രക്തത്തിന്റെ ഗന്ധവും പ്രണയത്തിന്റെ ചുവപ്പും

HIGHLIGHTS
  • കേരളത്തിൽനിന്ന് ഐഎസിലേക്കു പോയ രണ്ട് യുവാക്കളുടെ കഥ
Daesh.p
SHARE
ശംസുദ്ദീൻ മുബാറക്

മനോരമ ബുക്സ്

വില: 270 രൂപ

ഒരു പകൽ, അത്രയേ വേണ്ടി വന്നുള്ളൂ 392 പേജുകളുള്ള ‘ദാഇശി’ന് എന്റെ മനസ്സ് പിടിച്ചടക്കി ശംസുദ്ദീൻ മുബാറക്കിന്റെ സർഗ സമാമ്രാജ്യം സ്ഥാപിച്ചെടുക്കാൻ. പിന്നെയവിടം ഭരിച്ചത് റഫീഖും ജന്നയും അഷ്കറും സൈനബ് ബത്തൂലും ഷക്കീലും കറുപ്പണിഞ്ഞ ഭീകരരും ഐശുവും റംലയുമൊക്കെയായിരുന്നു. കാരണം ഞാൻ വായിക്കുകയല്ലായിരുന്നു. ഒരുവേള കഥാപാത്രങ്ങളായി മാറുകയായിരുന്നു. 

പ്രണയ നൊമ്പരങ്ങളും വെടിയൊച്ചകളും സമ്മിശ്രമായി ഹൃദയഭിത്തിയിൽ ആഞ്ഞു പതിച്ചു കൊണ്ടേയിരുന്നു. വെന്തുരുകുന്ന മനുഷ്യ മാംസവും വെടിമരുന്നും പരസ്പരം ലയിച്ചുചേർന്ന, രാക്ഷസ ഗന്ധം വമിക്കുന്ന അന്തരീക്ഷമായിരുന്നു ചുറ്റും. 

‘മരണപര്യന്തം– റൂഹിന്റെ നാൾമൊഴികൾ’ എന്ന നോവലിന് ശേഷം ശംസുദ്ദീൻ മുബാറക് എഴുതി മനോരമ ബുക്സ് പ്രസിദ്ധീകരിച്ച നോവലാണ് ‘ദാഇശ്’. കേരളത്തിൽനിന്ന് ഐഎസിലേക്കു പോയ രണ്ട് യുവാക്കളുടെ കഥയാണ് നോവലിന്റെ ഇതിവൃത്തം. മുഹമ്മദ് റഫീഖാണ് കേന്ദ്ര കഥാപാത്രം. 

മനസ്സും ചിന്തയും ദുർബലമായാൽ അത് മുന്നോട്ടുള്ള ഗമനത്തെ സ്വാധീനിക്കും. ചുറ്റുമുള്ളവരൊക്കെ അന്യരാകും. ബന്ധങ്ങൾ ബന്ധനങ്ങളാകും. ഇന്നലെവരെയുള്ളതെല്ലാം ഓർമ്മയുടെ ശ്മാശാന ഭൂമിയിൽ മണ്ണിട്ടു മൂടി അതിന്മേൽ കരിങ്കൽ പാളികൾ കൊണ്ട് ഭിത്തിയുണ്ടാക്കി സ്വർഗസ്ഥരാവാൻ ഒളിച്ചോടുകയായിരുന്നു അവർ. 

ആദ്യം ദമ്മാജിലെ ദാറുൽ ഹദീസിലേക്ക്. ആധുനികതയിൽ നിന്നു പരിഷ്കൃത പ്രാകൃത ജീവിതത്തിലേക്ക്. അവിടെ ശരിയും തെറ്റും കൂട്ടിക്കുഴച്ചു ക്യാപ്സൂളുകളാക്കി കൊടുക്കുകയായിരുന്നു ഗുരുനാഥൻ. മതത്തിന്റെ വിശാലതയെ ഇടുങ്ങിയ മുറിയിലേക്കു കുടിയിരുത്തുകയായിരുന്നു അവർ. 

നൂലറ്റ പട്ടംപോലെ അലക്ഷ്യമായ ആ യുവാക്കളെ ദാഇശിന്റെ രണ്ടു ദല്ലാളുകൾ വന്ന് റാഞ്ചുകയായിരുന്നു. ദമ്മാജിൽ നിന്ന് ഇറാഖിലേക്ക്.., അവിടെ നിന്ന് സിറിയയിലേക്ക്. 

ദാഇശിലേക്ക് മനസ്സിനെ പാകപ്പെടുത്തിയെങ്കിലും അൽപദിവസത്തിനകംതന്നെ അവരുടെ മനസ്സ് കുതറിയോടി. എന്നാൽ പൂർവാധികം ശക്തിയോടെ പാകപ്പെടാൻ പലപ്പോഴും ശ്രമിക്കുന്നുണ്ടെങ്കിലും പളുങ്കു പൈതങ്ങളെ ചാവേറാക്കുമ്പോഴും സ്ത്രീകളെ മൃഗീയമായി പീഡിപ്പിക്കുമ്പോഴും നിരപരാധികളെ കൊന്നൊടുക്കുമ്പോഴും ആ മനസ്സ് അവരോടുതന്നെ ചോദിച്ചു. ‘ഇവർക്കാണോ ദൈവം സ്വർഗം നൽക്കുക. ഒരിക്കലുമല്ല...’ 

കുഴിച്ചുമൂടിയ ഓർമ്മകൾ പലതും മണ്ണോടു ചേർന്നിട്ടും കരിങ്കൽ ഭിത്തിയുടെ നടുപിളർത്തി വന്ന പ്രണയം തന്നോടൊപ്പം ഈ ചുടുചോരയുടെ ഗന്ധത്തിൽ അലയുന്നത് അവർ അറിഞ്ഞു. യുദ്ധഭൂമിയിലും മുഹമ്മദ് റഫീഖിനെ പ്രണയാർദ്രമാക്കുകയായിരുന്നു ജന്ന എന്ന കാമുകി. 

വെടിയും പുകയും മാംസഗന്ധവും ചോരച്ചാലുകളും ഇറാഖിലെയും സിറിയയിലെയും തെരുവുകൾക്ക് സൂര്യോദയ - അസ്തമനം പോലെ ജീവിത ഭാഗമായി തീർന്നിരുന്നു. റോഡിനു ഇരുവശവും ചപ്പുചവറുകളേക്കാൾ കൂടുതൽ മനുഷ്യാവശിഷ്ടങ്ങളായിരുന്നു. 

നരകം പോലും ദാഇശിന്റെ മുന്നിൽ തലതാഴ്ത്തിയിരിക്കും. ചെയ്തില്ലങ്കിലും കുറ്റം സമ്മതിപ്പിക്കാൻ കയറിൽ കെട്ടിത്തൂക്കി ചുട്ടുപഴുത്ത വാൾ കൊണ്ട് ലിംഗത്തിൽ അമർത്തുന്നതും തങ്ങൾക്ക് വഴങ്ങിയില്ലങ്കിൽ രണ്ടു കാലും രണ്ടു ഭാഗത്തേക്ക് വലിച്ചു കെട്ടി ബലാൽസംഗം ചെയ്യുന്നതും ക്രൂരതയെന്നൊ മൃഗീയമെന്നോ പറഞ്ഞാൽ ചെറുതായി പോവും. 

ആകുലതകളുടെ വിഴുപ്പുഭാണ്ഡം പേറി മുഹമ്മദ് റഫീഖിന്റെ മനസ്സ് വീണ്ടും ഒളിച്ചോടി. തിരിച്ചറിവിന്റെ തീരങ്ങൾ തേടി. അങ്ങനെ സിറിയയുടെ അതിർത്തി പ്രദേശമായ റോജോവല്ലിയിലെ ഖാഷിമില്ലിയിലെത്തുകയായിരുന്നു. അവിടത്തെ അന്തരീക്ഷവും പാഠങ്ങളുമാണ് അവന്റെ മനസ്സിനെ ശാന്തവും മൃദുലവുമാക്കിയത്. ഒടുവിൽ ഒരു ചാറ്റൽമഴയിൽ ജന്നയുടെ നനവുള്ള കൈകൾ പിടിച്ച് മരിക്കാത്ത പ്രണയവുമായി പുതിയൊരു ജീവിതത്തിലേക്ക്. 

നോവൽ വായിച്ച് അവസാനിപ്പിക്കുമ്പോൾ വരാന്തയിലിരുന്ന് രാത്രിയുടെ ശൂന്യതയിലേക്കങ്ങനെ നോക്കിയിരിക്കുകയായിരുന്നു. ഒരു ചലചിത്രത്തിലെന്ന പോലെ മനസ്സിന്റെ തിരശ്ശീലയിൽ വീണ്ടും ‘ദാഇശും’ കഥാപാത്രങ്ങളും ആദ്യാവസാനം എന്റെ മനസ്സിൽ ഓടിക്കൊണ്ടിരുന്നു.

ശംസുദ്ദീൻ മുബാറക്ക് എഴുതിയ നോവൽ ‘ദാഇശ്’ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

English Summary: Daesh novel written by Shamshudheen Mubarak

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;