ADVERTISEMENT

ഒരുപാടു നാളുകൾക്കു ശേഷം വീണ്ടും പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. വായിച്ചു തുടങ്ങിയാൽ പിന്നെ അതൊരു ഉത്സവമാണ്, അതിനും മുകളിൽ രസകരമായ വേറെയെന്തെങ്കിലും വന്നു വീഴും വരെ കൊടിയിറങ്ങാത്ത വലിയ ഉത്സവം! ഫെയ്സ്ബുക്കും വാട്സാപ്പും ചേർന്ന് സിംഹഭാഗവും വിഴുങ്ങുന്ന ഒഴിവു സമയങ്ങളിൽ, അസുഖത്തിന് മരുന്ന് കഴിക്കുന്നതു പോലെ വായന എത് നിർബന്ധമായും നടത്തേണ്ട ഒരു ശീലമാക്കി മാറ്റി എന്നതാണ് സത്യം. ഇന്ന് വായിച്ചത്, പ്രിയ സുഹൃത്ത് വിനോദ് നീട്ടിയത്ത് എഴുതിയ ‘മുള്ളൂർക്കര വഴി കാഞ്ഞിരശ്ശേരിക്ക്’ എന്ന കഥാസമാഹാരമാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ‘മനോഹരം’.

 

രക്തത്തിലൂടെയല്ലാതെയുള്ള, എന്നാൽ അതിനെക്കാളും ദൃഢതയുള്ള ചില ബന്ധങ്ങൾ വഴി എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് തൃശ്ശൂർ വടക്കാഞ്ചേരിയിലെ മുള്ളൂർക്കര - ഇരുനിലാംകോട് ഭാഗം. തിരുവനന്തപുരത്ത് നിന്ന് ഇരുനിലാംകോട് ഗുഹാ ക്ഷേത്രത്തിനടുത്തുള്ള ഒരു പഴയ തറവാട് വീട്ടിലേക്കാണ് പതിവ് യാത്രയെങ്കിലും, ഹൈവേയിൽ വച്ച് മണ്ണൂത്തിയിൽനിന്ന് ഇടത്തേക്കു തിരിയാതെ നേരെ പോയി, വളഞ്ഞു പുളഞ്ഞ്, ഒടുവിൽ പഴയന്നൂരെത്തി അവിടെ നിന്നും തിരുവില്വാമല പടി തൊടുമ്പോഴാണ് ആദ്യത്തെ ദീർഘനിശ്വാസം ഉണ്ടാകുന്നത്. അടുത്ത സ്റ്റോപ്പ് ഉത്രാളിക്കാവിലാണ്. അവിടെ നിന്നും മുള്ളൂർക്കര ജംക്‌ഷൻ... പോകുന്ന വീട്ടിലേക്ക് എന്തെങ്കിലും പലഹാരമോ പഴങ്ങളോ വാങ്ങാനുള്ള സ്റ്റോപ്പ്. ശേഷം അഞ്ചോ പത്തോ മിനിറ്റുകൾക്കകം ഇരുനിലാംകോട് ആൽത്തറയ്ക്കു സമീപം ഫൈനൽ സ്റ്റോപ്പ്. ഡെസ്റ്റിനേഷൻ റീച്ഡ്! ഇങ്ങനെയൊരു യാത്ര അവസാനമായി നടന്നിട്ട് മൂന്നു വർഷങ്ങളാകുന്നു. പക്ഷേ ഇന്ന്, ഇപ്പോൾ വിനോദ് എന്ന എന്റെ പ്രിയ ഫെയ്സ്‌ബുക് സുഹൃത്ത് എന്നെ പൊക്കിയെടുത്ത് മുള്ളൂർക്കരയെത്തിച്ചു. കാശ് ചെലവും യാത്രാക്ഷീണവും ഒന്നുമില്ലാതെ ഞാൻ അവിടെ മുഴുവൻ കറങ്ങിയടിച്ചു. ഇപ്പോഴിതാ, ഒരുപാടൊരുപാട് സന്തോഷത്തോടെ തിരുവനന്തപുരത്തെ വീട്ടിൽ ഇരിക്കുന്നു... എല്ലാം ഒരു മായ പോലെ...

 

ഫെയ്സ്‌ബുക്കിലൂടെ പരിചയപ്പെട്ട, ഞാൻ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരനാണ് സുധാകരൻ വടക്കാഞ്ചേരി എന്ന സുധേട്ടൻ. ജ്യേഷ്ഠതുല്യനാണ്, മലയാള ഭാഷയുമായി ബന്ധപ്പെട്ട എന്തു സംശയം ചോദിച്ചാലും വ്യക്തമായ ഉത്തരം തരുന്ന മാനസ ഗുരുവാണ്. അദ്ദേഹം എഴുതിയ അവതാരികയിലാണ് ‘മുള്ളൂർക്കര വഴി കാഞ്ഞിരശ്ശേരിയ്ക്ക്’ തുടങ്ങുന്നത്. മൂർത്തിയേക്കാൾ ശക്തിയുള്ള ശാന്തി എന്നൊക്കെ പറയുന്നതു പോലെ, വിനോദിന്റെ എഴുത്തിനെ ഇത്രത്തോളം അടുത്തറിഞ്ഞ ഒരു വ്യക്തി വേറെയില്ല എന്ന് തോന്നിക്കും വിധത്തിൽ സുധേട്ടൻ, അങ്ങനെയൊരു ഗംഭീര തുടക്കത്തോടെ നമ്മളെ ആ പുസ്തകത്തിലേക്ക് ആവേശത്തോടെ അടുപ്പിക്കുന്നു എന്നതാണ് സത്യം. മനോഹരമായ ആ അവതാരികയിലൂടെ കടന്ന്, വളരെ തുറന്ന മനസ്സോടെ വിനോദിന്റെ എഴുത്തിലേക്ക് എത്തി...

 

‘മുള്ളൂർക്കര നൊസ്റ്റു’വിൽ തുടങ്ങി ‘ഒരു നൂലും കൂടി’ വരെ 21 കഥകളാണ് ഈ കഥാസമാഹാരത്തിലുള്ളത്. മുള്ളൂർക്കര നൊസ്റ്റുവാണ് ഒന്നാമത്തേതെങ്കിലും ഈ പറഞ്ഞ 21 എണ്ണവും വായനക്കാർക്ക് സമ്മാനിക്കുന്നത് നൊസ്റ്റു, നൊസ്റ്റാൾജിയ, അഥവാ ഗൃഹാതുരത്വം തന്നെയാണ്. മുള്ളൂർക്കരയിലെ സിഎംഎസ് ടാക്കീസിലിരുന്ന് വിസിലടിച്ചു കൊണ്ട് വിനോദ് ‘ദേവാസുരം’ എന്ന സിനിമ കാണുമ്പോൾ, ആ സമയത്ത് ഞാൻ ഇവിടെ അതുല്യാ തിയറ്ററിൽ അതേ സിനിമയുടെ ആവേശത്തിരയിൽ പെട്ട് തുള്ളിമറിയുകയായിരുന്നു. വടക്കനും തെക്കനും ഒന്നാകുന്ന ആ ഒരു മനോഹരമായ ഉൾക്കാഴ്ച ഒന്നാമത്തെ കഥ എനിക്ക് സമ്മാനിച്ചു. തുടക്കം ഗംഭീരം. ‘പട്ടാമ്പി മായ’ എന്ന കാഞ്ഞിരശ്ശേരി - മുള്ളൂർക്കര റൂട്ട് പ്രൈവറ്റ് ബസിന്റെ കഥയാണ് അടുത്തത്. ഇവിടെ തിരുവനന്തപുരത്തുള്ള, ‘പാങ്ങോട് - കിഴക്കേക്കോട്ട’ റൂട്ട് തന്നെയാണല്ലോ ഈശ്വരാ അത്! ഈ മനുഷ്യനെന്താ ഇങ്ങനെ എഴുതുന്നത്? അതോ പേരുകളും ഭാഷയുടെ പ്രയോഗവുമൊക്കെ മാറ്റി വച്ചാൽ എല്ലായിടത്തെയും കഥകൾ ഒന്നാണോ? ഇതിപ്പൊ മുള്ളൂർക്കര തൊടുമ്പോൾ ശ്രീവരാഹത്ത് പ്രകമ്പനം കൊള്ളുന്നു, അതു കൊണ്ടാ അങ്ങനെ ചോദിച്ചത്!          

 

സ്‌കൂളിലെ രസകരമായ ഓർമ്മകളെ കണ്മുന്നിലെത്തിക്കുന്ന ‘ഡബിൾ രാജനും ജഗനും ഭൂമധ്യരേഖയും’, എന്റെ ഇഷ്ടസ്ഥലമായ തിരുവില്വാമലയെ ഓർമിപ്പിക്കുന്ന ‘പുനർജനി’, ചിരിച്ചു മറിഞ്ഞ ‘ഊർജ്ജം കുമാരൻ’, മൊളകൂഷ്യം, കണ്ണട, മഴയിലൊരാൾ, സെറ്റിൽമെന്റ്, ശ്രീലങ്കൻ ട്രീറ്റ്, മകരത്തിലെ കൂടോത്രം, സൽസ്വഭാവി രാമകൃഷ്ണൻ, ഇങ്ങനെയുള്ള രസച്ചരടുകൾ അതിമനോഹരമായി കോർത്തിണക്കി ഏറ്റവും മികച്ച ഒരു വായനാനുഭവം സമ്മാനിച്ചിരിക്കുകയാണ് വിനോദ് നീട്ടിയത്ത് എന്ന പ്രിയ സുഹൃത്ത്. തീർത്തും ലളിതമായ ഭാഷയാണ് ഹൈലൈറ്റ്. കുറിക്കു കൊള്ളുന്ന പ്രയോഗങ്ങൾക്കായി ഔചിത്യപൂർവം വാക്കുകൾ  ഉപയോഗിച്ചിരിക്കുന്നു. താൻ കടന്നു പോയ വഴികളിലൂടെയാണ് കഥകൾ മെനഞ്ഞിട്ടുള്ളതെങ്കിലും, കൂട്ടത്തിലൊരാൾ എന്നതിലുപരി ഒന്നിലും വിനോദ് എന്ന പേര് മുഴച്ചു നിൽക്കുന്നില്ല. അതൊരു അപാരമായ കഴിവാണ്. സമ്മതിച്ചിരിക്കുന്നു. അധികം പറഞ്ഞ് വെറുപ്പിക്കുന്നില്ല. ‘മുള്ളൂർക്കര വഴി കാഞ്ഞിരശ്ശേരിയ്ക്ക്’ എന്ന മനോഹരമായ കഥാസമാഹാരം എനിക്ക് തന്നത് എന്റെ ഈ ദിവസമാണ്! ഒരുപാട് നന്ദി വിനോദ്... അസൂയ തോന്നിപ്പിക്കും വിധം ഗംഭീരമാണ് നിങ്ങളുടെ എഴുത്ത്... എല്ലാവിധ ആശംസകളും നേരുന്നു..

 

English Summary : Muloorkkara Vazhi Kanjira Sherikku Boo By Vinod Neetiyathu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com