ADVERTISEMENT

ഇരുട്ടില്‍ വെളിച്ചത്തിന്റെ ട്രെയിന്‍ സ്വപ്നം കാണുന്നവരാണ് സ്ത്രീകള്‍. ഒറ്റയ്ക്ക്, ആരും കൂട്ടിനില്ലാത്തപ്പോള്‍, അതു തന്നെയല്ലേ ഏറ്റവും നല്ല സ്വപ്നം. നമുക്കു ചുറ്റുമുള്ള നമ്മുടെ പ്രിയപ്പെട്ടവര്‍. പരിചിതര്‍ക്കൊപ്പം അപരിചിതരും. ജീവിതത്തിന്റെ ഓരോ നിമിഷവും വിലക്കുകളുടെ, വിലങ്ങുകളുടെ, അസ്വാതന്ത്ര്യങ്ങളുടെ ശ്വാസം മുട്ടിക്കുന്ന അനുഭവങ്ങളാല്‍ ഞെരിഞ്ഞുതകര്‍ക്കപ്പെടുന്നവര്‍. വെളിച്ചത്തെ ഇഷ്ടപ്പെടുമ്പോഴും ഇരുട്ടിലേക്കു മാറ്റിനിര്‍ത്തപ്പെടുന്നവര്‍. അവരുടെ ഉള്ളിലുണ്ട് നിറയെ വെളിച്ചവുമായി എങ്ങോട്ടോ മണ്ടിപ്പായുന്ന ഒരു ട്രെയിന്‍. ഇരുട്ടിലൂടെ വെളിച്ചത്തിന്റെ തുരുത്തിലേറി എങ്ങോട്ടെങ്കിലും പോകാന്‍ കൊതി പൂക്കുമ്പോള്‍ യാത്ര തുടങ്ങുന്ന ഒരു ട്രെയിന്‍. 

 

പാചകവിധി എന്ന കഥയില്‍ ഷാഹിന കെ. റഫീഖ് ഈ ട്രെയിനെക്കുറിച്ചാണു പറയുന്നത്. അസംതൃപ്തയായ ഓരോ സ്ത്രീയും തയാറാക്കുന്ന പാചകവിധിയെക്കുറിച്ച്. ഇന്നുമുണ്ട് എന്റെ കാഴ്ചയില്‍ വെളിച്ചം നിറഞ്ഞ ആ തീവണ്ടി. അതും കൂട്ടി അരച്ചാണ് പൂ പോലുള്ള ഇഡ്ഡലി ചുടുന്നത് ! 

 

ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി നിറയെ വെളിച്ചത്തിന്റെ ട്രെയിന്‍ ഉള്ളില്‍ വഹിച്ച സ്ത്രീകളാണ്. അവരില്‍ വിദ്യാര്‍ഥികളും ജോലി ചെയ്യുന്നവരുമുള്‍പ്പെടെ എല്ലാ തരക്കാരുമുണ്ട്. അവരുടെ അനുഭവങ്ങളുണ്ട്. അതവര്‍ പറയുമ്പോള്‍ കേള്‍ക്കാന്‍ കാതുകളുണ്ട്. വീട്ടില്‍ അവര്‍ക്കില്ലാത്തതും കാതുകളാണല്ലോ. കേള്‍ക്കാന്‍ മാത്രമാണവരുടെ വിധി. അനുസരിക്കാന്‍. കുറ്റപ്പെടുത്തലുകള്‍ക്ക് പാത്രമാവാന്‍. പരാതി പറയാതെ അധ്വാനിക്കാന്‍. ചുറ്റും സഹയാത്രികള്‍ കാതു നല്‍കുന്നതോടെ അവര്‍ പറഞ്ഞുതുടങ്ങുകയായി. അവരുടെ ഭ്രാന്തിന്റെ കഥകള്‍. സഹനത്തിന്റെയും ക്ഷമയുടെയും തീരാദുഖങ്ങളുടെയും തീവ്രകഥനങ്ങള്‍. അവര്‍ അങ്ങനെ പറഞ്ഞുപോകെ ട്രെയിന്‍ പലയിടത്തും നിര്‍ത്തിയിടുന്നു. പതിവിലും ലേറ്റ് ആകുകയാണ് ആ ട്രെയിന്‍. ആദ്യമൊക്കെ അസ്വസ്ഥരായെങ്കിലും പിന്നീടവര്‍ ട്രെയിനിന്റെ വൈകിയ വേഗവുമായി പൊരുത്തപ്പെടുകയാണ്. ഒരുപക്ഷേ അവര്‍ക്കു മതിയാവോളം പറയാനായിരിക്കാം ട്രെയിന്‍ വൈകിയോടുന്നത്. ഇനി  മറ്റൊരിക്കല്‍ ഇങ്ങനെയൊരവരസരം ലഭിക്കില്ലെന്നതുപോലെ. 

 

വണ്ടി അവര്‍ക്കിറങ്ങേണ്ട സ്റ്റേഷനില്‍ എത്തി. മണി പതിനൊന്ന്. 

ഇന്നിനി എന്തിനാ കോളജും ഓഫിസുമൊക്കെ. 

നമുക്കെല്ലാവര്‍ക്കും കൂടി ഒരു സിനിമയൊക്കെ കണ്ട് പുറത്ത്ന്ന് ഭക്ഷണവും കഴിച്ച് ബീച്ചിലൊക്കെ ഒന്നു കറങ്ങി വൈകുന്നേരം തിരിച്ചുപോവാം എന്നവള്‍ പറഞ്ഞപ്പോള്‍ ആദ്യം അവരവരുടെ തിരക്കുകളും ചെയ്തുതീര്‍ക്കേണ്ട ജോലിയും ഒക്കെ ആലോചിച്ചെങ്കിലും പിന്നെ അവര്‍ ഓര്‍ത്തു, ഒരു ദിവസം അവളവള്‍ക്കുവേണ്ടി ചെലവഴിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന്. 

വൃന്ദ അവളുടെ നെറ്റിയിലെ ചുവന്ന പൊട്ട് എടുത്ത് പെണ്‍മുറിയുടെ ചുവരില്‍ ഒട്ടിച്ചു. എന്നിട്ടു പറഞ്ഞു, ‘തീണ്ടാരിവണ്ടി പൊയ്ക്കോട്ടെ. ഇന്നു നമ്മുടെ ദിനം’. 

ഒരാര്‍പ്പുവിളിയോടെ ബാക്കിയുള്ളവര്‍ അതിനെ ഏറ്റെടുത്തു. ഈ പെണ്ണുങ്ങള്‍ക്കിതെന്തുപറ്റി എന്ന മട്ടില്‍ കുറേ ആണ്‍നോട്ടങ്ങള്‍ അവരെ കടന്നുപോയെങ്കിലും അവരപ്പോള്‍ അതൊന്നും കണ്ടില്ല. 

 

English Summary: Ladies Coupe Athava Theendari Vandi book by Shahina K Rafeeq

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com