

19-ാം നൂറ്റാണ്ടില്‍ പുറത്തുവന്ന ഒരു നോവലിന് 21-ാം നൂറ്റാണ്ടില്‍ എന്താണു പ്രസക്തിയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പിതാക്കന്‍മാരും പുത്രന്‍മാരും എന്ന റഷ്യന്‍ നോവല്‍. കുറച്ചു കഥാപാത്രങ്ങളും സങ്കീര്‍ണതയില്ലാത്ത പ്രമേയവുമായി, പ്രസിദ്ധീകരിക്കപ്പെട്ട അന്നുമുതല്‍ വായനക്കാരുടെ പ്രിയം നേടി ഇന്നും നിലനില്‍ക്കുന്ന ഒരു നോവല്‍ വേറെയുണ്ടോ എന്ന ചോദ്യത്തിനും ഉത്തരമില്ല. 21-ാം നൂറ്റാണ്ടിനും പ്രിയപ്പെട്ട ഈ നോവല്‍ ഉടനെയൊന്നും അപ്രസക്തമാകാനും പോകുന്നില്ല. വരും വര്‍ഷങ്ങളിലും ഒരുപക്ഷേ നൂറ്റാണ്ടുകളിലും പിതാക്കന്‍മാരും പുത്രന്‍മാരും പുതിയൊരു പുസ്തകത്തിന്റെ എല്ലാ ഭംഗിയോടെയും നിലനില്‍ക്കാം. കാലത്തെ അപ്രസക്തമാക്കി, കാലഗണനയെ നിരര്‍ഥകമാക്കി, മികച്ച സാഹിത്യത്തിന്റെ അനശ്വരത വിളംബരം ചെയ്തുകൊണ്ട്. 

അടിമകളുടെ മോചനത്തിനുവേണ്ടി പോരാടിയ എഴുത്തുകാരനാണ് ടര്‍ജ്ജനീവ്. 1861 ല്‍ രണ്ടു കോടിയില്‍പ്പരം അടിമകളുടെ മോചനത്തിനു വഴി തെളിയിക്കുന്നതില്‍ ടര്‍ജ്ജനീവിനും അദ്ദേഹത്തിന്റെ കൃതികള്‍ക്കും ചെറുതല്ലാത്ത പ്രസക്തിയുണ്ട്. സ്വയം ഒരിക്കലും വിപ്ലവകാരി അല്ലാതിരുന്നുകൊണ്ട് തനിക്കുവേണ്ടി തന്റെ പുസ്തകങ്ങളെ സംസാരിക്കാന്‍ അനുവദിച്ച ടര്‍ജ്ജനീവിന്റെ കൃതിയില്‍ റഷ്യയുടെ യഥാര്‍ഥ സാമൂഹിക ചിത്രമുണ്ട്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിലെ ഉള്‍ക്കാഴ്ചകളുണ്ട്. സഹോദരന്‍മാര്‍ തമ്മിലുള്ള ബന്ധത്തില്‍ കാലം വരുത്തുന്ന ഇടര്‍ച്ചകളുണ്ട്. പ്രണയത്തിന്റെ ഒഴുക്കുണ്ട്. ത്യാഗത്തിന്റെ വെളിച്ചമുണ്ട്. റഷ്യയുടെ മോചനത്തിനുവേണ്ടി സംസാരിക്കുന്ന, സമരം ചെയ്യുന്ന, ജീവിക്കുന്ന കഥാപാത്രങ്ങളാണ് ഈ നോവലിലുള്ളത്. എന്നും പുതുമയോടെ വായിച്ചാസ്വദിക്കാവുന്ന അപൂര്‍വ പുസ്തകം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com