ചെമ്മീൻ സിനിമയുടെ അന്ത്യരംഗത്തെ അനുസ്മരിപ്പിക്കുന്ന മണൽമൊഴി; നാടകീയമായ അവസാനം...

manal-mozhi-potrait
SHARE

മണൽമൊഴി 

ശ്രീലത 

കറന്റ് ബുക്സ്, തൃശൂർ 

വില 295 രൂപ 

മണപ്പുറത്തെ മണ്ണ് വെറും മണ്ണല്ല. ഏതു മണ്ണിലും എളുപ്പം വേരാഴ്ത്താനുള്ള സിദ്ധി നൽകുന്ന മണ്ണാണത്. ഏതു പ്രതികൂല കാലാവസ്ഥയിലും പിടിച്ചുനിൽക്കാനും പടവെട്ടി മുന്നേറാനും പഠിപ്പിക്കുന്ന മണ്ണ്. എന്നാൽ വെയിൽ കൂടുന്തോറും ചുട്ടുപഴുക്കുന്ന മണൽ നടക്കുന്നവരെ ഓട്ടക്കാരാക്കുന്നു. ആ ചടുലത മണപ്പുറത്തുനിന്നു വരുന്ന എല്ലാവരുടെയും പ്രത്യേകതയാണ്. അവരുടെ എല്ലാ പ്രവൃത്തികളെയും ആവേശിച്ച പ്രത്യേകത. 

തൃശൂരിലെ നാട്ടിക മണപ്പുറത്തുനിന്നെത്തിയ രാമു കാര്യാട്ടും ഓടുകതന്നെയായിരുന്നു. തന്റെ നിയോഗം വേഗത്തിൽ തീർത്ത് അതിവേഗം മടങ്ങിയ മണപ്പുറംകാരൻ. മിന്നൽപ്പിണർ പോലെ മലയാള സിനിമയെ പുതിയ കാഴ്ചയിലേക്കും കേൾവിയിലേക്കും വിളിച്ചുണർത്തിയ പ്രതിഭ. ദക്ഷിണേന്ത്യയിൽ നിന്ന് ആദ്യമായി ഇന്ത്യൻ പ്രസിഡന്റിന്റെ സ്വർണമെഡൽ നേടിയ അതുല്യ ചലച്ചിത്രകാരൻ. 

കാടിന്റെയും കടലിന്റെയും കരയുടെയും വ്യത്യസ്ത കഥകൾ സമാനതകളില്ലാതെ അവതരിപ്പിച്ച് മലയാള ത്തെ ലോക സിനിമാ ഭൂപടത്തിലേക്ക് ആനയിച്ച സംവിധായകൻ. മിന്നൽപ്പിണറിന്റെ പ്രകാശം നിമിഷങ്ങൾ മാത്രം നീണ്ടുനിൽക്കുന്നതുപോലെ അകാലത്തിൽ ജീവിതത്തിൽനിന്ന് ഓടിമറഞ്ഞ മണപ്പുറത്തിന്റെ രാമു. കാര്യാട്ടെ കുഞ്ഞയ്യന്റെയും കാർത്യായനിയുടെയും ഒറ്റപ്പുത്രൻ. മലയാള സിനിമാ ചരിത്രത്തിൽ മായാത്ത മുദ്ര ചാർത്തിയ രാമു കാര്യാട്ട് ഒരു നോവലിൽ നായകനായി എത്തുന്നു. ശ്രീലത എഴുതിയ മണൽമൊഴി. ഒപ്പം കാര്യാട്ടിന്റെ സിനിമാ സ്വപ്നങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രവും മണപ്പുറത്തിന്റെ കഥയും. 

പ്രമേയത്തിന്റെ സവിശേഷയാലും ആഖ്യാനത്തിന്റെ സ്വാഭാവികതയാലും കഥാപരമായ ഔന്നത്യം  കൊണ്ടും സമീപ കാല മലയാള നോവലുകളിൽ ശ്രദ്ധേയമാകുകയാണ് മണൽമൊഴി. ശൈലിയിൽ ലാളിത്യം പുലർത്തു മ്പോഴും ചരിത്രവും മിത്തും കൂടിക്കലർന്ന കഥയെ അസാധാരണ മികവോടെ അവതരിപ്പിക്കുന്നുണ്ട് ശ്രീലത. വേറിട്ട സൃഷ്ടി എന്നതിനപ്പുറം മലയാളം തീർച്ചയായും വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ട നോവൽ കൂടിയാണ് മണൽമൊഴി. 

നീലക്കുയിലും മുടിയനായ പുത്രനും അഭയവും ചെമ്മീനും ഉൾപ്പെടെ 15 സിനിമകൾ സാക്ഷാത്കരിച്ച രാമു കാര്യാട്ടിന്റെ സ്വപ്നമായിരുന്നു സ്വന്തം നാടിനെക്കുറിച്ചൊരു സിനിമ. ചേറ്റുവയെക്കുറിച്ച്. കനോലിക്കനാലും മണപ്പുറത്തെ ഓരോ മണൽത്തരിയും കഥാപാത്രമാകുന്ന ഇതിഹാസം. ശിവനഗരവും വടക്കുംനാഥനും പൂരവും നിറഞ്ഞുനിൽക്കുന്ന കാഴ്ചയുടെ ഉത്സവം. രോഗങ്ങൾ സമ്മാനിച്ച ആശുപത്രിമുറികളിലെ ഇടവേള കളിൽപ്പോലും അദ്ദേഹം മനസ്സിൽ സൂക്ഷിച്ചത് ആ സ്വപ്നമായിരുന്നു. ചേറ്റുവ എന്ന സ്വന്തം നാടിന്റെ കഥ. സ്വപ്നം പൂർത്തിയാക്കാതെ രാമു മടങ്ങിയെങ്കിലും പുതിയ തലമുറയിലെ ഒരു നാട്ടികക്കാരൻ സ്വപ്നം പിൻപറ്റുകയാണ്, ശേഖരൻകുട്ടി. അയാളിലൂടെയാണ് ശ്രീലതയുടെ മണൽമൊഴി വികസിക്കുന്നത്. 

മണപ്പുറത്തിന്റെ രക്തത്തിൽ അലിഞ്ഞ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സഹയാത്രികനായാണ് ശേഖരൻകുട്ടിയും ജീവിതം തുടങ്ങുന്നത്. നാടിനും നാട്ടാർക്കും വേണ്ടി ഉഴിഞ്ഞുവച്ച ജീവിതം. എന്നാൽ തൊഴിലാളിയെ അവഗണിച്ച് മുതലാളിത്ത ചേരിയിലേക്കു പാർട്ടി കൂടു മാറുന്നതോടെ ശേഖരൻകുട്ടി ഒറ്റപ്പെട്ടു. പാർട്ടിക്ക് അനഭിമതനായി. പാർട്ടിക്കു പുറത്തായി. എങ്കിലും രാമു കാര്യാട്ടിന്റെ സ്വപ്നത്തെ പാതിവഴിയിൽ‌ ഉപേക്ഷിക്കാൻ ശേഖരൻ കുട്ടിക്കു കഴിഞ്ഞില്ല. അയാൾ മണപ്പുറത്തിന്റെ കഥ നോവലായി എഴുതുകയാണ്. നാട്ടിൽ നിന്നുതന്നെയുള്ള ഒരു മുതലാളി നോവൽ സിനിമയാക്കാൻ മുന്നോട്ടു വന്നു. നോവലിനും സിനിമയ്ക്കും വേണ്ടി ശേഖരൻകുട്ടി നടത്തുന്ന അന്വേഷണത്തിലൂടെ ഇതൾ വിരിയുന്നു മണൽമൊഴി. 

ഒന്നിലേറെ തലങ്ങളിൽ ശ്രദ്ധേയമായ ഒരു നോവലായി വികസിക്കുന്നുണ്ട് മണൽമൊഴി. കഥയ്ക്കുള്ളിലെ കഥയായും യാഥാർഥ്യവും മിത്തും കൂടിച്ചേർന്നും ഇഴ പിരിഞ്ഞും ഇതിഹാസ മാനങ്ങളുള്ള ഒരു നോവൽ. രാമു കാര്യാട്ടും ഒരു കഥാപാത്രമായിത്തന്നെ മണൽമൊഴിയിൽ എത്തുന്നു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരുമായ എം.ടി. വാസുദേവൻ നായരും എൻ.പി മുഹമ്മദും ശോഭന പരമേശ്വരൻ നായരുമെല്ലാം ഒപ്പമുണ്ട്. 

കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലും അടയാളം രേഖപ്പെടുത്തിയ മണ്ണാണ് നാട്ടിക മണപ്പുറത്തേത്. ഗൾഫ് എന്ന സമ്പന്നതയുടെ സ്വർഗത്തിലേക്കു കേരളത്തിനു വഴികാട്ടിയ മണ്ണ് എന്ന നിലയിൽ. എന്നാൽ ആദ്യകാല കുടിയേറ്റത്തിന്റെ കഥ ആഹ്ലാദത്തിന്റെയും ആവേശത്തിന്റെയും അല്ല. മറിച്ച് ദുരിതങ്ങളുടെയും കഷ്ടപ്പാടുകയും ചോരയും കണ്ണീരും കലർന്ന ദുരന്ത കഥ കൂടിയാണ്. ഗൾഫ് എന്ന സ്വപ്നം സാക്ഷാത്കരി ക്കാനുള്ള യാത്രയിൽ വഴിയിൽ തളർന്നുവീണ് അവസാനിച്ചവരുടെ കഥകൾ തന്നെ ഒട്ടേറെയുണ്ട്. 

അറിയപ്പെടാത്തവരുടെ കാരുണ്യത്തിൽ ചെറിയൊരു മേൽക്കൂരയ്ക്കു കീഴിൽ ജീവിതം തുടങ്ങി പച്ചപ്പിലേക്കു വളർന്നവരുണ്ട്. കടപ്പാടു മറക്കാതെ പിന്നാലെ എത്തിയവരെ കൈപിടിച്ചു സഹായിച്ചവരുണ്ട്. സഹായം ലഭിച്ചിട്ടും അതുപോലും മറന്ന് പണത്തിന്റെയും ധാരാളിത്തത്തിന്റെയും നന്ദികേടിന്റെ കോട്ടകൾ കെട്ടിപ്പൊ ക്കിയവരുണ്ട്. ഓരോ കഥയും അവസ്മരണീയമായ ഓരോ അധ്യായങ്ങൾ. ശേഖരൻകുട്ടിയുടെ അന്വേഷണ ത്തിന്റെ ഭാഗമായി ഈ കഥകളും ഇതുവരെ മലയാളത്തിൽ രേഖപ്പെടുത്താത്ര തീവ്രതയോടെ മണൽമൊഴി യിൽ സാക്ഷാത്കരിക്കപ്പെടുന്നു. രാമു കാര്യാട്ടിന്റെ മാസ്റ്റർ പീസ് എന്നു വിശേഷിപ്പിക്കാവുന്ന ചെമ്മീൻ സിനിമയുടെ അന്ത്യരംഗത്തെ അനുസ്മരിപ്പിക്കും മണൽമൊഴിയുടെ നാടകീയമായ അവസാനവും. 

കടലിന്റെ പുതിയൊരു തിരയെഴുത്തും മണപ്പുറത്തിന്റെ  മഹായാനവുമായ മണൽമൊഴി വരും നാളുകളിൽ മലയാളം ഏറ്റെടുക്കാതിരിക്കില്ല. 

English Summary : Manal Mozhi Book By Sreelatha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;