ADVERTISEMENT

ജീവിതം ആരുടെയൊക്കെയൊ കൺകെട്ടുവിദ്യകളിൽ പെട്ടുപോവുന്നോ എന്ന്  ഒരിക്കലെങ്കിലും  സംശയിക്കാത്ത ആരെങ്കിലും ഉണ്ടാവുമോ? പലപ്പോഴും യുക്തിയുടെ അതിർവരമ്പുകൾ ഭേദിച്ച് മുത്തശ്ശിക്കഥകളോളം അവിശ്വസനീയമായ വഴികളിലൂടെ നമ്മൾ തന്നെ നമ്മുടെ ജീവിതത്തെ ചിന്തിച്ചുകൂട്ടും.. പിന്നെയെപ്പൊഴൊ കെട്ടുപൊട്ടിയ പട്ടം പോലെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരും. ആ പാറിപ്പറക്കലുകൾ അംഗീകരിക്കുന്നതിൻ്റെയും നിരാകരിക്കുന്നതിൻ്റെയും ഇടയിൽ എവിടെയൊ, ജീവിതത്തിനു തരാതരം പോലെ പൊലിപ്പും തൊങ്ങലും ചാർത്തും - ജീവിതം നമ്മുടെ തന്നെ ആവണമെന്നില്ല, കണ്ടതോ കേട്ടതൊ ആയ ആരുടേതുമാവാം.. കാലങ്ങൾക്കപ്പുറം കൈമറിഞ്ഞു പോവുമ്പോൾ അവയിൽ പലതും മിത്തുകൾ ആവും. വിശ്വാസങ്ങൾക്ക് നൽകുന്ന മൊഴിമാറ്റങ്ങളിൽ പല കഥകളായി വഴിപിരിയും.

 

കെ ആർ മീരയുടെ പുതിയ നോവൽ ആയ ഖബർ, കൺകെട്ടുകളുടെയും പഴംകഥകളുടേയും ചെപ്പിലടച്ച് ഇന്നിന്റെ കഥ പറയുകയാണ്. ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം കഥകൾ എഴുതുന്നത് ബുദ്ധിയല്ല എന്നൊരു സന്ദേഹം എഴുത്തുകാരി ആമുഖത്തിൽ പറഞ്ഞു വെക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ചില കെട്ടുകഥകൾ യാഥാർത്ഥ്യങ്ങളെക്കാൾ വിശ്വസനീയമായി തീരുന്നു. 

 

ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്ന ഒരു കുഞ്ഞു നോവൽ ആണ് ഖബർ. എന്നാൽ മഴ പെയ്തു തീർന്നിട്ടും മരം പെയ്യും പോലെ വായനയ്ക്ക് ശേഷവും കൺകെട്ടു വിദ്യയാലെന്നപോലെ കൂടെകൊണ്ടുപോവുന്ന ചിലതുകൂടിയുണ്ടിതിൽ. വരികൾക്കിടയിലൂടെ വായിച്ചാൽ സമകാലിക രാഷ്ട്രീയ ചിത്രവും സംഭവങ്ങളും അത്ര മോശമല്ലാത്ത രീതിയിൽ തെളിഞ്ഞു കിട്ടും. രേഖകളുടെ പിൻബലമില്ലാത്ത ഖബർ എതെന്ന് ചോദ്യമില്ല; പുരാവസ്തു സ്മാരകം പുതുക്കിപ്പണിയവേ ഒരു തൂണു വീണു മയ്യത്തായി പോയ കൺകെട്ടുകാരൻ ആരെന്ന് സംശയിക്കരുത്.  ഇത് കഥയാണ്. 

 

കാക്കശ്ശേരി ഖയാലുദ്ദീൻ തങ്ങൾ, പൂർവ്വികരുടെ ഖബർ സ്ഥിതി ചെയ്യുന്ന ഒരു പിടി മണ്ണ് സ്വന്തമാക്കാനാണ് കേസിൽ വാദിയായെത്തുന്നത്. ജില്ലാ ജഡ്ജിയായ ഭാവന സച്ചിദാനന്ദൻ തങ്ങളുടെ കൺകെട്ടുവിദ്യയിൽ പെട്ടു പോവുന്നു. കാക്കശ്ശേരി ഭട്ടതിരിയുടെയും സ്വന്തം കുടുംബത്തിലെ യോഗീശ്വരൻ അമ്മാവന്റെയും കഥകൾ അവർ തേടി പോവുന്നത് അങ്ങനെയാണ്. തങ്ങൾക്ക് അനുകൂലമായ വിധിവരാതിരിക്കാൻ ഉള്ള തെളിവുകൾ ആണ് ഭാവന തിരയുന്നത്. അതിനുള്ള ചോദ്യങ്ങളും കൃത്യമാണ്. പക്ഷേ തങ്ങൾ ആരെയെങ്കിലും സന്തോഷിപ്പിക്കാനും സഹായിക്കാനും മാത്രമാണ് തന്റെ ചെപ്പടിവിദ്യകൾ പുറത്തെടുക്കുന്നത് എന്ന് തിരിച്ചറിയുന്നിടത്താണ്, ജഡ്ജിയെന്ന നിലവിട്ട് ആ കൺകെട്ടിലേക്ക് സ്വയം ഇറങ്ങുന്നത്. രേഖകൾ ഇല്ലെന്ന ഒറ്റ കാരണത്താൽ കേസ് റദ്ദുചെയ്തതും ജില്ലാജഡ്ജ് ഭാവന തന്നെയായിരുന്നു.

 

വിവാഹത്തിനു മുമ്പ് അമ്മ ഭാവനയോട് പറയുന്ന ഒരു കാര്യമുണ്ട് ; ‘‘ഒരാളുടെ സേവനങ്ങൾക്ക് മറ്റൊരാൾ നൽകുന്ന പ്രതിഫലമല്ല സ്നേഹം. അത് ഒരാൾ മറ്റേയാളിൽ കണ്ടെത്തുന്ന പൂർണ്ണതയാണ്.’’ വിവാഹമോചിതയായ ശേഷം ഭാവന അത് തിരിച്ചറിയുന്ന ഒരിടത്ത് അവരുടെ മനസ്സു വായിക്കപ്പെടുന്നത് ഇങ്ങനെയാണ്; ‘‘എനിക്ക് കരച്ചിൽ വന്നു. ജീവിതത്തിൽ ആദ്യമായി മറ്റൊരാളുടെ സാമീപ്യത്തിൽ എനിക്ക് അപാരമായ പൂർണ്ണത അനുഭവപ്പെട്ടു.’’ പണ്ട് പ്രണയത്തിന്റെ പിടിയിൽ പെട്ട് ജീവിതത്തിൽ പ്രിയമായതെല്ലാം മാറ്റിവെച്ച ഭാവന, പിന്നെ അതെല്ലാം സ്വന്തമാക്കുന്നത് ജീവിക്കാൻ വേണ്ടി തന്നെയാണ്. അങ്ങിനെ ആണ് അവർ ജില്ലാജഡ്ജി ആവുന്നതും. 

പ്രതികാരം ചെയ്യുക എന്നൊന്നും അല്ലെങ്കിലും, സ്വയം സന്തോഷിപ്പിക്കാൻ ഉള്ള ചില ശ്രമങ്ങളുടെ ബാക്കികൾ ഏറെ രസമുള്ളതാവും. മകനെയും കൊണ്ട് പഴയ ഭർത്താവിന്റെ വിവാഹത്തിന് ആശംസ നൽകാൻ ചെല്ലുന്നിടത്ത് ആരാണ് ജയിക്കുന്നത്! അത് പ്രതികാരം ആണോ പ്രതിക്രിയയാണോ? ചിലപ്പോഴൊക്കെ ജീവിക്കാനുള്ള ഊർജ്ജം കിട്ടാൻ  സന്തോഷത്തിന്റെ ചില ചെപ്പടിവിദ്യകൾ വേണം. ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിൽ നിന്നും കൺകെട്ടിനാൽ തെളിയുന്ന പ്രിയപ്പെട്ട മറ്റൊരു ജീവിതമുണ്ട്. നിലംതൊടാതെ ഒഴുകുന്ന കാറും ഭാവനയെന്ന വീടും എഡ്വേർഡ് റോസ് പുഷ്പങ്ങളും സന്തോഷവും പ്രണയവും നിറഞ്ഞ ഒന്ന്. ആ ഊർജ്ജമാവണം കഥയവസാനിക്കുമ്പോൾ പ്രതീക്ഷകൾ നഷ്ടമാവുന്നിടത്തും, ഒരാളുടെ അസാന്നിദ്ധ്യത്തിലും സാന്നിദ്ധ്യത്തിന്റെ പരിപൂർണ്ണത അനുഭവിക്കാൻ അവർക്ക് കഴിവേകുന്നതും.  

 

ഒരിടത്ത് കാക്കശ്ശേരി തങ്ങളുടെ കൺകെട്ടുകൾക്കിടയിൽ ഭാവന ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.

 

‘‘നിങ്ങൾ എന്തുകൊണ്ടാണ് എന്നെ പേരു വിളിക്കാതെ മാഡം എന്നു വിളിക്കുന്നത്?’’

 

‘‘നിങ്ങൾക്കു വേണ്ടത് ആദരവാണ്. കിട്ടിയിട്ടില്ലാത്തതും അതാണ്’’

 

ആ ഒരുത്തരം പൊളിച്ചടുക്കുന്ന ഖബറുകൾ പലതാണ്. ശിഥിലമെന്ന് തോന്നുന്ന ബന്ധങ്ങൾ പോലും പങ്കാളിക്ക് അനുവദിച്ചു കൊടുത്ത ഇടങ്ങൾ ഉണ്ട്. മകൾക്ക് ഒരു കുടുംബമായപ്പോൾ തൻ്റെ സ്വന്തം ജീവിതം തേടി പോവുന്ന അമ്മ പോലും ഭാവനയുടെ അച്ഛനോടൊത്ത് ഓണമുണ്ണുന്നത് ഒരു സുന്ദരമായ സന്ദർഭമാണ്. എന്നാൽ ഒരാളുടെ സ്വത്വത്തെ മറ്റൊരാൾക്ക് മുന്നിൽ തുറന്നു കാട്ടേണ്ടി വരുന്ന നിമിഷത്തിന്റെ നിസ്സഹായത - കാക്കശ്ശേരി തങ്ങളുടെ ഭാഷയിൽ ഹിന്ദുവാണൊ മുസ്ലീം ആണൊ എന്നു തന്നെ - പോലെ തന്നെയാണ് വിശ്വാസങ്ങളിൽ ഒരു പിടി മണ്ണിന്റെ വേരുകൾ തേടുന്നതും.

 

ഇതിൽ എവിടെയാണ് ഇന്നിന്റെ രാഷ്ട്രീയം കടന്നു വരുന്നത്? ഒരേ ഒരു തിയതിയിൽ കുരുക്കി മസ്തിഷ്കമരണം സംഭവിച്ചൊ എന്ന് വായനക്കാർക്ക് സ്വയം ചോദിക്കാൻ ഒരു അവസരം നൽകുകയാണ്. 2019 നവംബർ 9നാണ് പുതുക്കി പണിയാനുള്ള ശ്രമത്തിൽ തകർന്ന ഒരു പുരാതനസ്മാരകത്തിന്റെ വലിയ തൂണുകളിൽ ഒന്ന് അടന്നു വീണത്. ശേഷം, വായനയ്ക്കായും മരണം സംഭവിച്ചിട്ടില്ലാത്ത മസ്ത്ഷ്കത്തിന്റെ ചിന്തകൾക്കായും ബാക്കി വെക്കുന്നു.

 

English Summary: Khabar book by KR Meera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com