ADVERTISEMENT

ശിശിരത്തിലെ ഒരു ദിവസം 

റീനി മമ്പലം

പ്രസാധകർ: ന്യൂ ബുക്ക്സ് 

വില: 110  

 

പ്രവാസിയെഴുത്തുകാരിൽ സാധാരണ കാണുന്ന ഗൃഹാതുരതയല്ല, മറിച്ച് താൻ ജീവിക്കുന്ന ഭൂമികയിൽ മലയാളി അനുഭവിക്കുന്ന മലയാളിത്തവും അതിന്റെ ആന്തരിക സംഘർഷങ്ങളുമാണ് പതിനാലു കഥകളടങ്ങിയ ശിശിരത്തിലെ ഒരു ദിവസം. അതേ, ശിശിരത്തിൽ കൊഴിഞ്ഞു വീഴുന്ന വിവിധ നിറങ്ങളിലെ ഇലകൾ. അവയെ പെറുക്കിയെടുത്തു തുന്നിച്ചേർത്തു മനോഹരമാക്കി വായനക്കാർക്കായി സമർപ്പിച്ചിരിക്കുന്നു റീനി... 

 

‘ക്ലാവ്’ എന്ന കഥയിൽ വിരസതയുടെ ക്ലാവു പിടിച്ച ജീവിതങ്ങൾ നിറയുമ്പോൾ, തിരക്കുപിടിച്ച ജീവിതത്തെപ്പറ്റി, അതിന്റെ നിരർഥകതയെപ്പറ്റി വായനക്കാരനും ഒരു തത്വജ്ഞാനിയാകും. പ്രണയമായാലും മക്കളോടുള്ള സ്നേഹമായാലും യാന്ത്രികമായ ആവർത്തനങ്ങൾ...   മഞ്ഞു പോലെ ഉറഞ്ഞു പോയ, പഴകി തിളക്കം നഷ്ടപ്പെട്ടു പോയ വികാരങ്ങൾ... 

 

പുതിയ ഭൂമികയിൽ ജനിച്ചു വളർന്ന രണ്ടാം തലമുറയെ പഴയ തൊഴുത്തിൽ കെട്ടിയിടാനാഗ്രഹിക്കുന്ന മാതാപിതാക്കളെയാണ് ‘കോക്കനട്ട്’ എന്ന കഥയിൽ റീനി വരച്ചിടുന്നത്. പ്രോം ഡാൻസിനു പോകാനാ നുവാദം ചോദിക്കുന്ന മകളോട്‌ ആൺകുട്ടികളുടെ കൂടെ നൃത്തം ചെയ്യാൻ പോകേണ്ടയെന്നു വിലക്കുന്ന ഡാഡി. സഹോദരന് ആ വിലക്കുകളില്ലാത്തതെന്തെന്ന് ചോദിക്കുന്ന മകൾക്കു മുന്നിൽ അയാൾക്കു മറുപടിയില്ലാതാവുന്നുമുണ്ട്. തന്റെ ചെറിയ ലോകത്തിൽ വന്മതിൽ തീർത്ത്, കുടുംബത്തെ അതിനുള്ളിൽ സൂക്ഷിക്കാനാഗ്രഹിക്കുന്ന, ഇനിയും തന്റെ മലയാളി സത്വത്തിൽനിന്നു പുറത്തു വരാൻ കഴിയാത്ത ഒരച്ഛന്റെ ആത്മസംഘർഷങ്ങൾ ലളിതമായും മനോഹരമായും ആവിഷ്‌കരിച്ചിരിക്കുന്നു. 

 

വിവാഹമോചനം നേടിയ അല്ലെങ്കിൽ വേർപെട്ടു താമസിക്കുന്ന  മാതാപിതാക്കൾ ഉള്ള കുട്ടികളുടെ മാനസികനിലയെപ്പറ്റി എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അങ്ങനെയൊരു ചിന്തയ്ക്കു കൂടി വഴിയൊരുക്കുന്നു ‘കുറ്റവാളിയുടെ ഭാര്യയും മകളും’ എന്ന കഥ. കൂട്ടുകാരിക്ക് അച്ഛനുമമ്മയും കൂടെയുള്ളതും അവർ, അവളെ സ്നേഹിക്കുന്നതും  അവൾക്കു വേണ്ടതൊക്കെ കൊടുക്കുന്നതും അസൂയയോടെ നോക്കിക്കാണുന്ന കുട്ടിയാണ് സാറ. 

 

 

വാരാന്ത്യങ്ങളിൽ അച്ഛനോടൊപ്പവും മറ്റു ദിവസങ്ങളിൽ അമ്മയോടൊപ്പവും കഴിയേണ്ടി വരുന്ന പത്തു വയസ്സുകാരി. കൂട്ടുകാരിക്ക് അച്ഛനില്ലാതാക്കണമെന്ന ചിന്തയിലേക്കു അവളെയെത്തിക്കുന്നത് സ്വന്തം അരക്ഷിതാവസ്ഥ തന്നെയാണ്. അതിനായി തിരഞ്ഞെടുത്തതാവട്ടെ ഏറ്റവുമെളുപ്പമുള്ള പീഡനം എന്ന കഥയും... 

 

 

മനുഷ്യനിൽ  പ്രകൃതി എന്തൊക്കെയാണു നിറച്ചിരിക്കുന്നതെന്ന് ആർക്കും പ്രവചിക്കാനാവില്ലല്ലോ. പ്രപഞ്ചം നമുക്കായി നിശ്ചയിച്ച വഴികളിലൂടെ നാം നടന്നു തീർക്കുന്നതാണല്ലോ ജീവിതം. എന്നാൽ വേലികെട്ടി തിരിച്ച്, അതിനുള്ളിൽ അകപ്പെട്ടു പോകുന്ന ചില ജീവിതങ്ങളുമുണ്ട്. വളരെ അപൂർവ്വം പേർക്കു മാത്ര മേ അതിൽനിന്നു പുറത്തു കടക്കാനാവൂ. അങ്ങനെ പുറത്തു കടന്ന ഗീതയുടെ കഥയാണ് ‘തിരഞ്ഞെടുക്ക പ്പെട്ടവർ’. 

 

 

സ്വവർഗ്ഗത്തിൽപ്പെട്ടവരോടാണ് അവൾക്കിഷ്ടം. അല്ല, പ്രകൃതി അതാണവളിൽ നിറച്ചു വെച്ചിരിക്കുന്നത്.  എന്നിട്ടും പൊതുസമൂഹത്തിന്റെ ഇച്ഛയാൽ അവൾ കുടുംബജീവിതം നയിക്കുകയും അമ്മയാവുകയും ചെയ്യുന്നുണ്ട്. നാളുകൾ കടന്നു പോകവേ വിവാഹമോചനം നേടി പ്രകൃതി നിശ്ചയിച്ച വഴികളിലൂടെ അവൾക്കു പോകാനായത് അമേരിക്ക നൽകുന്ന സുരക്ഷിതത്വം കൊണ്ടാണെന്നും കഥ പറഞ്ഞു വയ്ക്കുന്നുണ്ട്. 

 

 

പ്രണയം, എത്ര സുന്ദരമാണത്... ഏതു പ്രായത്തിലായാലും പ്രണയം ഒരാളെ എത്ര ഊർജ്ജസ്വലമാക്കു മെന്നും ജീവിതത്തെ നിറമുള്ളതാക്കുമെന്നും പലപ്പോഴായി കണ്ടും കേട്ടും നാം അറിഞ്ഞിട്ടുള്ളതാണ്. ഒരു പളുങ്കുപാത്രം പോലെയാണ് പ്രണയാതുരമായ മനസ്സ്. സൂക്ഷിച്ചില്ലെങ്കിൽ സ്വന്തം ജീവിതം മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവിതങ്ങളും ചിന്നിച്ചിതറും. എന്നാൽ, വിവേകത്തോടെയുള്ള ഇടപെടലുകളും തിരിച്ചറിവുകളും ഉടഞ്ഞു പോകാവുന്ന ജീവിതങ്ങളെ കൈക്കുമ്പിളിൽ ചേർത്തു പിടിക്കുന്നു. 

 

 

അങ്ങനെയൊരു ചേർത്തു പിടിക്കലാണ് ‘വേനലിൽ ഒരു മഴ’ യിലൂടെ കടന്നു പോകുമ്പോൾ വായനക്കാരനും അനുഭവപ്പെടുന്നത്. സ്നേഹനിധിയായ അമ്മയെ വേദനിപ്പിക്കാതെ, പ്രിയപ്പെട്ട അയൽവക്കക്കാരൻ അങ്കിളി നെ നോവിക്കാതെ എത്ര ലളിതമായാണ് നീതു ആ ചുഴിയിൽനിന്ന് എല്ലാവരെയും കരകയറ്റുന്നത്... 

 

 

‘ബേബിസിറ്റർ’ കഥയുടെ പേരുപോലെ മാധുര്യമുള്ളതോ ആശ്വാസം നൽകുന്നതോ അല്ല. വളരെ ചെറുപ്പത്തിലേ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ കഥയാണത്. അവൾ ജീവിതകാലം മുഴുവൻ പേറേണ്ടി വരുന്ന മാനസികസംഘർഷങ്ങളും അതവളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതും ഒരു ആന്തലോടെ മാത്രമേ വായിച്ചു പോകാൻ കഴിയൂ.  അവളെ ചികിത്സിക്കുന്ന സൈക്യാട്രിസ്റ്റിന്റെ കാഴ്ചപ്പാടുകളും വായനക്കാരനെ മാനസികസംഘർഷത്തിൽ ആഴ്ത്തുന്നു.

 

 

 

അൽഷിമേഴ്‌സ് ജീവിതതാളം തെറ്റിച്ച ഒരു കുടുംബത്തിന്റെ കഥയാണ് ‘ശിശിരത്തിലെ ഒരു ദിവസം’. പഴയതു മാത്രം ഓർമയുള്ള വീട്ടമ്മയെ ഞായറാഴ്ചകളിൽ ഹോംസിൽ പോയി കാണുന്ന ഭർത്താവ് ഒരിക്കൽ തിരിച്ചറിയുന്ന സത്യങ്ങൾ, ജീവിതമെന്നത് ഒരു പ്രഹേളിക തന്നെയെന്നു വായനക്കാരെയും ഓർമിപ്പിക്കുന്നു. 

 

വ്യത്യസ്തങ്ങളായ പതിനാലു പ്രമേയങ്ങൾ ജീവിതമൂല്യങ്ങളിലൂന്നി പറഞ്ഞു വച്ചിരിക്കുന്ന കഥകൾ... വായന തീരുമ്പോഴും കൂടെ പോരുന്ന കഥാപാത്രങ്ങൾ... നോർക്ക അവാർഡുജേതാവായ റീനി മമ്പലം അമേരിക്കൻ മലയാളി ജീവിതത്തെ പശ്ചാത്തലമാക്കിയെഴുതിയ കഥകൾ...

 

English Summary : Sisirathile Oru Divasam Book By Reeni Mambalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com