കടൽ കടന്ന ആദ്യ സഞ്ചാരി മറിയാമ്മ അമ്മച്ചിയാണോ?

HIGHLIGHTS
  • ബെന്യാമിന്റെ പുതിയ നോവൽ
  • നഴ്സുമാരുടെ കഥ പറയുന്ന 'നിശബ്ദസഞ്ചാരങ്ങൾ'
nisabdha-sancharangal-p
SHARE
ബെന്യാമിൻ

ഡിസി ബുക്സ്

വില : 330 രൂപ

നമ്മുടെയൊക്കെ പഴയ തലമുറയിൽ ആരൊക്കെയുണ്ടായിരുന്നു അവരൊക്കെ എന്ത് ചെയ്തിരുന്നു എന്ന് ചോദിച്ചാൽ കൃത്യമായി ഉത്തരം പറയാൻ കഴിയുന്നവർ എത്ര പേരുണ്ടാകും? പിതാവ്, മാതാവ്, അവരുടെ മാതാപിതാക്കൾ, അതിനും പുറകിലെ ഒരു കാലത്തിലേക്ക് ആരെങ്കിലും സഞ്ചരിച്ചു നോക്കാറുണ്ടോ? അവർ എന്തൊക്കെ ചെയ്തിരുന്നു, വരും കാലത്ത് അവരെ അടയാളപ്പെടുത്താൻ എന്തെങ്കിലും അവർ അവശേഷിപ്പിച്ചിരുന്നോ എന്നൊക്കെ തിരഞ്ഞു പോകാൻ അത്രയെളുപ്പമല്ല, എന്നാൽ അത്തരമൊരു കഠിനമായ യാത്രയിലൂടെ തങ്ങളുടെ കുടുംബത്തിന്റെ മാത്രമല്ല ഒരു സമൂഹത്തിന്റെ മുഴുവൻ ഓർമ്മകളിലേക്ക് ഒരു മനുഷ്യനെ ചേർത്ത് വയ്ക്കുകയാണ് മനു എന്ന യുവാവ് ചെയ്തത്. ബെന്യാമിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘നിശബ്ദസഞ്ചാരങ്ങൾ’ എന്ന പുസ്തകത്തിലെ നായകൻ മനുവിനെക്കുറിച്ചാണ് പറയുന്നത്. മനു നടത്തിയ സഞ്ചാരങ്ങളിൽ നിന്ന് തിരിച്ചറിയപ്പെട്ടത് അറുപത് വർഷത്തോളം പഴക്കമുള്ള ഒരു യാത്രയുടെ വിശേഷങ്ങൾ. 

കേരളത്തിൽ ഒരു കാലത്ത് ഏതു പെൺകുട്ടിയോട് ചോദിച്ചാലും അവരിൽ പത്തിൽ എട്ടു പേർ പത്താം ക്ലാസ് കഴിഞ്ഞാൽ തിരഞ്ഞെടുക്കുന്നത് നഴ്സ് എന്ന ജോലി തന്നെയായിരുന്നു, പ്രത്യേകിച്ച് കേരളത്തിലെ ക്രിസ്ത്യൻ സമൂഹം. അതും കോഴ്സ് കഴിഞ്ഞാൽ നേരെ വിദേശത്തെവിടെയെങ്കിലും ജോലി വേണം, പിന്നെ നേരെ ഒരു പറക്കൽ. അതിനു ശേഷം വിദേശത്തേയ്ക്ക് പോകുന്ന നഴ്‌സിന്റെ ബന്ധുക്കളും മറ്റുള്ളവരുമെല്ലാം പതിയെ അവിടേയ്ക്ക് തിരിക്കും.   

ആരായിരിക്കും ഇത്തരത്തിൽ ആദ്യം ഇവിടെ നിന്നും വിദേശത്തേയ്ക്ക് പറന്നിട്ടുണ്ടാവുക? ഒരിക്കലെങ്കിലും ആരെങ്കിലും ഈ ചോദ്യം ചോദിച്ചട്ടുണ്ടാകുമോ? എന്നാൽ ബെന്യാമിന്റെ നായകൻ മനു ഈ ചോദ്യം സ്വയം ചോദിക്കുകയും അയാൾ അതിന്റെ ഉത്തരം കണ്ടെത്തുകയും ചെയ്തു. അസുഖം ബാധിച്ച് ആശുപത്രിയിൽ കിടക്കുന്ന നായകനിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. തന്നെ പരിചരിക്കുന്ന പ്രായം കുറഞ്ഞ ഒരു നഴ്സ് പെൺകുട്ടിയിൽ അവൻ കാണുന്നത് സ്വന്തം അമ്മയെത്തന്നെയാണ്. 

കുട്ടിക്കാലത്ത് നഴ്‍സ് ആയതുകൊണ്ട് മാത്രം അമ്മയിൽ നിന്ന് തനിക്ക് നഷ്ടപ്പെട്ട സമയം അവൻ ഓർക്കുന്നുണ്ട്, അന്ന് അനുഭവിക്കുന്ന സങ്കടങ്ങൾക്ക് ആ നഴ്സ് പെൺകുട്ടിയുടെ കരുണയുള്ള സേവനത്തിലൂടെ അവൻ പരിഹാരം കണ്ടെത്തി. തന്നെക്കാൾ അമ്മയെന്ന മാലാഖയെ ആവശ്യം അവരുടെ രോഗികൾക്ക് തന്നെ ആയിരുന്നിരിക്കണം.

മനുവിന്റെ പൊളിച്ചു കളയാൻ തയാറായിരിക്കുന്ന വീട്ടിൽ നിന്നുമാണ് അവന് ഒരിക്കൽ ഒരു കത്ത് കിട്ടുന്നത്. അത് അവന്റെ മുത്തച്ഛന്റെ സഹോദരിയായ മറിയാമ്മ അമ്മച്ചിയുടേതായിരുന്നു. അവർ ആരാണ് എന്ന അന്വേഷണം വളരെ സ്വാഭാവികമായി അല്ലെങ്കിൽ യാര്ശ്ചികമായി മനുവിൽ ഉണ്ടായിപ്പോയതാണ്. 

ഒരു കാര്യം നാം അന്വേഷിച്ച് തുടങ്ങിയാൽ അതിനെ കണ്ടെത്താൻ തക്ക വിധത്തിലുള്ള തെളിവുകളും സൂചനകളും നമ്മളിലേക്ക് വന്നു കൊണ്ടേയിരിക്കും, പലപ്പോഴും അമ്പരപ്പിക്കുന്ന അത്ര വേഗതയിൽ. അങ്ങനെ മറിയാമ്മ അമ്മച്ചിയെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയ മനുവിന്റെ മുന്നിലേയ്ക്ക് കുറെ മനുഷ്യർ വന്നു പെടുകയാണ്. ആരായിരുന്നു മറിയാമ്മ അമ്മച്ചി?

ആദ്യമായി കേരളത്തിൽ നിന്ന് കടൽ കടന്നു മാലാഖയുടെ ജോലി ചെയ്യാനായി വിദേശത്തേയ്ക്ക് പോയ സ്ത്രീ. യുദ്ധങ്ങളിൽ മനുഷ്യർക്കൊപ്പം നിന്ന് അവരുടെ മുറിവുകൾ തുടയ്ക്കുകയും ജീവൻ കാക്കുകയും ചെയ്ത ദൈവം പറഞ്ഞയച്ച മാലാഖ? മനുവിന്റെ കാമുകിയായ ജാനകിയുടെ തീസീസിന് വേണ്ടിയും ഇതൊന്നുമല്ലാതെ തന്റെ തായ്‌വേര് അന്വേഷിക്കാനുള്ള താൽപ്പര്യം കൊണ്ടും മനുവിന്റെ മറിയാമ്മ അമ്മച്ചിയുടെ ജീവിതത്തിലേക്കുള്ള യാത്രയാണ് നിശബ്ദ സഞ്ചരങ്ങൾ, ഒപ്പം നാമൊക്കെയും കാലത്തിന്റെ പിന്നിലേയ്ക്ക് നീക്കി വച്ച ആ നഴ്‌സുമാരുടെ കുടിയേറ്റത്തിന്റെ കഥകളും. 

പതിവ് പോലെ റിയലിസ്റ്റിക്ക് ആയ ശൈലിയിൽ തന്നെയാണ് ബെന്യാമിൻ നാളുകൾക്ക് ശേഷം നിശബ്ദസഞ്ചാരങ്ങളും എഴുതിയിരിക്കുന്നത്. മറിയാമ്മ അമ്മച്ചിയുടെ കഥകൾ സത്യമാണോ എന്നുള്ള ശങ്കയിൽ നിന്നും ഇതുവരെയും മോചിതയായിട്ടില്ല എന്നതാണ് സത്യം. അതാണ് ഫിക്ഷൻ എഴുതാൻ അറിയുന്ന എഴുത്തുകാരന്റെ കയ്യിൽ കിട്ടുന്ന ഒരു ആശയത്തിന്റെ ഗതി. ഏറ്റവും സത്യസന്ധതതയോടെ എന്നാൽ നുണകളുടെ മനോഹരമായ മേമ്പൊടിയോടെ കഥകളെ അയാൾ വായനയിലേക്ക് സന്നിവേശിപ്പിക്കും. യാഥാർഥ്യവും നുണയും തമ്മിലുള്ള അതിർവരമ്പുകൾ എവിടെ തുടങ്ങുന്നുവെന്നോ അവസാനിക്കുന്നുവെന്നോ വായനക്കാരന് തീരെ ബോധമുണ്ടാകില്ല. അതുകൊണ്ട് തന്നെയാണല്ലോ ഡീഗോ ഗാർഷ്യയെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും ഇപ്പോഴും വായനക്കാർക്കിടയിൽ സംശയങ്ങളുള്ളത്. 

ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ പതിപ്പിലേക്കെത്തിയ പുസ്തകമാണ് നിശബ്ദ സഞ്ചാരങ്ങൾ. തന്റെ ഭാര്യയുടെ ജോലിയിലേക്കുള്ള മടങ്ങിപ്പോക്കിന്റെ ചിത്രം ഫെയ്‌സ്ബുക്കിൽ ഇട്ടുകൊണ്ടാണ് ബെന്യാമിൻ നഴ്‌സുമാരുടെ കുടിയേറ്റത്തെക്കുറിച്ചുള്ള പുസ്തകത്തെക്കുറിച്ച് വായനക്കാരോട് ആദ്യം പറഞ്ഞത്. കോവിഡ് കാലത്തിന്റെ തുടക്കത്തിലായിരുന്നു അത്. അതുകൊണ്ട് തന്നെ ഒട്ടും മറക്കാൻ പറ്റാത്ത ഒരു കാലമെന്നതുപോലെ നോവലിന്റെ അവസാനത്തിലേയ്ക്ക് വരുമ്പോൾ -ഇതാ ഞാൻ ജീവിച്ചിരുന്നൊരു കാലം- എന്നോർമ്മിപ്പിക്കും പോലെ കോവിഡും അതിന്റെ ദുരിതങ്ങളും കൂടി നിശബ്ദ സഞ്ചാരങ്ങളിൽ വന്നത്. 

അല്ലെങ്കിലും മാലാഖമാരെക്കുറിച്ച് പറയുമ്പോൾ ഇനിയുള്ള ഏതു കാലത്തിലും അവർ വാഴ്ത്തപ്പെടുക ഈ കോവിഡ് കാലത്തിന്റെയും കൂടി പേരിലായിരിക്കുമെന്നുള്ളതുകൊണ്ട് പുസ്തകം എഴുതി അവസാനിപ്പിക്കും മുൻപ് ആ അനുഭവത്തെയും വായനയിലേക്ക് ബെന്യാമിൻ കൂട്ടി ചേർത്തിരിക്കുന്നു, അതുകൊണ്ട് തന്നെ വല്ലാത്തൊരു സമകാലികത വായന നൽകുന്നുണ്ട്. മനുവിനെപ്പോലെ ഒരു അന്വേഷണം പിൻതലമുറയിലേയ്ക്ക് നടത്തിയാൽ ഒരുപക്ഷേ എന്തെങ്കിലുമൊക്കെ അടയാളപ്പെടുത്തലുകൾ നടത്തിയ ഒരു മനുഷ്യനെ നാം കണ്ടെത്തിയേക്കില്ലെ എന്നൊരു ചോദ്യം ഉള്ളിലുണ്ടായി. അറിയില്ല, പക്ഷേ അത്രയ്ക്കുണ്ടായിരുന്നു അന്വേഷണ തല്പരനായ മനുവിന്റെ യാത്രകൾ. ശരിക്കും മറിയാമ്മ അമ്മച്ചിയ്ക്ക് വിദേശത്ത് വച്ച് എന്താണ് സംഭവിച്ചത്? അവരുടെ മരണപ്പെട്ട ശരീരം എവിടെയാണ്? അതിനൊക്കെയുള്ള ഉത്തരങ്ങൾ കണ്ടെത്തപ്പെടുമ്പോൾ അയാൾക്കൊപ്പം വായനക്കാരനും വല്ലാത്തൊരു നിർവൃതിയനുഭവിക്കുന്നുണ്ട്. അതാണ് റിയലിസ്റ്റിക് ഫിക്ഷനുകളുടെ ആനന്ദവും. 

English Summary: Nishabda sancharangal book by Benyamin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;