ADVERTISEMENT

കുട നിവര്‍ത്തി സൂര്യനെ മറയ്ക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് മതത്തില്‍ ദൈവത്തെ കണ്ടെത്താന്‍ ശ്രമിക്കുന്നതെന്നാണ് ജോബിന്റെ വിശ്വാസം. എന്നാല്‍ പള്ളിയില്‍ പോകുന്ന, വിശ്വാസ പ്രമാണങ്ങള്‍ അനുസരിക്കുന്ന വ്യക്തിയുമാണദ്ദേഹം. മദ്യപിച്ച അവസ്ഥയില്‍ ഒരിക്കല്‍ ജോബ് തന്റെ പ്രത്യയശാസ്ത്രം വെളിപ്പെടുത്തി: ‘ഞാന്‍ മതവിശ്വാസി തന്നെയാണ്. മതത്തില്‍ ഞാന്‍ വിശ്വസിക്കുന്നതു മതം ആത്യന്തികമായി ഒഴിവാക്കാനാണെന്നു മാത്രം. അപ്പോഴേ ദൈവം എന്നിലേക്കു കടന്നുവരൂ’. 

 

ഈ വ്യത്യസ്ത വിശ്വാസവുമായാണു ജോബ് ജീവിച്ചത്; മദ്യപനായി 65 വയസ്സുവരെ. ഒരു ദിവസം പതിവിലും മദ്യപിച്ച അയാള്‍ ഉച്ചമയക്കത്തിനു കിടന്നതാണ്. വിശ്വാസം അയാളെ രക്ഷിച്ചോ ഇല്ലയോ എന്നു ചോദിക്കണമെന്നുണ്ട്. എന്നാല്‍ അന്നത്തെ ഉറക്കത്തിനുശേഷം അയാള്‍ ഇതുവരെ ഉണര്‍ന്നിട്ടേയില്ല. 

 

‘കുടിയന്റെ വിശ്വാസം’  എന്ന കഥയില്‍ ഉള്‍പ്പെടെ ഷിബു ചാക്കോ എന്ന എഴുത്തുകാരന്‍ ആവിഷ്കരിക്കുന്നത് മനുഷ്യന്റെ എന്നത്തെയും വിശ്വാസ പ്രതിസന്ധികളാണ്. ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ വിശ്വാസം സംബന്ധിച്ച പ്രതിസന്ധികളാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഓരോ വ്യക്തിയും നേരിടുന്ന പ്രതിസന്ധിയെ കൂടുതല്‍ വ്യക്തമായി കാണാനുള്ള ശ്രമം. വിശ്വാസത്തിന്റെ ആഴവും അവിശ്വാസത്തിന്റെ പരപ്പും അറിയാനുള്ള ശ്രമം. ദൈവത്തിലേക്കുള്ള യഥാര്‍ഥ വഴി തേടിയുള്ള തിരച്ചില്‍. വിശ്വാസിയും മതവും തമ്മിലുള്ള ബന്ധത്തിലും സാധാരണ മനുഷ്യബന്ധങ്ങളിലും ഈ എഴുത്തുകാരന്‍ അന്വേഷിക്കുന്നത് കൂറേക്കൂടി മെച്ചപ്പെട്ട വിശ്വാസവും നിലനില്‍ക്കാന്‍ കഴിയുന്ന സ്നേഹവുമാണ്. അതുതന്നെയാണ് വോള്‍ എറൗണ്ട് ദി എയര്‍ എന്ന ഇംഗ്ലിഷ് കഥാ സമാഹാരത്തിലെ കഥകളെ വ്യത്യസ്തമാക്കുന്നതും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നതും. 

 

അലസ വായനയ്ക്കുള്ള കഥകളല്ല ഈ സമാഹാരത്തിലുള്ളത്. അപ്രതീക്ഷിതവും അതിശയകരവുമായ കാഴ്ചകള്‍ സ്വാഭാവികമായി ചിന്തയ്ക്കു തിരികൊളുത്തുന്നതുപോലെ കഥകള്‍ വായനക്കാരെ നയിക്കുന്നതു ധ്യാനത്തിലേക്ക്. അസ്വസ്ഥരാക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്യുന്നതിനുപകരം ഓരോരുത്തരെയും  സ്വന്തം മനസ്സിന്റെ കണ്ണാടിയിലെന്നവണ്ണം അവരവരുടെ ചിന്തകളെയും ആലോചനകളെയും മുഖാമുഖം കാണാന്‍ അനുവദിക്കുകയാണ്. അറിഞ്ഞിട്ടും എഴുതാതിരുന്നവ. എഴുതിയാലും മറ്റുള്ളവര്‍ ഇഷ്ടപ്പടുമെന്നോ ഉള്‍ക്കൊള്ളുമെന്നോ വിചാരിക്കാതിരുന്നവ. ഓരോ കഥയും ഓരോ ചിന്തയാകുമ്പോള്‍ വോള്‍ എറൗണ്ട് ദി എയര്‍ ആസ്വാദ്യകരമായ വായനയ്ക്കുള്ള വാതില്‍ തുറന്നിടുന്നു. 

 

മറ്റു ദൈവ സൃഷ്ടികളില്‍ നിന്നു വ്യത്യസ്തമായി നമുക്കു ദൈവത്തെ ആവശ്യമുണ്ട്. എങ്കില്‍ മാത്രമേ നമ്മളെ സൃഷ്ടിച്ചതു ദൈവമാണോ എന്നു സംശയിക്കാന്‍ നമുക്കാകൂ ! 

മറ്റെന്തിലും കൂടുതലായി നമുക്ക് ദൈവത്തെ ആവശ്യമുണ്ട്; എങ്കില്‍ മാത്രമേ ദൈവത്തെ നമുക്ക് ധിക്കരിക്കാനാകൂ. പ്രകൃതി നിയമം ലംഘിക്കാനാകൂ. 

ആഗ്രഹങ്ങളും സ്വപ്നങ്ങളും കൊണ്ടു നിറയ്ക്കാനെങ്കിലും നമുക്ക് ദൈവത്തെ കൂടിയേ തീരൂ. ദൈവമില്ലാതെ നമുക്കെങ്ങനെ ജീവിക്കാനാകും? ദൈവമില്ലെങ്കില്‍ നമുക്കെങ്ങനെ നന്‍മയുള്ളവരാകാന്‍ കഴിയും ? തീര്‍ച്ചയായും നമുക്ക് ദൈവത്തെ വേണം. 

 

ദൈനംദിന ജീവിതത്തില്‍നിന്നാണ് ഷിബു ചാക്കോ കഥകള്‍ കണ്ടെടുക്കുന്നത്. സാധാരണ സംഭവങ്ങളുടെ വിവരണങ്ങളായി തുടങ്ങുന്ന കഥകള്‍ എന്നാല്‍ അസാധാരണ ചിന്തകളിലേക്കാണു നയിക്കുന്നത്. മണ്ണും മനുഷ്യനും പ്രകൃതിയും മറ്റു ജീവജാലങ്ങളും മനുഷ്യര്‍ക്കൊപ്പം ഈ കഥകളില്‍ ആവര്‍ത്തിച്ചുകടന്നുവരുന്നു. കഥകളില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ കഥാപാത്രത്തിനും അവരവരുടേതായ പങ്ക് നിര്‍വഹിക്കാനുണ്ട്. ഒരു കഥാപാത്രവും പ്രധാന്യമില്ലാത്തവരായി ഇല്ല. ഒരു വാക്കും വാചകവും വെറുതെയാകുന്നില്ല. ഒരു കഥയും പാഴാകുന്നുമില്ല. സാഹിത്യത്തിന്റെ മുഖ്യധാരയില്‍ ഇടംപിടിക്കാന്‍ അര്‍ഹതയുള്ള കഥകള്‍; എഴുത്തിന്റെ ലോകത്ത് സ്വന്തമായി സ്ഥാനമുള്ള എഴുത്തുകാരന്‍. 

 

English Summary: Wall Around the Air= book by Shibu Chacko

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com