ADVERTISEMENT

കഴിഞ്ഞ വർഷത്തെ പ്രളയ കാലത്താണ് എഴുത്തുകാരനായ അനൂപ് ശശികുമാറിന്റെ ഗോഥം വായനക്കാർക്കിടയിൽ സംസാരമാകുന്നത്. ‘‘പ്രളയനിധിയിലേയ്ക്ക് സംഭാവന ചെയ്യൂ, നിങ്ങളുടെ പേര് ഇനി മുതൽ ഒരു പുസ്തകത്തിലെ കഥാപാത്രത്തിന്റേതായിരിക്കാം!’’ ഇതായിരുന്നു ആ വാർത്ത. വാക്കു പറഞ്ഞത് പോലെ പ്രളയനിധിയിലേയ്ക്ക് സംഭാവന തന്നവരുടെ പേരുകൾ അനൂപ് തന്റെ പുതിയ പുസ്തകങ്ങളിലെ കഥാപാത്രങ്ങൾക്കിടുകയും ചെയ്തു. ‘ഗോഥം’ പുറത്തിറങ്ങിയത് ലോക്ഡൗൺ കാലം തുടങ്ങിയ സമയമായിരുന്നതു കൊണ്ടു തന്നെ അത് അത്ര ചർച്ച ചെയ്യപ്പെടുകയുണ്ടായില്ല. പക്ഷേ മലയാള നോവൽ സാഹിത്യം അതിന്റെ മാറ്റത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ അനൂപ് ശശികുമാറിന്റെ നോവലിനെക്കുറിച്ച് സംസാരിക്കാതെ വയ്യ. 

 

ഗോഥം എന്നയിടം പ്രശസ്തമാണ്. അമേരിക്കയിലെ ഒരു തെരുവ് എന്നതിനപ്പുറം ലോക പ്രശസ്ത കഥാപാത്രമായ ബാറ്റ്മാൻ തന്റെ എതിരാളിയായ ജോക്കറിനെ നേരിടുന്ന ഇടം കൂടിയാണത്. എന്നിട്ടും എന്തുകൊണ്ടാവും ഈയൊരു മലയാള നോവലിന് അത്തരമൊരു പേര് നൽകിയത്? തീർച്ചയായും ഒരു മലയാള നോവൽ ആ ഒരു വിഷയത്തിൽ അതിന്റെ കഴിവ് തെളിയിച്ചത് കൊണ്ട് തന്നെയാണ്. ജോക്കർ സിനിമ കാണുമ്പോൾ എങ്ങനെയാണ് ബാറ്റ്മാൻ എന്ന സൂപ്പർ ഹീറോയുടെ വില്ലൻ കഥാപാത്രം ഉണ്ടായി വരുന്നതെന്ന് കണ്ടു, സൂപ്പർ മാൻ, സ്പൈഡർ മാൻ തുടങ്ങിയ കഥാപാത്രങ്ങളുടെ ഉദയം എങ്ങനെയാണെന്നും അത്തരം സിനിമകളുടെ തുടക്കങ്ങളിൽ കണ്ടു. അതുപോലെയൊരു സൂപ്പർ കഥാപാത്രം മലയാളത്തിൽ എന്തുകൊണ്ടുണ്ടാകുന്നില്ല എന്നതിന്റെ ഉത്തരമാണ് ഗോഥം എന്ന നോവൽ.

 

എന്താണ് ഒരു സൂപ്പർ കഥാപാത്രമുണ്ടാകാനുള്ള കാരണം? ആരാണ് ഗോഥത്തിലെ ജോക്കർ? സത്യത്തിൽ മാനുഷികതയ്ക്ക് എതിരെ നിൽക്കുന്ന ഓരോരുത്തരും സൂപ്പർ കഥാപാത്രങ്ങളുടെ ശത്രുക്കൾ തന്നെയാണ്. അല്ലെങ്കിൽ അങ്ങനെയാണ് തോമസ് കരുതുന്നത്. ഒരു വൻകിട മരുന്ന് കമ്പനി കൊച്ചിയുടെ തീരത്ത് അവരുടെ മരുന്നു ശാല ആരംഭിക്കുകയും അതിൽ നിന്നുമൊഴുകി വരുന്ന മാലിന്യങ്ങൾ നശിപ്പിക്കുന്ന മനുഷ്യരുടെയും കഥ കൂടിയാണ് ഗോഥം. വിശാലകൊച്ചി എന്ന ബ്ലോഗിലെ പോസ്റ്റോടു കൂടിയാണ് നോവൽ ആരംഭിക്കുന്നത്. ഒരു സാധാരണ ബ്ലോഗറിൽ നിന്നും അയാൾ പലതും കാണുന്ന ഒരു കാഴ്ചക്കാരനായി മാറുന്നു. അതിനെയൊക്കെ അയാൾ ബ്ലോഗിലേക്ക് പകർത്തുമ്പോൾ മറ്റൊരിടത്തിരുന്നു അതിനൊരു വായനക്കാരനുണ്ടാകുന്നു. ജീവൻ വരെ നഷ്ടമാകാൻ സാധ്യതയുള്ള കാര്യങ്ങളാണ് തുടർന്ന് നടക്കുന്നത്. 

 

നോവലിലെ പ്രധാന കഥാപാത്രങ്ങളുടെ ജീവിതങ്ങളും അനുഭവങ്ങളും അവർ കണ്ട കാഴ്ചകളും അവർ തന്നെ വിവരിക്കുന്ന രീതിയിലാണ് ഗോഥം അനൂപ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു ആംഗലേയ വായനയെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ഈ ശൈലി കഥാപാത്രങ്ങളെ ഓരോരുത്തരെയും വ്യക്തമാക്കുന്നുണ്ട്. ഒരു സാധാരണ യുവാവിൽ നിന്നും ബാറ്റ്‌മാനെയും ഫാന്റത്തിനെയുമൊക്കെ ആരാധിക്കുന്ന ഒരു യുവാവ് അയാളുടെ ജീവിതം ഒരു അസാധാരണമായ രീതിയിൽ തിരഞ്ഞെടുക്കുന്നതിന്റെ വഴികളാണ് ഈ നോവൽ. സത്യത്തിൽ ഗോഥം പൂർണമായ ഒരു പുസ്തകമാണ്. ഇതിനു ശേഷം പല എഡിഷനുകളിലായി ഇതിലെ സൂപ്പർ ഹീറോയുടെ കഥകൾ കാണാൻ വായനക്കാർ കാത്തിരിക്കേണ്ടതുണ്ട്. അതിനുള്ള ഒരു തുടക്കം മാത്രമാണ് ഗോഥം. എങ്ങനെയാണു അയാളുടെ മനസ്സിൽ അത്തരത്തിലൊരു ആഗ്രഹം കയറിപ്പറ്റുന്നത്? അത്രയെളുപ്പമാണോ ഒരു സാധാരണ യുവാവിന് ഒറ്റയ്ക്ക് പല പ്രതിബന്ധങ്ങളെയും അതിജീവിച്ച് മറ്റൊരു ഫാന്റമാകാൻ? അതിനു അയാൾക്ക് നൽകേണ്ടി വരുന്ന വില സ്വന്തം ജീവിതമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ..?

അതൊരു വലിയ ചോദ്യമായിരുന്നു അല്ലെങ്കിലും അയാളുടെ മുന്നിൽ 

‘‘വ്യക്തിയിൽ നിന്നും സമൂഹത്തിലേക്കുള്ള അതിര് എങ്ങനെ നിർണയിക്കാമെന്ന്’’ അയാൾ മൂന്ന് പേരോടാണ് ചോദിച്ചത്. മൂന്നു പേരുടെയും മൂന്ന് ഉത്തരങ്ങൾ. അതിൽ പ്രണയിനിയുടെ ഉത്തരങ്ങൾ അയാളെ കൂടുതൽ ആ വഴിയിലേക്ക് കൂടുതൽ വ്യക്തതയോടെ ഇറക്കി നിർത്തി. പകരം അവൾക്ക് നൽകേണ്ടി വന്നത് അവളുടെ പ്രണയവും. ഉത്തരങ്ങൾ കിട്ടിയ ശേഷം അധികം വൈകാതെ തീരുമാനമെടുത്ത അയാളുടെ വഴികൾ വളരെ ത്രില്ലടിപ്പിച്ച് തന്നെ അനൂപ് കൂട്ടി ചേർത്തിരിക്കുന്നു.

 

മലയാളത്തിൽ ഇതൊരു പരീക്ഷണം തന്നെയാണ്. പതിവ് രീതികളിൽ നിന്നും തികച്ചും മാറി നടന്നുള്ള ഒരു സ്വയം വഴിയൊരുക്കൽ. എത്രത്തോളമാണ് മലയാളികൾക്കും ഇത്തരം ഫിക്ഷനുകൾ വായിക്കാനുള്ള ആഗ്രഹമെന്ന് മനസ്സിലാക്കാൻ ഇവിടെ വായിക്കപ്പെടുന്ന വിദേശ ഭാഷകളിലെ പുസ്തകങ്ങളുടെ എണ്ണമെടുത്താൽ മതി. പുറത്തു നിന്നുള്ള സാഹിത്യത്തിന് മാത്രമേ ഇത്തരം എഴുത്തു രീതികൾ വശമുള്ളൂ എന്ന രീതിയാണ് നമ്മുടെ ചുറു ചുറുക്കുള്ള എഴുത്തുകാർ മാറ്റി മറിക്കുന്നത്. ‘‘എട്ടാമത്തെ വെളിപാട്’’ എന്ന അർബൻ ഫാന്റസി ഫിക്ഷൻ നോവലിലൂടെയാണ് അനൂപ് വായനക്കാരുടെയിടയിലേയ്ക്ക് വരുന്നത്. മലയാളത്തിന് തീരെയും പരിചിതമല്ലാത്തൊരു വിഭാഗമായിരുന്നു അതും. കൊച്ചിയിലെ തെരുവിലൂടെ വാംപയറും വെയർവൂൾഫും നടക്കുന്നതിനെക്കുറിച്ച് അനൂപ് പറഞ്ഞു, അത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും കൊച്ചിയിലെ തെരുവുകളിൽ നടക്കുമ്പോൾ ഇപ്പോഴും ജൂതത്തെരുവിലെ കാന്ഡി തെരുവ് ഇപ്പോഴും അറിയാതെ തിരഞ്ഞു പോകും. മുന്നിൽ നടന്നു പോയ കൂർത്ത മുഖമുള്ളൊരാൾ കുമ്പാരിയുടെ ആരെങ്കിലുമാണോ എന്ന് തോന്നിപ്പോകും. അങ്ങനെ തന്നെയാണ് ഫാന്റസി ഫിക്ഷനുകൾ വായനക്കാരെ സ്വാധീനിക്കുന്നതും. അത്തരമൊരു അന്വേഷണം ഗോഥത്തിലുമുണ്ട്. സ്വയം ആർക്കും പ്രതികരിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ഒരു ബാറ്റ്‌മാനെയോ ഫാന്റത്തെയോ സ്പൈഡർ മാനെയോ ഒക്കെ നമ്മളും പ്രതീക്ഷിക്കുന്നുണ്ട്. അതുപോലെയൊരു കഥാപാത്രമായി കഥയിലെ നായകനെത്തുമ്പോൾ ഇനി കളികൾ കാത്തിരുന്നു കാണുക തന്നെ. ഒരു ട്രിലജിയുടെ ആദ്യത്തെ ഭാഗമാണ് ഗോഥം, അതായത് ഇനി അടുത്ത രണ്ടു ഭാഗങ്ങൾ കൂടി ഇറങ്ങാനുണ്ട്. കൊച്ചിയുടെ സ്വന്തം സൂപ്പർ ഹീറോയുടെ അഭ്യാസങ്ങൾ വരാനായിരിക്കുന്നതേയുള്ളൂ എന്ന് സാരം. 

English Summary: Gotham book by Anoop Sasikumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com