ADVERTISEMENT

ശാന്താറാം

ഗ്രിഗറി ഡേവിഡ് റോബർട്ട്സ്

ഡിസി ബുക്സ്

 

ജയിൽ ചാടി, കടൽ കടന്ന് വന്ന് ബോംബെ വാണ അധോലോക നായകൻ - ശാന്താറാം. ശാന്താറാം എന്ന പുസ്‍തകം ഞാൻ ആദ്യമായി കാണുന്നത് വെള്ളിത്തിരയിലാണ്; മലയാളത്തിലെ സൂപ്പർ ഹിറ്റായ ലൂസിഫർ എന്ന സിനിമയിൽ. അതിൽ വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രം മകൾ ജാൻവിക്ക്‌ സമ്മാനിക്കുന്നുണ്ട് നീലയും ചുവപ്പും കലർന്ന, ആരെയും ആകർഷിക്കുന്ന പുറംചട്ടയുള്ള ഒരു കട്ടിപ്പുസ്ത കം. ആ പുസ്തകത്തിന്റെ പേര് അപ്പോഴേ ശ്രദ്ധിച്ചിരുന്നുവെങ്കിലും കൂടുതലൊന്നും അന്വേഷിക്കാൻ മെനക്കെട്ടില്ല. ഇംഗ്ലിഷ് പുസ്തകങ്ങൾ അങ്ങനെ തേടിപ്പിടിച്ചു വായിക്കുന്ന ശീലം തുടങ്ങിയിട്ടില്ലായിരുന്നു.

 

 

പിന്നീട് ഒരു ബുക്ക്സ്റ്റാളിൽ പുസ്തകങ്ങളൊക്കെയെടുത്തു ബില്ല് ചെയ്യാനായി കൊടുക്കുമ്പോഴുണ്ട് അരികിലുള്ള മേശപ്പുറത്ത് ഒരു പുസ്തകം കിടക്കുന്നു. വെളുത്ത പുറംചട്ടയിൽ ഇടതുവശത്തു ചോരവീണൊ ലിക്കുന്ന ചിത്രമുള്ള ഒന്ന്. പുസ്തകത്തിന്റെ പേര് ശാന്താറാം. ആകാംക്ഷയിൽ പുസ്തകമെടുത്തു മറിച്ചു നോക്കി. അതേ, ഇതതു തന്നെ. ലൂസിഫറിൽ കണ്ട പുസ്തകം. അതിന്റെ മലയാള പരിഭാഷ ഇത്ര പെട്ടെന്ന് വന്നോ എന്ന് ഞാൻ വിചാരിച്ചു. പേജുകൾ മറിച്ചു നോക്കിയപ്പോൾ എനിക്ക് തെറ്റിയെന്നു മനസ്സിലായി. 

 

 

ഡിസി ബുക്സ് അതിന്റെ പരിഭാഷ 2013-ലേ പുറത്തിറക്കിയിരുന്നു. ഇപ്പോൾ കൈയിലുള്ളത് 2017 ൽ പുറത്തിറക്കിയ രണ്ടാം പതിപ്പാണ്. ഞാൻ വാങ്ങിയ പുസ്തകങ്ങൾക്കു മീതെ ശാന്താറാമിനെ കൂടി പ്രതിഷ്ഠിച്ചു ബില്ല്‌ ചെയ്യാനായി നീക്കി വച്ചു. എന്നാൽ എന്നെ അദ്ഭുതപ്പെടുത്തികൊണ്ട്, ബില്ലടിച്ചു കൊണ്ടിരുന്ന ആ മനുഷ്യൻ ഞാനെടുത്തു വച്ച പുസ്തകക്കെട്ടിൽനിന്നു ശാന്തറാമിനെ എടുത്തു മേശമേൽ മാറ്റിവച്ചു ബാക്കിയുള്ളവ ബില്ലടിക്കാൻ തുടങ്ങി. ഇതും കൂടി ഉണ്ടെന്നു പറഞ്ഞു മാറ്റിവച്ച ആ പുസ്തകം ഞാനെടുത്തു കാട്ടി. 

 

 

‘അയ്യോ ആ പുസ്തകം സ്റ്റോക്കില്ല, വരുമ്പോൾ അറിയിക്കാം’ – അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു. 

‘അപ്പോൾ ഇതോ?’ ഞാനാ പുസ്തകം ചൂണ്ടിക്കാട്ടി. ‘സോറി സർ, അത് ഞാൻ വായിച്ചുകൊണ്ടിരിക്കുന്നതാ. ഇവിടെ ഇരിക്കുമ്പോൾ സമയം കിട്ടിയാൽ വായിക്കാനായി വീട്ടിൽനിന്ന് എടുത്തു വച്ച പുസ്തകമാണ്. വിഷമിക്കണ്ട, പുതിയ കോപ്പികൾ ഉടനെ ഇറങ്ങാൻ സാധ്യതയുണ്ട്. ലൂസിഫർ ഇറങ്ങിയതിനു ശേഷം ധാരാളം ആളുകൾ ഈ പുസ്തകം അന്വേഷിച്ചു വരുന്നുണ്ട്.’ അയാൾ പറഞ്ഞു. (2019 നവംബറിൽ ഡിസി ബുക്സ് ഇതിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി). ‘എങ്കിൽ ഒരു കോപ്പി എനിക്കും വേണം’. ഞാൻ പറഞ്ഞു.

 

 

പക്ഷേ നാളുകളേറെ കഴിഞ്ഞിട്ടും ആ പുസ്തകത്തിന്റെ വിവരങ്ങളൊന്നും കിട്ടിയില്ല. പുസ്തക കടക്കാരൻ വിളിക്കാമെന്നു പറഞ്ഞിട്ട് വിളിച്ചതുമില്ല. അങ്ങനെ മറ്റു പല ഓൺലൈൻ ബുക്ക് സ്റ്റോറുകൾ കൂടി കയറിയിറങ്ങി ഒടുവിൽ ലൂസിഫറിലെ ജാൻവിയെ പോലെ ആമസോണിൽനിന്നു തന്നെ എനിക്കാ പുസ്തകം ഓർഡർ ചെയ്യേണ്ടി വന്നു. (ആമസോണിനു നന്ദി). ലൂസിഫർ സിനിമ ഇറങ്ങിക്കഴിഞ്ഞതിനു ശേഷം ശാന്താറാം എന്ന പുസ്തകവും ഏറെ ചർച്ച ചെയ്യപ്പെട്ടു. ആ പുസ്തകവും പൃഥ്വിരാജും തമ്മിൽ എന്തു ബന്ധം എന്ന തലക്കെട്ടോടെ സാമൂഹിക മാധ്യമങ്ങളിൽ ലേഖനങ്ങൾ വന്നു. പ്രമുഖ ഓൺലൈൻ വാർത്താ പോർട്ടലുകൾ അതിനെ കുറിച്ച് ചർച്ച ചെയ്തു. അങ്ങെനെയുള്ള ഒരു ലേഖനത്തിൽ പൃഥ്വിരാജ് തനിക്കീ പുസ്തകവുമായുള്ള ആത്മബന്ധം ഏതു തരത്തിൽ ഉള്ളതായിരുന്നുവെന്നു വിവരിക്കുന്നുണ്ട്.

 

ഒരു പുസ്തകം വായിച്ചു അതിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ ഒരിക്കലെങ്കിലും പോകാൻ നമ്മൾ ആഗ്രഹിച്ചിട്ടുണ്ടാകില്ലേ? അതുപോലെ ശാന്താറാം വായിച്ച് അതിൽ പറയുന്ന സ്ഥലങ്ങൾ നേരിൽ കാണാൻ താൻ ആഗ്രഹിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ആഗ്രഹിച്ച പോലെ ആ നോവലിൽ പറഞ്ഞിരിക്കുന്ന സുപ്രധാന സ്ഥലങ്ങളിലൊക്കെ സന്ദർശിക്കുകയും ചെയ്തു. ഒറ്റക്കായിരുന്നില്ല, സമാന ചിന്തഗതി വച്ചു പുലർത്തിയ ഒരു സുഹൃത്തും കൂടെയുണ്ടായിരുന്നു. 

 

 

ആ യാത്രയിലെ സുഹൃത്താണ് പിന്നീട് പൃഥ്വിരാജിന്റെ പ്രിയ പത്നിയായ സാക്ഷാൽ സുപ്രിയാ മേനോൻ. ഒരഭിമുഖത്തിൽ പൃഥ്വിയോട് ഒരു പുസ്തകം സിനിമയാക്കാൻ അവസരം ലഭിച്ചാൽ ഏതു പുസ്തകം തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് അദ്ദേഹം പറയുന്നത് അത് ശാന്താറാം ആയിരിക്കും എന്നാണ്.

ബോംബയിൽ താമസിക്കുന്ന ഒരാൾക്കുപോലും ചിലപ്പോൾ ഇത്ര കൃത്യമായും സൂക്ഷ്മമായും ബോംബെയും അവിടുത്തെ പ്രദേശങ്ങളെയും അടയാളപ്പെടുത്താൻ കഴിഞ്ഞെന്നു വരില്ല. അതിൽ ഒട്ടും അതിശയോക്തി യില്ലെന്നു ഈ പുസ്തകം - ശാന്താറാം– വായിച്ചു കഴിയുമ്പോൾ എല്ലാവർക്കും ബോധ്യപ്പെടും.

 

 

തികച്ചും ഒരു അസാധാരണ നോവലാണ് ശാന്താറാം. ഓസ്‌ട്രേലിയൻ എഴുത്തുകാരനായ ഗ്രിഗറി ഡേവിഡ് റോബെർട്സിന്റെ ആദ്യ നോവലാണിത്. നോവലിസ്റ്റിന്റെ ആത്മാംശം ഉൾക്കൊള്ളുന്ന ഒരു കൃതിയായി എല്ലാവരും ഇതിനെ കണക്കാക്കുന്നുണ്ട്. 1980 കളിലാണ് സായുധ കവർച്ചകൾ നടത്തിയതിനു കഥാനായകൻ പിടിക്കപ്പെടുന്നത്. ഓസ്‌ട്രേലിയയിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിൽ കള്ളപാസ്‌പോർട്ടിൽ ജയിൽ ചാടി ഇന്ത്യയിലെത്തുന്നു. പിന്നീട് നീണ്ട പത്തു വർഷത്തോളം ഇന്ത്യയിലാണ് ചെലവഴിച്ചത്, ലിൻബാബ എന്ന പേരിൽ. 

 

 

ലിൻഡ്‌സെ എന്നായിരുന്നു കള്ളപാസ്‌പോർട്ടിലെ പേര്. ബാബ എന്ന പേര് ബോബെയിൽ വച്ച് പരിചയപ്പെട്ട ഗൈഡും പിന്നീട് ലിന്നിന്റെ ഉത്തമ സുഹൃത്തുമായിത്തീർന്ന പ്രഭാകറാണ് നൽകുന്നത്. ലിൻഡ്സെയ് അങ്ങനെ ലിൻബാബയായി. ബോംബയിൽ വച്ചാണ് ലിൻ കാർലയെ കാണുന്നതും പ്രണയത്തിലാകുന്നതും. എന്നാൽ വളരെ വിശ്വസ്തനും അയാൾക്ക് അവളോടുള്ള സ്നേഹം നിലനിൽക്കുന്നതും ഉറച്ചതുമാണെന്ന റിഞ്ഞിട്ടും കാർല ആ സ്നേഹത്തെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. അതുപക്ഷേ ലിൻഡ്സെയെ മയക്കുമരു ന്നിന് അടിമയാക്കി മാറ്റുകയാണുണ്ടായത്. ലിൻ പക്ഷേ ഒരുസമയത്ത് അതിൽ നിന്നെല്ലാം ഊരിപ്പോരുന്നുണ്ട്. പ്രഭാകറുമായുള്ള അയാളുടെ ബന്ധമാണ് കാർലയെ പരിചയപ്പെടാൻ ഇടയാക്കിയതു തന്നെ.

 

 

ബോംബയിലെ ചേരിയിൽ താമസിക്കാൻ പ്രഭാകർ ലിൻഡ്സെയെ സഹായിക്കുന്നുണ്ട്. നേരിട്ടല്ലെങ്കിലും അയാൾ നിമിത്തമാണ് അതും സംഭവിക്കുന്നത്. അവിടെ അയാൾ ഒരു ക്ലിനിക് ആരംഭിക്കുകയും ചേരിയിലെ ദരിദ്രർക്ക് സൗജന്യചികിത്സ നൽകുകയും ചെയ്യുന്നു. ചേരി നിവാസികളെ തന്നിലേക്കടുപ്പിക്കാൻ അതയാളെ സഹായിക്കുന്നു. ചേരിവാസത്തിനടയിൽ കോളറ പോലുള്ള മഹാദുരന്തങ്ങളെ അയാൾക്കു നേരിടേണ്ടി വരുന്നു. എന്നാൽ ചേരിനിവാസികൾക്കൊപ്പം നിന്ന് അതിനെയെല്ലാം പ്രതിരോധിക്കാൻ അയാൾക്ക്‌ സാധിക്കുന്നു. പ്രതിസന്ധികളെ ഭയന്ന് ഓടിപ്പോകാതെ ചേരിനിവാസികളെ പരിചരിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്നു.

 

 

പ്രഭാകറുടെ സ്വന്തം നാട്ടിൽ അയാളുടെ ഗ്രാമത്തിൽ വെച്ചാണ് ലിൻ ശാന്താറാം ആയി മാറുന്നത്. അവിടെ വച്ച് അയാൾക്കു പുതിയ പേര് കിട്ടുന്നു. ബോംബയിലെ നിരവധി ചേരികളിലൊന്നിൽ താമസിക്കുമ്പോഴാണ് ലിൻ പോലീസ് പിടിയിലാകുന്നത്. അറസ്റ്റിലായ അയാൾ അവിടുത്തെ പേരുകേട്ട ആർതർ റോഡ് ജയിലിലേക്കയക്കപ്പെടുന്നു. മൂന്ന് മാസത്തോളം പുറംലോകവുമായി ബന്ധപ്പെടാനാകാതെ അതിനകത്തു കഴിഞ്ഞു കൂടുന്നു. ജയിലിലെ ഓരോ മുക്കും മൂലയും കൃത്യതയോടെ സൂക്ഷ്മതയോടെ നോവലിൽ അയാൾ രേഖപ്പെടുത്തുന്നുണ്ട്. ഒരുപക്ഷേ ഒരു മുൻ ജയിൽപുള്ളിയുടെ, ഒരു ജയിൽ ചാട്ടക്കാരന്റെ പതിവ് കരുതലും നിരീക്ഷണങ്ങളും കൊണ്ടൊക്കെയാകാം അങ്ങനെ സംഭവിച്ചത്. ആ സംഭവങ്ങൾ നോവലിന്റെ ഒരു സുപ്രധാന ഭാഗം തന്നെയാണ്. 

 

 

മുൻപ് പരിചയപ്പെട്ട ഒരു മാഫിയ നേതാവിന്റെ സഹായത്താൽ ലിൻ ജയിലിൽനിന്ന് പുറത്തുകടക്കുന്നു. അതിനു വേണ്ടി ഒരു വലിയ തുക പൊലീസുകാർക്ക് കൈക്കൂലി കൊടുക്കേണ്ടിവന്നെന്നു മാത്രം. ലിൻ വീണ്ടും മയക്കുമരുന്നിൽ അഭയം കണ്ടെത്തുന്നു. മാഫിയയിലെ സുഹൃത്തുക്കളുമായി രാത്രികളിലെ ഇടവേള കളിൽ നിരവധി ചർച്ചകളിലും ദാർശനിക ചിന്തകളിലും അയാൾ പങ്കെടുക്കുന്നു. ബോംബയിലെത്തിയതിനു ശേഷം ലിൻഡ്‌സെക്ക് വെളിപ്പെട്ട നിരവധി കാര്യങ്ങൾ പലപ്പോഴായി നോവലിൽ ആത്മഭാഷണമായും മറ്റുള്ളവരോടുള്ള സംഭാഷണങ്ങളിൽകൂടിയും കടന്നു വരുന്നുണ്ട്. 

 

 

അയാളുടെ അഭിപ്രായത്തിൽ ലോകത്തിലെ മികച്ച രണ്ടാമത്തെ കാര്യം, കേൾക്കുന്നവനാകുക എന്നതാണ്. അപ്പോൾ ആദ്യത്തേത്? സംശയമില്ല, അത് അധികാരമാണ്. ഒരു വിദേശിയായിട്ടുകൂടി ബോംബെ നഗരം അയാൾക്കിപ്പോൾ സ്വന്തം ലോകമാണ്. യഥാർഥ ഇന്ത്യ അതിനു പുറത്താണെന്നയാൾ തിരിച്ചറിയുന്നു. ഇന്ത്യയിൽ വന്ന് ഇവിടുത്തെ അധികാരവ്യവസ്ഥിതിയെ ശരിക്കും തിരിച്ചറിഞ്ഞതുകൊണ്ടാകണം, നീതി എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ടു നടപ്പാകില്ല എന്നയാൾ മനസ്സിലാക്കുന്നു. 

 

ദാരിദ്യ്രവും അഭിമാനവും നേർ സഹോദരങ്ങളാണ്, ഒന്ന് മറ്റൊന്നിനെ കൊല്ലുംവരെ എന്ന് ഒരുവേള പട്ടിണി കിടക്കുമ്പോൾ ഓർക്കുന്നുണ്ട്. ഒരിക്കൽ അന്തിച്ചർച്ചകളിലെ ഒരു സന്ദർഭത്തിൽ വേദനയെക്കുറിച്ചു വ്യാഖാനിക്കാൻ കൂട്ടത്തിലൊരാൾ നിർദ്ദേശിച്ചു. ഒരാൾ പറഞ്ഞു, വേദന എന്നത് തിരഞ്ഞെടുക്കലിന്റെ പ്രശ്നമാണെന്നും സന്തോഷത്തിന്റെ ഭാരം വേദനയുടെ ലേപനത്താൽ ഒഴിവാക്കപ്പെടുന്നുവെന്നും. സ്നേഹത്തെ പരീക്ഷിക്കലാണ് വേദന. ദൈവ സ്നേഹത്തിന്റെ പരീക്ഷ കൂടിയാണത് എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. 

 

 

അങ്ങനെ വേദനയെ തത്വചിന്തയുടെ ചുറ്റുവട്ടത്തു കൂടിയും ,മതത്തിന്റെ ദാർശനിക വീക്ഷണങ്ങളിൽ കൂടിയുമൊക്കെ അവർ വിശകലനം ചെയ്യന്നു. ചർച്ച കഴിഞ്ഞു ലിൻ പുറത്തിറങ്ങുമ്പോൾ പ്രഭാകറെ കണ്ടുമുട്ടുന്നു. പ്രഭാകറോടും ലിൻ അതേ ചോദ്യം ചോദിക്കുന്നു. ഒട്ടും ആലോചിക്കാതെ അയാൾ പറയുന്നു, വേദനയെന്നത് വിശപ്പാണെന്ന്. ലോകത്തെവിടെ പോയാലും ഏതു സമൂഹത്തിലും നീതിയുടെ പ്രശ്നങ്ങൾ ഒന്നുതന്നെയാണ്. ലിൻ എല്ലാവരെയും ഉള്ളു തുറന്നു സ്നേഹിച്ചു, സംരക്ഷിച്ചു. തന്നെക്കൊണ്ടാവും വിധം മറ്റുള്ളവരെ സഹായിച്ചു. അബ്ദുൽ ഖാദർ എന്ന മാഫിയ തലവനെ സ്വന്തം അച്ഛനായി കരുതി പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്തു. അയാളുടെ ആവശ്യപ്രകാരം അഫ്ഗാനിസ്ഥാനിലെ മുജാഹിദിനുമായി യുദ്ധം ചെയ്യാൻ ലിൻ പോകുന്നു.

 

 

അവിടെ വച്ചുള്ള വെടിപ്പ്യ്പിൽ ഖാദർ കൊല്ലപ്പെടുന്നു. രക്ഷപ്പെട്ടു തിരികെയെത്തുന്ന ലിൻ മാഫിയയിലെ പ്രധാന കണ്ണിയായി മാറുന്നു. പണം സമ്പാദിക്കുന്നു. ചേരിയിൽനിന്നുംമാറി താമസം ഒരു അപ്പാർട്മെന്റി ലാക്കുന്നു. കള്ളപാസ്പോർട്ട് നിർമാണത്തിന്റെ ചില ജോലികളിലും അയാൾ ഭാഗമാകുന്നു. അത്തരം പാസ്പോർട്ടുകളുപയോഗിച്ചു നിരവധി വിദേശ യാത്രകൾ കള്ളക്കടത്തുമായി ബന്ധപ്പെട്ട് അയാൾ നടത്തുന്നു. നമ്മുടെ നിയമവും അന്വേഷണവും പ്രോസിക്യുഷനും ശിക്ഷയും എല്ലാം ഒരു പാപത്തിൽ എത്ര കുറ്റകൃത്യമുണ്ടെന്നാണ് നോക്കുന്നത്, അല്ലാതെ ഒറ്റ കുറ്റകൃത്യത്തിൽ എത്ര പാപമുണ്ടെന്നല്ല എന്നയാൾ മനസ്സിലാക്കുന്നു. 

 

 

തന്റെ പ്രവൃത്തികൾക്ക് ലിൻ സ്വയം കാരണങ്ങൾ കണ്ടെത്തുന്നു. ശരിയായ കാരണങ്ങൾക്കു വേണ്ടി തെറ്റ് ചെയ്യേണ്ടി വരും. നമ്മുടെ കാരണങ്ങൾ ശരിയായിരിക്കണം എന്ന് മാത്രം. ജുഡീഷ്യറിയ്ക്കും സാമൂഹിക വ്യവസ്ഥകൾക്കും പുറത്തു നിന്നുകൊണ്ടുള്ള ഒരു നിർവചനമായിപ്പോയി അതെങ്കിലും ലിൻ അങ്ങനെ വിശ്വസിക്കാൻ ഇഷ്ടപ്പെട്ടു. ബോംബേയെ അയാൾ സ്നേഹിച്ചത് മനുഷ്യരുടെ ഹൃദയത്തിലും മനസ്സിലും വാക്കുകളിലുമായിരുന്നു. കാർല, പ്രഭാകർ, ഖാദർ ബായി, ഖാലിദ് അങ്ങനെ എത്രയെത്ര ആളുകൾ അയാൾക്കിടയിലൂടെ കടന്നു പോയി. അവരൊക്കെ അയാളെ വിട്ടുപോയി. ഒരു വിദേശി ആയിരുന്നിട്ടു കൂടി ഇവിടുത്തെ വ്യവസ്ഥിതിയെയും പ്രശ്നങ്ങളെയും ചൂണ്ടിക്കാണിക്കാൻ അയാൾ ഒട്ടും ഭയക്കുന്നില്ല. അത് ഒരിക്കലും വെറുപ്പുൽപാദിപ്പിക്കുന്ന സ്വന്തം അനുഭവങ്ങൾകൊണ്ടല്ല എന്നു മാത്രം.

 

ഒരു തരത്തിൽ പറഞ്ഞാൽ ഗംഭീരമായ ഭാഷ ഈ പുസ്തകത്തെ മറ്റൊരു നിലയിൽ എത്തിക്കുന്നു എന്ന് പറയാതെ വയ്യ. തീർച്ചയായും എല്ലാവരും വായിക്കേണ്ട ഒരു പുസ്തകം തന്നെയാണ് ശാന്താറാം.

 

ഇനി എഴുത്തുകാരന്റെ ജീവിതത്തെക്കുറിച്ച് - ഗ്രിഗറി ഡേവിഡ് റോബർട്സ്

 

1952 ൽ ഓസ്‌ട്രേലിയയിലെ മെൽബണിലാണ് റോബർട്സിന്റെ ജനനം. എഴുപതുകളുടെ മധ്യത്തിൽത്തന്നെ അയാളുടെ ജീവിതം മോശമായിത്തുടങ്ങിയിരുന്നു. 1976 ലാണ് അയാളുടെ വിവാഹമോചനം നടന്നത്. അതോടെ ഏകമകളെ ഭാര്യക്ക് വിട്ടുകൊടുക്കേണ്ടിവന്നു. തുടർന്ന് മയക്കുമരുന്നിന്റെ അടിമയായി. പിന്നീട് മയക്കുമരുന്നിനായി നിരവധി കവർച്ചകൾ നടത്തി. 1977 ൽ പൊലീസിന്റെ പിടിയിലാവുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്യുന്നു. 

 

 

കഷ്ടിച്ചു രണ്ടു വർഷം കഴിഞ്ഞ് ജയിൽ ചാടി കള്ളപാസ്പോർട്ടിൽ ബോംബെയിലെത്തി. ഒരു ഉൾനാടൻ ഗ്രാമത്തിൽ ആറുമാസത്തോളം ജീവിച്ചു. മറാത്തി, ഹിന്ദി ഭാഷകൾ അവിടെ വച്ചാണ് പഠിച്ചത്. പിന്നീട് ബോംബെ ചേരിയിൽ ഒരു സൗജന്യ ക്ലിനിക് സ്‌ഥാപിച്ചു. ബോംബേ മാഫിയ റോബർട്സിനെ കൂടെകൂട്ടി കള്ളപാസ്പോർട്ട് നിർമാണത്തിലും കറൻസി കൈമാറ്റ ജോലികളിലും പങ്കു ചേർത്തു. പിന്നീട് അഫ്‌ഗാനി സ്‌ഥാനിലേക്കു പോയി. അവിടെ വച്ച് വെടിവെയ്പ്പിൽ പരുക്കേറ്റു. പിന്നീട് രക്ഷപെട്ടു ബോംബയിൽ തിരികെയെത്തി. അവിടെ നിന്ന് ജർമനിയിലേക്ക് പോയി ഒരു റോക്ക് ബാൻഡിൽ ഗായകനായി. 

 

 

ബോളിവുഡ് സിനിമകളിലും അയാൾ പിന്നീട് മുഖം കാണിച്ചു. ഒടുവിൽ യൂറോപ്യൻ പൊലീസ് റോബർട്സി നെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയുംചെയ്തു. ബോംബെയിലേക്ക് മടങ്ങുന്നതിനു മുൻപ് ഇറ്റലിയിലും സ്വിറ്റ്സർലണ്ടിലും വച്ച് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടിരുന്നുവെങ്കിലും മയക്കുമരുന്ന് കടത്തുന്നതിനിടെ ഫ്രാങ്ക്ഫർട്ടിൽ വച്ച് പിടികൂടപ്പെട്ട് ജയിലിലായി.

 

 

പിന്നെ യൂറോപ്പിൽ 2 വർഷ നിർബന്ധ സേവനം. രണ്ടു വർഷത്തെ ഏകാന്ത തടവിനിടയിലാണ് ശാന്താറാം എന്ന നോവലിന്റെ പണി തുടങ്ങുന്നത്. രണ്ടു തവണ ജയിൽ വാർഡൻമാർ അതിന്റെ കയ്യെഴുത്തു പ്രതി നശിപ്പിച്ചു കളഞ്ഞിരുന്നു. മൂന്നാമത്തെ തവണ എഴുതിയതാണ് ഇപ്പോൾ നമ്മളൊക്കെ വായിച്ചുകൊണ്ടിരി ക്കുന്നത്. നോവൽ പുറത്തിറങ്ങിയതോടെ അത് വൻവിജയമായി. വാർണർ ബ്രോസ് അതിപ്പോൾ ചിത്രമാക്കാ നുള്ള പദ്ധതിയാണെന്നറിയുന്നു. അതിന്റെ തിരക്കഥയും റോബെർട്സ് തന്നെയാണ് എഴുതിയിരിക്കുന്നത്.

 

 

റോബർട്സിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ രസകരമായ ഒരു സംഗതി കൂടി മനസ്സിലാക്കാൻ കഴിഞ്ഞു. ഓസ്‌ട്രേലിയയിൽ വിലസി നടന്നിരുന്ന സമയത്തു മാന്യനായ പിടിച്ചുപറിക്കാരൻ എന്നാണ് അയാൾ പരക്കെ അറിയപ്പെട്ടിരുന്നത്. കാരണം അതിലും കൗതുകകരമായിരുന്നു. ഇൻഷുറൻസ് ഉള്ള സ്ഥാപനങ്ങൾ മാത്രമാണ് റോബെർട്സ് കൊള്ള ചെയ്യാനായി തിരഞ്ഞെടുത്തത്. മാന്യമായി വസ്ത്രം ധരിക്കുകയും കൊള്ളയടിച്ച ആളുകളോട് മാന്യമായി പെരുമാറുകയും ചെയ്തു. മാത്രമല്ല അയാൾ അവരോടു നന്ദിയും ക്ഷമയും ചോദിക്കുമായിരുന്നെത്രേ. എത്ര മോശം സമയത്തുപോലും ഒരാളെ പോലും റോബർട്സ് കൊലപ്പെടുത്തിയിട്ടില്ല.

 

 

ആദ്യപുസ്തകം പുറത്തിറക്കിയതിനു ശേഷം യൂറോപ്പിലെ നിരവധി രാജ്യങ്ങളിൽ താമസിച്ചിരുന്നെങ്കിലും ഒടുവിൽ ബോംബെയിലേക്കു തന്നെ തിരിച്ചു വരികയാണുണ്ടായത്. അവിടെ അയാൾ നിരവധി ചാരിറ്റി സൊസൈറ്റികൾ സ്ഥാപിച്ചു. മകളുമായി വീണ്ടും ഒന്നിക്കുന്നത് ആയിടെയാണ്. 

 

 

2014 ഓടെ പൊതുജീവിതത്തിൽ നിന്ന് റോബർട്സ് വിരമിക്കുകയാണെന്നറിയിച്ചു. ഇമെയിലിലും മൊബൈൽ ഫോണിലും എന്തിന് സോഷ്യൽ മീഡിയയിൽ പോലും താനിനി ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. റോബർട്സിന്റെ ഫെയ്സ്ബുക് പേജിൽ ആ വിവരം കാണിച്ച് ഒരു പോസ്റ്റും കണ്ടിരുന്നു. അത്ര മാത്രം. 

 

 

ശാന്താറാം പുസ്തകത്തിന്‍റെ ഒരു തുടർച്ചയെന്നോണം ദ് മൗണ്ടൻ ഷാഡോ (The Mountain Shadow ) എന്ന പേരിൽ ഒരു പുസ്തകം കൂടി 2015 ൽ റോബർട്സ് എഴുതുകയുണ്ടായി. അതും വലിയ തോതിൽ സ്വീകരിക്ക പ്പെട്ടു.ഈ പുസ്തകത്തിന്‍റെ മലയാള പരിഭാഷ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. പുറത്തിറങ്ങാനായി കാത്തിരിക്കയാണ് ഞാനും.

 

English Summary : Santharam Book By  Gregory David Roberts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com