ADVERTISEMENT

ഷെർലക് ഹോംസ് സീരീസ് വായിച്ചും കണ്ടും പരിചയമുള്ളൊരാൾക്ക് ചില പ്രത്യേക സാഹചര്യങ്ങൾ വരുമ്പോൾ അതൊരു മികച്ച അനുഭവമായി തോന്നുന്നത്, സമാനമായ അന്വേഷണം വരുമ്പോഴാണ്. ഏതൊരു സമയത്തും ഒരു അപകടം മുന്നിൽ വരുമ്പോൾ അല്ലെങ്കിൽ നിഗൂഢമായ ഒന്നിലേക്ക് കാഴ്ച പോകുമ്പോൾ അറിയാതെ അതിന്റെ പിന്നിലേയ്ക്ക് മനസ്സും ബുദ്ധിയും സഞ്ചരിക്കും. വായനക്കാരന്റെ ബുദ്ധിയെ പരിഗണിച്ച് അവനിലുള്ള അന്വേഷണാത്മക ത്വരയെ ഉത്തേജിപ്പിച്ചത് കൊണ്ട് തന്നെയാണ് ആർതർ കൊനാൻ ഡോയലിന്റെ ഷെർലക് ഹോംസ് കാലം കഴിഞ്ഞും ഒരു പ്രതിഭാസമായി നില കൊള്ളുന്നത്. ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന പുസ്തകങ്ങളായി അത് മാറുന്നത്. ഇപ്പോഴും ഹോംസ് എന്ന കഥാപാത്രം ഒരു സാങ്കൽപ്പിക സൃഷ്ടിയാണ് എന്ന് വിശ്വസിക്കാൻ മടിക്കുന്നവരാണ് ലോകമെങ്ങുമുള്ള വായനക്കാർ, അതുകൊണ്ട് തന്നെ ഡോയൽ ഹോംസിനെ കണ്ടത്തിയ സർ ഹെൻറി ലിറ്റിൽജോൺ എന്ന പ്രഫസറെ നമ്മുടേതായ സങ്കൽപ്പങ്ങളിൽ നിന്ന് കൊണ്ട് നോക്കാനും അന്വേഷിക്കാനും നമുക്കിഷ്ടമാണ്. 

 

മലയാളത്തിൽ വിവർത്തന രൂപത്തിലാണ് ഷെർലക്കിനെ നമുക്ക് പരിചയം, നമ്മുടേതായി അത്രയും അന്വേഷണ ത്വരയുള്ള ഒരു കുറ്റാന്വേഷകൻ കോട്ടയം പുഷ്പനാഥിന്റെ കാലത്തൊക്കെ മാത്രമാണ് ഉണ്ടായിരുന്നത്. ക്രൈം ഫിക്ഷൻ ആഘോഷിക്കപ്പെടുന്ന കാലമാണെങ്കിലും പെർഫെക്റ്റ് ഡിറ്റക്റ്റീവ് കഥകളേക്കാൾ അമച്വറിഷ് അന്വേഷണം ആവശ്യപ്പെടുന്ന കഥകളാണ് ഈ പുതിയ പുതുക്കപ്പെടലിന്റെ കാലത്തും ഉണ്ടായി തുടങ്ങിയതും മുന്നോട്ട് സഞ്ചരിക്കുന്നതും, എന്നാൽ രഞ്ജു കിളിമാനൂർ ഇതിനൊക്കെ അപവാദമായി ഒരു സമാഹാരവുമായാണ് മലയാളത്തിന്റെ എഴുത്തുമുറികളിലേയ്ക്ക് നടക്കുന്നത്. 

 

ഡോയൽ ജൂനിയറിൽ അലക്സി കഥകൾ എന്നാണു രഞ്ജിയുടെ പുസ്തകത്തിന്റെ പേര്. മലയാളത്തിലെ മികച്ച കുറ്റാന്വേഷണ കഥകൾ എന്ന ടാഗ് കൃത്യമാണ്. കേരളത്തിൽ കുറ്റാന്വേഷണം കൈകാര്യം ചെയ്യുന്നത് പോലീസ് എന്ന നിയമ സംവിധാനത്തിൽ നിന്ന് കൊണ്ട് തന്നെയാണ്, നമ്മുടെ നാട്ടിൽ സ്വകാര്യ ഡിറ്റക്ടീവ് എന്ന സ്ഥാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന ജോലികളെല്ലാം തന്നെ വളരെ മടുപ്പിക്കുന്ന വിഷയങ്ങളിലാണ്. അത്തരമൊരു ഇടത്തിൽ നിന്നാണ് ഡിറ്റക്ടീവ് അലക്സി പൊലീസിന് സമാന്തരമായി കേസന്വേഷിക്കുന്നത്. എന്നാൽ അത് അയാളുടെ കഴിവിലുള്ള ബലം കൊണ്ടുമാണ്. ഷെർലക് ഹോംസിന്റെ ചില അന്വേഷണ ബുദ്ധികൾ ഇവിടെയും വായനക്കാർക്ക് കണ്ടെത്താൻ കഴിയും. എന്നാൽ പൂർണമായും കേരളമാണ് അലക്സിയുടെ അന്വേഷണം നടക്കുന്ന സ്ഥലങ്ങൾ. അയാൾക്കൊപ്പം ജോൺ എന്ന അസ്സിസ്റ്റന്റും. ജോൺ വാട്സനെപ്പോലെ ഈ ജോണും അലക്സിയുടെ അന്വേഷണത്തെയും അപദാനങ്ങളെയും വാഴിത്തത്തിയെഴുതാൻ നിയോഗിക്കപ്പെട്ട ആളാണ്. അലെക്സിയും ജോണും ചേർന്ന് നടത്തിയ അഞ്ച് അന്വേഷണങ്ങളും അവയുടെ പരിസമാപ്തിയുമാണ് അലക്സി കഥകളിൽ രഞ്ജു കിളിമാനൂർ ഉൾപ്പെടുത്തിയിരിക്കുന്നത്. 

 

മൂന്ന് ചിത്രങ്ങളുടെ രഹസ്യം, 13 /ബി യിലെ കൊലപാതകങ്ങൾ, മൂന്നാമത്തെ തുന്നിക്കെട്ട്, എഡ്വിൻ സെബാസ്റ്റ്യന്റെ മാജിക്ക് പ്ലാനറ്റ്, സെനറ്റ് ജോൺസ് ചർച്ചിലെ കോൺവെൻറ്റ് റൂം, എന്നിവയാണ് അലക്സി ഇതിൽ അന്വേഷിച്ച് കണ്ടെത്തുന്ന കേസുകൾ. ഒരു കേസ് ഏറ്റെടുത്താൽ അതിൽ ഹോംസിന്റെ നിരീക്ഷണപാടവവും ബുദ്ധിയും വായനക്കാർ ഏറ്റവും ആരാധനയോടെ ശ്രദ്ധിക്കുന്ന ഒന്നാണ്, അതെ നിരീക്ഷണ പാടവം അലക്സിയും അയാളുടെ അന്വേഷണത്തിൽ പുലർത്തുന്നുണ്ട്. ഈ അഞ്ചു കഥകളും അന്വേഷകന്റെ ബുദ്ധിയെ വെല്ലുവിളിക്കുകയും അയാളുടെ സർവ്വ ഊർജ്ജത്തെയും ഉപയോഗിക്കാൻ പര്യാപ്തമാകുകയും ചെയ്യുന്നുണ്ട്. 

 

അപ്രതീക്ഷിതമായി മാത്യുവിന് കിട്ടുന്ന ചിത്രത്തിലൂടെയാണ് നിഗൂഢത പിടി മുറുകുന്നത്. ‘‘മൂന്ന് ചിത്രങ്ങളുടെ രഹസ്യം’’ എന്ന കഥയിൽ പല കാലങ്ങളിലായി അയാൾക്ക് മൂന്ന് വ്യത്യസ്തമായ ചിത്രങ്ങൾ കിട്ടുന്നുണ്ട്. എന്നാൽ എന്താണ് അതിന്റെയൊക്കെ അര്ഥമെന്നു മാത്യുവിന് മനസ്സിലാക്കാൻ കഴിയുന്നില്ല, അതിനു വേണ്ടിയാണ് അയാൾ ഡിറ്റക്ടീവ് അലക്സിയെ കാണാൻ ആഗ്രഹിക്കുന്നത്. അലക്സി അന്വേഷണം ഏറ്റെടുത്തപ്പോഴേക്കും മാത്യു മരണപ്പെടുന്നു. മാത്യു വഴി കിട്ടിയ ആ മൂന്ന് ചിത്രങ്ങളിൽ ഇത് സംബന്ധിച്ച എന്ത് രഹസ്യമാണുള്ളത്? ആ ചിത്രങ്ങളിലൂടെ അതി സമർത്ഥമായി കൊലയാളിയിലേയ്ക്ക് എത്തുകയാണ് അലക്സിയും അയാൾക്കൊപ്പമുള്ള ജോണും. 

 

ക്ളോസ്ഡ് റൂം മിസ്റ്ററിയാണ് ഇതിലെ രണ്ടാമത്തെ കഥ ‘‘13 /ബി യിലെ കൊലപാതകങ്ങൾ’’. അടച്ചിട്ട മുറിയിലെ നാല് പേരിൽ മൂന്ന് പേര് രാവിലെ മരണപ്പെട്ടു കിടന്നു. സ്വാഭാവികമായും പോലീസും മറ്റുള്ളവരും അവശേഷിച്ച ഒരാളെ സംശയിക്കുകയും ചെയ്യുന്നുണ്ട്. ഭാര്യയെയും മക്കളെയും കൊന്ന ഭർത്താവ് പിച്ചും പേയും പറയുന്നത് പോലെ അയാൾ അക്ഷരാർത്ഥത്തിൽ ഒന്നും മനസിലാകാതെ തരിച്ചു നിൽക്കുകയാണ്. എന്താണ് ആ കുടുംബത്തിൽ സംഭവിച്ചത്? അടച്ചിട്ട ആ മുറിയിൽ കയറി ആരാണ് ആ കുടുംബത്തിലെ ബാക്കിയുള്ളവരെ ഇല്ലാതാക്കിയത്? ക്ളോസ്ഡ് റൂം മിസ്റ്ററി വളരെ സമർത്ഥമായ ഒരു കുറ്റാന്വേഷണ രീതിയാണ്. ഒരു കുറ്റാന്വേഷകന്റെ ബുദ്ധിയെയും വൈഭവത്തെയും ചോദ്യം ചെയ്യുന്ന എല്ലാ കൊനഷ്ടുകളും പിടിച്ചൊരു രീതി, അത്തരം ഒരു നിഗൂഢതയാണ് ഈ കേസിലൂടെ അലക്സി അന്വേഷിച്ച് കണ്ടെത്തുന്നത്. 

 

‘‘മൂന്നാമത്തെ തുന്നിക്കെട്ട്’’ എന്ന കഥ, ഒരു ശവശരീരത്തിൽ നിന്നാണ് തുടങ്ങുന്നത്. മരണപ്പെട്ട ആളുടെ ശരീരത്തിൽ നിന്നും അലക്സി കണ്ടെത്തുന്ന തുന്നിക്കെട്ടലുകളിൽ മൂന്നാമത്തേതിന് എന്തോ പ്രത്യേകതയുണ്ട്. പോലീസ് ഉദ്യോഗസ്ഥൻ പോലും സഞ്ചരിക്കാത്ത വഴിയിലൂടെ ആ തുന്നിക്കെട്ടിന്റെ പിന്നാലെ അലക്സി സഞ്ചരിക്കുകയും ഒടുവിൽ ഞെട്ടിപ്പിക്കുന്ന, ഭയാനകമായ ആ ഉത്തരത്തിലെത്തുകയും ചെയ്യുന്നുണ്ട്. 

 

‘‘എഡ്വിൻ സെബാസ്ട്യന്റെ മാജിക്ക് പ്ലാനറ്റ്’’, ഒരു കൺകെട്ട് തന്നെയാണ്. ആദ്യാവസാനം നീണ്ടു നിൽക്കുന്നൊരു മാജിക് ആ കഥയിലുണ്ട്. തന്റെ മുന്നിലെത്തുന്ന ആളുടെ പ്രശ്നത്തിന് വളരെ ആഴത്തിലുള്ള അന്വേഷണം നടത്തിയ ശേഷമേ അലക്സിക്ക് പ്രതികരിക്കാൻ ആവുകയുള്ളൂ. ഏതാണ് സത്യം, ഏതാണ് മിഥ്യ എന്നത് പോലും കണ്ടെത്താൻ ജോൺ ബുദ്ധിമുട്ടി നിൽക്കെ അനായാസമായി അലക്സി ഉത്തരത്തിലേക്കെത്തുന്നു. ചരിത്രവും കഥകളും സാഹസികതയും ഒക്കെ ഈ കഥയിലുണ്ട്. കോടികളുടെ നിർദ്ദാരണമാണ് ഇതിൽ അലക്സി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, എന്നാൽ കോഡുകൾ കണ്ടെത്താൻ മിടുക്കനായ അയാൾ അതൊക്കെ വളരെ അനായാസേന പരിഹരിച്ച് ഉത്തരത്തിലെത്തുന്നുണ്ട്. 

 

കന്യാസ്ത്രീ മഠത്തിലെ ആരും അധികം ഉപയോഗിക്കാത്ത ഒരു മുറിയിൽ ഒരു കന്യാസ്ത്രീ തലയ്ക്കടിയേറ്റ് മരിച്ചു കിടക്കുന്നു. അവരുടെ നിലവിളി കേട്ടാണ് ചാപ്പലിൽ ആയിരുന്ന മറ്റുള്ളവർ മുറിയിലേയ്ക്ക് ഓടിയെത്തുന്നത്. അവിടെ നിന്നും ആരും പുറത്തേക്കിറങ്ങുന്നതോ വരുന്നതോ ആരും കണ്ടിട്ടുമില്ല. ആ മുറിയിൽ നിറയെ ശുക്ലം വീണിരുന്നു. എന്താണ് കന്യാസ്ത്രീയ്ക്ക് സംഭവിച്ചത് എന്നതിന്റെ ഉത്തരം കണ്ടെത്താനാണ് അലക്സിയും ജോണും ഇത്തവണ എത്തുന്നത്. കൃത്യമായി അയാൾ അത് കണ്ടെത്തുന്നുമുണ്ട്. 

 

അഞ്ചു കഥകളും നൽകുന്നത് കൃത്യമായും അലക്സി ആരാണെന്ന ചോദ്യത്തിന്റെ ഉത്തരമാണ്. ഇതിൽ ജോൺ എന്ന തന്റെ സഹകാരിയോട് അലക്സി പറയുന്നുണ്ട്, ജോൺ എഴുതുന്ന കഥകളുടെ പേര് ഡോയൽ ജൂനിയറിന്റെ അലക്സി കാതൽ എന്ന് നൽകാൻ, അപ്പോൾ ജോൺ ഒന്ന് പരിഭ്രമിക്കുകയാണ്, വിമർശകരുടെ, ഷെർലക് ഹോംസ് ആരാധകരുടെ മുന്നിലേക്കാണ് അലക്സിയുടെ വീര കഥകളുമായി ജോൺ എന്ന അതെ പേരും കൊണ്ട് നടന്നു ചെല്ലേണ്ടത്. വായനക്കാർ ഏതൊക്കെ വിധത്തിലാവും ആ പേരിനെയും കഥകളെയും എടുക്കുക എന്നോർത്തിട്ടാണ് ജോണിന് ആശങ്കയുണ്ടാകുന്നത്, എന്നാൽ 

‘‘വിമർശകർ വിമർശിക്കട്ടെന്നേ, നിങ്ങളെന്തിനാ ഇങ്ങനെ പേടിക്കുന്നത് ജോൺ? നിലവാരമുണ്ടെന്ന് തോന്നുന്നവർ വായിക്കട്ടെ, അല്ലാത്തവർ വായിക്കേണ്ട. പ്രശ്നം തീർന്നില്ലേ?’’ എന്ന ഡയലോഗ് കൊണ്ട് അലക്സി ഈ സംശയങ്ങളെയൊക്കെ റദ്ദു ചെയ്തു കളയുന്നു. 

 

പുസ്തകം പുറത്തിറങ്ങിയപ്പോൾ രഞ്ജു ഏറ്റവുമധികം കേട്ട ആരോപണങ്ങളിൽ ഒന്ന് പുസ്തകത്തിന്റെ കവറിനെക്കുറിച്ചായിരുന്നിരിക്കണം. പരമ്പരാഗത രീതിയിലുള്ള പുസ്തകത്തിന്റെ കവർ വായനക്കാർക്ക് അത്ര പിടിച്ചില്ല. പുസ്തകങ്ങളും സിനിമയും തമ്മിലുള്ള ഒരു വ്യത്യാസമാണത്. വായന എത്ര സിനിമാറ്റിക്ക് ആവുന്നോ അത്രയും പ്രിയമാണ് എളുപ്പ വായനയുള്ള വായനക്കാർക്ക്. പക്ഷേ അതെ പുസ്തകത്തിന്റെ കവർ സിനിമാറ്റിക്ക് പോസ്റ്റർ ആയാൽ അത് കയ്യിലെടുക്കാൻ പൊതുവെ വിമുഖതയുള്ളവരാണ് വായനക്കാർ. ഒരുപക്ഷേ ഇന്നത്തെ സിനിമകളുടെ പോസ്റ്ററുകൾ പോലും ആർട്ടിസ്റ്റിക്ക് ആയി ബന്ധപ്പെട്ടവർ ചെയ്യാൻ കാരണം വായനക്കാരും പ്രേക്ഷകരും മാറിയത് കൊണ്ടാവണം. അതുകൊണ്ട് തന്നെ പുസ്തകത്തിന്റെ ഗ്ലോസി കവർ വായനയെ ബാധിച്ചു എന്ന് പറയാതെയിരിക്കാൻ വയ്യ.  എന്നാൽ ചില മോശം കവറുകൾക്കുള്ളിൽ അപ്രതീക്ഷിതമായ ചില അനുഭവങ്ങളുണ്ടാകും എന്ന സത്യത്തെ ഊന്നി പറയാൻ ഈ പുസ്തകം സഹായിക്കും. ഒരു ഷെർലക് ഹോംസ് സിനിമയുടെ പോസ്റ്റർ പോലെ അത്രയും സിനിമാറ്റിക്ക് ആയ ഒരു കവർ ആണ് പുസ്തകത്തിന്റേത് എന്നത് അക്ഷരാർത്ഥത്തിൽ വായന കഴിഞ്ഞു കഴിയുമ്പോൾ തോന്നി. അലക്സിയ്ക്ക് എഴുത്തുകാരന്റെ അതെ മുഖഛായ നൽകിക്കൊണ്ടുള്ള ഒരു സാഹസികത തന്നെയാണ് കവറിലൂടെ രഞ്ജു ചെയ്തതും. ഇതെല്ലാം വിമർശങ്ങൾ എറ്റു വാങ്ങുകയും ചെയ്തു. എന്നാൽ എല്ലാ വിമർശനങ്ങൾക്കും അപ്പുറത്ത് നിന്ന് ഈ പുസ്തകം വായിക്കാനെടുത്താൽ ഒരു കാര്യം ഉറപ്പുണ്ട്, മലയാളത്തിലെ മികച്ച കുറച്ചു ഡിറ്റക്ടീവ് കഥകൾ തന്നെയാണ് ഇതിലുള്ളത്. മാത്രമല്ല രഞ്ജു ഇത് സ്വയം പബ്ലിഷ് ചെയ്ത പുസ്തകമാണ് എന്നത് ഒട്ടും ചെറിയ കാര്യവുമല്ല. 

 

English Summary: Alexy Kadhakal book by Ranju Kilimanoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com