‘പഠിക്കാൻ ഏറെയുണ്ട് സർപ്പങ്ങളിൽ നിന്ന്. സ്വയം നൊന്തില്ലെങ്കിൽ അവ ആരെയും ആക്രമിക്കാറില്ല’

nagaphanam-p
SHARE
രാജീവ് ശിവശങ്കർ

ഡിസി ബുക്സ്

199 രൂപ രൂപ

എന്റെ മനസ്സ് ഇപ്പോൾ യാഗശാലയിലെ ഹോമകുണ്ഡം പോലെയാണ്. ചിന്തകൾ നാഗങ്ങളെപ്പോലെ അതിൽ വീണെരിയുന്നു. എനിക്കു സമാധാനം വേണം. സ്വപ്നത്തിൽ നാഗസീൽക്കാരം നിറഞ്ഞപ്പോൾ ഹസ്തിനപുരിയുടെ രാജാവ് ജനമേജയൻ അസ്വസ്ഥനായി. ഒന്നല്ല, ഒരായിരം നാഗങ്ങൾ. ഉടൽ വെന്തതും മാസം പാതിയടർന്നതും. തല ചതഞ്ഞതും വാലറ്റതും. സർപ്പസത്രത്തിലെന്നപോലെ നെയ്യുരുകുന്ന ഗന്ധം നിദ്രയെ ചൂഴ്ന്നു. സർപ്പദംശനത്തിൽ കരിനീലിച്ച ഉടലിലേക്ക് നോക്കി രാജാവ് ഞെട്ടിയുണർന്നു വിലപിച്ചു. അദ്ദഹം മഹാമുനിമാരുടെ സഹായം തേടി. രാജാവിന്റെ ഉള്ളുനീറ്റുന്ന പാപബോധത്തിന്റെ പരിഹാരം കാണാൻ വിജ്ഞാനത്തിന്റെ വഴികൾ തേടി മുനിമാർ. ഒടുവിൽ വ്യാസനെത്തന്നെ അഭയം പ്രാപിക്കേണ്ടിവന്നു രാജാവിന്. മഹാമുനി മാത്രമല്ല കാവ്യകാരൻ കൂടിയായ വ്യാസനെ. ധർമ്മാധർമ്മങ്ങളെക്കുറിച്ചും ശരിതെറ്റുകളെക്കുറിച്ചുമുള്ള ബോധ്യങ്ങൾ രാജാവിന്റെ മനസ്സിൽ ഉണർത്തിവിട്ടതിൽ വ്യാസനു പങ്കുണ്ട്. അദ്ദേഹത്തിന്റെ കാവ്യത്തിനും. ശാപങ്ങൾ വിടാതെ പിന്തുടർന്ന ഹസ്തിനപുരിയുടെ മോക്ഷം എന്ന പ്രതീക്ഷ അങ്ങനെ ജനമേജയനിലൂടെ സംഭവിക്കുകയാണ്. അതിനു നിമിത്തമായി വ്യാസനും അദ്ദേഹത്തിന്റെ കാവ്യവും. 

മഹാഭാരത മൗനത്തിൽ നിന്ന് രാജീവ് ശിവശങ്കർ കണ്ടെടുക്കുന്ന പുതിയ കഥ പാപങ്ങളുടെയും ശാപങ്ങളുടെതുമാണ്. പാപങ്ങൾ ആവർത്തിക്കുകയും ശാപങ്ങൾ ഏറ്റുവാങ്ങുകയും അവയിൽ നിന്ന് മോക്ഷം നേടാൻ വൃഥാ പുതിയ പാപങ്ങൾക്ക് അരങ്ങൊരുക്കുകയും ചെയ്ത പാണ്ഡു വംശത്തിന്റേത്. പാണ്ഡവരിൽനിന്നു തുടങ്ങി അഭിമന്യുവിലൂടെ പരീക്ഷിത്തിലൂടെ ജനമേജയനിലൂടെ തുടരുന്ന മോചനമില്ലാത്ത യാത്രയുടെ കഥ മനുഷ്യവംശത്തിന്റേതുകൂടിയാണ്. ഒപ്പം ലോകം മനുഷ്യരുടേതു മാത്രമല്ലെന്ന തിരിച്ചറിവിന്റെയും. മരണദേവത നൃത്തം ചവിട്ടിയ ഹസ്തിനപുരിയുടെ പശ്ചാത്തലത്തിലാണ് നഗഫണം കഥ പറയുന്നത്. പരീക്ഷിതം, ജനമേജയം എന്ന രണ്ടു ഭാഗങ്ങളിലൂടെ ഇതിഹാസമാനങ്ങളുള്ള കഥ ഒരു നോവലിന്റെ ചെപ്പിൽ ഒതുക്കുകയാണ് എഴുത്തുകാരൻ. 

കർമങ്ങൾ മാത്രമല്ല, ബന്ധങ്ങളും ആയുസ്സു തന്നെയും സർപ്പങ്ങളായി മനുഷ്യരെ ചുറ്റിവരിയുന്നവയാണ്. ജീവിതം തന്നെ സർപ്പസഞ്ചാരമാണ്. അതു നേർരേഖയിലല്ല സഞ്ചരിക്കുന്നത്. വളഞ്ഞും പുളഞ്ഞും നീണ്ടും ചുരുങ്ങിയതും. ഇടയ്ക്ക് പോട്ടിലൊളിക്കേണ്ടിവരുമ്പോൾ അങ്ങനെ. ഫണമുയർത്തേണ്ടിവരുമ്പോൾ അങ്ങനെ. സീൽക്കാരമുയർത്തേണ്ടിവരുമ്പോൾ അങ്ങനെ. കാലം വായ പിളർക്കുന്ന സർപ്പമാണെന്ന തിരിച്ചറിവിലേക്ക് ജയമേജയൻ എത്തുന്നതിൽ മനഃശാസ്ത്രത്തിനും പങ്കുണ്ട്. 

നായാട്ടും ആഘോഷവുമായി നടന്ന പരീക്ഷിത്ത് രാജാവിന്റെ ആയുസ്സിനെ യഥാർഥത്തിൽ നാഗങ്ങളായിരുന്നില്ല വരിഞ്ഞുമുറുക്കിയത്. തപസ്സനുഷ്ഠിക്കുന്ന ശമീക മുനിയുടെ ചുമലിൽ അദ്ദേഹം ബുദ്ധിശൂന്യതയാൽ ചത്ത പാമ്പിനെ കോരിയിട്ടു. മുനിയുടെ മകൻ ഗവിജാതൻ അദ്ദേഹത്തെ ശപിച്ചു. ആ ശാപം രാജാവിന്റെ ജീവനെടുത്തു. പ്രതിരോധ കോട്ട കെട്ടി സുരക്ഷ ഉറപ്പാക്കി കടൽ നടുവിലെ ആകാശത്തോളം ഉയരമുള്ള സ്തംഭത്തിൽ കയറി ഒളിച്ചിട്ടും. എന്നാൽ പരീക്ഷിത്തിന്റെ അകാല മരണത്തിന്റെ എല്ലാ കഥകളും എല്ലാവരും അറിഞ്ഞില്ല. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ പുത്രൻമാർ ഉൾപ്പെടെയുള്ളവർ. അതറിഞ്ഞപ്പോൾ അവരുടെ മനസ്സിലും തിളച്ചു പ്രതികാരത്തിന്റെ അഗ്നി. തങ്ങളുടെ വംശത്തെ കാലങ്ങളായി പിന്തുടർന്നതും പ്രതികാരം എന്ന ഇരട്ടത്തലയുള്ള വാൾ ആണെന്ന് ആദ്യമവർ തിരിച്ചറിഞ്ഞില്ല. ഓരോ ആക്രമണവും യുദ്ധവും പടയൊരുക്കവും വിജയത്തിലല്ല കണ്ണീരിലും വിലാപത്തിലുമാണ് ഒടുങ്ങുന്നതെന്നും. പാണ്ഡവർ ചെയ്ത തെറ്റ് പരീക്ഷിത്ത് ആവർത്തിച്ച തെറ്റ് ജയമേജയനും ആവർത്തിച്ചപ്പോൾ തിരിച്ചറിവിനു നിമിത്തമാകുന്നത് നാഗങ്ങൾ കൂടിയാണ്. 

പഠിക്കാൻ ഏറെയുണ്ട് സർപ്പങ്ങളിൽ നിന്ന്. സ്വയം നൊന്തില്ലെങ്കിൽ അവ ഒരിക്കലും ആരെയും ആക്രമിക്കില്ല. വയറു നിറഞ്ഞാൽ ഇര കൺമുന്നിലെത്തിയാലും തിരിഞ്ഞുനോക്കില്ല. ഒരുപാടു വലുതെങ്കിലും ചുരുങ്ങി ജീവിക്കാനറിയാം. കൃത്യമായ ഇടവേളകളിൽ പടം പൊഴിച്ച് ജീവിതത്തെ പുതുക്കാനറിയാം. ഇരട്ടനാവുണ്ടെങ്കിലും മൗനം പാലിക്കാനുമറിയാം. 

നാഗലോകത്തേക്കുള്ള യാത്ര ആവേശം നിറഞ്ഞതാണ്. ഒറ്റിയിരുപ്പിൽ ആവേശത്തോടെ വായിക്കാവുന്ന ത്രില്ലർ ശൈലിയിലാണ് രാജീവ് കഥ പറയുന്നത്. എന്നാൽ ഇതിഹാസത്തിന്റെ ആഖ്യാന പാടവത്തിനു യോജിച്ച ഭാഷയും ഭാവനയും തനിക്കു കൈമുതലായുണ്ടെന്ന് ഒരിക്കൽക്കൂടി അദ്ദേഹം തെളിയിക്കുകയും ചെയ്യുന്നു. അനന്തനും വാസുകിയും തക്ഷകനും കാർക്കോടകനുമെല്ലാം ഇതാദ്യമായി മലയാളിയുടെ ഭാഷയിലേക്കും ഭാവനയിലേക്കും എത്തുന്നു. ജൻമവും പുനർജൻമവും പകയും പ്രതികാരവും വിലയിരുത്തലിനു വിധേയമാകുന്നു. ജീവിതത്തെക്കുറിച്ചുള്ള തിരിച്ചറിവുകളിലൂടെ ആഖ്യാനത്തിന്റെ മായിക തീരത്തേക്ക് വായനക്കാരെ അടുപ്പിക്കുന്നു നാഗഫണം. 

English Summary: Nagaphanam book by Rajeev Sivashankar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;