പറയാതിരുന്ന വാക്കും നൽകാതിരുന്ന സ്നേഹവും ശിക്ഷയാകുന്ന അവസാന നിമിഷങ്ങൾ!

HIGHLIGHTS
  • ലോകത്തെ നെടുവീർപ്പിലാഴ്ത്തിയ മരണഗന്ധിയായ കഥകൾ.
mruthi-p
SHARE

നിഗൂഢമായ വിദൂരയാത്രയ്ക്കു പോകാൻ തയാറെടുക്കുന്ന ആത്മാവാണ് ഈ ലോകത്തിലെ ഏറ്റവും ഏകാന്തജീവി. ഭൂമിയോടും സൗഹൃദത്തോടുമുള്ള കെട്ടുകൾ ഒന്നൊന്നായി അഴിയുന്ന നിമിഷങ്ങളാണ് ഏറ്റവും വേദനാജനകം. ജീവിതത്തെ അഗാധമായി അറിയുന്നതും ഉൾക്കൊള്ളുന്നതും സ്നേഹിക്കുന്നതും ആ നിമിഷങ്ങളിൽ തന്നെ;  അറിവുകൾ നിഷ്പ്രയോജനമാകുന്നതും. ഇനി ഒരു അവസരമില്ല എന്ന് അറിയുന്നതോടെ കാത്തുവച്ചതൊക്കെയും വ്യർഥം. മൂകം. വിധുരം. ഉച്ചരിക്കാനോ സ്വീകരിക്കാനോ ആരുമില്ലാതെ സ്നേഹം അനാഥമാകുന്നു. സൗഹൃദത്തിന്റെ ചെടികൾ സ്നേഹവാക്കുകൾ കിട്ടാതെ മുരടിക്കുന്നു. പറയാതിരുന്ന വാക്കും നൽകാതിരുന്ന സ്നേഹവും ഏറ്റുവാങ്ങാതിരുന്ന ഹൃദയത്തുടിപ്പുകളും ശിക്ഷയാകുന്ന ഗുഢ നിമിഷങ്ങൾ. 

മരണത്തിന്റെ തണുത്തുറഞ്ഞ നിമിഷങ്ങളിൽ ജീവിതത്തിന്റെ നെരിപ്പോടിൽ അക്ഷരങ്ങൾ കൂട്ടി അഗ്നി സൃഷ്ടിച്ച എഴുത്തുകാരുടെ കഥകൾ ഇതാദ്യമായി ഒരു സമാഹാരത്തിൽ. മൃതി– ലോകത്തെ നെടുവീർപ്പിലാഴ്ത്തിയ മരണഗന്ധിയായ കഥകൾ. ലോക സാഹിത്യത്തിലെ മഹാരഥൻമാരുടെ സൃഷ്ടികൾ. ഡി.എച്ച്.ലോറൻസും ഫ്രാൻസ് കാഫ്കയും മുതൽ ആർതർ ഷ്ണിറ്റ്സ്ലർ വരെയുള്ളവർ എഴുതിയ ജീവിതാനുരാഗത്തിന്റെ ചോരത്തുടിപ്പുള്ള വാക്കുകൾ. 

ജീവിക്കുന്ന നിമിഷങ്ങളേക്കാൾ ജീവിതം സത്യവും യാഥാർഥ്യവുമാകുന്നതു മരണം അടുക്കുമ്പോൾ. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം ബെർമാൻ എന്ന ചിത്രകാരൻ മാസ്റ്റർപീസ് വരയ്ക്കുന്നതു മരണത്തിനു തൊട്ടുമുൻപ്. ഒ.ഹെൻറിയുടെ അവസാനത്തെ ഇല എന്ന കഥയിൽ. ബെർമാന്റെ ചിത്രം മാസ്റ്റർപീസ് ആകുന്നത് അതൊരു ജീവിതം രക്ഷിക്കുന്നതുകൊണ്ടാണ്. ജീവിതത്തിന്റെ മൂല്യം തിരിച്ചറിയാൻ ഇടയാക്കുന്നതുകൊണ്ട്. മികച്ച കലാസൃഷ്ടികൾ നിരന്തരം ചെയ്യുന്നതും അതു തന്നെ. ഇല്ലാതായിക്കൊണ്ടിരിക്കുന്ന നിമിഷങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ. ഓരോ നിമിഷവും എത്രമാത്രം വിലപ്പെട്ടതാണെന്ന തിരിച്ചറിവ്. ജീവിതത്തെയും മരണത്തെയും മറികടക്കുന്ന സ്നേഹത്തിന്റെ നേർസാക്ഷ്യങ്ങൾ. 

അവസാനത്തെ ഇലയുടെ ക്ലൈമാക്സ് ഒ. ഹെൻറി അവസാനത്തെ വരിയിലാണു പറയുന്നത്. ആറു വാക്കുകളിൽ. അവസാനത്തെ ഇല വീണ ദിവസം അയാൾ അതവിടെ വരച്ചുവച്ചു. അതിനോടുള്ള പ്രതികരണം കഥയിൽ ഇല്ല. ആ വാക്കുകൾ കേട്ടു കണ്ണടച്ചതും തോൽവി സമ്മതിച്ചതും മരണം തന്നെ. മരണമില്ലാത്ത മരണത്തെ തോൽപിച്ചതു കഥ മാത്രം. കഥയുടെ അതിജീവനത്തിന്റെ ചേതോഹരമായ നിമിഷം. 

സോണിയ റഫീക്ക് വിവർത്തനം ചെയ്ത കെയ്റ്റ് ചോപിന്റെ ഡെസിറേയുടെ കുഞ്ഞ് എന്ന കഥയിൽ മരണം കടന്നുവരുന്നതേയില്ല. എന്നാൽ സ്നേഹത്തെ ചിതയിൽ സംസ്കരിക്കാനുള്ള ശ്രമവും അതിനെ അതിജീവിക്കുന്ന ജീവിതാഘോഷവുമുണ്ട്. ഉപേക്ഷിക്കപ്പെട്ട കുട്ടിയാണ് ഡെസിറേ. അവൾക്കൊരു ജീവിതം കൊടുത്തതു മാഡം വെൽമോണ്ട്. ഡെസിറേയെ, അർമാണ്ട് ആബിഗ്നി പ്രണയിക്കുന്നതോടെ അനാഥത്വം പിന്നിട്ട ജൻമത്തിലെ കെട്ടുകഥയായി ഡെസിറേയ്ക്കു തോന്നിയിരിക്കണം. എന്നാൽ സന്തോഷം നീണ്ടുനിന്നതു കുറഞ്ഞകാലം മാത്രം. ഡെസിറേയേയും കുട്ടിയേയും ആബിഗ്നി ഉപേക്ഷിക്കുന്നതോടെ ഏറ്റെടുത്ത കൈകളിലേക്കു തിരിച്ചുപോകുന്നു ഡെസിറേ. ആബിഗ്നി  ചിതയൊരുക്കി വിവാഹവസ്ത്രങ്ങൾ ഉൾപ്പെടെ കത്തിക്കുകയാണ്. മകളുടെ തൊട്ടിൽ പോലും ചിതയിലേക്കു വലിച്ചെറിയാൻ അയാൾ മടി കാണിക്കുന്നില്ല. അതിനയാളെ പ്രേരിപ്പിക്കുന്നതു ഡെസിറേയുടെ നിറത്തിലുള്ള അവിശ്വാസം. അവൾ ഒരു കറുത്ത വർഗക്കാരിയാണെന്ന സംശയം. ചിതയിൽ ആബിഗ്നി അവസാനം വലിച്ചെറിയാൻ കയ്യിലെടുക്കുന്നത് ഒരു കത്ത്. അമ്മ അച്ഛനയച്ച കത്തുകളിലൊന്ന്. തന്റെ ഭർത്താവിന്റെ പ്രണയം പോലൊരു വരദാനം നൽകിയതിന് ദൈവത്തെ സ്തുതിച്ചുകൊണ്ടെഴുതിയ കത്ത്. കത്തിലെ ഒരു വാചകം ആബിഗ്നിയെ ജീവനോടെ ദഹിപ്പിക്കാൻ പര്യാപ്തമായിരുന്നു. മരണം ഒരിടത്തും കടന്നുവരാത്ത കഥ തീരുമ്പോൾ ചിതയൊരുങ്ങുന്നത് ആർക്കുവേണ്ടി എന്നൊരു ചോദ്യമുണ്ട്. അതൊരു മരവിച്ച മനസ്സിന്റെ മരണമാകാനാണു സാധ്യത. സ്നേഹം തിരിച്ചറിയുന്നതിൽ പരാജയപ്പെട്ട മനുഷ്യന്റെയും. 

മരണത്തിന്റെ കഥകൾ ഒരവസരത്തിൽപ്പോലും ഭയപ്പെടുത്തുന്നില്ല. വേദനിപ്പിക്കുന്നുമില്ല. ജീവിതത്തിലേക്കുള്ള ഉയിർത്തെഴുന്നേൽപാണ് ഓരോ കഥയും. അവസാന വരിയിൽ നിന്നു തുടങ്ങുന്ന കഥ പോലെ വീണ്ടും തളിർക്കുന്ന ജീവിതം. 

English Summary: Mruthi Maranagndhiyaya Kadhakal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;