33 മാസം, 6 സംസ്ഥാനങ്ങൾ, 120 റിപ്പോർട്ടുകൾ: ജനാധിപത്യം തേടി മഹത്തായ ഇന്ത്യൻ യാത്ര

Despite-the-State-p
SHARE
എം. രാജ്ശേഖർ

കോൺടെക്സ്റ്റ്–വെസ്റ്റ്ലാൻഡ്

ബുക്സ് വില 499 രൂപ

2015 ൽ തണുപ്പുകാലത്തെ ഒരു വൈകുന്നേരം. പഞ്ചാബിലെ സിർസയിൽ ‘ദേര സച്ചാ സൗദ’ സന്ദർശനത്തിനുശേഷം എം. രാജ്ശേഖർ എന്ന പത്രപ്രവർത്തകൻ 280 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലേക്കു ബസിൽ കയറി. രാത്രി 9 മണിയായതോടെ വഴിയിൽ മഞ്ഞു മൂടി. പത്തുമണിയായതോടെ യാത്ര അസാധ്യമാക്കുന്ന രീതിയിൽ വഴിയിൽ ഒന്നും ദൃശ്യമായിരുന്നില്ല. ബസ് സാവധാനം മുന്നോട്ടുനീങ്ങിക്കൊണ്ടിരുന്നു. പെട്ടെന്നൊരു ശബ്ദം കേട്ടു. ഉലച്ചിലോടെ ബസ് നിന്നു. ബസിന്റെ സൈഡ് ഗ്ലാസ്സിൽ നിറയെ ചോരപ്പാടുകൾ. ഒരു പശുവായിരുന്നു– കണ്ടക്ടറുടെ വാക്കുകൾ. വാഹനം വീണ്ടും മുന്നോട്ടുനീങ്ങി. അർധരാത്രിയോടെ ഹിസാറിൽ എത്തി. ഇനി യാത്ര പറ്റില്ലെന്നു ഡ്രൈവർ തീർത്തുപറഞ്ഞു. ഡൽഹി ഇപ്പോഴും 180 കിലോമീറ്റർ അകലെയാണ്. ഒരു സഹയാത്രികനൊപ്പം അന്നു രാത്രി ഒരു വാഹനത്തിൽ കഴിച്ചുകൂട്ടി. 

യാത്ര അസാധ്യമാക്കുന്ന മൂടൽമഞ്ഞ് മനുഷ്യർ തന്നെ സൃഷ്ടിക്കുന്നതാണെന്നാണ് ഡ്രൈവർമാരും പ്രദേശവാസികളും പറയുന്നത്. രാജ്യത്തിന്റെ ഈ ഭാഗത്ത് വൈദ്യുതി നിലയങ്ങൾ ഉൾപ്പെടെ ഒട്ടേറെ വ്യവസായശാലകളുണ്ട്. ഒക്ടോബർ, നവംബർ മാസങ്ങളിൽ അടുത്ത കൃഷിക്കുവേണ്ടി നിലം ഒരുക്കുന്നതിന്റെ ഭാഗമായി കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്ന പതിവുമുണ്ട്. രാജ്യത്തെ വായുവിലവാരം അനുദിനം മോശമായിക്കൊണ്ടിരിക്കുന്നു. എന്നാൽ പരിഹാരം കണ്ടെത്താതെ ചർച്ചകൾ ചർച്ചകളായിത്തന്നെ അവശേഷിക്കുന്നു. രാവിലെ ബസ് മുനോട്ടുനീങ്ങുമ്പോഴും അകലാൻ മടിക്കുന്ന മൂടൽമഞ്ഞിലൂടെയായിരുന്നു യാത്ര. എത്ര വേഗമാണ് യഥാർഥ വെല്ലുവിളികൾ മുന്നോട്ടുള്ള യാത്രയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നത് എന്നതിന്റെ അടയാളം പോലെ. 

2015 ലെ രാജ്ശേഖറിന്റെ യാത്ര ഇന്ത്യയെ കണ്ടെത്താനായിരുന്നു. ഇയർ ടു ദ ഗ്രൗണ്ട് എന്ന പേരിൽ യഥാർഥ ഇന്ത്യയെ കണ്ടെത്താൻ. രാജ്യത്ത് എന്തു നടക്കുന്നു എന്ന് നേരിൽക്കണ്ടു മനസ്സിലാക്കാൻ. സാങ്കേതിക കണക്കുകൾക്കപ്പുറം കണക്കുകൂട്ടലുകൾക്കും പ്രസ്താവനകൾക്കും അവകാശവാദങ്ങൾക്കും അപ്പുറം രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും എന്തു സംഭവിക്കുന്നു എന്നു നേരിട്ടറിയാൻ. യാത്രയ്ക്കുവേണ്ടി ആറു സംസ്ഥാനങ്ങൾ തിരഞ്ഞെടുത്തു. മലനിരകൾ നിറഞ്ഞ അതിർത്തിപ്രദേശമായ മിസോറം. ധാതു സമ്പുഷ്ടമാണെങ്കിലും ഇന്നും ദരിദ്രമായ ഒഡിഷ. കൃഷിക്കു പേരുകേട്ട പഞ്ചാബ്. കൃഷിക്ക് ഇപ്പോഴും മഴയെ ആശ്രയിക്കുന്ന ബിഹാർ. വ്യവസായവൽക്കരണത്തിൽ ഏറെ മുന്നോട്ടുപോയെന്ന് അവകാശപ്പെടുന്ന ഗുജറാത്ത്. തെക്കൻ സംസ്ഥാനങ്ങളുടെ പ്രതിനിധിയായി തമിഴ്നാടും. 15 മാസം കൊണ്ട് ആറു സംസ്ഥാനങ്ങളും സന്ദർശിച്ച് തിരിച്ചെത്തുക എന്നതായിരുന്നു പദ്ധതി. എന്നാൽ  ഓരോ സംസ്ഥാനങ്ങളിലും ചെലവഴിച്ച ദിവസങ്ങൾ കൂടിയതോടെ യാത 33 മാസങ്ങളിലേക്കു നീണ്ടു. നൂറ്റി ഇരുപതോളം റിപ്പോർട്ടുകൾ തയാറാക്കി. അവയിൽ 75 എണ്ണവും ഓരോ സംസ്ഥാനത്തെയും വലിയ മാറ്റങ്ങളെക്കുറിച്ചായിരുന്നു. നേരത്തേ ആലോചിക്കാത്ത പല വിഷയങ്ങളും മുന്നിൽവന്നുകൊണ്ടുമിരുന്നു. 

യഥാർഥ ജനാധിപത്യം ഒരിടത്തും ദൃശ്യമായിരുന്നില്ല. മിസോറാമിൽ സാമ്പത്തികത്തകർച്ച. ഒഡിഷ ഏതാനും കുടുംബങ്ങളുടെ ആധിപത്യത്തിൽ. പ്രകാശ് സിങ് ബാദൽ എന്നൊരു കുടുംബത്തിന്റെ വാഴ്ചയിൽ ആയിരുന്നു രാജശേഖർ സന്ദർശിക്കുമ്പോൾ പഞ്ചാബ്. ക്ഷേമപ്രവർത്തനങ്ങളിൽ നിന്ന് അകന്ന് ജയലളിതയുടെ നേതൃത്വത്തിൽ തമിഴ്നാട് പാവപ്പെട്ട ജനങ്ങളുടെ വോട്ട് കിട്ടാനുള്ള തന്ത്രങ്ങൾ തുടർച്ചയായി ആവിഷ്കരിച്ചുകൊണ്ടിരുന്നു. ബിഹാറിൽ ഭരണവ്യവസ്ഥ എന്നൊന്ന് ഉണ്ടായിരുന്നില്ല. ഗുജറാത്തിൽ ഒരു ഭൂരിപക്ഷം സംസ്ഥാനത്തെ അവരുടെ അധീനതയിലാക്കി എല്ലാം നിയന്ത്രിച്ചുകൊണ്ടിരുന്നു. ജനങ്ങളെ പരാജയപ്പെടത്താൻ മത്സരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങൾ. നിരാശരായ, അസംതൃപ്തരായ ജനം നല്ല ദിനങ്ങൾ വാഗ്ദാനം ചെയ്യുന്ന നേതാക്കളുടെ പാഴ്‍വാക്കുകളിൽ വിശ്വസിച്ചുകൊണ്ടിരുന്നു. 

ഇന്ത്യയുടെ ചരിത്രത്തെ തന്നെ മാറ്റിമറിച്ച രണ്ടു പൊതുതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലായിരുന്നു ഈ ഭാരത യാത്ര. 2014–ൽ നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയാകുന്നു. 2019–ൽ വർധിച്ച ഭൂരിപക്ഷത്തോടെ മോദി വീണ്ടും അധികാരം ഉറപ്പിക്കുന്നു. തിരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയവും രാജ്ശേഖറിന്റെ പഠനത്തിൽ ഉൾപ്പെടുന്നുണ്ട്. 1997–ൽ ബിസിനസ് റിപ്പോർട്ടറായാണ് അദ്ദേഹം കരിയർ തുടങ്ങുന്നത്. 2005–ൽ സ്വതന്ത്ര മാധ്യമപ്രവർത്തകനായി കാലാവസ്ഥാ റിപ്പോർട്ടിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് വിവിധ മാധ്യമസ്ഥാപനങ്ങളുടെ ഭാഗമായിരുന്നപ്പോഴും ഗ്രാമീണ ഇന്ത്യയുടെ മറ്റാരും കണ്ടെത്താത്ത യാഥാർഥ്യങ്ങൾ അദ്ദേഹം തുടർച്ചയായി പുറത്തുകൊണ്ടുവന്നുകൊണ്ടിരുന്നു. എന്നാൽ തികച്ചും ഐതിഹാസികമായിരുന്നു 2015 ൽ തുടങ്ങിയ മഹത്തായ ഇന്ത്യൻ യാത്ര. ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ റിപ്പോർട്ടുകൾ ഗ്രാമീണ ഇന്ത്യയെക്കുറിച്ച് അദ്ദേഹം എഴുതി. ആ റിപ്പോർട്ടുകളുടെ ആകെത്തുകയാണ് ഡെസ്പൈറ്റ് ദ് സ്റ്റേറ്റ് എന്ന പുസ്തകം. 

ആവശ്യത്തിനു സ്കൂളുകൾ ഉണ്ടെങ്കിലും അധ്യാപകരില്ലാത്ത അവസ്ഥ. ഏതാനും കമ്പനികളെ മാത്രം ഭരണകൂടങ്ങൾ സഹായിക്കുമ്പോൾ നിലനിൽക്കാൻ കഷ്ടപ്പെടുന്ന മറ്റു സ്ഥാപനങ്ങളുടെ ദയനീയത. അനിയന്ത്രിതമായ മണൽ ഖനനത്തിന്റെ ദുരന്തങ്ങൾ. ജലചൂഷണത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകൾ. വോട്ട് ചെയ്യാൻ അവകാശമുണ്ടെങ്കിലും എതിർക്കാൻ, വിയോജിക്കാൻ അനുമതിയില്ലാത്ത പാവം പൗരന്റെ നിസ്സഹായത. ചുരുക്കത്തിൽ യഥാർഥ ഇന്ത്യയുടെ വർത്തമാനമാണ് രേജശേഖർ പുറത്തുകൊണ്ടുവരുന്നത്. ഓരോ ഇന്ത്യൻ പൗരനും വായിക്കേണ്ട എക്സ്ക്ലൂസീവ് ഇന്ത്യാ ചരിത്രം. 

English Summary: Despite the State: Why India Lets Its People Down and How They Cope book by M. Rajshekhar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA
;