തെറ്റുന്ന വഴികളെല്ലാം ശരിയാകുന്ന ഇന്ദ്രജാലമോ പ്രണയം?

HIGHLIGHTS
  • വായിച്ചു മറക്കാവുന്ന നോവലുകളുടെ ഗണത്തിലല്ല ശലഭങ്ങളുടെ അഗ്നിസൽക്കാരം
  • പ്രണയത്തേക്കാൾ തീക്ഷ്ണമായ ജസയുടെയും ഖലീലയുടെയും സൗഹൃദത്തെപ്പോലും ചോദ്യം ചെയ്യുന്നു
shalabhangalute-sgnisalkaram-novel-by-vaheed-saman-portrait-image
SHARE
വഹീദ് സമാൻ

മനോരമ ബുക്സ്

വില 190 രൂപ രൂപ

അന്യോന്യം മനസ്സിലാക്കിയാൽ പരസ്പര യാത്രകൾ തീർന്നു. പിന്നെ യാത്രയില്ല. തേടലുകളില്ല. നമ്മളെല്ലാം പരസ്പരം തേടിക്കൊണ്ടിരിക്കുകയാണ്. ലോകം തന്നെ ഈ തേടലാണ്. കാറ്റ് മരത്തെ തേടുന്നില്ലേ ? മരം കാറ്റിനെയും? വേര് മണ്ണിനെ തേടുന്നു, മണ്ണ് വേരിനെയും. കടൽ കരയെ തേടുന്നു, കര കടലിനെയും. ഈ തേടൽ അവസാനിച്ചാൽ എല്ലാ യാത്രയും അവസാനിക്കും. കാറ്റ് നിലയ്ക്കും. വൃക്ഷങ്ങളുടെ ചിരി അവസാനിക്കും. കടൽ നിശ്ചലമാകും. കടലേൽക്കുന്ന കരയുടെ പുളകമില്ലാതെയാകും. 

തേടാനും അറിയാനും മനസ്സിലാക്കാനുമുള്ള ആഗ്രഹം സ്വാഭാവികമാണെങ്കിലും ആ യാത്ര സാഹസികം കൂടിയാണ്; സ്നേഹപൂർണമെങ്കിലും ത്യാഗസുരഭിലം. വേദനയില്ലാതെ സ്നേഹമില്ല. തെറ്റിധാരണയില്ലാത്ത സൗഹൃദമില്ല. അകന്നും അടുത്തുമുള്ള സമാന്തര സഞ്ചാരങ്ങൾ. ഓരോരുത്തരും സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ വ്യാഖ്യാനിക്കുന്ന മൂന്നക്ഷരമാകുന്നു ജീവിതം. ജീവിതത്തിന്റെ വ്യാഖ്യാനങ്ങളാകുന്നു മികച്ച കൃതികൾ. 

ജീവിത യാത്രയിലെ തണലും തണുപ്പും അഭയവും ആശ്രയവുമായ പ്രണയവും സൗഹൃദവുമാണ് ശലഭങ്ങളുടെ അഗ്നിസൽക്കാരം എന്ന നോവലിന്റെ പ്രമേയം. പ്രസിദ്ധീകരിക്കുന്നതിനു മുന്നേ അക്ബർ കക്കട്ടിൽ സ്മാര പുരസ്കാരം നേടിയ, വഹീദ് സമാന്റെ ആദ്യനോവൽ. ആത്മാവിനെ മുറിവേൽപിക്കുന്ന പ്രണയത്തെയും സദാചാര സങ്കൽപങ്ങളെ അതിലംഘിക്കുന്ന സൗഹൃദത്തെയും സിറിയൻ യുദ്ധത്തിന്റെയും അഭയാർഥി പ്രവാഹത്തിന്റെയും പശ്ചാത്തലത്തിൽ തീവ്രാനുഭവമാക്കുന്ന കൃതി.

പത്രത്തിലെ ഫീച്ചർ പത്രത്താളുകളിലൊതുങ്ങാതെ മനസ്സുകളിലേക്കു സഞ്ചരിക്കാറുണ്ട്. ചിലപ്പോഴൊക്കെ ജീവിതത്തിലേക്കും. ജസ മസ്ഹറിന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഖലീല സിറിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ ഒരു ഫീച്ചറിൽനിന്നാണ് ശലഭങ്ങളുടെ അഗ്നിസൽക്കാരം എന്ന നോവൽ തുടങ്ങുന്നത്. കേവലം ഒരു പത്രറിപ്പോർട്ട് എന്ന നിലയിൽ നിന്ന് ആ ഫീച്ചറിലെ ജീവിതം ജസയുടെ ജീവിതത്തിലേക്കു പടരുന്നു. ആഴത്തിൽ വേരുകളാഴ്ത്തുന്നു. അയാളുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നു. സൗഹൃദത്തെ പുതുക്കിയെഴുതുന്നു. വിവാഹ ബന്ധത്തെ പുനർനിർവചിക്കുന്നു. 

തെറ്റുന്ന വഴികളെല്ലാം ശരിയാകുന്ന ഒരേയൊരു  ഇന്ദ്രജാലമായ സ്നേഹമാണ് ഈ നോവലിന്റെ അടിയൊഴുക്ക്. പരിചിതമല്ല നോവലിന്റെ ഭൂമിക. ഗൾഫിലെ ഒരു പത്രസ്ഥാപനം, യുദ്ധം അഭയാർഥികളാക്കിയ മനുഷ്യർ, അവരെ തേടിയുള്ള യാത്രയിൽ പതിയിരിക്കുന്ന അപകടങ്ങൾ, സിറിയ, ഡമാസ്കസ്, ലണ്ടൻ. കേരള പശ്ചാത്തലത്തിൽ നിന്ന് തികച്ചും അന്യമായ സാഹചര്യങ്ങളും ഭൂപ്രദേശങ്ങളും സമ്മാനിക്കുന്ന പുതുമ വായനയിൽ നവോൻമേഷം നിറയ്ക്കുന്നു.

രണ്ടു ഭാഗങ്ങളാണ് നോവലിന്. ആദ്യത്തെ 19 അധ്യായങ്ങളിൽ കഥ പറയുന്നതു ജസ മസ്ഹർ. അവസാനത്തെ രണ്ട് അധ്യായങ്ങൾ ഖലീലയും. എന്നാൽ നോവലിൽ നിറഞ്ഞുനിൽക്കുന്നത് ഖലീല എന്ന യുവപത്രപ്രവർത്തകയാണ്.

പറഞ്ഞു പറഞ്ഞു കൊതി തീരാതെ ഒരു യാത്ര. ഒരിറ്റും ഭയപ്പാടില്ലാത്ത സഞ്ചാരമല്ല. ചുറ്റും പേടിപ്പെടുത്തുന്ന അന്തരീക്ഷം. ഏതു നിമിഷവും അപകടമുണ്ടാക്കുന്ന വഴികളിലൂടെയുള്ള യാത്ര. ഭയത്താൽ കണ്ണുകൾ ഇറുക്കിയടച്ചും സ്നേഹത്താൽ ഹൃദയം വിടർത്തിപ്പിടിച്ചുമുള്ള യാത്ര. വല്ലാതെ പേടിതോന്നുമ്പോൾ തല ചായ്ക്കാൻ സൗഹൃദത്തിന്റെ നെഞ്ചു മാത്രം. ഭയത്താൽ മുങ്ങുമ്പോൾ ചേർത്തുപിടിക്കാനും കളങ്കമില്ലാത്ത സൗഹൃദം മാത്രം. ഏറ്റവും ഇഷ്ടമുള്ള ഒരാളെ തേടിയുള്ള യാത്ര. യാത്രയ്ക്കിടെ ഒരാൾ ഇല്ലാതായേക്കാം. മറ്റൊരാൾ അവശേഷിച്ചേക്കാം. ഒരുപക്ഷേ രണ്ടു പേരും ഇല്ലാതെയാകാം. എന്നാൽ യാത്രയും ജീവിക്കുന്ന ഓരോ നിമിഷവും എന്നെന്നുമുണ്ടാകും. അതത്രേ യാത്രയുടെ സന്തോഷം. 

ഖലീലയും ജസയും സുഹൃത്തുക്കളാണ്. സഹപ്രവർത്തകർ എന്നതിനേക്കാൾ ഉപരിയായി അവരുടെ സൗഹൃദം ആത്മബന്ധത്തിന്റെ പുതിയ ആകാശം സ്വന്തമാക്കുന്നു. ജസ വിവാഹിതനാണ്. ഖലീല വിവാഹം കഴിക്കാൻ വീട്ടിൽനിന്നുള്ള സമ്മർദത്തെ ചെറുത്തുനിൽക്കുന്ന യുവതിയും. ഖലീല പത്രത്തിൽ അവതരിപ്പിക്കുന്ന അമേന എന്ന, സിറിയൻ യുദ്ധത്തിന്റെ ഇരയായ യുവതിയും കുടുംബവും ജസയുടെ ജീവിതത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നു. പ്രണയത്തേക്കാൾ തീക്ഷ്ണമായ ജസയുടെയും ഖലീലയുടെയും സൗഹൃദത്തെപ്പോലും ചോദ്യം ചെയ്യുന്നു. 

നാടകീയതയും ഉദ്വേഗവും അദ്യാവസാനം നിലനിർത്തുന്ന നോവലിനെ അതിഭാവുകത്വത്തിൽ നിന്നു രക്ഷിച്ചെടുക്കുന്നത് വഹീൻ സമാൻ എന്ന യുവനോവലിസ്റ്റിന്റെ ആഖ്യാപനപാടവമാണ്. കഥ പറയുന്നതിനേക്കാൾ ജീവിതം പറയുകയാണെന്ന ഉത്ത ബോധ്യമുള്ള നോവലിസ്റ്റാണെന്ന് ഓരോ വരിയിലും ബോധ്യപ്പെടുത്തുന്നുണ്ട് വഹീദ്. ചാട്ടുളി പോലുള്ള നിരീക്ഷണങ്ങൾ. ജീവിതത്തെ ആഴത്തിൽ സ്മപർശിക്കുന്ന കാഴ്ചപ്പാടുകൾ. കാൽപനികതയെ അകറ്റിനിർത്തി ആടയാഭരണങ്ങൾ ഉപേക്ഷിച്ച ഭാഷ. തികച്ചും ആധുനികവും പുതുമയുള്ളതുമായ ആഖ്യാനം. വായിച്ചു മറക്കാവുന്ന നോവലുകളുടെ ഗണത്തിലല്ല ശലഭങ്ങളുടെ അഗ്നിസൽക്കാരം എന്ന നോവലിന്റെ സ്ഥാനം. മറക്കാൻ ശ്രമിച്ചാലും അനുവദിക്കാതെ ആഴത്തിൽ ആനന്ദകരമായ മുറിവേൽപിക്കാൻ ശേഷിയുണ്ട് ഈ നോവലിന്. 

നമ്മിലേക്കു വന്നുചേർന്നതായാലും തേടിച്ചെന്നു കൂടെക്കൂട്ടിയതായാലും ആത്മാവിൽ മുറിവുണ്ടാക്കാതെ ഒരു പ്രണയവും തിരികെപ്പോകുന്നില്ല. നിന്റെ വേദന എന്റെ ആത്മാവിലും മുറിവുണ്ടാക്കുന്നു എന്നതായിരിക്കും നമ്മുടെ സൗഹൃദത്തിന്റെ ജീവൻ. ഇനിയുള്ള കാലത്തും നമ്മെ ചേർത്തുനിർത്തുന്നത് നമ്മളൊന്നിച്ച് അനുഭവിക്കുന്ന ഈ വേദന തന്നെയായിരിക്കും. ഈ മുറിവും വേദനയും ഇനിയും നമ്മെ ഒരേയിടത്തുതന്നെ ചേർത്തുനിർത്തട്ടെ. 

(വഹീദ് സമാൻ എഴുതിയ നോവൽ 'ശലഭങ്ങളുടെ അഗ്നിസൽക്കാരം' വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

English Summary : Manorama Books - Book Reveiw - Shalabhangalute Agnisalkaram Novel by Vaheed Saman

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA
;