എല്‍സ: പ്രണയത്തിന്റെ കാറ്റില്‍ അടര്‍ന്ന അക്ഷരച്ചില്ല

elsa-p
SHARE
ജിജോ മാത്യു

കറന്റ് ബുക്സ്

വില 120 രൂപ

ചിരിയോ ഗൗരവമോ മുഖത്തു കാട്ടുന്നവര്‍ പോലും ദുഃഖത്തിന്റെ ഒരു തുരുത്ത് ഉള്ളില്‍ ആരും കാണാതെ ഒളിപ്പിച്ചുവയ്ക്കാറുണ്ട്. ഒരുപാടു തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന സ്വകാര്യനിമിഷത്തില്‍, ഓര്‍മയുടെ തോണിയിലേറി ആ തുരുത്തിലേക്ക് ഒന്നു കടന്നുചെല്ലാന്‍, അതില്‍ എന്നൊക്കെയോ എടുത്തുസൂക്ഷിച്ചുവച്ച വേദനയുടെ മുത്തുകളെ എടുത്തു താലോലിക്കാന്‍, ഇഷ്ടപ്പെട്ട ഒരു ദുഃഖഗാനം ആരും കേള്‍ക്കാതെ മൂളാന്‍, ആരും കാണാതെ ഒന്നു കണ്ണുതുടയ്ക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. സമയമില്ലാത്തതുകൊണ്ട്, നാണക്കേടുകൊണ്ട്, അവിടെനിന്നു തിരിച്ചുവരാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന പേടി കൊണ്ട് ആ തുരുത്തിലേക്കൊന്നു തിരിഞ്ഞുനോക്കാതെ തിരക്കിട്ടു നീങ്ങുന്നു പലരും പലപ്പോഴും. എന്നാല്‍ ആ തുരുത്തുകള്‍ എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അനുഭവിപ്പിക്കുന്ന പുസ്തകമാണ് ജിജോ മാത്യുവിന്റെ ആദ്യ നോവല്‍ എല്‍സ. 

ആള്‍ക്കൂട്ടത്തിലായിരിക്കുമ്പോഴും ഒറ്റപ്പെട്ടവരാണു മനുഷ്യര്‍. ചിലര്‍ അതറിയാതെ, അംഗീകരിക്കാതെ, ഉള്‍ക്കൊള്ളാതെ ഒഴുക്കിനൊപ്പം നീങ്ങുന്നു. ഒരുപക്ഷേ വേദനയുടെ കുരിശു ചുമക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടുകൂടിയായിരിക്കാം അവര്‍ ഒഴുക്കിന്റെ ഭാഗമാകുന്നത്. വേദനയുടെ കടലില്‍ മുങ്ങിയാല്‍ ഇനിയൊരിക്കലും എങ്ങും എത്തിച്ചേരില്ല എന്ന പേടി കൊണ്ടോ ആശങ്ക കൊണ്ടോ. അവര്‍ക്കിഷ്ടം തിരക്കാണ്. ഓട്ടമാണ്. എങ്ങും ഒരിക്കലും എത്തിച്ചേരില്ലെങ്കിലും, ലക്ഷ്യം അകലെയല്ലെന്ന പ്രതീക്ഷയോടെയുള്ള ഒഴുക്ക്. 

എന്നാല്‍ ആള്‍ക്കൂട്ടത്തിന്റെ ആരവത്തിലും നിശ്ശബ്ദരാകുന്നവരുണ്ട്. ചുറ്റും ആളുകളുണ്ടെങ്കിലും ഒറ്റയ്ക്കായിപോകുന്നവര്‍. മത്സരയോട്ടത്തില്‍ പിന്നിലായിപ്പോകുന്നവര്‍. പുറത്തേക്കു നോക്കുന്നതുപോലെ അകത്തേക്കും നോക്കുന്നവര്‍. അവരുടെ ദുഃഖഗാഥകള്‍ കൂടിയാണ് ജീവിതം. അവരുടെ ഒഴുകാത്ത കണ്ണുനീരിന്റെ അരുവി കൂടിയാണ് നിമിഷങ്ങളെ ആര്‍ദ്രമാക്കുന്നത്. സ്നേഹത്തെ സാന്ത്വനിപ്പിക്കുന്ന ഔഷധമാക്കുന്നത്.  അവരുടെ കഥകള്‍ രേഖപ്പെടുത്തിയതുകൊണ്ടാണു സാഹിത്യം ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്നത്. അക്ഷരങ്ങള്‍ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്നത്. എഴുത്തും വായനയും ജീവിതത്തിന്റെ ഭാഗമാകുന്നത്. 

ഒരു ദിവസവും വ്യര്‍ഥമല്ല, 

ഈ ദിവസത്തേക്കാള്‍. 

ഒരോര്‍മയും ക്രൂരമല്ല 

ഈ ഓര്‍മയേക്കാള്‍. 

ഒരു വെറുപ്പും കയ്പുള്ളതല്ല, 

എന്റെ സ്നേഹത്തേക്കാള്‍. 

ഞാന്‍ മറന്നത് നിന്നെയല്ല 

നിന്നെ സ്നേഹിച്ച എന്നെയാണ്. 

അവസാനമായി എല്‍സ അയച്ച വാട്സാപ് സന്ദേശം ജീവിതത്തില്‍ പരാജയപ്പെട്ടവരുടെ പ്രത്യയശാസ്ത്രമാണ്. നിരാധാരമായി, നിസ്സഹായമായി സ്നേഹിച്ചു കൊതി തീരാത്തവരുടെ ഹൃദയമന്ത്രം. കാമുകന്‍ ആനന്ദ് മാത്രമല്ല, സുഹൃത്ത് റൂബന്‍ മാത്രമല്ല, അനുജത്തി അന്ന മാത്രമല്ല ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ള, പ്രണയം കൊതിച്ച എല്ലാ മനുഷ്യരുടെയും ഹൃദ്സ്പന്ദനങ്ങള്‍. 

ജീവിതം എന്ന ശൂന്യമായ കടലാസ്സില്‍ പ്രണയത്തിന്റെ കവിത കുറിക്കാനാണ് എല്‍സ ശ്രമിച്ചത്; ആനന്ദും. റൂബനാകട്ടെ നഷ്ട സൗഹൃദത്തിന്റെ ആശ്രയമില്ലാത്ത ഇരുട്ടില്‍ നിന്നു സ്നേഹത്തിന്റെ വെളിച്ചം തിരഞ്ഞുനടന്നവന്‍. സഹോദരി സമ്മാനിച്ച ജീവിതത്തില്‍ കടപ്പാടിന്റെ ആഴവും പരപ്പും വൈകിമാത്രം തിരിച്ചറിഞ്ഞു അന്ന. ഈ മൂന്നു കഥാപാത്രങ്ങളിലൂടെ പ്രണയം എന്ന കവിത പൂരിപ്പിക്കാന്‍ ശ്രമിക്കുകയാണു ജിജോ മാത്യു എല്‍സയില്‍. ജീവിതത്തില്‍ ഓരോരുത്തരും ഹൃദയത്തില്‍ വഹിക്കുന്ന, പുറത്തെടുത്തു താലോലിക്കാന്‍ മടിക്കുന്ന കണ്ണുനീരിന്റെ ഭംഗി തിളങ്ങുന്ന വാക്കുകളിലൂടെ. 

വായിക്കുന്നവരില്‍ എല്‍സ ചിലപ്പോള്‍ പ്രണയത്തിനു തിരികൊളുത്തിയേക്കാം. വെയിലില്‍ അപ്രതീക്ഷിതമായി പെയ്യുന്ന മഴ പോലെ. ഒളിച്ചുവച്ച കുറ്റബോധത്തിന്റെ ഇരുട്ടിലേക്കു വലിച്ചെറിഞ്ഞേക്കാം. ആ ഇരുട്ടിനെ കടന്നുപോകാതെ ജീവിതം പൂര്‍ത്തിയാകുന്നില്ലെന്ന ഓര്‍മപ്പെടുത്തലോടെ. ഇന്നലെകളില്‍ അവഗണിച്ച സ്നേഹത്തെ തേടി ഭ്രന്തെടുത്തു പോകാന്‍ പ്രേരിപ്പിച്ചേക്കാം. സ്നേഹം മടക്കിക്കൊടുക്കാതെ സമാധാനത്തിന്റെ സ്വര്‍ഗം ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന തിരിച്ചറിവില്‍. 

ആകാശത്തിന്റെ ഉറവകളില്‍നിന്ന് വര്‍ഷകാലത്തിന്റെ അരുവികള്‍ പുറപ്പെട്ടു. ഓര്‍മകള്‍ പടര്‍ന്നുകയറിയ മലഞ്ചെരുവുകളിലൂടെ അവ താഴേക്കു കുതിച്ചൊഴുകി. പ്രവാഹങ്ങളില്‍ പാര്‍പ്പിടങ്ങളും പച്ചത്തലപ്പുകളും കൂട്ടതോടെ കടപുഴകി. ഉരുള്‍പൊട്ടലുകളില്‍ ഒടിഞ്ഞുതൂങ്ങിയ ശിരസ്സുമായി മലമുടികള്‍ പ്രതീക്ഷയറ്റുനിന്നു. ഒലിവിലയുമായി തിരികെയെത്താത്ത പ്രാവുകളെ കാത്ത് മലകളിലുറയ്ക്കാത്ത പെട്ടകങ്ങള്‍ പ്രളയത്തില്‍ അലഞ്ഞുനടന്നു.

English Summary: Elsa, book written by Jijo Mathew 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;