ADVERTISEMENT

‘ഇതെന്തൊരു കഥയാണ്?’ ഉണ്ണി ആറിന്റെ കഥകള്‍ വായിച്ച് ആരെങ്കിലും ഇങ്ങനെ ചോദിച്ചാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല. അത് ഉള്ളിന്റെ ഉള്ളില്‍നിന്നു വരുന്ന ചോദ്യമായിരിക്കും. സാധാരണക്കാരന്റെ ചിന്ത അവസാനിക്കുന്നിടത്തു നിന്നായിരിക്കും ഉണ്ണിയുടെ പല കഥകളും ആരംഭിക്കുന്നത്. അത്തരം കഥകളില്‍ അസാധാരണമായി ഒന്നും തന്നെയില്ലതാനും. നമ്മുടെ ചുറ്റുവട്ടത്ത് സംഭവിക്കുന്ന ചെറിയ കാര്യങ്ങള്‍ പോലും ഉണ്ണി വലിയ കഥയാക്കി മാറ്റിയിരിക്കുന്നു. ഒരു കഥ മറ്റൊരു കഥയില്‍നിന്നു തികച്ചും വ്യത്യസ്തമായിരിക്കണമെന്ന നിര്‍ബന്ധബുദ്ധി ഉണ്ണിക്കുണ്ട്. നമ്മുടെ ഇടയിലൂടെ കടന്നുപോകുന്ന ആള്‍ക്കും നമുക്ക് ഒരിക്കലും സങ്കല്‍പിക്കാന്‍ കഴിയാത്ത ആള്‍ക്കും  കഥയില്‍ റോളുണ്ട്. ഒറ്റപ്പേജില്‍ പത്തിരുപത് വരികളില്‍ ഒതുങ്ങുന്ന കഥകളും നീണ്ടുകിടക്കുന്ന കഥകളും ‘പെണ്ണും ചെറുക്കനും’ എന്ന സമാഹാരത്തിൽ വായിക്കാം. കഥ വായിക്കുമ്പോള്‍ പാറിപ്പോകുന്ന കിളി ചിലപ്പോള്‍ തിരിച്ചുവരാന്‍ സമയമെടുക്കും. വായനക്കാരെ ചുമ്മാ തള്ളിക്കയറ്റി അപരിചിതമായ സ്ഥലത്തുകൊണ്ടെത്തിച്ച് കഥ ഒളിച്ചുകടന്നുകളയും.  

 

ഒളിഞ്ഞു നോട്ടത്തിന്റെ കണ്ണുകള്‍ ചൂഴ്ന്നു നില്‍ക്കുന്നതിനെക്കുറിച്ചാണ് പെണ്ണും ചെറുക്കനും എന്ന കഥ. മറ്റാരുടെയും ശല്യമില്ലാതെ, പ്രേമിക്കുന്ന പെണ്ണിനെ ശരിക്കൊന്നു കാണാന്‍ വ്യഗ്രതപ്പെടുന്ന ചെറുക്കന്‍. പല വഴികളും ആലോചിച്ചിട്ടും ആള്‍ക്കാരുടെ ശല്യമുണ്ടാകുമെന്നു പേടിച്ച് പിന്‍മാറുന്നു. ഒടുവില്‍ വിദ്യാര്‍ഥികളായ പെണ്ണും ചെറുക്കനും കാടു പിടിച്ച, പുല്ലുനിറഞ്ഞു നില്‍ക്കുന്ന ഒരിടം കണ്ടെത്തുന്നു. കരഞ്ഞു കാലുപിടിച്ചാണ് ചെറുക്കന്‍ പെണ്ണിനെ കൂട്ടി ഒരു വിധത്തിൽ അവിടെയെത്തുന്നത്. ‘നിന്നെ പ്രേമിച്ചത് ഒരബദ്ധം പറ്റിപ്പോയതാ’ എന്ന് പെണ്ണ് പറയുന്നുണ്ട്. ‘ബസ്‌സ്റ്റാന്‍ഡിലേക്കു തിരക്കിട്ടു വന്ന് ബോര്‍ഡ് നോക്കാതെ ചില വണ്ടീല് ചാടിക്കയറില്ലേ, അതുപോലെ. നമുക്കുള്ള വണ്ടിയല്ലെന്ന് അറിയുമ്പോള്‍ ബെല്ലടിച്ച് വേണമെങ്കില്‍ ചാടിയിറങ്ങാം. വേണ്ടെങ്കില്‍ അതിലങ്ങ് കണ്ടിന്യൂ ചെയ്യാം. ഇടയ്ക്ക് ബെല്ലടിക്കാന്‍ തോന്നിയതാ. പിന്നെ ഇറങ്ങണ്ടാന്നു തോന്നി. കേറിയപ്പോയില്ലേ ഇറങ്ങാന്‍ പറ്റണ്ടേ’. 

മിക്ക പ്രേമങ്ങളും അങ്ങനാണ്. കേറിയാല്‍ പിന്നെ ഇറങ്ങാന്‍ സാധിക്കില്ല. വേണ്ടാഞ്ഞിട്ടും മറ്റേതോ ലക്ഷ്യത്തിലേക്ക് നമ്മളറിയാതെ സഞ്ചരിച്ചുകൊണ്ടിരിക്കും. കുറച്ചപ്പുറത്ത് നിര്‍ത്തിയിട്ട ബൈക്കിനു മേല്‍ തുണിയെല്ലാം അഴിച്ചു വച്ച് പെണ്ണും ചെറുക്കനും പ്രേമിക്കാന്‍ തുടങ്ങി. ആവേശമൊക്കെ തീര്‍ന്ന് തുണിയെടുക്കാന്‍ ബൈക്കിനടുത്തെത്തിയപ്പോള്‍ അവിടെ തുണിയില്ല. പ്രൈവസി തേടിപ്പോകുന്ന കമിതാക്കളും അവരെത്തേടി നടക്കുന്ന കണ്ണുകളും എല്ലാ നാട്ടിലും കാണും. ഇത്തരം ഒളിഞ്ഞുനോട്ടം ഒരു ആസ്വാദന കലയാക്കിയവര്‍ പോലുമുണ്ട്. കഥ  വായിച്ചു തീരുമ്പോള്‍ വായനക്കാരനും തുണിയില്ലാതെ കാട്ടിലകപ്പെടാന്‍ സാധ്യതയുണ്ട്. 

 

ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വന്നതുള്‍പ്പെടെയുള്ള 11 കഥകളാണ് ഡിസി ബുക്‌സ് പുറത്തിറക്കിയ കഥാസമാഹാരത്തിലുള്ളത്. അനുബന്ധമായി ഡോ.ജ്യോതിമോള്‍ പി.യും കഥാകൃത്തുമായുള്ള അഭിമുഖവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

 

പത്തുമണികഴിഞ്ഞ് ഇരുപത്തിമൂന്നാമത്തെ സെക്കന്‍ഡില്‍ കാമുകീകാമുകന്‍മാരല്ലാതായിത്തീരുന്ന രണ്ടുപേര്‍. അവന്റെ ഒറ്റമുറി ഫ്ലാറ്റില്‍നിന്ന് ഇറങ്ങിയ അവള്‍ക്ക് കുറച്ചുദൂരം പോയപ്പോഴാണ് ശരീരഭാരം കുറയുന്നതായി തോന്നിയത്. അവന്റെ ഫ്ലാറ്റില്‍ വച്ച് ഇന്നലെ ഛര്‍ദിച്ചപ്പോള്‍ ഹൃദയം അവിടെ വീണുപോയത് അവള്‍ ഓര്‍ക്കുന്നു. ഹൃദയമെടുക്കാന്‍ തിരിച്ചുചെന്നു. ഒന്നും കഴിക്കാനില്ലാതിരുന്നതു കൊണ്ട് അവന്‍ അതെടുത്ത് തിന്നിരുന്നു. ഇനിയിപ്പോള്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് അവന്റെ മറുപടി ‘തൂറുമ്പോള്‍’ എന്നായിരുന്നു. ഉള്ളിലെ ശൂന്യതയും പേറി അവള്‍ പുറത്തേക്കു നടക്കുമ്പോള്‍ ഒരിക്കലും പുറത്തേക്ക് വരാത്തവിധം കുടങ്ങിപ്പോയ ഹൃദയത്തെ പുറത്താക്കാന്‍ അവന്‍ കക്കൂസിലിരുന്നു മുക്കാന്‍ തുടങ്ങി. കൃത്യമായി തീരുമാനിച്ചുറപ്പിച്ച് അവസാനിപ്പിച്ചതാണെങ്കിലും പ്രേമം ചില ശൂന്യതകള്‍ സൃഷ്ടിക്കും. ഒരിക്കലും പുറത്തു കളയാന്‍ സാധിക്കാത്ത വിധം ഉള്ളില്‍ കയറിപ്പോയിരിക്കും. ശൂന്യതയും പേറി ഒരാള്‍ മടങ്ങുമ്പോള്‍ അധികപ്പറ്റായിപ്പോയതിനെ ഒഴിവാക്കാനുള്ള മുക്കലിലാണ് മറ്റേയാള്‍. 

 

പത്തുകഥകള്‍ എന്ന ഒറ്റ തലക്കെട്ടില്‍, പ്രത്യേകം തലക്കെട്ടില്ലാതെ പത്തു കഥകള്‍. ഗര്‍ഭപാത്രം വൃത്താകൃതിയിലുള്ള ശവപ്പെട്ടിയാണെന്ന് കഥകളിലൊന്നില്‍ പറഞ്ഞുവയ്ക്കുന്നു; വയറിലെ കുട്ടികളുടെ ചലനം രക്ഷപ്പെടലിന്റേതും. രമണന്റെ മരണശേഷം ആടുകള്‍ക്ക് എന്തു സംഭവിച്ചു എന്നന്വേഷിച്ചു പോകുന്ന പൊലീസ് എസ്‌ഐയെ കഥകളിലൊന്നില്‍  കാണാം. രമണന്റെ പുല്ലാങ്കുഴല്‍ വിളികേട്ടു വന്നിരുന്ന ആടുകളെ കണ്ടെത്താന്‍ പുല്ലാങ്കുഴല്‍ പഠിക്കുകയും കലാകാരനായി മാറുകയും ചെയ്യുന്ന പൊലീസുകാരന്‍. ഗുണ്ടായിസം പഠിക്കാന്‍ മേസ്തിരിയുടെ അടുത്തെത്തുന്ന പത്മിനിയാണ് വെട്ടുറോഡില്‍. അങ്ങനെ വെട്ടുറോഡിലൂടെയും ഹൈവേയിലൂടെയും സഞ്ചരിക്കുന്ന കഥകള്‍.

 

കഥ തീര്‍ക്കാനാവുമോ? ഇല്ല.. ഇല്ല.. എന്നു തറപ്പിച്ചു പറയുന്ന തൂക്കിലേറ്റപ്പെട്ടവന്റെ കഥ. തൂക്കിലേറ്റപ്പെട്ടവന്‍ പറഞ്ഞ കഥ ജയില്‍മുറിയിലെ എട്ടുകാലി വലയായി നെയ്തുവച്ചു. എട്ടുകാലിയെ കൊന്നപ്പോള്‍ ഗൗളി ആ കഥ കണ്ടെടുത്തു. കഥ കൈമാറി കാക്കയുടെ പക്കലെത്തി. കാക്ക ഉച്ചത്തില്‍ കഥ പറഞ്ഞത് മനുഷ്യന്‍ കേള്‍ക്കുന്നു. അത് മനുഷ്യന്റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. അയാളുടെ മുറി പരിശോധിച്ച അധികൃതര്‍ ഈ കയ്യെഴുത്തു പ്രതി കണ്ടെത്തി അയാളെ ജയിലിലടച്ച് തൂക്കിലേറ്റുന്നു. ജയിലില്‍ കിടന്ന് അയാള്‍ പറഞ്ഞ കഥ എട്ടുകാലി വലയായി  നെയ്തുവയ്ക്കുന്നു. രണ്ടറ്റങ്ങളും പരസ്പരം ബന്ധിപ്പിച്ച ചങ്ങലപോലെ കഥ പോകുന്നു. തുടങ്ങിയിടത്ത് ഒടുങ്ങുന്ന കഥകള്‍, ഒടുങ്ങിയിടത്ത് തുടങ്ങുന്ന കഥകള്‍. തീര്‍ക്കാനാകാത്ത കഥകള്‍... 

 

ഡോ. ജ്യോതിമോളുമായുള്ള അഭിമുഖത്തില്‍ തന്റെ നിലപാടുകളും ഉണ്ണി വ്യക്തമാക്കുന്നു. മഹാവ്യാധിയുടെ കാലത്ത് ക്വാറന്റീന്‍ പാലിക്കുക എന്നത് സാമൂഹിക ഉത്തരവാദിത്വമാണെന്ന് ഉണ്ണി പറയുന്നു. ജാതിയുടെ അധികാരങ്ങള്‍ കീഴ്ജാതിക്കാരെ എല്ലാക്കാലവും അകറ്റിനിര്‍ത്തിയിരുന്നു. അവിടെ ക്വാറന്റീന്‍ മറ്റൊരു വിധത്തിലായിരുന്നു ക്രമീകരിക്കപ്പെട്ടിരുന്നത്. അറപ്പോടെ കണ്ടിരുന്നത് ദലിതരെയാണ്. അവരില്‍നിന്നു മാറിയുള്ള ജീവിതമാണ് ഇന്ന് ഇന്ത്യയിലുള്ളത്. എത്രപേര്‍ക്ക് വീടുണ്ട്. എത്ര പേര്‍ക്ക് വീടുകളില്‍ താമസിക്കാന്‍ സാധിക്കും. അഭയാര്‍ഥികളായവർക്കും സ്വന്തം നാട്ടിലേക്ക് നടക്കേണ്ടി വരുന്നവർക്കും എന്തു സാഹിത്യം, എന്തു കല എന്നും ഉണ്ണി ചോദിക്കുന്നു. എഴുത്തില്‍ ജനിക്കേണ്ട വാക്കുകളില്‍ എന്റെ ഉത്തരവാദിത്തം എന്റെ ചിന്തയുടെ കൂടി ഉത്തരവാദിത്തമാണെന്നും ഉണ്ണി അഭിമുഖത്തില്‍ പറയുന്നു. 

 

English Summary: Pennum Cherukkanum book by Unni R

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com