ADVERTISEMENT

പൊരിച്ചു കിടത്തിയ മത്തി പോലെയാണ് കേരളത്തിന്റെ കിടപ്പ്. ഒരറ്റം തൊട്ട് മറ്റേയറ്റം വരെ ക്യാമറക്കണ്ണും തുറന്നുപിടിച്ച് ഒരു ഫൊട്ടോഗ്രഫർ യാത്ര നടത്തുന്നു. ഓരോ നാട്ടിലെയും പലതരം മീൻരുചികൾ നൊട്ടിനുണഞ്ഞുള്ള യാത്ര. ആ യാത്രയ്ക്കിടെ മലമ്പുഴ ഡാമിൽ മീൻ പിടിച്ചതിന് പൊലീസ് പിടിക്കുന്നു. കരിമീന്റെ തല തിന്നുമ്പോൾ മുള്ള് തൊണ്ടയിൽ കുടുങ്ങി തിരുവനന്തപുരത്ത് ആശുപത്രിയിലാവുന്നു. റസൽ ഷാഹുൽ എന്ന ആ ഫൊട്ടോഗ്രഫർ തന്റെ നെഞ്ചിൽകൈവച്ച് ആത്മാർഥമായി മീൻരുചികളെക്കുറിച്ച് എഴുതുന്നു. ആ പുസ്തകമാണ് ‘രുചി മീൻ സഞ്ചാരം’.

 

മനോരമ ട്രാവലറിൽ പ്രസിദ്ധീകരിച്ചുവന്ന ഫിഷ് ട്രെയിൽ ഓഫ് കേരള എന്ന പംക്തിയാണ് രുചി മീൻ സഞ്ചാരം എന്ന പുസ്തകമായി പുറത്തിറങ്ങിയിരിക്കുന്നത്. യാത്രയെയും ഭക്ഷണത്തെയും സ്നേഹിക്കുന്നവർക്ക് ഒരു ‘കേരള മീൻ വിക്കിപ്പീഡിയ’ പോലെ സൂക്ഷിക്കാവുന്ന തരത്തിലാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്.

 

ഒരു യാത്രാവിവരണത്തിന്റെ ഒഴുക്കോടെ കാഴ്കൾ കണ്ടാസ്വദിച്ചങ്ങനെ മുന്നോട്ടു കൂട്ടിക്കൊണ്ടുപോവുന്ന പുസ്തകം. ഇടയ്ക്കിടെ ഇലയ്ക്കരികിൽ തൊട്ടുകൂട്ടാനായി ഇത്തിരി മീൻവിഭവങ്ങളുടെ രുചിക്കുറിപ്പ്. അത്തരമൊരു ശരീരശാസ്ത്രമാണ് റസൽഷാഹുലിന്റെ എഴുത്തിന്.

 

കേരളത്തിന്റെ വടക്കേയറ്റത്ത് അങ്ങു കാസർകോട്ടെ തേജസ്വിനി പുഴയിൽ പുളയ്ക്കുന്ന മീനുകൾ. അങ്ങു തെക്കേയറ്റത്ത് ചിറ്റാറും കരമനയാറും നെയ്യാറും ചേരുന്ന തിരുവല്ലത്തെ മീനുകൾ. മീനുകളിൽനിന്ന് മീനുകളിലേക്ക് നീന്തിച്ചെല്ലുകയാണ് എഴുത്തുകാരൻ. 

 

സാധാരണ പുസ്തകങ്ങളിൽ അധ്യായം തിരിച്ച് വിവരണം നടത്തുമ്പോൾ ഈ പുസ്തകത്തിൽ ജില്ല തിരിച്ചാണ് അധ്യായങ്ങൾ കടന്നുവരുന്നത്. ഓരോ ജില്ലയിലെയും പുഴകളും കുളങ്ങളും കായലുകളും കഥാപാത്രങ്ങളായെത്തുന്നു. അവിടുത്തെ മീനുകൾ നാട്ടുപേരുകളിൽ കടന്നുവരുന്നു. അവിടത്തെ നാട്ടുകാർ ഇഷ്ടരുചിക്കൂട്ട് പറയുന്നു. പുസ്തകത്തിന്റെ ഓരോ താളും പിന്നിടുമ്പോൾ ‘മീൻ തൊട്ടുകൂട്ടാനുള്ള’ ത്വര ഉള്ളിൽനിറയുകയും ചെയ്യും.

 

ഗോവൻ സോളിട്ട കൊങ്കണി ചെമ്മീൻ കറിയും തിരുത മൊളീശനും പച്ചക്കുരുമുളകിട്ട ആനക്കൊഞ്ചും കനലിൽ ചുട്ട മാലാനും കുമ്പളങ്ങി നെയ്മീനും മാങ്ങയിട്ടുവച്ച കാളാഞ്ചിക്കറിയും ബോട്ടുകാരുടെ മീൻകറിയുമൊക്കെ 160 പേജിലായങ്ങനെ വിളമ്പിവച്ചിരിക്കുകയാണ്.

 

യാത്രാപ്രിയരായ അനേകമനേകമാളുകൾ ഓരോ ദിവസവും പിറന്നുവീഴുന്ന സമൂഹമാധ്യമങ്ങളിലെ വ്ലോഗുകളിൽനിന്ന് ഈ പുസ്തകത്തെ മാറ്റിനിർത്തുന്ന ഒരു പ്രധാനഘടകമുണ്ട്. ഓരോ നാട്ടിലും ഇതുവരെ പുറംലോകമറിയാത്ത രുചികൾ തൊട്ടെടുക്കുന്നതിനൊപ്പം ആ നാട്ടുകാർ വിഭവത്തിന്റെ രുചിക്കൂട്ടുകൾ പാചകക്കുറിപ്പായി പങ്കുവയ്ക്കുന്നു. 

 

തനിക്കു വായിൽത്തോന്നിയതു പോലെ ‘‘ആ കറി കൊള്ളില്ല, ഈ കറിക്ക് ഉപ്പില്ല’’ എന്ന് കുറ്റം പറയാൻ എഴുത്തുകാരൻ ഒരിടത്തും ഒരിക്കലും ശ്രമിക്കുന്നില്ല. ഓരോ നാടിനും അതാതു രുചിയുണ്ട്, അത് ഓരോരുത്തർക്കും ഇഷ്ടപ്പെടുന്ന രുചിയാണ് എന്ന വൈവിധ്യത്തെ അതുപോലെ അവതരിപ്പിക്കുകയാണ് എഴുത്തുകാരൻ. നാനാത്വത്തിലെ ‘രുചി’യെന്ന ഏകത്വത്തിൽ കോർത്താണ് ഓരോ അധ്യായവും കടന്നുപോവുന്നത്.

 

മീൻപിടിക്കാൻ ഒറ്റക്കാലിൽ നിൽക്കുന്ന കൊക്കിനെ കണ്ടിട്ടില്ലേ? മണിക്കൂറുകൾ നീളുന്ന തപസ്സാണത്. വർഷങ്ങളോളം പേനത്തുമ്പത്ത് മീൻകൊത്തുന്നതും കാത്ത് തപസ്സിരുന്ന എഴുത്തുകാരന്റെ മനസ്സ് ഈ പുസ്തകത്തിലെ ഓരോ വരിയിലും കണ്ടെടുക്കാം. 

 

വാലറ്റം: ഉച്ചയ്ക്ക് പതിനൊന്ന്–പതിനൊന്നര മണിയാവുമ്പോൾ ഈ പുസ്തകം വായിക്കരുത്. പെട്ടെന്നു വിശക്കാനും മീൻകൊതി കൂടി വായിൽ വെള്ളം നിറയാനും സാധ്യതയുണ്ട്.

 

English Summary: Ruchi meen sancharam, book written by Russell Shahul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com