ADVERTISEMENT

കിടപ്പുമുറിയില്‍ നിന്നു പുറത്തേക്കു തുറക്കുന്ന ജനാല എന്നെന്നേക്കുമായി അടച്ച കെ.ടി.എന്‍ കോട്ടൂര്‍ വിവാഹത്തിന്റെ ആദ്യ ദിനങ്ങളില്‍ അവിടെ സ്ഥാപിച്ചത് വലിയൊരു കണ്ണാടി. അടി മുതല്‍ മുടി വരെ പ്രതിഫലിപ്പിക്കുന്ന നിലക്കണ്ണാടി. കിടപ്പുമുറിയുടെ മുക്കും മൂലയും പോലും കാണാമായിരുന്നു ആ കണ്ണാടിയില്‍. പുടവ കൊടുത്തു കൊണ്ടുവന്ന ലക്ഷ്മിക്കുട്ടിയെ ആലിംഗനം ചെയ്യുന്നത്, ഉമ്മ വയ്ക്കുന്നത് എല്ലാം കോട്ടൂര്‍ കണ്ണാടിയിലും കണ്ടു.  

 

മുറിയില്‍ ജനാലയുണ്ടായിരുന്നെങ്കില്‍ പുറത്തെ കാഴ്ചകള്‍ കാണാമായിരുന്നു. ജനാലയ്ക്കു പകരം കോട്ടൂര്‍ കണ്ണാടി സ്ഥാപിച്ചത് അകത്തെ കാഴ്ചകള്‍ കാണാന്‍. മുറിയിലെ കാഴ്ചകളല്ല, സ്വന്തം മനസ്സു കാണാന്‍. തന്നിലെ വികാരങ്ങളും വിചാരങ്ങളും മനസ്സിലാക്കാന്‍. തന്നെ അറിയാന്‍. തന്റെ ഉള്ളിലെ യഥാര്‍ഥ മനുഷ്യനെ അറിയാന്‍. 

 

കണ്ണാടിയില്‍ പ്രതിഫലിച്ച കാഴ്ചകളില്‍കൂടി, സ്വന്തം പ്രവൃത്തികളില്‍ക്കൂടി, 

ജീവിതത്തിലൂടെ, എഴുത്തിലൂടെ സ്വയം അറിയാനുള്ള പരിശ്രമമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തന്നെത്തന്നെ കീഴടക്കാനുള്ള ശ്രമം. ആഗ്രഹിച്ച വഴിയിലൂടെ മുന്നേറാനുള്ള യത്നങ്ങള്‍. അവ പാതിവഴിയില്‍ പരാജയപ്പെട്ടതിന്റെ ചരിത്രമാണ് കോട്ടൂരിന്റെ ജീവിതം. ചുറ്റുമുള്ളവര്‍ക്കും അയാളെ മനസ്സിലാക്കാനായില്ല; അയാള്‍ ജീവിച്ച കാലത്തിനും. ജീവിതത്തില്‍ നിന്നു കോട്ടൂര്‍ പുറത്താക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പറത്താക്കപ്പെട്ടതുപോലെ. കാലത്തിനും വെളിയിലായതോടെ കാലത്തിനു മുന്നേ സഞ്ചരിച്ച കോട്ടൂര്‍ തളര്‍ന്നു. പറക്കാന്‍ കഴിവുണ്ടായിട്ടും ആകാശം നിഷേധിക്കപ്പെട്ട പക്ഷിയെപ്പോലെ. പറന്നപ്പോള്‍ ആകാശത്ത് എത്തിയെങ്കിലും തിരിച്ചു ഭൂമിയിലേക്ക് പറന്നുവന്നിരിക്കാന്‍ കഴിയാതെ വീണുപോയതുപോലെ. വീഴ്ചയിലും കോട്ടൂര്‍ എഴുതിയതു വിജയത്തിന്റെ കഥ. ആരും വിജയിക്കുന്നില്ലെന്നു തിരിച്ചറഞ്ഞതില്‍നിന്നുണ്ടായ ബോധോധയം. തിരിഞ്ഞുനോക്കൂമ്പോള്‍ എന്ന ഓര്‍മക്കുറിപ്പുകളില്‍ കോട്ടൂര്‍ മനുഷ്യജീവിതത്തെ സംഗ്രഹിച്ചതു രണ്ടു വരികളില്‍: 

 

ചിലര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിസ്മൃതിയിലേക്കു തള്ളപ്പെടുന്നു. 

ചിലര്‍ മരണശേഷവും ! 

 

കമ്മ്യൂണിസത്തെക്കുറിച്ച് മലയാളത്തില്‍ ആദ്യമായി എഴുതുന്നതു കോട്ടൂരാണ്. കൊയിലോത്തു താഴെ നാരായണന്‍ നായര്‍, കോട്ടൂര്‍ എന്ന കെ.ടി.എന്‍ കോട്ടൂര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ആദ്യമായി അകലുന്ന മലയാളിയും അദ്ദേഹം തന്നെ. 

 

ജീവിതത്തിലായാലും എഴുത്തിലായാലും (ഇതു രണ്ടും കൊയിലോത്തു താഴെ നാരായണന്‍ നായര്‍ക്കു വെവ്വേറെയായിരുന്നില്ല) സ്വപ്നങ്ങളായിരുന്നു കെ.ടി.എന്‍ കോട്ടൂരിന്റെ ഇഷ്ട വിഷയം. സ്വപ്നങ്ങളുടെ കളിത്തൊട്ടിലില്‍ എന്ന ലേഖനത്തിന്റെ കയ്യെഴുത്തുപ്രതിയുടെ മാര്‍ജിനില്‍ വിഷയത്തെക്കുറിച്ചു ബന്ധമില്ലെങ്കിലും താന്‍ വായിച്ച ഒരു ലേഖനത്തില്‍ നിന്നുള്ള വരികള്‍ കോട്ടൂര്‍ ഓര്‍ത്തെടുത്ത് എഴുതിയിട്ടുണ്ട്. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവും ലെനിന്റെ സുഹൃത്തും ജനങ്ങള്‍ക്കു പ്രിയങ്കരനുമായിരുന്ന ബുക്കാറിന്‍, സ്റ്റാലിന്റെ തടവറയില്‍ മരണം കാത്തുകിടക്കുമ്പോള്‍ എഴുതിയിയ സങ്കടകരമായ കത്തില്‍ നിന്നുള്ള വരികള്‍. സ്റ്റാലിനെ അഭിസംബോധന ചെയ്യുന്ന കത്ത്. 

 

‘രാത്രിയാണ് ഞാനെഴുതിയത്. അക്ഷരാര്‍ഥത്തില്‍ ഹൃദയത്തില്‍നിന്നു പറിച്ചെടുത്തുകൊണ്ട്. ഈ രചന അപ്രത്യക്ഷമാകാന്‍ ഇടവരുത്തരുതേ എന്ന് അങ്ങയോട് ഹൃദയം പൊട്ടി യാചിക്കുന്നു. ഈ കൃതി നശിപ്പിക്കരുതേ. ഞാന്‍ ആവര്‍ത്തിക്കുന്നു. തറപ്പിച്ചു പറയുന്നു. ഇതു നശിപ്പിക്കരുതേ. എന്റെ ജീവിതത്തെ എന്തു വേണെങ്കിലും ചെയ്തോളൂ. എന്റെ വ്യക്തിപരമായ വിധിയെ മാറ്റിനിര്‍ത്തൂ. ഈ കൃതി നഷ്ടപ്പെടുത്തരുതേ. ദയവു തോന്നണം. എന്നോടല്ല. എന്റെ രചനകളോട്’ 

 

കാലത്തില്‍ നിന്നു സ്വയം മാറിനിന്ന കോട്ടൂര്‍ കേരളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ട വ്യക്തിയല്ലായിരുന്നു. സാര്‍വലൗകിക മാനമുണ്ടായിരുന്നു അയാളുടെ ചിന്തകള്‍ക്ക്. എന്നിട്ടും കവിയും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക പ്രവര്‍ത്തകനായി വളര്‍ന്നെങ്കിലും ഒടുവില്‍ ഒരു ദിവസം അദ്ദേഹം അപ്രത്യക്ഷനായി. ചിലര്‍ക്ക് കവി. ചിലര്‍ക്ക് കോണ്‍ഗ്രസ്. ചിലര്‍ക്ക് കമ്മ്യൂണിസ്റ്റ്. ചിലര്‍ക്ക് വര്‍ഗീയവാദി. ചിലര്‍ക്ക് ദുര്‍മാര്‍ഗി. ചിലര്‍ക്കു സദാചാരി. ചിലര്‍ക്കു കുറ്റവാളി. വ്യക്തിത്വങ്ങളില്‍ നിന്നു വ്യക്തിത്വങ്ങളിലേക്കു കൂടുമാറി, കൂടുമാറി, ഒന്നിലും ഒതുങ്ങാതെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു ജീവിച്ച ഏകാകി. 

 

1919-ലോ 20-ലോ ജനിച്ച് 1947 ഓഗസ്റ്റ് 16 ന് മദ്രാസ് മെയില്‍ ദിനപത്രത്തിന്റെ ഒന്നാം പേജില്‍ ഇടതുവശത്ത് ഒരു ചിത്രത്തില്‍ അവസാനിച്ച കെ.ടി.എന്‍ കോട്ടൂരിന്റെ ജീവിതം ഇനി ഇംഗ്ലിഷിലും വായിക്കാം. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ടി.പി.രാജീവന്റെ കെ.ടി.എന്‍.കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന രചന ഇംഗ്ലിഷിലേക്കു മൊഴിമാറ്റിയത് പി.ജെ.മാത്യു. ‘ദ് മാന്‍ ഹു ലേണ്ട് ടു ഫ്ലൈ ബട് കുഡ് നോട് ലാന്‍ഡ്’ എന്ന പേരില്‍. 21-ാം നൂറ്റാണ്ടിന്റെ ആദ്യ രണ്ടു പതിറ്റാണ്ട് മലയാളത്തിനു സമ്മാനത്തിനു സമ്മാനിച്ച ഏറ്റവും വിശിഷ്ട കൃതി എന്നു നിസ്സംശയം പറയാവുന്ന കോട്ടൂര്‍ തനിമയും ഗാംഭീര്യവും പരമാവധി നിലനിര്‍ത്തുന്നുണ്ട് ഇംഗ്ലിഷ് പരിഭാഷയിലും. 

 

എഴുത്തിന്റെ പതിവു ചിട്ടവട്ടങ്ങളെ അതിലംഘിക്കുന്ന നോവല്‍ ആശയലോകത്തു മാത്രമല്ല ഘടനയിലും ഭാവത്തിലും ഭാവാവിഷ്ക്കാരത്തിലും ഏകാന്ത വിസ്മയമാണ്. ഒരുപക്ഷേ, കോട്ടൂരിനെ അയാള്‍ക്കുശേഷമുള്ള കാലത്തിനാണു മനസ്സിലായത് എന്നതുപോലെ ടി.പി.രാജീവന്റെ നോവലിനെ മനസ്സിലാക്കുന്നത് ഇനി വരുന്ന തലമുറകളായിരിക്കും. അതിന്റെ നാന്ദി കൂടിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഇംഗ്ലിഷ് പരിഭാഷ. 

 

സ്വാതന്ത്ര്യം എന്ന നിത്യസുന്ദരമായ ആശയത്തെക്കുറിച്ചുള്ള ഏറ്റവും ഉദാത്തമായ പഠനമാണ് കോട്ടരിന്റെ ജീവിതം അഥവാ ടി.പി. രാജീവന്റെ നോവല്‍. 2012 -ല്‍ നോവല്‍ തൃശൂര്‍ കറന്റ് ബുക്സ് പുറത്തിറക്കിയതുമുതല്‍ കോട്ടൂരിനെക്കുറിച്ചും അദ്ദേഹത്തിന്റെ രചനകളെക്കുറിച്ചും ഉണ്ടായ അന്വേഷണങ്ങള്‍ തന്നെയാണ് ടി.പി. രാജീവന്‍ എന്ന നോവലിസ്റ്റിനു ലഭിച്ച ഏറ്റവും വലിയ അംഗീകാരം; അദ്ദേഹത്തിന്റെ രചനാശൈലിക്കും. ഇംഗ്ലിഷ് വിവര്‍ത്തനത്തിന്റെ പേരില്‍ പി.ജെ. മാത്യുവും അര്‍ഹിക്കുന്നുണ്ട് അംഗീകാരം. മറ്റൊരു കാലത്തെയും സ്ഥലത്തെയും പുന:സൃഷ്ടിച്ച, സ്വന്തമായൊരു ലോകം സൃഷ്ടിച്ച നോവല്‍ കോട്ടം തട്ടാതെ ഇംഗ്ലിഷിലാക്കിയ അസാധാരണത്വം. 

 

സ്വന്തം ഇച്ഛകള്‍ക്കു കടിഞ്ഞാണിട്ടു സദാചാര നിയമങ്ങളെ അനുസരിച്ചു ജീവിച്ചാല്‍ സമൂഹത്തിലെ ആദരണനീയനായ വ്യക്തിയായി മാറാം; മനഃസാക്ഷിയെ വഞ്ചിക്കണമെന്നു മാത്രം. മനസ്സു പറയുന്ന വഴിയേ സ‍ഞ്ചരിച്ചാല്‍ സമൂഹത്തിനു പുറത്തായിരിക്കും വ്യക്തിയുടെ സ്ഥാനം. സമൂഹ ജീവിതത്തിന്റെ തുടക്കം മുതല്‍ മനുഷ്യന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ മനോവ്യഥ. ഈ സംഘര്‍ഷത്തില്‍ നിന്നും പൊരുത്തക്കേടില്‍ നിന്നുമാണ് മനുഷ്യന്റെ ധാര്‍മ്മിക വ്യസനങ്ങളുടെ പിറവി. കോട്ടൂര്‍ കിടന്നുപിടഞ്ഞ കുരിശ്. ആ ജീവിതത്തിന്റെ തീവ്ര ദുരന്ത ശോഭ ടി.പി. രാജീവന്‍ മലയാളത്തിലാക്കിയ ശൈലി തന്നെയാണു വലിയ വിസ്മയം. 

 

മാജിക്കല്‍ ഹിസ്റ്ററി എന്നു വിശേഷിപ്പിക്കാവുന്ന മലയാളത്തിലെ ഒരേയൊരു നോവല്‍. പൂര്‍ണ്ണതയും അപൂര്‍ണ്ണതയും തമ്മിലുള്ള സംഘര്‍ഷം ഇതിഹാസ സമാനമായി അക്ഷരങ്ങളിലേക്കു പകര്‍ന്ന അത്ഭുതം. 

കോട്ടൂര്‍ ഇംഗ്ലിഷിലും സമ്മാനിക്കുന്നതു സമാനതകളിലാത്ത വായനാനുഭവം. മലയാളത്തിന്റെ പുണ്യം ഇനി ലോകത്തിനും സ്വന്തം. 

 

English Summary : The Man Who Learnt to Fly But Could Not Land Book by Thachom Poyil Rajeevan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com