ഉള്ളിന്നുള്ളിലെ അപരയെ പുണരുന്ന ആത്മരതി; കാമി

HIGHLIGHTS
  • സ്ത്രീയുടെ ദ്വന്ദ്വവ്യക്തിത്വങ്ങളെ അനാവരണം ചെയ്യുന്ന കൃതി
kami-p
SHARE
രോഷ്നിസ്വപ്ന

ടെൽ ബ്രെയ്ൻ പബ്ലിക്കേഷൻസ്

വില: 120 രൂപ

മർമശാസ്ത്രത്തിന്റെ നിഗൂഢതയിലേക്ക് പ്രണയത്തെയും പ്രതികാരത്തെയും സന്നിവേശിപ്പിച്ച ഒരനുഭവമാണ് രോഷ്നിസ്വപ്നയുടെ കാമി. കവിതയാൽ സ്ഫുടം ചെയ്തെടുക്കപ്പെട്ട നോവലെന്നു പറയാവുന്ന കാവ്യാത്മകമായ ശൈലിയാണ് ഈ നോവലിന്റെ പ്രത്യേകത. ഒരു സ്ത്രീയുടെ ദ്വന്ദ്വവ്യക്തിത്വങ്ങളെ അനാവരണം ചെയ്യുന്ന കൃതിയെന്ന് പ്രസാധകർ അഭിപ്രായപ്പെടുന്ന ഈ നോവൽ ഇതുവരെ നമ്മൾ വായിച്ച നോവലുകളുടെ വഴിത്താരയിൽനിന്ന് അൽപം നീങ്ങി നടക്കുന്ന ഒന്നാണ്. 

കാമി എന്ന അധികം കേട്ടിട്ടില്ലാത്ത പേരിൽനിന്നു തന്നെയാണ് നോവലിലേക്കുള്ള ആകാംക്ഷയും ആരംഭിക്കുന്നത്. മരണം പോലെ കത്തുന്നതെന്നു വിശേഷിപ്പിക്കപ്പെടുന്ന കാമി -ചിത്രൻ പ്രണയവും കാമിയിലെ അപരയെ കൊലപ്പെടുത്തിയത് ചിത്രനാണെന്ന ധാരണയിൽ സംശയമേതും ശേഷിപ്പിക്കാതെ കാമി ചിത്രനെ നിത്യമായ ഉറക്കത്തിലേക്കു യാത്രയാക്കുന്നതുമാണ് നോവലിന്റെ പ്രമേയം.

പ്രമേയത്തെ മറികടക്കുന്ന ആഖ്യാനശൈലിയാണ് നോവലിന്റെ സവിശേഷത. തുടക്കം, ഒടുക്കം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് നോവൽ സംവിധാനം ചെയ്തിട്ടുള്ളത്. ഒടുക്കത്തെ തുടക്കത്തിലേക്കും തുടക്കത്തെ ഒടുക്കത്തിലേക്കും മാറ്റി പ്രതിഷ്ഠിച്ചു കൊണ്ട് സാധാരണ സമവാക്യങ്ങളെ നിരാകരിക്കുന്ന രീതിയിലുള്ള ഒരു പുതുമ ആഖ്യാനത്തിൽ നിരന്തരം പിന്തുടരുന്നുണ്ട്. ഫ്ലാഷ്ബാക്കാണ് പ്രധാന രചനാസങ്കേതം .

പ്രകൃതിയുടെ നാനാവർണങ്ങളും കുളിർമയും തീക്ഷ്ണതയുമെല്ലാമാണ് നോവലിലുടനീളം നിറഞ്ഞു നിൽക്കുന്നത്. ‘കാമിയുടെ സ്വപ്നത്തിൽനിന്ന് തീവെളിച്ചം പോലെ കരിനീലയും കടും മഞ്ഞയും കലർന്ന നാളങ്ങൾ ചിത്രന്റെ ഉണർച്ചയിലേക്ക് ആളി വീശി’ എന്ന മട്ടിൽ രതി ഏറ്റവും ഗോപ്യമായും ജ്വലിക്കുന്ന ഉടലുത്സവങ്ങളായും അടയാളപ്പെടുത്തുന്ന വൈദഗ്ധ്യം എടുത്തുപറയേണ്ടതാണ്‌.

ഇരുപത്തിമൂന്നധ്യായങ്ങൾ, ഓരോ അധ്യായത്തിനും പ്രത്യേകം തലക്കെട്ടുകൾ, അധ്യായത്തിലേക്കു വിരൽ ചൂണ്ടുന്ന കവിത തുളുമ്പുന്ന ഉപശീർഷകങ്ങൾ തുടങ്ങി സമാനതകളില്ലാത്ത വിധം നോവലിനെ രചയിതാവിന്റെ കൗശലമാക്കിമാറ്റാൻ രോഷ്നിസ്വപ്നയ്ക്കു കഴിഞ്ഞിട്ടുണ്ട്. കാടിന്റെയും രാത്രിയുടെയും സൗന്ദര്യം വർണിക്കുന്നിടത്ത് രചയിതാവിന്റെ ചിത്രരചനാ കൗശലം കൂടി പ്രകടമാകുന്നു. ദൃശ്യപരതയാണ് നോവലിന്റെ ഏറ്റവും വലിയ സവിശേഷതയെന്നു പറയാതെ വയ്യ.

നിഗൂഢതയുടെ സൗന്ദര്യമാണ് രോഷ്നിസ്വപ്നയുടെ മറ്റെല്ലാ കൃതികളെയും പോലെ കാമിയെയും വേറിട്ടു നിർത്തുന്നത്. വായനയുടെ അവസാനത്തിൽ നമ്മിലേക്കു തന്നെ ചൂഴ്ന്നു നോക്കാനുള്ള ഒരവസരമാണ് കാമി നൽകുന്നത്. ഉള്ളിന്നുള്ളിലെ അപരയെ പുണരുന്ന ആത്മരതിയാണ് കാമി. കാമിയുടെ സത്ത മുഴുവൻ ആവാഹിച്ച മുഖചിത്രം രാജേഷ് ചാലോടിന്റേതാണ്. പ്രസാധനം ടെൽ ബ്രെയ്ൻ പബ്ലിക്കേഷൻസ്.

English Summary: Kami book by Roshni Swapna

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;