ADVERTISEMENT

വാക്കുകൾക്ക് വസന്തമുണ്ടാക്കാനാവുമെന്നും മനുഷ്യമനസ്സിന്റെ അബോധതലങ്ങളിലേക്ക് ആ വസന്തത്തിന്റെ സുഗന്ധത്തെ മുഴുവൻ ആവാഹിക്കാനാവുമെന്നും സാക്ഷ്യപ്പെടുത്തുന്ന പുസ്തകങ്ങളിലൊന്നാണ് ‘മൊഴിയാഴം’. ജീവിതത്തെ തൊടുന്ന നിരീക്ഷണങ്ങൾ. 2019 ഏപ്രിലിൽ  രണ്ടാംപതിപ്പ് പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ രചയിതാവ് ഷൗക്കത്താണ്. മൊഴിയാഴം എന്ന പേരിൽ നിന്നുതന്നെ കൗതുകം ആരംഭിക്കുന്നുണ്ട്. വേഗത്തിൽ പറയാനും ഉച്ചത്തിൽ പറയാനും നിശ്ശബ്ദമായി അറിയിക്കാനും നമുക്കു സാധിക്കും. പക്ഷേ ആഴത്തിൽ പറയുക എന്നത് ശ്രമകരമായ ദൗത്യമാണ്. ആഴമുള്ള വാക്കുകള്‍ മനനത്തിലൂടെയാണ് രൂപപ്പെടുന്നത്. മനനത്തിലൂടെ സ്ഫുടം ചെയ്തെടുത്ത വാക്കുകളെ അനുഭവങ്ങളുടെ ഉപ്പു കൂടി ചേർത്താണ് ‘മൊഴിയാഴ’ത്തിന് രുചി കൂട്ടിയിരിക്കുന്നത്. 

ലളിതവും സരസവുമായ ആഖ്യാനശൈലിയാണ് ‘മൊഴിയാഴ’ത്തെ വേറിട്ടു നിർത്തുന്നത്. ലോകപ്രസിദ്ധരായ പലരുടെയും മഹദ്‍വചനങ്ങൾ പുസ്തകരൂപത്തിൽ വായിച്ചിട്ടുള്ള നമുക്ക് ഷൗക്കത്തിന്റെ വചനങ്ങളിൽ താത്പര്യം തോന്നേണ്ടതുണ്ടോ എന്ന സാധാരണക്കാരന്റെ തികച്ചും ന്യായമായ സംശയത്തിന് ഏറ്റവും ഉചിതമായ രീതിയിൽ നിവാരണം നൽകാൻ സാധിക്കുന്നത് സി. രാധാകൃഷ്ണനാണ്. ഈ പുസ്തകത്തിന്റെ അന്തഃസത്തയെന്താണെന്നും രചയിതാവിന്റെ ദൗത്യമെന്താണെന്നും വളരെ വിശദമായി ‘വാലും തലയും’ എന്ന അവതാരികയിൽ അദ്ദേഹം ചേർത്തിട്ടുണ്ട്. ‘കാര്യകാരണങ്ങളിലൂടെ തിരിച്ചറിവിന്റെ അറ്റം വരെ ചെന്നാൽ പിന്നെ അകാരണത്തിലേക്ക് കടക്കുക എളുപ്പമാണെന്ന് വഴികാട്ടുകയാണ് ഷൗക്കത്ത്’ എന്നദ്ദേഹം സമർഥിക്കുന്നു. 

108 എന്ന സംഖ്യയ്ക്ക് ആർഷഭാരതസംസ്കാരത്തിൽ വലിയ പ്രാധാന്യമുണ്ട്. മർമശാസ്ത്രം, മന്ത്രശാസ്ത്രം, തന്ത്രശാസ്ത്രം, ജ്യോതിശാസ്ത്രം, ആയുർവേദം തുടങ്ങി ഭാരതത്തിലുണ്ടായിട്ടുള്ള എല്ലാ ശാസ്ത്രത്തിലും 64 കലകളിലും 108 എന്ന സംഖ്യയ്ക്ക് വലിയ പ്രാധാന്യമുണ്ട്. 108 കളരികൾ, 108 ശിവാലയങ്ങൾ, 108 മർമങ്ങൾ എന്നൊക്കെ പ്രാധാന്യത്തോടെ പലയിടത്തും പരാമർശിച്ചു കേട്ടിട്ടുണ്ട്. ഹിന്ദുമതവിശ്വാസികളുടെ പല നാമാവലികളും അഷ്ടോത്തരശതമായിട്ടാണ് ജപിച്ചു വരുന്നത്. ‘മൊഴിയാഴ’ത്തിൽ, ‘‘ഇതൊന്നും സ്വന്തം ചിന്തകളല്ല, ഗുരുക്കന്മാരുമൊത്തുള്ള സഹവാസത്തിലൂടെ പറ്റിച്ചേർന്നതും കണ്ടും കേട്ടും വായിച്ചറിഞ്ഞതും ഉള്ളിലെവിടെയോ മയങ്ങിക്കിടക്കുന്നതുമായ ചിന്തകളാ’’ണെന്ന ആമുഖത്തോടെ ഷൗക്കത്ത് അവതരിപ്പിക്കുന്നതും 108 ചിന്തകളാണ്. 

mozhiyasham-book-author-shoukath-sahajotsu
ഷൌക്കത്ത് സഹജോത്സു

വായന ധ്യാനാവസ്ഥയിലേക്കു പരിപാകപ്പെടുത്തുന്ന അനുഭവമാണ് മൊഴിയാഴം സമ്മാനിക്കുന്നത്. ‘‘ജീവിതത്തെ ജീവിച്ചു തന്നെയറിയണം’’ എന്ന വാചകത്തോടെയാണ് മൊഴിയാഴം ആരംഭിക്കുന്നത്. എഴുത്തുകാരന്റെ ഭാഷയിൽ പറഞ്ഞാൽ ‘‘ധ്യാനാത്മകമായ ഒരുദ്യാനം നമ്മളിൽ രൂപപ്പെടുമ്പോൾ ജീവിതം ആഴമേറിയതാണെന്നറിഞ്ഞു തുടങ്ങും’’, എന്ന സന്ദേശമാണ് ഈ വാചകത്തിലൂടെ അദ്ദേഹം വിശദീകരിക്കുന്നത്. ഒരു ചിന്ത, തുടർന്ന് അതിനെക്കുറിച്ചുള്ള വിശദീകരണങ്ങൾ എന്ന മട്ടിലാണ് പുസ്തകത്തെ ക്രമീകരിച്ചിരിക്കുന്നത്. സ്വാർഥതയില്ലാത്ത, പരസ്പര ബഹുമാനമുള്ള ഒരു സാമൂഹികജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള സൂചനകളാണ് ‘സൂര്യനും ഭൂമിയ്ക്കുമിടയിലെ സ്നേഹമാണ് ആകാശം’ എന്ന രണ്ടാമത്തെ ചിന്തയിലുള്ളത്. 

പലപ്പോഴും നമ്മെ അസ്വസ്ഥരാക്കിയിട്ടുള്ള ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും തന്ന് രചയിതാവ് അതിശയിപ്പിക്കുന്നുണ്ട്. ഇഷ്ടത്തിനും അനിഷ്ടത്തിനും ഉള്ളിൽ കൈകാലിട്ടടിച്ച്, വേണമോ വേണ്ടയോ എന്ന അവസ്ഥയിൽ കിടന്നുഴലുന്ന നിരവധി ആഗ്രഹങ്ങൾ നമുക്കുണ്ട്. പൂർണ്ണമായും ഉപേക്ഷിക്കാനാവാത്തതും എന്നാൽ സ്വീകരിക്കാനാവാത്തതുമായ ഈയവസ്ഥയെ സങ്കീർണ്ണമായ ഒന്നാണെന്നു ധരിച്ചത് അബദ്ധമായെന്ന് മൊഴിയാഴം സമർഥി ക്കുന്നു. ‘‘വേണോ വേണ്ടയോ എന്ന സംശയിക്കുന്നുവെങ്കിൽ വേണമെന്നാണർഥം.’’എന്നുറപ്പിച്ച് പറയുവാൻ രചയിതാവിന് സാധിക്കുന്നുണ്ട്. വിശ്വാസത്തെക്കുറിച്ചും വിജ്ഞാനത്തെക്കുറിച്ചും നിർവാണത്തെക്കുറിച്ചും സാമാന്യജീവിതത്തെക്കുറിച്ചുമെല്ലാം സ്വതന്ത്രമായ നിരീക്ഷണങ്ങൾ മുന്നോട്ടു വയ്ക്കുവാൻ കൃതിക്ക് സാധിച്ചിട്ടുണ്ട്. 

‘‘ദൈവത്തിൽ വിശ്വസിക്കുന്നുവെന്നുള്ള വിശ്വാസം വിശ്വാസികളുടെ അന്ധവിശ്വാസമാണ്’’. എന്ന വാക്കുകളിലൂടെ, ‘വിശ്വസിക്കേണ്ടത് ദൈവത്തിലല്ല. അവനവനിലും ജീവിതത്തിലുമാണ്. അപ്പോൾ ഹൃദയത്തിൽ അനുഭവമാകുന്ന ധന്യതയെയാണ് ദൈവമായറിയേണ്ടത്. അവനവനെ അറിയാനുള്ള വഴി മറ്റുള്ളവയെയെല്ലാം അറിയലാണ്. സ്നേഹം പൂർണ്ണമാണെങ്കിൽ ബന്ധനമില്ല. നിറഞ്ഞിരിക്കാന്‍ ഒഴിഞ്ഞിരിക്കണം. ‘‘അടുത്തിരിക്കുന്നതും അകന്നിരിക്കുന്നതും നന്നല്ല’’. ‘പകർന്നു കൊടുക്കലിനപ്പുറം പടരാനനുവദിക്കലാണ് സ്നേഹം’, ‘ആവശ്യങ്ങളൊഴിഞ്ഞ ഇടമാണ് സമാധാനം’ തുടങ്ങിയ വാക്കുകളിലൂടെ, നല്ല ചിന്തകളിലൂടെ പുനർനവീകരിക്കപ്പെടാനുള്ള സാധ്യതയാണ് ‘മൊഴിയാഴം’ തുറന്നിടുന്നത്. 

ബുദ്ധന്റെയും രമണമഹർഷിയുടെയും യേശുവിന്റെയുമെല്ലാം ജീവിതത്തിന്റെ, നന്മയുടെ, ത്യാഗത്തിന്റെ പാഠങ്ങൾ ആറ്റിക്കുറുക്കിയെടുക്കുമ്പോൾ പോലും തന്റേതായ നിഗമനങ്ങളിലുറച്ചു നിൽക്കുന്നുവെന്നതാണ് എഴുത്തുകാരനെന്നോ പ്രഭാഷകനെന്നോ ചിന്തകനെന്നോ ഉള്ള നിലയിലുള്ള ഷൗക്കത്തിന്റെ വ്യതിരിക്തതയെന്ന് വിശദീകരണങ്ങൾ ബോധ്യപ്പെടുത്തുന്നു. ‘ആരും സർവജ്ഞരല്ല’ എന്ന നൂറ്റിയെട്ടാമത്തെ മൊഴി അത് സാക്ഷ്യപ്പെടുത്തുന്നു. ആത്മീയത എല്ലാ ജീവിതപ്രശ്നങ്ങൾക്കുമുള്ള പരിഹാരമല്ല എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം ‘വിശക്കുന്നവനുള്ള പരിഹാരം ഭക്ഷണമാണ് അല്ലാതെ വേദഗ്രന്ഥങ്ങളല്ല’ എന്ന് വായനക്കാരോട് ഏറ്റവും ലളിതമായി തത്വചിന്ത വിളമ്പുന്നു. 

നിശ്ശബ്ദതയുടെ ആഴത്തെ, ശക്തിയുടെ സഹനത്തെ, ശൂന്യമായ സാധ്യതയെ ഒക്കെ എഴുത്തിലൂടെ, ‘മൊഴി’യിലൂടെ ആവാഹിച്ചിരിക്കുകയാണ് മൊഴിയാഴം. പലപ്പോഴും സമകാലികതയോട് സമരസപ്പെട്ടുപോകുന്ന അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ മനനം ചെയ്യുന്നത്. ‘വേർപിരിയുമ്പോഴാണ് സ്നേഹം സ്വയം വെളിപ്പെടുക’ എന്ന ചിന്ത അതിശയോക്തിയും അതിഭാവുകത്വവും നിറഞ്ഞ സ്നേഹസങ്കല്പങ്ങളിൽ നിന്ന് മുക്തരാകുവാനുള്ള ആഹ്വാനമാണ്. സമീപ കാലത്ത് പ്രണയനിരാസത്തെത്തുടർന്നുള്ള മൃഗീയ കൊലപാതകങ്ങൾ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നല്ലോ. ഞാൻ എന്ന ചിന്തയിൽ മാത്രം ചുറ്റിക്കറങ്ങുന്ന സ്വാർഥതയെ അതിന്റെ ന്യൂക്ലിയസ്സിൽനിന്നും ഓർബിറ്റിൽനിന്നുമൊക്കെ സ്വതന്ത്രമാക്കാൻ ഇത്തരം മൊഴികൾക്ക് സാധിക്കുന്നു. 

English Summary : Book Review - Shoukath Sahajotsu's 'Mozhiyazham'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com