പാൻഗോങ് തടാകതീരത്തെ അത്ഭുത ദീപം, ലോകത്തിന്റെ മേൽക്കൂരയിലെ അതിശയക്കാഴ്ചകൾ

himalaya-yathrakal-1
SHARE
എം.കെ. രാമചന്ദ്രൻ

മനോരമ ബുക്സ്

വില 220 രൂപ

വർഷത്തിൽ നാലു മാസത്തോളം മാത്രം സഞ്ചാര സീസണുള്ള, വടക്കൻ ഹിമാലയത്തിലെ സ്വപ്ന സുന്ദര ഭൂമിയാണു ലഡാക്ക്. പല സ്ഥലങ്ങളിലും എത്തിച്ചേരണമെങ്കിൽ ഇന്നർ ലൈൻ പെർമിറ്റ് ഇപ്പോഴും വേണ്ട അപൂർവ സ്ഥലങ്ങളിലൊന്ന്. അഫ്ഗാനിസ്ഥാൻ, ബർമ, ബംഗ്ലദേശ്, പാക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള വിദേശികൾക്ക് പ്രൊട്ടക്റ്റഡ് ഏരിയ പെർമിറ്റ് വേണ്ട സ്ഥലം. രാജ്യത്തിന്റെ ഭദ്രതയുടെ ഭാഗമായി കനത്ത സുരക്ഷാ സന്നാഹങ്ങളാണ് എപ്പോഴും ലഡാക്കിൽ. ജമ്മു-കശ്മിർ റജിസ്ട്രേഷനുള്ള ടാക്സി വാഹനങ്ങൾ മാത്രമേ സഞ്ചാരികൾക്ക് ഉപയോഗിക്കാൻ അനുവാദമുള്ളൂ. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യ വാഹനങ്ങൾക്കു തടസ്സവുമില്ല. ഇതേ ലഡാക്ക് ട്രാൻസ്-ഹിമാലയൻ വിഭാഗത്തിൽപ്പെട്ട, പ്രൗഢഗംഭീരമായ ഗ്രേറ്റ് ഹിമാലയൻ -കാറക്കോറം പർവതങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന സ്വപ്നതുല്യമായ ഭൂപ്രദേശമാണ്. സാംസ്കാരികമായ മഹത്തായ പാരമ്പര്യമുള്ള സ്ഥലം. അത്ഭുതങ്ങളുടെ നാടായ ലഡാക്കിലേക്ക് എം.കെ. രാമചന്ദ്രൻ നടത്തിയ സാഹസിക യാത്രയുടെ വിവരണത്തോടെയാണ് അദ്ദേഹത്തിന്റെ പുതിയ പുസ്തകം തുടങ്ങുന്നത്. യാത്രാവിവരണത്തിൽ സ്വന്തം വഴി വെട്ടിത്തെളിച്ച എഴുത്തുകാരന്റെ ആറാമത്തെ യാത്രാ പുസ്തകം. 

ഇന്ത്യാ- ചൈന അതിർത്തിത്തർക്കത്തെത്തുടർന്ന് ഇപ്പോൾ നിരന്തരം വാർത്തകളിൽ ഇടംപിടിക്കുന്ന സ്ഥലമാണ് ലഡാക്ക്. തർക്കം രൂക്ഷമാകുന്നതിനു തൊട്ടുമുൻപ് 2018 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ്  രാമചന്ദ്രൻ ലഡാക്കിലേക്ക് യാത്ര നടത്തുന്നത്. സംഘർഷഭരിതമായിരുന്നില്ലെങ്കിലും പ്രക്ഷുബ്ധാവസ്ഥയായിരുന്നു പാൻഗോങ് തടാകതീ

രങ്ങളിലും കാറക്കോറം പർവത നിരകളുടെ ഭാഗത്തും. എന്നാൽ ദൃഡനിശ്ചത്തോടെ ഈ പ്രദേശങ്ങളിൽ എത്തിയ എഴുത്തുകാരൻ ഭൂമിശാസ്ത്രപരമായ വിവരങ്ങൾക്കൊപ്പം ലഡാക്കിന്റെ ആധ്യാത്മിക  ഗാംഭീര്യവും ഇന്ത്യൻ സംസ്കാരത്തിൽ പ്രദേശത്തിനുള്ള പ്രാധാന്യവും സമാനതകളില്ലാത്ത സൌന്ദര്യത്തോടെ വെളിപ്പെടുത്തുന്നു. 

ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന ലഡാക്കിൽ ശൈത്യകാലം വന്നാൽ ജീവിതം പരമ ദയനീയമാണ്. തണുപ്പ് മൈനസ് 40 ഡിഗ്രി വരെയെത്തും, നദികളും തടാകങ്ങളും നീരൊഴുക്കുകളും ഉറഞ്ഞുകട്ടിയാകും. സീസണിൽ സൂര്യന്റെ തങ്കരശ്മികൾ ഏറ്റുവാങ്ങുന്ന മനോഹരമായ ഭൂപ്രദേശം ഇരുണ്ട വെള്ള നിറത്തിലുള്ള മനംമടുപ്പിക്കുന്ന പ്രദേശമായി 

മാറും. ജനജീവിതം സ്തംഭിച്ച്, ലഡാക്കിലേക്കുള്ള പ്രവേശനവും ഇല്ലാതാകുന്നു. ഒക്ടോബർ മുതൽ ഏപ്രിൽ വരെ ഇതാണു സ്ഥിതി. 

ലഡാക്കിൽ പാൻഗോങ് തടാകതീരത്ത് അർധരാത്രി എഴുത്തുകാരനുണ്ടായ ഒരനുഭവം മാത്രം മതിയാകും ലഡാക്കിനെക്കുറിച്ചുള്ള യാത്രയുടെ വായന ധന്യമാകാൻ. രാത്രി ഒന്നരയ്ക്കുശേഷം അപരിചിതമായ സ്ഥലത്ത് ഒറ്റയ്ക്കു നേരിട്ട, അനുഭവിച്ച അധ്യാത്മികാനുഭൂതിയുടെ നേർച്ചിത്രം. പടർന്നുപന്തലിച്ച ഒരു വൃക്ഷം. അന്തരീക്ഷത്തിൽ മൂടൽമഞ്ഞ് ഉണ്ടെങ്കിലും വൃക്ഷച്ചുവട്ടിൽ കാഴ്ച വ്യക്തം. വെണ്ണക്കല്ലുകൾകൊണ്ടു പടുത്ത, രണ്ടടിയോളം ഉയരമുള്ള ഒരു മതിൽ 

ചുറ്റിനുമുണ്ട്. വൃക്ഷത്തിനു താഴെയുള്ള മൺചിരാതിൽ ഒരു ദീപം ജ്വലിച്ചുനിൽക്കുന്നു. ചിരാതിൽ ഒരു തുള്ളി പോലും എണ്ണയില്ലെങ്കിലും അത് അവിഘ്നം കത്തുന്നു. 

പൂഴിമണ്ണിൽ വ്യക്തമായ കാൽപാടുകൾ കാണാമെങ്കിലും പരിപൂർണ നിശ്ശബ്ദത. അങ്ങനെയൊരു ദീപം അന്നു രാത്രി അവിടെ ആര്, ആർക്കുവേണ്ടി കൊളുത്തി എന്ന ചോദ്യത്തിന് ഒരാൾക്കും വ്യക്തമായ ഉത്തരമില്ല. പിറ്റേന്നു പകൽവെളിച്ചത്തിൽ ആ പ്രദേശം വിശദമായി പരിശോധിച്ചെങ്കിലും ഉത്തരം കിട്ടാത്ത നിഗൂഢത. 

ദീപത്തെ ഭക്തിപൂർവം വണങ്ങി കൈകൂപ്പി നിൽക്കുമ്പോൾ മാമചന്ദ്രന്റെ ഉള്ളിൽ നിറയുന്ന അവാച്യമായ അനുകൂലോർജം വായനക്കാരിലേക്കും അതേ അനുഭൂതി തീവ്രതയോടെയും എത്തിക്കാൻ കഴിയുന്നതാണ് ഹിമാലയ യാത്രകൾ എന്ന പുസ്തകത്തിന്റെ മേൻമയും അപൂർവതയും. 

ചൻഷാൽ, ചന്ദ്രനഹാൻ, ഡുബ്ലിങ് മൊണെസ്റ്ററി, കുമയൂൺ എന്നിവയാണ് ഈ പുസ്തകത്തിലെ മറ്റ് അധ്യായങ്ങൾ. യാത്ര ചെയ്യാൻ കാത്തിരിക്കുന്നവരെയും മനസ്സുകൊണ്ട് ഹിമാലയത്തോളം ഉയരുന്നവരെയും ഒരുപോലെ ആനന്ദിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന യാത്രാ വിവരണമാണ് 5 ഹിമാലയ യാത്രകളിൽ. 

English Summary: 5 Himalaya Yathrakal book by M.K. Ramachandran

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;